മാനിഷാദ

മാനിഷാദ! ആദിമഹാകവിതന്‍ ഹൃദയം പൊടിഞ്ഞു
ക്രൗഞ്ചപക്ഷിതന്‍ വേര്‍പാടില്‍ പണ്ടൊരു നാള്‍
ഹേതുവായ് രാമായണത്തിന്‍ ഹൃദയവര്‍ജ്ജകമാം കഥ
നൂറ്റാണ്ടുകള്‍ താണ്ടി മനുഷ്യര്‍ തന്‍ മനസ്സേറ്റു പാടുന്നു
കാണുന്നുണ്ടിന്നു ഞാന്‍ ഹൃദയദ്രവീകൃതമായിടും ഒരു കാഴച!
എങ്കിലും കഴിവതില്ലല്ലോ കണ്ണീരില്‍ കുതിര്‍ന്നിടും കാവ്യം രചിക്കാന്‍

കാലന്റെ ശകടത്തില്‍ കയറി നില്‍പ്പു ആ മാടുകള്‍
കഴുത്തൊടിഞ്ഞ് ഞെരിഞ്ഞമര്‍ന്ന് നിശ്ചലം
ഒരല്പശ്വാസം പോലും കഴിച്ചിടാന്‍ കഴിയാതെ
നാസാദ്വാരത്തില്‍ നുരയും പതയുമൊലിപ്പിച്ച്
നില്‍പ്പിതാ വിധിതന്‍ ബലിമൃഗങ്ങള്‍


മണ്ണില്‍ മനുഷ്യര്‍ തന്‍ കിരാതഹിംസയില്‍
വിഹ്വലചിത്തരായ് നില്‍പ്പവര്‍ നാല്‍ക്കാലികള്‍‍
നാളത്തെ തീന്മേശയില്‍ വറുത്തതും പൊരിച്ചതും
ആകാന്‍ വിധിച്ചിടും വിശിഷ്ട ദുരന്തഭോജ്യങ്ങള്‍

അറവുകാരന്‍ തന്‍ ചുടു ചോര കൊതിക്കും വാള്‍
ത്തലമുന്നിലേക്കന്ത്യമാം യാത്ര തിരിച്ചീടവേ
മരണമണി മുഴങ്ങുന്നുണ്ടാഴ്വിലെവിടെയോ അല്‍പ്പ
ബുദ്ധിയുമതിലേറെ നന്മയും നിറഞ്ഞ പുഴുക്കുത്തേറ്റ ജന്മങ്ങള്‍

മരണത്തെ വരിച്ചീടാം മനുഷ്യന്റെ രുചിക്കായ്
മതിയാക്കീടില്ലേ പഷ്ണിക്കിടത്തിയീ തീര്‍ത്ഥയാത്ര

നിവര്‍ന്നു നില്‍പ്പാന്‍ തെല്ലും ത്രാണിയില്ലാ കാലവാഹനര്‍
ശകടത്തില്‍ തളര്‍ന്നേ പോയ് നാല്‍പ്പതോളം ഹതഭാഗ്യര്‍
നിന്നനില്‍പ്പില്‍ വേച്ചുപോയ് പൊരിവെയില്‍ തന്‍ തീഷ്ണ
ശരമേറ്റ് ഇടറിപ്പോയ് മൃത്യുദേവന്‍ കനിഞ്ഞങ്കിലെന്ന് ഏറ്റം കൊതിച്ചു പോയ്

തല്‍ക്ഷണം കരാള ഹൃദയര്‍ നിര്‍ദ്ദയത്തോടെഴുന്നു
തൃശങ്കുവിന്‍ പടികാട്ടും കാന്താരികൊണ്ട് ഐ ലൈനര്‍
പ്രജ്ഞയറ്റ നേരമ്പോലും നാലുകാലേല്‍ നിന്നു പോകും
ചുവന്നു പോം കനല്പോലെയെരിയും കണ്ണൂകള്‍ രണ്ടും
വിറക്കും ദേഹമപ്പോള്‍ വേദന തന്‍ കോമരം തുള്ളും

പ്രാണന്‍ പറിച്ചകലും പോല്‍ നീറിപ്പുകയും
പശിദാഹാദികള്‍ തന്‍ ദീന വിലാപം കേള്‍ക്കെ
നീച ബുദ്ധികളെന്തേയുടയോന്‍ മാനവനെന്നു പേരിട്ടു
ജീവിത കുസുമം വിരിയും മുന്‍പേ നരാധമര്‍
അടിമയായ് നൂറുമേനി വിളയിക്കാന്‍ വയലേല
കളുഴുതു ചാട്ടവാറിന്‍ ചൂടറിഞ്ഞു ചക്കു
എന്തിനീശന്‍ മാനവനെ ഞങ്ങളുടെയീശനാക്കി
കരിക്കും ചമ്പലിനും കൊള്ളാ നേരം നോക്കി മറിച്ചേകി
കാശു വാങ്ങി മടിയാതെ അറക്കാനായ് നടതള്ളി
ഓര്‍ക്കുക മര്‍ത്യാ കുബുദ്ധിരാക്ഷസാ നിശ്ചയിച്ചീടുന്നു
ദൈവം നിന്‍ നിയതി തന്‍ പുസ്തകത്താളില്‍ കുറിക്കും
ഞങ്ങള്‍ തന്‍ ശാപത്തിന്‍ മൂകാക്ഷരങ്ങള്‍

Generated from archived content: poem1_jan27_14.html Author: pradeep_chandradas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here