വാലുപോയ പട്ടിയെക്കൂട്ടത്തിലാരുമേ
കൂട്ടുകയില്ലെന്നു കേട്ടു ഞാൻ,
പൊളളുന്ന കാലുമായോടുകയാണിന്ന്
കാറ്റുപോലുമുണർന്നില്ല ഭൂമിയിൽ.
മാമരത്തിന്റെ തായ്‌വേരുമേന്തി ഞാൻ
ജാലകങ്ങളിൽ കണ്ണുതുറക്കവേ,
സൂര്യകോപത്തിന്റെ ജ്വാലയിൽ ഞാനെന്റെ-
ഞാനെന്ന ഭാവം വലിച്ചെറിഞ്ഞീടവേ,
സാഗരമായിരം നാവിനാലെന്റെയീ
പ്രാണന്റെ താപമിന്നൂറ്റിക്കുടിക്കവേ,
സന്ധിചെയ്യാത്തൊരെൻ ജീവനിൽ
നീയെന്റെ
പഞ്ചഭൂതങ്ങൾതൻ വിശപ്പാറ്റിടുന്നു!
വീറുറ്റ രാത്രിയിൽ ഞാനെന്റെ കോമ്പല്ലു-
കോർത്തു നിൻ രക്തം വലിച്ചുകുടിക്കവേ,
ഞെട്ടിപ്പുളഞ്ഞുകൊണ്ടാദികാലത്തിന്റെ
സ്‌ഫോടനശബ്‌ദമായ് നീയുയിർത്തീടുന്നു.
ഗോത്രസ്‌മൃതികളിൽ കാലം പണിതീർത്ത
സൂത്രവാക്യങ്ങളിൽ നീ മയങ്ങീടവേ,
ക്ഷാത്രവീര്യത്തിന്റെ രക്തം കടംവാങ്ങി
മൂർത്തമാം മാത്രകൾ സ്വർഗ്ഗമാക്കീടവേ,
കാളകൂടത്തിന്റെ കാതലായ് നീയെന്റെ
രോമകൂപങ്ങളിൽ രക്തം തളിക്കവേ,
ഓമനേ,
നിന്റെയീ നഗ്നമാം മേനിയിൽ
നാഗങ്ങളാർത്തു പുളച്ചുയർന്നീടുന്നു.
അന്ധകാരത്തിന്റെ മാറാപ്പുമേറ്റിഞ്ഞാൻ-
നന്തിനേരത്തു നടക്കാനിറങ്ങവേ,
പൊന്തിവന്നൂ പുകച്ചുരുൾ വന്യമായ്
ക്ഷണ്ഡഭൂതത്തിൻ മഹാമായപോലവേ
മന്ത്രമോഹിതം രാവിൽ നിലാവത്ത്
അനന്തപ്രേമത്തിൻ ഗായകർ മൂളവേ,
ചന്തമുളളതിൻ ജീവനിൽ നിന്നെല്ലാം
ചെന്നിണം വാറ്റിക്കുടിക്കുവാൻ വെമ്പിയും,
തിളച്ചുതുളുമ്പുന്നൊരമ്മിഞ്ഞപ്പാലിലി-
ന്നമ്മതൻ കുഞ്ഞു ദഹിക്കുന്നതിൻ മണം
നുകർന്നു കരുത്താർന്നു വേനലായ്‌ത്തീരുവാ-
നാരോ വരുന്നതിൻ സൂചനയോരിയായ്
കാടും കടലും താണ്ടിയിങ്ങെത്തുന്നു.
കാലമേറെ കടന്നുപോയെങ്കിലും,
ക്രൂരമായീ നദി വറ്റിയെന്നാകിലും,
ഓമനേ നിന്റെയീ ജ്യോത്സനാഗന്ധമാ-
ണാലോലമായെന്നെ രാത്രിയുണർത്തുന്നു.
Generated from archived content: poem_mar12.html Author: pradeep_dc