നിന്നോട്‌ (ജനനിക്ക്‌, സസ്നേഹം)

മഴയാണു പെയ്യുന്നതോമനേ നിനക്കി-

ന്നരുതാത്തതൊന്നും തോന്നിടാതെ.

കരുതലോടിന്നു ഞാൻ നിൻകരമേന്തിയാ

സ്മരണതൻ പൂമരച്ചോട്ടിൽ നിൽക്കേ,

അരുതരുത്‌, പോകരുത്‌, കടലാണുപെണ്ണേ,

സകലതുമറിവാകുമലിവാണു പെണ്ണേ!

പെരുമഴച്ചാർത്തിലിന്നകലെയേതോ പന

തലതല്ലിയാർക്കുന്ന ശബ്ദമാണോമനേ,

വരിക നീയെന്നരികിലേകയായ്‌

പ്രണയപാപങ്ങളിന്നേറ്റുകൊൾക!

വഴിയരികിലുളെളാരീ പുഷ്പങ്ങളൊന്നിലും

അറിയാതെപോലും തൊട്ടിടാതോമനേ,

കലികാലമാണേ, വിഷമാണു പെണ്ണേ,

കരളുകൾപോലും ചതിക്കുന്നതാണേ!

ഇവിടെയീ വഴിയരികിലേകനായ്‌ ഞാനിന്ന്‌

കരൾ പറിച്ചാത്മം വിടർത്തിനിൽക്കേ,

വരിക നീ, നിന്നാത്മദീപം തെളിച്ചുകൊ-

ണ്ടലകടലോലുന്നൊരാഴവുമായ്‌!

ഒരു നോക്കുകൊണ്ടു നീയഗ്നിയായെന്റെയീ

കുടൽമാലപോലും പൊളളിച്ചിറങ്ങവേ,

ഒരു സ്മേരമെന്റെയീയാത്മതാളങ്ങളിൽ,

നിറപറയായിപ്പൊലിഞ്ഞു നിൽക്കേ,

കരയരുതോമനേ, പകരമായ്‌ നൽകുവാ-

നൊരുതരിക്കണ്ണുനീർ ബാക്കിയില്ല!

ഇടറാതെ നടകൊൾക,വേഗമീക്കാലവും,

കപടഭാവങ്ങളും കടന്നുപോകേണ്ടയോ?

ജനനവും മരണവും വേർതിരിക്കുന്നൊരീ,

കുടിലമാം സീമയിൽ നിന്നെ ഞാൻ കാക്കവേ,

മലകളെ വെടിഞ്ഞുകൊണ്ടിടിമിന്നൽ വീഴവേ,

കരളുകളുടക്കുന്ന പേമാരിപെയ്യവേ,

അരുതരുത്‌, പോകരുത്‌, കടലാണുപെണ്ണേ,

സകലതുമറിവാകുമലിവാണു പെണ്ണേ!

Generated from archived content: poem_may15.html Author: pradeep_dc

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here