കപടമായ നീതിബോധത്തിന്റെ ഇരുളടഞ്ഞ തടവറയിൽ അന്യായമായി തളയ്‌ക്കപ്പെടുമ്പോഴാണ് ഒരാൾ കവിയാകുന്നത്. അല്ലെങ്കിൽ ഒരു കവിത ഉണ്ടാകുന്നത്. പ്രതിഷേധത്തിന്റെ ശക്തവും സ്‌ഫോടനാത്മകവുമായ അന്തരീക്ഷം ഉളളിൽ രൂപാന്തരപ്പെടുമ്പോൾ അനിവാര്യമായ കനലാട്ടം വാക്കുകളായ് ചിതറിത്തെറിക്കുന്നു.. കഠിനമായ വിഷാദത്തിനിടയിലെ ഒരു ദീർഘനിശ്വാസമോ, ഒരു പൊട്ടിക്കരച്ചിലോ പോലെ കലാപബാധിതമായ മനസിൽ കവിത ഉയിർക്കുമ്പോൾ, ശരീരബോധത്തിനും മുകളിൽ അയാൾ ഒരിക്കൽക്കൂടി ശാന്തനാകുന്നു. ഭാഷയും ദേശവും, സംസ്‌കാരവും കാവ്യനീതിയുമെല്ലാം വ്യത്യസ്‌തമായിരിക്കുമ്പോൾ തന്നെ കവിതയുടെ രൂപാന്തരീകരണം ഒരുപോലെത്തന്നെയാണ്.
ഇത്തരത്തിൽ ഏകാന്തതയാൽ വിണ്ടുകീറിയ പ്രവാസത്തിന്റെ നിമിഷങ്ങളിൽ ഇറ്റു വീഴുന്ന തണുപ്പിന്റെ മഴത്തുളളികളാണ് ജയന്റെ കവിതകൾ. പെറ്റു വീണ ദേശത്തിന്റെയും ഇടത്താവളമായ ദേശത്തിന്റെയും ഓർമ്മകളും വരകളും, സ്വപ്നങ്ങളും സന്ദേഹങ്ങളും, ദുഃഖങ്ങളും സന്തോഷങ്ങളുമൊക്കെച്ചേർന്ന് ഒരു ഹൈലി കോൺസൺട്രേറ്റഡ് രാസലായനിയുടെ തീവ്രത പ്രദർശിപ്പിക്കുന്ന ഈ കവിതകൾ തൊടുന്നിടമെല്ലാം നിമിഷാർദ്ധം കൊണ്ട് ലയിപ്പിച്ചു ചേർക്കുന്നു. മതവും ഐതിഹ്യവും പ്രണയവും രാഷ്‌ട്രീയവും, ശാസ്‌ത്രവും സാങ്കേതിക വിദ്യയുമെല്ലാം ചേർന്ന് ബിംബങ്ങളുടെ നെടുനീളൻ നിരയ്‌ക്ക് കൂടുതൽ കരുത്തും തെളിമയും പകരുന്ന ഇവ വായനുടേയും അനുഭൂതിയുടേയും പുതിയ ചില തലങ്ങളിലേക്ക് നമ്മെ നയിക്കുവാൻ പ്രാപ്‌തരാണ്. പരുക്കൻ വാക്കുകൾ കൊണ്ട് വായനക്കാരന് അല്ലെങ്കിൽ വായനക്കാരിക്ക് മേൽ അഗ്‌നിമഴ ചൊരിയുന്ന ജയൻ ജീർണിച്ച ആധുനിക ജീവനസംസ്‌കൃതിയുടെ പൊളളത്തരങ്ങൾ വെളിപ്പെടുത്തുന്നതിനോടൊപ്പം തന്നെ അവയെ പ്രതിരോധിക്കാനുളള തീഷ്‌ണമായ ആവേശവും ഉൾക്കരുത്തായി കൊണ്ടു നടക്കുന്നുണ്ട്.
മിയ കുൾപ, കാഞ്ഞിരസ്‌മരണ, സ്‌കിസോഫ്രേനിയ, ഖരം ദ്രാവകം ദൈവം തുടങ്ങിയ കവിതകൾ ഇത്തരത്തിൽ പ്രതിരോധത്തിന്റെ ആത്മ പ്രകാശനങ്ങളാണ്. കരുത്തനും നിഷേധിയും ധൈര്യശാലിയുമായ ഒരു കവിയെ (പ്രവാചകനെ) മലയാളത്തിന് ജയനിലൂടെ ലഭിച്ചു എന്ന് സംശയ മേതുമില്ലാതെ പറയാമെന്ന് തോന്നുന്നു. ദ് ഗ്രെയ്‌റ്റ് ഗ്രെയ്‌റ്റ് ന്യൂയോർക്കേഴ്‌സ് എന്ന കവിത വ്യത്യസ്‌തമായ ഒരു വായനയ്‌ക്കാണ് സാക്ഷ്യം വഹിയ്‌ക്കുന്നത്. പുതിയ ലോകത്തിന്റെ നിറംകെട്ടതും നെറികെട്ടതുമായ ജീവിത സാഹചര്യങ്ങളെകുറിച്ചുളള മുന്നറിയിപ്പുകളാണ്് ഇതിൽ നിറയെ. ഒരുപക്ഷേ ഈ സമാഹാര ത്തിൽ ഏറ്റവും കൂടുതൽ ഇഷ്‌ടപ്പെടുന്നതുമായ ഒരു കവിതയായിരിക്കും ഇത്. തിളച്ചുപൊളളുന്ന കാരീയം നാവിലേക്ക് ഇറ്റുമ്പോഴെന്നപോലെ ഈ കവിതയിലെ ഓരോ വരിയും നമ്മെ ഭയപ്പെടുത്തുകയും, ചിന്തിപ്പിക്കുകയും, പരിഹസിക്കുകയും, അസ്വസ്ഥരാക്കുകയും ചെയ്യുന്നുണ്ട്. മുന്നോട്ടുളള ജീവിതം മൂല്യാധിഷ്‌ഠിതമല്ലാത്ത, മരണഗോപുരം വരെയുളള വരണ്ട വെറും സഞ്ചാരങ്ങൾ മാത്രമാണെന്ന പേടിപ്പെടുത്തൽ നിങ്ങളുടെ രാത്രിയെങ്കിലും ഉറക്കമില്ലാത്തതാക്കും. അവിടെയാണ് കവിയും, അയാളുടെ കവിതയും വിജയിക്കുന്നതും. പുരുഷനെ അറിയുന്നതെങ്ങനെ, അയനം വചനരേഖയിൽ, മണിയറ ഒരാൽബം, നിഷ്‌പക്ഷനായിരിക്കുന്നതിനെപ്പറ്റി, ഗൊണ്ടനാമോ, അഴുകൽ, ആട് അങ്ങാടിയറിയുമ്പോൾ തുടങ്ങി വായനയിലെ വേനൽമഴയാകുന്ന കവിതകളും ഈ സമാഹാരത്തെ സമ്പന്നമാക്കുന്നുണ്ട്. വാഴ്‌ത്തപ്പെട്ടവൾ, താമര.കോം, സുരക്ഷിത, ക്രീഡാ ജലം, യൊ മാമാസ് ലാസ്‌റ്റ് സപ്പർ തുടങ്ങി രതിയുടെ ചുട്ടുപൊളളുന്ന ബിംബങ്ങൾ നിരത്തിയ കവിതകൾ പരിഹാസത്തിന്റെയും പ്രതിഷേധത്തിന്റെയും വ്യത്യസ്തമായ സ്വരങ്ങൾ അനുഭവവേദ്യമാക്കുന്നുണ്ട്.
കവിതയുടെ പരമ്പാരഗത രീതിശാസ്‌ത്രങ്ങളെ വെല്ലുവിളിച്ച്, ആധുനികതക്കു മേൽ കെട്ടിപ്പൊക്കിയ വിപ്ലവത്തിന്റെ ഈ കനലുകളിലുടനീളം രതി ബിംബങ്ങളുടെ അസാധാരണനൃത്തം നമുക്ക് കാണാനാകും. അശ്ലീലത്തിന്റെ സാങ്കൽപിക വൈകൃതത്തെയല്ല, മറിച്ച് ദർശനത്തിന്റെ പാരമത്യതയിൽ സാധ്യമാകുന്ന ഉദാത്തമായ ബോധതലങ്ങളെയാണ് ഇവ സാധൂകരിക്കുന്നത്. വായനക്കാരന്റെ അഥവാ വായനക്കാരിയുടെ സംവേദന ക്ഷമതയെ കൃത്യമായി ഉരച്ചുനോക്കുന്ന ജയന്റെ കവിതകൾ ജീവിതത്തിലും കവിതയിലും ആത്മാർത്ഥമായി പച്ചപ്പ് ആഗ്രഹിക്കുന്നതുകൊണ്ട് തന്നെ അലസമായ വായനയ്‌ക്ക് അൽപംപോലും ഇടം നൽകുന്നില്ല. മറിച്ച് അവ പൊളളുന്ന സത്യങ്ങളെ അഗ്‌നികുണ്ഡങ്ങളാക്കി അതിലൂടെ നടക്കാനാണ് ക്ഷണിക്കുന്നത്.
കേരളത്തിലെ (മുഴുവൻ സമയവും മലയാളഭാഷ പറഞ്ഞും കേട്ടും അനുഭവിച്ചും ജീവിക്കുന്ന) പുതിയ കവികളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രവാസിയും നിഷേധിയുമായ ഈ മനുഷ്യൻ നമുക്ക് അൽപം പ്രതീക്ഷ നൽകുന്നു. കറന്റ് ബുക്‌സ്,തൃശൂർ പുറത്തിറക്കിയിട്ടുളള “പച്ചയ്‌ക്ക്” എന്ന ഈ പുസ്‌തകം ജയന്റെ 1997-2006 വരെയുളള തിരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണ്. വില 50 രൂപ
Generated from archived content: book1_jan19_07.html Author: pradeep_moozhikkulam