പ്രവാസി

ഉഴവുചാലിൽ വീണുടയുന്നുരുക്കൾ തൻ

വിയർപ്പുകണം പോലെ ശിഥിലമാകുമ്പോഴും

ആശ്രിതജീവനിൽ ഒരു വിളക്കിൻ തിരി-

ഇട്ടേച്ചു പോകുമീ പ്രവാസിതൻ ജീവിതം.

കരിന്തിരി കത്തലായ്‌ എരിഞ്ഞടങ്ങുമ്പോഴും,

കടമതൻ ബാണ്ഡവം ശാരസേറ്റിടുമ്പോഴും,

തിരമാല പോലവെ തെരുതെരെ എത്തുമീ-

ചുമതല ഭാണ്ഡങ്ങൾ ചുമലേറ്റിടുമ്പോഴും,

ഏച്ചുവച്ചോടുമൊരു മാടിന്റെ യൗവ്വനം

എന്നേക്കുമായി അങ്ങോടിയകലിലും,

പൂക്കാതെ-കായ്‌ക്കാതെ മുളയിലെ കൊഴിയുമീ-

സ്വപ്‌നങ്ങൾ മാത്രമെ നീക്കിരിപ്പുളളവൻ.

കാതങ്ങളകലെ തൻ കൂടപ്പിറപ്പുകൾ

കരേറുന്ന കാഴ്‌ച്ചയിൽ കരൾനിറക്കുമ്പോഴും,

കരിനിഴൽ വീഴുമീ പ്രവാസ പ്രതീക്ഷയെ-

മിഴിനീരുകൊണ്ടേ അഭിഷേകംചെയ്‌തവർ.

പൊളളുമീ ചൂടിലും, ഉറയും തണുപ്പിലും

തനിയെ കിനാക്കൾ വീണു കൊഴിയിലും,

തളരുമീ ജീവിത മദ്ധ്യാഹ്നവേളകൾ

അപരർക്കു താങ്ങായടച്ചുതീർക്കുന്നവൻ.

ഒത്തിരി രോഗവും, ഇത്തിരി തുട്ടുമായ്‌

പാതിയിൽ പൊലിയുമീപടുതിരിനാളങ്ങൾ.

ധൃതിയിൽ പായുമീ യൗവ്വനവേളകൾ

അറുതികൾ കാണേണ്ട പ്രശ്‌നചിത്രങ്ങളും,

മറുതല എത്തേണ്ട മാനുഷ ജന്മവും,

അറിയാതെതന്നിവൻപ്രവാസിയാകുന്നിതാ.

അരവയർ ഊണിനും, എട്ടണ കാശിനും

പാലായനത്തിന്നു മുഖവുരയിട്ടവർ.

നാടുകൾ പലതുമേ താണ്ടിയിന്നെങ്കിലും,

നടുവൊടിഞ്ഞെങ്ങൊ തളർന്നുവീഴുമ്പോഴും

നാലാൾക്കു താങ്ങായ ഊന്നുവടിയിവർ.

താനെ കൊഴിയും ദളങ്ങളാകുന്നിവർ.

വേരറ്റ വൃക്ഷമായ്‌ വീണൊടുങ്ങുന്നിവർ.

അറിയാത്ത നാടുകൾ താണ്ടിയലഞ്ഞവർ

തെരിയാത്ത ഭാഷയിൽ പേശുന്നൊരാജ്ഞകൾ

അറിയാവതുപോലെ അനുസരിച്ചുളളവർ.

ജന്മക്ഷേത്രത്തിന്റെ ശിഷ്‌ഠമായ്‌ തീർന്നവർ

നാളെകൾ നേടുവാൻ നാടുകൾ താണ്ടുവോർ.

നിവസിക്കുന്നിടങ്ങളിൽ പച്ചപ്പുതേടിയോർ

പ്രവാസികളിവർ പ്രച്ഛന്ന ഭൂഷിതർ.

പല വിളിപ്പേരുകൾ, പല നാട്ടുകാരിവർ

പലതുമേ നേടുവാൻ ഇറങ്ങി തിരിച്ചവർ

തരായ്‌കയാൽ വല്ലതും ശേഷിച്ചു വയ്പവർ

തോരാത്ത കണ്ണുനീർ കരളിൽ കനപ്പവർ​‍ാ

നഷ്‌ടലാഭങ്ങൾ കൂട്ടിക്കിഴിക്കുകിൽ, പൃഷ്‌ഠം-

തിരിഞ്ഞു നിൽപ്പാണു ശിഷ്‌ടവും.

പക്ഷെ, എന്നൊന്നിനെ മുറുകെ പിടിച്ചിട്ടു

ശേഷിച്ച കാലവും തളളി നീക്കുന്നവർ.

ഉഷ്ണതാപങ്ങൾ തൻ മൂർച്ചയേറീടവെ-

വൃഥവിലായ്‌ പോകുന്ന ഭൂതവും, ഭാവിയും

വർത്തമാനത്തിന്റെ വേരുകളറ്റവർ.

വാർത്തയ്‌ക്കുപോലും വിഷയമല്ലാത്തവർ.

മുജ്ജന്മ ബാക്കിയാം ജീവനം തുടരുവാൻ

ജനിതക വിധിയോടു പോരാടിടുന്നവർ.

എന്തിനോ, ഏതിനോ ആർക്കുമറിയാതെ

കാലാന്തരത്തിൽ പ്രവാസിയായ്‌ തീർന്നവർ.

രാശികൾ തെറ്റിയൊരശുഭ പിറവികൾ

ദേശമുപേക്ഷിച്ച ദേശാടകരിവർ.

വേഷങ്ങൾ മാറിലും മോക്ഷമില്ലാത്തവർ

ഭാഗ്യദോഷത്തിന്റെ കൂടപിറപ്പുകൾ,

വെറുതെ കൊഴിയുന്ന മാമ്പൂക്കൾ പോലയീ-

പതിതതീരങ്ങളിൽ ഞെട്ടറ്റു വീഴുവോർ.

ഒടുവിൽ ഒടുങ്ങലിൽ ഒറ്റപ്പെടുന്നവർ

ഒറ്റത്തുരുത്തിലും മിച്ചമായ്‌ പോയവർ.

ആർക്കുമേ വേണ്ടാത്ത ഓട്ടണകാശുപോൽ

അകലെയെവിടയോ ആയുസ്സൊടുങ്ങുവോർ.

കരകടന്നും, ചിലർ കടൽ കടന്നും, പിന്നെ

ദൂരവിദേശത്തു ചേക്കേറിയെത്തിയും

ഒരുപിടി അന്നത്തിനായിട്ടുഴകിലും,

വന്യമായ്‌ തീരുമീ രോദനമൊക്കെയും.

ഇട്ടുവാഴിക്കുവാൻ പണക്കിഴിയില്ലെങ്കിൽ

കൂട്ടർക്കെടുക്കുവാൻ പങ്കൊന്നുമില്ലെങ്കിൽ

അന്യമായ്‌ തീരുമീ ബന്ധങ്ങളൊക്കെയും.

ആർക്കൊക്കെയോ വേണ്ടി നൂലുകൾ തീർക്കുമീ

പട്ടിൻ പുഴുക്കളായ്‌ വെന്തൊടുങ്ങാൻ വിധി.

Generated from archived content: poem2_nov30_05.html Author: pradeep_m_menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English