നിശാഗന്ധിയോടൊത്ത്‌ ഒരു രാത്രി

വഴിവിളക്കുകൾ മുനിഞ്ഞുകത്തുന്നൊരീ

നരക നഗരത്തിലേകാന്തപാതയിൽ

കരൾ മുറിഞ്ഞിളം ചോര വാർന്നൊലിച്ചെൻ

ജഡമിന്നിതെന്തിനോ കേണിടുന്നു!

ചുടലതന്നവസാന കനലുമാറ്റിക്കൊണ്ട്‌

അറിവിന്റെ കാറ്റടിച്ചാലു വിറക്കവേ,

അലിവിന്റെയിലപൊഴിഞ്ഞാകെത്തഴുകവേ,

പോകരുതെന്നെ നീ വിളിക്കാതൊരിക്കലും

പോകുവാൻ നിനക്കാഗ്രഹമുണ്ടെങ്കിലും.

മരുപ്പച്ചയോളം മഹാരുദ്രസൗന്ദര്യം

മനസ്സിൽത്തളിർത്തു വളർന്നു പോയെങ്കിലും,

മദാലസ്യമൂറുന്ന ചുംബനം നൽകി നീ

കരൾപ്പൂവിലാകെപ്പരാഗണം ചെയ്യുക!

മഴക്കാറു മൂടിയിട്ടന്ധമായ്‌ത്തീർന്നൊരീ

മതത്തേരിലേറി ഞാൻ

കനൽച്ചൂടു തീണ്ടവേ,

കടത്തിണ്ണയിൽ പിഞ്ചുഹൃദയം ഞരങ്ങവേ,

നെടുംപാതയിൽ ഭ്രാന്തനുറക്കെച്ചിരിക്കവേ,

യന്ത്രവേഗങ്ങൾ ഹൃദയം ചതക്കവേ,

കരൾച്ചില്ലയിൽ കൂടുകൂട്ടിപ്പുലമ്പുവാൻ,

ഒരിറ്റു സാന്ത്വനം രക്തമായീമ്പുവാൻ,

ജഡത്വം മരിച്ചുപോയ്‌ ജനിത്തീയാളുവാൻ,

മരുത്തിൽപ്പിറക്കും സുഗന്ധം പരത്തുവാൻ,

കടൽത്തീര,മാഴികളോർമ്മയിൽത്തിളക്കവേ,

കടൽക്കന്യകേ, നീയൊരിറ്റുശ്വാസമായ്‌,

വിടർന്ന മാറിലെയുയർന്ന താപവും,

കനത്തവേനലിൻ നിതാന്തദാഹവും,

മരിച്ചവീട്ടിലെ ചടച്ചൊരുമ്മയും,

മടിക്കുത്തിലേറ്റിക്കഠോരം ഗമിക്കുക!

Generated from archived content: poem_nisagandi.html Author: pradeep_dc

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English