ഇതെന്റെ ഗ്രാമം, ഇതെന്നിടം
ഞാൻ പിറന്നിടം, പിച്ചവെച്ചിടം.
ചിങ്ങതൊടികളിൽ പൂവ്വിറുക്കുന്നിടം
പെങ്ങളുകുട്ടികൾ പൂക്കളമിട്ടിടം.
മേടപുലരിയിൽ കൊന്നപൂക്കുന്നിടം
പൂതിരുവാതിര പൂത്തിറങ്ങുന്നിടം.
വയലിലൊരു പുളളിക്കിടാവുപോൽ-
കുഞ്ഞു ഞാൻ കുതിച്ചു പാഞ്ഞിടം.
കൊച്ചിലെ കൂട്ടുകാരൊന്നിച്ചു വാണിടം
ഇതെന്റെ ഗ്രാമം, ഇതെന്നിടം.
കുഞ്ഞുവായ്‌ക്കുളളിൽ ത്രിലോകങ്ങൾ
കാണിച്ച കണ്ണനെ കാണവെ-
വാ പിളരുമീ കുഞ്ഞങ്ങളുളളിടം.
രാമനാട്ടം കണ്ടു മുത്തശ്ശിമാർ മെല്ലെ-
രാമനാമം ചൊല്ലും അമ്പലമുളളിടം.
ഇതെന്റെ ഗ്രാമം, ഞാൻ പിറന്നിടം.
കുസൃതികൾ കൂടുമ്പോൾ വാര്യരുസാറിന്റെ
ചൂരൽകഷായവും ചൂടോടെ മോന്തുന്ന,
വികൃതികൾ പിന്നെയും തകൃതിയായ്
പൂക്കുമെൻ കൂത്തരങ്ങിനു ഉറവിടമായിടം.
കൂവലാൽ പൂവൻവെളുപ്പിക്കുമെന്നിടം
കൂജനത്താൽ കുയിൽ രസിപ്പിക്കുമെന്നിടം.
കുരുവിയും, കാകനും, അണ്ണാറക്കണ്ണനും,
കൂത്തരങ്ങാക്കുന്നൊരിത്തിരി പോന്നിടം.
പൂതുമ്പിയെകൊണ്ടു കല്ലെടുപ്പിക്കുമീ-
ശൈശവ കൗതുകം ഓടിക്കളിച്ചിടം.
പുലയനും, വേലനും, വെളുത്തേടനും,
തിയ്യനും, നായരും, നമ്പൂരിയും ചേർന്നു
രാവുകൾ പകലുകളാക്കുന്നൊരെന്നിടം.
നാലാളു ചേരവെ പലരെക്കുറിച്ചുമീ-
കുന്നായ്‌മ ചൊല്ലുന്നൊരാളുകളുളളിടം.
ഞാറു പാവുമ്പോഴും, കള പറിക്കുമ്പോഴും,
ഏഴുവെളുപ്പിന്നു കൊയ്തെടുക്കുമ്പോഴും,
നാഴൂരി നെല്ലിനു പതമളക്കുമ്പോഴും,
നാട്ടുപാട്ടീണത്തിൽ ചൊല്ലുന്നൊരെന്നിടം.
ഇതെന്റെ ഗ്രാമം, ഞാൻ പിറന്നിടം.
കളകളമിളകും പുഴയൊഴുകുന്നിടം
തരളിതമാകും വയലേല ഉളളിടം
നാട്ടുപ്രമാണികൾ കവലകൾ വാണിടം
നാരികൾ വാഴുന്ന നദിക്കരയുളളിടം.
കുപ്പി വിളക്കിന്റെ മിന്നാവെളിച്ചത്തിൽ
കച്ചോടമേറുന്ന ചെറിയൊരു കവലയും,
ഏന്തിവലിച്ചുകൊണ്ടെത്തുന്ന ശകടവും,
കളളു മോന്തുന്നൊരീ കാർന്നോരുമുളളിടം.
ഇതെന്റെ ഗ്രാമം, ഞാൻ പിറന്നിടം.
വരേണ്യർ തൻ ഹുങ്കുകൾ വീണു മരിച്ചിടം
വരുംകാല കാറ്റിന്നു വാതിൽ തുറന്നിടം.
വർഷമേഘങ്ങൾ സ്‌നേഹം ചൊരിഞ്ഞിടം
വൃശ്ചിക കാറ്റേറ്റു തലയാട്ടി നിന്നിടം.
ഇതെന്റെ ഗ്രാമം, ഞാൻ പിറന്നിടം.
ഇനിയുമെൻ മനതാരിൽ ശേഷിപ്പിതാശകൾ
നാളെ തളിർക്കുവാൻ വെമ്പുമീ നാമ്പുകൾ
എനിക്കീ വയലിൻ ധമനിയിൽ ഒഴുകണം
എനിക്കീ ഭൂമിയിൽ വേരുറപ്പിക്കണം.
എനിക്കെന്റെ നാടിന്റെ ശബ്‌ദമായ് മാറണം
എനിക്കീ വിണ്ണിലൊരു താരകമാവണം.
ഞാൻ മരിച്ചീടുകിൽ, കേൾക്കുവിൻ കൂട്ടരെ,
എനിക്കെന്റെ നാടിന്റെമടിയിലുറങ്ങണം.
എനിക്കെന്റെ ഗ്രാമത്തിൻ മണ്ണായി മാറണം.
എനിക്കീ പുഴയുടെ ഓളങ്ങളാവണം
വില്ലൂന്നയിൽ നിന്നു ശംഖൊലി കേൾക്കണം.
Generated from archived content: poem1_dec21_05.html Author: pradeep_m_menon