പാഴുതറ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിന്റെ ഗ്രാമസഭാ മിനിറ്റ്‌സിൽ പാറേലച്ചന്റെ നോമിനിക്കുപകരം സരളേടത്തിയുടെ പേര് എഴുതിച്ചേർക്കാൻ ഉദ്ദേശിക്കുന്നതിനാൽ ഭവനനിർമ്മാണഗുണഭോക്താക്കളുടെ അംഗീകൃതലിസ്‌റ്റിന്റെ ഇടയിലായി ഒരു വരി ഒഴിച്ചിടണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ ഗുണശേഖരേട്ടൻ എന്നോട് പറഞ്ഞു. ഗ്രാമസഭ കോറം തികയ്‌ക്കുന്നതിനുള്ള ഒപ്പു ശേഖരിക്കുന്നതിനായി സാക്ഷരതാപ്രേരക് ദാസൻ കൊണ്ടുപോയ മിനിറ്റ്‌സ് ബുക്ക് തിരിച്ചെത്തിച്ചിരുന്നില്ല അതിനിടെ ധൃതിപിടിച്ചുള്ള ഗുണശേഖരേട്ടന്റെ നിർദ്ദേശത്തിൽ ആപത്‌ശങ്ക മണത്ത ഞാൻ കോമ്പിയച്ചൻസാറിനെ വൈകുന്നേരത്തെ ദൈനംദിന റിപ്പോർട്ടിൽ കൃത്യമായി വിവരം ധരിപ്പിക്കുകയുണ്ടായി.
പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ഏതു കാര്യവും തത്സമയം തന്നെ അറിയിക്കണമെന്ന ചെയർമാന്റെ നിർദ്ദേശം ഞാൻ എന്നും അക്ഷരംപ്രതി അനുസരിച്ചുപോരുന്നുണ്ട്. കമ്പനീസ് ആക്‌ട് പ്രകാരം ബ്രാഞ്ച്‌കമ്മറ്റി രജിസ്‌റ്റർ ചെയ്യപ്പെടുകയും സെക്രട്ടറി സ്‌ഥാനത്തിനു പകരമുള്ള ചെയർമാൻഷിപ്പിലേക്ക് കോമ്പിയച്ചൻസാർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തതോടെ വിമത പ്രവർത്തനത്തിന് നിരീക്ഷണവിധേയനായിക്കഴിയുന്ന ഗുണശേഖരേട്ടന്റെ ചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടേണ്ടതുണ്ടെന്ന് രഹസ്യനിർദ്ദേശം വന്നു. ഇവിടെ പക്ഷേ ആകുലപ്പെടേണ്ട കാര്യമില്ലെന്ന് കോമ്പിയച്ചൻസാർ പറഞ്ഞു. സരളേടത്തിയുടെ പേരു പരിഗണിക്കുന്നത് സംഘടനാനയം തന്നെയാണെന്നും ചെയർമാൻ തുടർന്നപ്പോൾ എനിക്ക് ആശ്വാസമായി. അല്ലെങ്കിലും പ്രതിലോമശക്തികൾക്കെതിരായ പോരാട്ടത്തിൽ ഉൾപാർട്ടി പ്രശ്‌നങ്ങൾ അവഗണിച്ച് ഒത്തുനീങ്ങുന്നതാണല്ലോ എന്നും പാഴുതറയുടെ പാരമ്പര്യം.
പുഞ്ചപ്പാടം രാമകൃഷ്‌ണന്റെ ശല്യം അവസാനിപ്പിക്കാൻ കൂട്ടുനിൽക്കുന്നതിനു പ്രത്യുപകരാമായാണ് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപെടുത്തി പഞ്ചായത്തുവകയായി വേറൊരു ഭവനം കൂടി സരളേടത്തിക്ക് വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ചില സാംസ്‌കാരികവേദികളിലൂടെ പുഞ്ചപ്പാടം രാമകൃഷ്‌ണൻ കഥാകൃത്തിന്റെ പരിചയക്കാരനാണെങ്കിലും അതനുസരിച്ചുള്ള അനുഭാവമൊന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്. മാത്രവുമല്ല. ഗുണപാഠങ്ങളെ ഉത്‌പാദിപ്പിക്കാത്ത ഒരു ചെറുകഥ ചരിത്രത്തോടുള്ള അനീതയാണെന്ന് മാസ്‌റ്റർ പറയുന്നുമുണ്ട്.
സന്ദേഹം വേണ്ട, ഇവിടെയും അദ്ദേഹം കഥാപാത്രം തന്നെ. കഴിയുന്നത്ര നിർമ്മാണച്ചെലവ് കുറച്ച് ഈ ചെറുകഥ എഴുതാനുദ്ദേശിക്കുന്നതിനാൽ പാഴുതറയെ വെറുമൊരു പഞ്ചായത്ത് പ്രദേശം മാത്രമായി പരിമിതപ്പെടുത്തുന്നതോടൊപ്പം പഞ്ചായത്തോഫിസറായി മാസ്‌റ്ററും പ്രവേശിക്കപ്പെടുന്നു. കൂട്ടത്തിൽ കഥാകൃത്തായ എന്നെ ഒരു പഞ്ചായത്ത് ഗുമസ്‌ഥനായി സ്‌ഥാനീകരണം നടത്തുന്നതാകും ഉചിതം. കാരിക്കേച്ചറിന്റെ വിശ്വാസ്യതയ്‌ക്കായി നിസ്സാരചെലവിൽ നിസ്സാർ എന്നോ മറ്റോ മാസ്‌റ്റർക്ക് പേരിടുകയുമാവാം. ലോട്ടറി ടിക്കറ്റുകളിൽ ആകൃഷ്‌ടനാണ് അദ്ദേഹം എന്നത്, മാസ്‌റ്റർ സ്വന്തം പണം മുടക്കിയാണ് ടിക്കറ്റുകൾ എടുക്കുന്നത് എന്നുള്ളതുകൊണ്ട് കഥയുടെ പൊതുമൂലധനത്തിൽ ശോഷണം ഉണ്ടാക്കുന്നില്ല. എങ്കിൽക്കൂടി, സന്തുലനത്തിനുവേണ്ടി, തീവണ്ടിയിൽ കയറിയാൽ ടിക്കറ്റ് എടുക്കുന്നതിന് വിമുഖനാണ് മാസ്‌റ്ററെന്ന് അധികചെലവില്ലാതെ എഴുതണം. ഇതൊക്കെ കൂടാതെ കഥാവിശ്യത്തിനായി സരളേടത്തിയുടെ ചാരായക്കട സന്ദർശിക്കുമ്പോഴൊക്കെ ആ പേരുപറഞ്ഞ് നല്ല നാടൻ വാറ്റ് ഓസിന് തരപ്പെടുത്താൻ എന്നെക്കാൾ കഴിവ് അദ്ദേഹത്തിനുണ്ട് എന്നുള്ളതും പ്രതിപാദ്യം.
ഗുണശേഖരേട്ടൻ പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ഞാൻ പുലർത്തിപ്പോന്ന വിശ്വസ്‌തത, ഇപ്പോഴെന്നെ ലജ്ജിപ്പിക്കുകയാണ്. പെൻഷൻ വിതരണം ജനനമരണ രജിസ്‌ട്രേഷൻ മുതലായ അപ്രധാന ചുമതലകളുമായി ഓഫീസിന്റെ മൂലയിൽ ചടഞ്ഞുകൂടിയിരുന്നൊരു രചനാകാലഘട്ടമായിരുന്നു എനിക്കത്. കട്ടൻ ചായയും പരിപ്പുവടയും തിന്നു മടുത്ത കാല്‌പനിക പകലുകൾ; വട്ടച്ചെലവിന് കാശില്ലാതെ വട്ടം തിരിഞ്ഞ അസ്‌തിത്വവ്യഥയുടെ ദാർശനികസന്ധ്യകൾ……… ചെയർമാൻഷിപ്പ് കോമ്പിയച്ചൻസാർ ഏറ്റെടുത്തതോടെയാണ് എല്ലാത്തിനും മാറ്റം വന്നത്. സരളേടത്തിയുടെ ചാരായഷാപ്പിനു മുന്നിലെ കസ്‌റ്റമേഴ്‌സിന് ഷോഡതി വിറ്റു നടന്ന മാസ്‌റ്ററെ പഞ്ചായത്താഫീസാറായി നിയമിച്ചതും ഡെവലപ്‌മെന്റ് സീറ്റിന്റെ ചുമതലയുളള സെക്ഷൻ ക്ലാർക്കായി എനിക്ക് മാറ്റം കിട്ടിയതും ഒരേദിവസം – നവംബർ ഒന്ന്. അതിനുള്ള കൃതജ്ഞതാപ്രകടനം കൂടിയാണ് ഈ ചെറുകഥ.
ഓഫീസിൽ ഞാനിപ്പോൾ വെറുതെയിരിക്കുകയാണ്. ഫയലിൽ എന്തെങ്കിലുമൊക്കെ കോറിയിടുന്നതായി നടിച്ചില്ലെങ്കിൽ പൊന്നമ്മ സൂപ്രണ്ട്, ഓഫിസ് പ്രൊസീജിയർ പറഞ്ഞ് വിരട്ടാൻ വരും. ഓൾക്കിട്ടൊരു പണി കൊടുക്കുന്നുണ്ട് – തരം കിട്ടട്ടെ. മാസ്‌റ്റർ ക്യാബിനിൽ എഞ്ചിനീയറുമായി ഏതോ ബില്ലിനെ സംബന്ധിച്ച് വിലപേശിക്കൊണ്ടിരിക്കുകയാണ്. ജനത ടിവി.യിൽ ലോട്ടറി റിസൽട്ട് ലൈവ് ആയി വരാറാകുമ്പോഴേ ഇനി പുറത്തിറങ്ങു. പഞ്ചായത്ത് പ്രസിഡന്റ് സോഫിയ കുര്യക്കോസ് ഇന്ന് കംഫർട്ട് സ്‌റ്റേഷന്റെയും കവി സമ്മേളനത്തിന്റെയും ഉദ്‌ഘാടനമുള്ളതിനാൽ ഹെന്നയും ഫേഷ്യലും ചെയ്യാനായി ഓഫീസ് ജീപ്പുമെടുത്ത് ബ്യൂട്ടി പാർലറിലേക്ക് പോയിരിക്കുന്നു. ആയമ്മയുടെ സമയമാണ് സമയം. ഗുണശേഖരേട്ടൻ പ്രസിഡന്റായിരുന്ന കഴിഞ്ഞ ടേമിലെ സൽപ്രവൃത്തികൾ കാരണം പാർട്ടിക്ക് പഞ്ചായത്ത് ഭരണം നഷ്‌ടമാകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നതാണ്. അങ്ങനെ സംഭവിക്കാതിരുന്നതിന്റെ ക്രെഡിറ്റ് മുഴുവൻ കോമ്പിയച്ചൻ സാറിന് കൊടുക്കണം. പഞ്ചായത്ത് ഇലക്ഷന്റെ അവസാനനാളുകളിൽ പറേലച്ചനുമായി ധാരണയിലെത്തിയതോടെ മൂന്നു വാർഡുകളിൽ അച്ചന്റെ ആളുകളെ നിർത്താനനുവദിച്ചിട്ടാണെങ്കിലും ഭരണം നിലനിർത്താനായി. പുല്ലാനിക്കലെ ചിട്ടിക്കാരനായ ഷെവലിയർ കുര്യക്കോസിന്റെ ഭാര്യയെ പാറേലച്ചൻ പറഞ്ഞതനുസരിച്ച് പ്രസിഡണ്ടാക്കിയതോടെ ഭരണം കൈയിലെടുക്കാമെന്ന് പാറേലച്ചൻ കരുതിക്കാണും. കളി കോമ്പിയച്ചനോടൊ? പബ്ലിക് ഫങ്ങ്‌ഷൻ മുഴുവൻ അറ്റൻഡ് ചെയ്യാൻ സോഫിയാ കുര്യക്കോസിനെ വിട്ട് മാസ്‌റ്റർ, ഞാൻ, പൂർണ്ണമായ പാർട്ടികടിഞ്ഞാണോടെ ഗുണശേഖരേട്ടൻ എന്നിവരിലൂടെ ഭരണം ഇപ്പോഴും സംഘടനയുടെ ചൊൽപ്പടിയിൽ.
ഈ മദ്ധ്യാഹ്‌നത്തിൽ കുറെ അപേക്ഷകളും വാരിപ്പിടിച്ച് പഞ്ചായത്തിൽ നിരങ്ങുന്ന പൊതുജനത്തിന്റെ തിരക്കുകൂടി വളരെ കുറവ്. പൊന്നമ്മ സുപ്രണ്ടിന്റെ കണ്ണിൽ പൊടിയിടാൻ എന്തെങ്കിലും എഴുതുകയാണെങ്കിൽ അത് ഈ ചെറുകഥ തന്നെയാവുന്നതാണ് നല്ലത്. കഥാന്തരീക്ഷത്തെ മുമ്പ് ഞാൻ ജോലി ചെയ്‌തിരുന്ന യുറേഷ്യയിലെ ഗഗാറിൽ ഗ്രാഡിനടുത്തുള്ള കാലങ്കര ഗ്രാമപഞ്ചായത്തിലേക്ക് പറിച്ചു നടണം. പഞ്ചായത്ത് പ്രസിഡണ്ടായി തറവാടി നായരും പ്രൗഢഗംഭീരനുമായ ആഗമെമ്‌നൺ. പഞ്ചായത്ത് ഓഫീസറായി മാസ്‌റ്ററെത്തന്നെ നിലനിർത്തുന്നതിനൊപ്പം മാസ്‌റ്ററുടെ അഭീഷ്‌ടം ഒന്നുമാത്രം പരിഗണിച്ച് പഞ്ചായത്ത് മെമ്പർ സ്‌ഥാനമെങ്കിലും സോഫിയ കുര്യക്കോസിനും നൽകുന്നത് നല്ലതാണ്. അടുത്തകാലത്തായി മാസ്‌റ്റർക്ക് അവരിൽ ചെറിയൊരു നോട്ടമുണ്ട്. ഞാനായി ഇത്തരം ചില ചെറിയ ചെലവില്ലാത്ത ഉപകരണങ്ങൾ ചെയ്‌തുകൊടുത്തില്ലെങ്കിൽ അത് കഥാകൃത്തിനു തന്നെ പാരയായി വരുമെന്ന് മുന്നനുഭവങ്ങൾ എന്നെ പഠിപ്പിക്കുന്നു.
ഭരണസ്‌ഥിരത കലാങ്കരയുടെ സവിശേഷതയായിരുന്നു. ഇത്ര കാലത്തിനിടെ ആഗമേനോന്റെ സ്‌ഥാനം ഒരിക്കലുമവിടെ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. പിന്നെ സുതാര്യത. പബ്ലിക് വർക്കുകളുടെ ക്വട്ടേഷനിൽതന്നെ പാർട്ടി ഡൊണേഷനും ആഫീസർ, എഞ്ചിനിയർ, വാർഡ് മെമ്പർ എന്നിവർക്കൊക്കെയുള്ള ഷെയറുകളും ക്വോട്ട് ചെയ്‌തിരിക്കും. ഇൻകം ടാക്‌സിനെ വെട്ടിക്കാമെന്ന് ആരും കരുതരുത്. പഞ്ചായത്ത് തീരുമാനങ്ങളുടെ ഡി.ടി.പി. കോപ്പി മീറ്റിങ്ങിനു തലേദിവസം തന്നെ അംഗങ്ങൾക്ക് നൽകുമെന്നതിനാൽ അലങ്കോലമില്ലാത്ത പഞ്ചായത്ത് യോഗങ്ങളും. എല്ലാ കാര്യങ്ങൾക്കും സമയകൃത്യത. ഒരാൾക്കു മാത്രം ഇതൊന്നും സഹിക്കാനായില്ല. എന്തിലും കുറ്റം മാത്രം കാണുന്ന ക്രെംലിൻ കുഞ്ഞുകൃഷ്‌ണൻ നമ്പ്യാർ.
കുഞ്ഞുകൃഷ്‌ണൻ നമ്പ്യാർ, ആറാംവാർഡിൽ മത്സരിച്ചു തോറ്റ അഖിലസ്, പ്രതിപക്ഷനേതാവ് ട്രോട്‌സ്‌കി എന്നിവർ ചേർന്ന് ഭരണകക്ഷി മെമ്പറായിരുന്ന തീട്ടമ്പലം ശശാങ്കനെ വശത്താക്കിയ വിവരം അവിശ്വാസപ്രമേയത്തിന് നോട്ടീസ് കിട്ടിയതിനുശേഷം മാത്രമെ പുറത്തറിഞ്ഞുള്ളു. ജില്ലാ പ്ലാനിങ്ങ് സമിതി യോഗം കഴിഞ്ഞ് പാർട്ടി റിസോർട്ടിൽ വിശ്രമിക്കുകയായിരുന്ന മാസ്‌റ്ററുടെ റൂമിലേക്ക് പ്രമേയാവശ്യം ഫാക്‌സ് ചെയ്യപ്പെടുകയായിരുന്നു. സത്യൻ അന്തിക്കാടിന്റെ ഒരു സിനിമയിൽ നിന്ന് കിട്ടിയ പ്രചോദനത്തിൽ. കാലങ്കരയിലൊരു എയർപോർട്ട് സ്‌ഥാപിക്കാനുള്ള പ്രൊജക്‌റ്റ് പ്ലാനിങ്ങ് ബോർഡ് അംഗീകരിച്ചതിന്റെ ആഹ്ലാദം ആഗമെമ്‌നണിൽ പെട്ടെന്ന് കെട്ടടങ്ങി.
ഈ പ്രതിസന്ധിയെ പ്രസ്‌ഥാനത്തിന് മറികടക്കാനായത് ദണ്ഡി ഷിബുവിലൂടെയാണ് തോക്ക് കഠാര മുതലയ ടൂൾസിനു പകരം വെറുമൊരു ദണ്ഡുകൊണ്ട് കാര്യം നടത്തുന്നതിനാലാണ് ഷിബുവിന്‌ദണ്ഡി എന്ന് വിളിപ്പേര്. അഞ്ഞുറിന്റെ അമ്പത് ഗാന്ധിനോട്ട് അഡ്വാൻസസ് കൊടുത്താൽ മാത്രം ക്വട്ടേഷൻ വർക്ക് ഏറ്റെടുക്കുന്നതുകൊണ്ട് ഗാന്ധിഷിബു എന്നും അദ്ദേഹം അറിയപ്പെടുന്നു. അവിശ്വാസപ്രമേയം വോട്ടിനിടുന്നതിന്റെ തലേന്ന് വൈകിട്ട് അഖിലസ്സുമൊത്ത് തീട്ടമ്പലം ശശാങ്കൻ സരേളടത്തിയുടെ ഷാപ്പിൽ വരുമെന്ന് കെ.ജി.ബി. മുഖേന ആഗമെനെണ് വിവരം കിട്ടി. അതിൻപ്രകാരം വേഷപ്രച്ഛന്നനാക്കി മാസ്‌റ്ററെ ഒരു ലോട്ടറിടിക്കറ്റ് വില്‌പനക്കാരനായി ഷാപ്പുപരിസരത്ത് അദ്ദേഹം നിയോഗിക്കുകയുണ്ടായി.
ചാരായം കഴിച്ചുകൊണ്ടിരിക്കുന്ന അഖിലസ്സിനും ശശാങ്കനും സമീപത്തേക്ക് മാസ്‌റ്റർ – “ടിക്കറ്റൊന്നെടുക്കട്ടെ, ഡിയർ, സൂപ്പർ, പത്തുലക്ഷമാണ് ഫസ്‌റ്റ് പ്രൈസ്……….
സംസാരത്തിനിടയിൽ അറിയാത്തമട്ടിലാണ് മാസ്‌റ്റർ ഡെസ്‌കിലിരിക്കുന്ന ചാരായക്കുപ്പി തട്ടിമറിച്ചത്. അതൊരു വാക്കേറ്റത്തിലേക്ക് നീങ്ങിത്തുടങ്ങിയപ്പോൾ പാർട് ടൈം ലൈബ്രേറിയനെന്ന ഇല്ലാ തസ്‌തികയിലിരുന്ന പാർട്ടിക്ക് വേണ്ടി പഞ്ചായത്തിന്റെ വികസനരൂപരേഖ തയ്യാറാക്കിക്കൊണ്ടിരുന്ന അടിമക്കണ്ണ് കൃത്യമായും അതിലിടപെട്ടു. അതോടെ ശശാങ്കന് അപകടം മണത്തു. എങ്ങനെയും ഒഴിയാനായി പുറത്തേക്കിറങ്ങിയ തീട്ടമ്പലത്തിനെ വാതിൽക്കൽ നിന്ന് ഇടങ്കാല് വെച്ച് വീഴ്‌ത്തലായിരുന്നു സാക്ഷരതാ പ്രേരകും യുവജനസംഘടനാ പ്രവർത്തകനുമായ ദാസന്റെ ദൗത്യം. തീട്ടമ്പലം ശശാങ്കൻ ചെന്നുവീണത് ദണ്ഡിഷിബുവിന്റെ ശരിരത്തിൽ. ഷിബുവിന്റെ അസിസ്‌റ്റന്റ് (ജിന്നൊഴികെ മറ്റൊരു മദ്യവും കഴിക്കാത്ത) ജിന്നശങ്കർ ഇതിനിടെ അഖിലസ്സിനെ ഉപ്പൂറ്റിനോക്കി വടിവാൾ പ്രയോഗിച്ചുകഴിഞ്ഞു. തളർന്നു വീണ അഖിലിസ്സിനെ അവഗണിച്ച് സ്‌റ്റാർട്ട് ചെയ്‌ത് നിർത്തിയിരുന്ന മാരുതിവാനിലേക്ക് ദണ്ഡി, ശശാങ്കനെ വലിച്ചിട്ടു. അയാളെ അവർ കൊണ്ടുപോകുന്നത് ഓഷ് വിറ്റ്‌സ്, ഗ്വാണ്ടനാമോ, പുട്ടപർത്തി, സൈബീരിയ എന്നിവയിൽ ഏതെങ്കിലും പാർട്ടി ട്രൈനിംഗ് സെന്ററിലേക്കായിരിക്കും. യഥാർത്ഥസ്‌ഥലം കൃത്യമായും എന്നെ അറിയിക്കാൻ ഉന്നതനേതൃത്വം ആഗ്രഹിച്ചിരുന്നിരിക്കില്ല.
കാലങ്കരയിലെ അവിശ്വാസപ്രമേയം വോട്ടിനിട്ടപ്പോൾ തീട്ടമ്പലത്തിന്റെ അഭാവത്തിൽ ഒറ്റവോട്ടിന് ആഗമെമ്‌നൺ അതിനെ അതിജീവിച്ചു. മേനോൻമാർ തോൽക്കാൻ ജനിച്ചവരല്ല. ശശാങ്കനെ തട്ടിക്കൊണ്ടുപോയതാണെന്നു പറഞ്ഞ്, ക്രെംലിൻ കുഞ്ഞുകൃഷ്‌ണൻ നമ്പ്യാർ കുറെ ഒച്ചപ്പാടുണ്ടാക്കാൻ നോക്കി. അപ്പോഴേക്കും പരിശീലനം പൂർത്തിയാക്കി മടങ്ങിയ തീട്ടമ്പലം തന്നെയാരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും താനെന്നും പ്രസ്‌ഥാനത്തിന്റെ അനുയായിയായിരിക്കുമെന്നും ഊന്നിപ്പറഞ്ഞതോട ചായക്കോപ്പയിലെ കൊടുങ്കാറ്റായി എല്ലാം ഒടുങ്ങി. ആഗ്‌മെമ്‌നണെക്കുറിച്ച് ഇതിൽക്കൂടുതൽ അറിയാനാഗ്രഹിക്കുന്നവർ ചേതന ബുക്‌സ് പ്രസിദ്ധീകരിച്ച ആണ്ടലോട്ടു കുഞ്ഞാപ്പുവിന്റെ ‘ഒഡീസി, ഇലിയഡ്’ എന്നീ സമരരേഖകൾ വായിച്ചാൽ മതി. സാഹിത്യ അക്കാദമിക്കുവേണ്ടി കുഞ്ഞുമൊയ്‌തീൻ കാട്ടകാമ്പാലെഴുതിയ ‘കോമ്പിയച്ചരിതം പാണപ്പാട്ടിന്റെ അഞ്ചാം സർഗ്‌ഗത്തിലും മേനോനെക്കുറിച്ച് പരാമർശമുണ്ട്.
സിക്കിം സർക്കാരിന്റെ സൂപ്പർ, ഡിയർ എന്നീ ലോട്ടറി ടിക്കറ്റുകളോടാണ് മാസ്‌റ്റർക്ക് പ്രിയം. അതിനദ്ദേഹം പറയുന്ന ന്യായീകരണങ്ങൾ കൗതുകകരമാണ്. അമ്പതുലക്ഷവും അമ്പതുപവനുമെന്ന പ്രലോഭനത്തിൽ മുമ്പിൽ കാണുന്ന ടിക്കറ്റെടുത്തതുകൊണ്ട് കാര്യമില്ല. സൂപ്പറിലും ഡിയറിലും അവസാന മൂന്നക്കത്തിന് അയ്യായിരം രൂപ മൂന്നാം സമ്മാനമായുണ്ട്. നമ്പരുകൾ സെലക്‌ട് മചയ്‌തു കളിച്ചാൽ ആഴ്‌ചയിലൊരിക്കലെങ്കിലും അയ്യായിരം ലഭിക്കാതിരിക്കില്ല. ഒന്നാം സമ്മാനം പത്തുലക്ഷമാണെങ്കിലും അതു നോക്കരുത്. ആഗ്രഹിക്കാമെന്നു മാത്രം. ഉന്നതമായ ലക്ഷ്യങ്ങളെക്കാൾ പ്രാപ്‌തമാക്കാവുന്ന പ്രയോഗങ്ങൾക്കാവണം പ്രാമുഖ്യം. ഇങ്ങനെ പറഞ്ഞ് ഉദ്ദേശിക്കുന്ന നമ്പരുളള ടിക്കറ്റിന്റെ ബണ്ടിലുകൾ തന്നെ മാസ്‌റ്റർ വാരിക്കൂട്ടുന്നതുകണ്ട് കണ്ണു തള്ളിയിട്ടുണ്ട്. എന്നാൽ ഷോഡതി കിട്ടിയിട്ടുള്ളത് എന്റെ അറിവിൽ വളരെക്കുറച്ചു തവണകളിലും. പിന്നെ ശമ്പളത്തിൽ തൊട്ടുകളിക്കാതെ അന്നന്നത്തെ നടവരവും കൊണ്ടാണീ ക്രീഢകളൊക്കെയുമെന്നതിനാൽ കൈപൊള്ളില്ലെന്ന് സമാധാനിക്കാം;
ഇത്രയുമെഴുതിയക്കൂട്ടിയത് തീർത്തും അനാവശ്യമാണെന്ന് അതു വായിച്ചുനോക്കി ഇഷ്‌ടപ്പെടാത്ത മാസ്‌റ്റർ ശഠിക്കുന്നു. ഉത്തമസാഹിത്യരചനയിൽ കഥാപാത്രത്തിന്റെ ഇച്ഛയെ അവഗണിക്കാൻ കഥാകൃത്തിന് അധികാരമില്ല. അതിലുപരി കാലങ്കരയിലെ അവിശ്വാസപ്രമേയച്ചെലവുമൊക്കെ എന്നെ ആശങ്കപ്പെടുത്തുന്നുമുണ്ട്. ആയതിനാൽ എഴുതിയതൊക്കെ ഇറേസർ കൊണ്ടു മായ്‌ച്ചുകളഞ്ഞെന്ന, ആലങ്കാരികമായി പറഞ്ഞശേഷം കടലാസു തുണ്ടുകൾ വലിച്ചെറിയും. ധാരാളിത്തം ഒഴിവാക്കാൻ പറഞ്ഞുപൂർത്തിയാകാത്ത കഥയിലെ കഴിയുന്നത്ര കഥാപാത്രങ്ങളെ പുഞ്ചപ്പാടം രാമകൃഷ്‌ണന്റെ ദുരന്തകഥയിലേക്ക് സ്വീകരിക്കുകയുമാവാം.
രാമകൃഷ്‌ണനെതിരെ ചെയർമാൻ അക്കമിട്ടു നിരത്തിയ കുറ്റങ്ങൾ ഗുരുതരമാണ്. പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പാറേലച്ചനുമായി സഖ്യമുണ്ടാക്കിയതിൽ പ്രതിഷേധിക്കാൻ ആദ്യമവൻ വിമതനായി മൽസരിച്ചു. കുറെ സാമദ്രോഹികൾ അവന്റെ പിന്നാലെയുണ്ടെന്ന് മണത്തറിഞ്ഞ് അടുത്ത വാർഡിൽ നിന്നും യുവപ്രവർത്തകരെകൊണ്ട് എക്‌സസ് വോട്ടു ചെയ്യിച്ചിട്ടും ഗുണശേഖരേട്ടന് തുച്ഛവോട്ടിന്റെ ഭൂരിപക്ഷത്തിൽ കഷ്‌ടിച്ചു കടന്നുകൂടാനേ സാധിച്ചുള്ളു. അടുത്ത നീക്കം കോമ്പിയച്ചനു നേർക്കായിരുന്നു. ചെയർമാൻ പി.ടി.എ. പ്രസിഡന്റായിരിക്കുന്ന പാഴുതറ എൽപി. സ്‌കൂളിൽ ഏതോ മൂന്നു നാല് അനാഥക്കുട്ടികളെക്കൊണ്ടുവന്നു ചേർത്തു. അവരെ താമസിപ്പിച്ചതും രാമകൃഷ്‌ണന്റെ വീട്ടിൽ മതനിഷേധവും പ്രതിലോമചിന്തകളും ബാലമനസ്സുകളിൽ കുത്തിവെയ്‌ക്കാനല്ലെങ്കിൽ മറ്റെന്താണ് അവന്റെ ഉദ്ദേശം. ബാലപീഢനമെന്ന് കുറ്റപത്രം മാസികയിലൊരു ഊമക്കത്ത് അനുയായികളെക്കൊണ്ട് പ്രസിദ്ധീകരിപ്പിച്ചപ്പോഴാണ് സഹികെട്ടിട്ട് അവൻ അവരെ ഏതോ അനാഥാലയത്തിലാക്കിയത്.
ഒരിക്കൽ പാഴുതറയിലെ ആദിവാസി ഊരുകൂട്ടം പാർട്ടി യോഫീസിന്റെ മുറ്റത്ത് നടത്താനുറച്ചത് ഉദ്യോഗസ്‌ഥരെ കോളനിവരെ മലകയറ്റി ബുദ്ധിമുട്ടിക്കാതിരിക്കുകയെന്ന ഏകതാല്‌പര്യത്തോടെ. മറ്റൊരു ഹിഡൻ അജണ്ടയും പിന്നിലില്ലെന്നു പറഞ്ഞിട്ടും പുതിയ പുതിയ വിഷയങ്ങൾ തേടിപ്പിടിക്കുന്നതിൽ വിരുതനായ പുഞ്ചപ്പാടം രാമകൃഷ്‌ണൻ അടങ്ങിയില്ല. ചട്ടവിരുദ്ധമായാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പത്രക്കാരെയറിയിക്കുമെന്ന ഭീഷണിയിൽ ഉദ്യോഗസ്‌ഥർ ഭയന്നു പോയതുകൊണ്ട് ആദിവാസികൾക്ക് സ്വന്തം ചെലവിൽ പ്രസ്‌ഥാനം ഏർപ്പാടു ചെയ്‌ത് കപ്പയും മീന്തലയും മുഴുവൻ ബ്രാഞ്ചോഫീസിനു ചുറ്റും കറങ്ങിനടക്കുന്ന പട്ടികൾക്കു കൊടുത്തിട്ടും പിന്നെയും ബാക്കി വന്നു. അവറ്റയ്‌ക്ക് കുശാൽ.
ഏറ്റവുമൊടുവിൽ രാമകൃഷ്‌ണൻ ചെയ്‌തതാണ് ഏറ്റവും കഠോരം. പാഴുതറ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന സോമയാജിയുടെ പാവനസ്‌മരണനിലനിർത്താൻ പഞ്ചായത്തിനു മുന്നിലെ പുറമ്പോക്കിൽ ഒരു പാർക്ക് സ്‌ഥാപിക്കുകയെന്നത് ഓരോ പാഴുതറക്കാരന്റെയും ചിരകാലാഭിലാഷമാണ്. ഇക്കാര്യം പ്രകടനപത്രികയിൽ വാഗ്‌ദാനവും ചെയ്‌തിരുന്നു. സംഘടനയ്‌ക്കെന്നും മറച്ചുവെയ്‌ക്കാനില്ല. കുടിവെള്ള പദ്ധതിയുടെ ഇംപ്ലിമെന്റേഷനു ലഭിച്ച തുക പാർക്ക് നിർമ്മിക്കാനായി വകമാറ്റി ചെലവഴിക്കാനുള്ള സർക്കാർ അനുമതി കോമ്പിയച്ചൻ സാർ സ്വന്തം സ്വാധീനനം കൊണ്ട് വാങ്ങിയെടുത്തു. സോമയാജിപ്പാടിനൊപ്പം സോഫിയാ കുര്യക്കോസിന്റെയും ചെയർമാന്റെയും പൂർണ്ണകായ പഞ്ചലോഹപ്രതിമകളുമൊക്കെയായി വർണ്ണമനോഹരമായൊരു സങ്കൽപ്പമായിരുന്നു ആ പാർക്ക്. തന്റെ ശില്‌പം കൂടി വേണമെന്ന ഗുണശേഖരേട്ടന്റെ മുറുമുറുപ്പ് അടങ്ങിയിരുന്നില്ലെങ്കിൽ വൈസ് പ്രസിഡന്റ് സ്‌ഥാനത്തു നിന്ന് പുറത്താകുമെന്ന പാർട്ടി മുന്നറിയിപ്പോടെ ഒടുങ്ങിയതോടെ എല്ലാം ശുഭപര്യവസായിയാവേണ്ടതായിരുന്നു.
പുഞ്ചപ്പാടം രാമകൃഷ്‌ണൻ മോഹങ്ങളുടെ കടയ്‌ക്കൽത്തന്നെയാണ് കത്തിവെച്ചത്. ആദ്യ പ്രസിഡണ്ടിന്റെ ജന്മശതാബ്‌ദി ദിനത്തിനു മുമ്പ് വർക്ക് പൂർത്തികരിക്കാനായി പെട്ടെന്നുതന്നെ ടെന്റർ വിളിച്ച് ക്വട്ടേഷൻ അംഗീകരിച്ചു. ആദ്യ ഗഡു കോൺട്രാക്‌ടർക്ക് കൊടുക്കാനിരിക്കെയാണ് കോടതിയുടെ നിരോധന ഉത്തരവ്. ബൂർഷ്വാ കോടതികൾ ഇതും ഇതിനപ്പുറവും ചെയ്യും. പക്ഷേ രാമകൃഷ്‌ണനായിരുന്നു ഇതിന്റെ പിന്നിലും. വിവരാവകാശനിയമത്തിന്റെ സൗകര്യമുപയോഗിച്ച് വില്ലേജാഫീസിൽ നിന്നും സ്‌ഥലത്തിന്റെ പഴയരേഖകൾ കണ്ടെടുത്ത്, അതിലെന്തോ പഴുതുകൾ കണ്ടെത്തി. കോൺട്രാക്‌ടറെ സംഘടനയ്‌ക്ക് ഇനിയും ആവശ്യമുള്ളതിനാൽ അയാൾ തന്നെ അഡ്വാൻസ് തിരിച്ചുകൊടുത്ത വകയിലെ സാമ്പത്തിക നഷ്‌ടം പുറമെ. സങ്കടം കാരണം ഇംപ്രസ്‌റ്റിൽ നിന്ന് പണം മുടക്കി വാങ്ങിയ ഭാഗ്യക്കുറി ടിക്കറ്റുകളിൽ നിന്ന് പാർട്ടിയോഫീസിൽ ഒരുനേരം കോള കുടിക്കാനുള്ള തുകപോലും പ്രൈസടിച്ചുമില്ല. അതിനാലാണ് രാമകൃഷ്‌ണനെതിരെ അറ്റകൈ പ്രയോഗിക്കാൻ ബ്രാഞ്ചുകമ്മറ്റി തീരുമാനിക്കുന്നതും തുണയ്‌ക്കുകയാണെങ്കിൽ സരളേടത്തിക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നൊരു വീടുകൂടി നൽകാമെന്നൊരു വാഗ്‌ദാനം കോമ്പിയച്ചൻ സാറിൽ നിന്നുണ്ടായതും.
മദ്യവിരുദ്ധപ്രവർത്തകൻ കൂടിയായ പുഞ്ചപ്പാടം രാമകൃഷ്‌ണനെ സരളേടത്തിയുടെ ഷാപ്പിലെത്തിക്കുക അചിന്ത്യം. സമൂഹത്തിന്റെ പരിസരമെങ്കിൽ അപൂർവ്വമായിക്കാണുന്ന അശ്ലീലതകളിലൊന്നാവൻ. പഞ്ചായത്താഫീസും ഞങ്ങളും കോമ്പിയച്ചൻസാറുമൊക്കെ പാഴുതറക്കാരുടെ അഭിവൃദ്ധിക്കാണെന്നാണ് അവന്റെ മൂഢധാരണ. എന്തുകണ്ടാലും അനീതി പ്രതിഷേധം എന്നൊക്കെപ്പറഞ്ഞ് എടുത്തുചാടും. കുറെക്കാലം യുക്തിവാദസംഘത്തിൽ പ്രവർത്തച്ചിരുന്നതിനാൽ ദിവ്യാത്ഭുത അനാവരണത്തിനുവേണ്ടി ചില മാജിക്കൊക്കെ പഹയൻ പഠിച്ചുവെച്ചിട്ടുണ്ട്. കൂട്ടത്തിൽ കുറച്ചു നാടൻപാട്ടുകളും അറിയാം. ഇതൊക്കെ വെച്ച് ചരിത്രബോധമില്ലാത്ത കുറെപ്പേരെ കൂടെ നിർത്താൻ പുഞ്ചപ്പാടം രാമകൃഷ്‌ണനു കഴിയുന്നുവെന്നത് പ്രസ്‌ഥാനത്തിന്റെ ആശയവിദ്യാഭ്യാസത്തിന്റെ അപര്യാപ്‌തതയിലേക്ക് വിരൽ ചൂണ്ടുന്നു.
ഇത്തരം അൽപ്പബുദ്ധികൾ അടവുനയങ്ങളൊന്നും മനസ്സിലാവില്ല. സമീപനങ്ങളിൽ നേർവഴികൾ മാത്രമാണവർക്ക് പരിചയം. പാർട്ടിക്ഷേത്രത്തിലെ കഴിഞ്ഞ വർഷത്തെ ആറാട്ടിന് പഞ്ചവാദ്യക്കാരെ കൊണ്ടുവന്നതിലെ കള്ളക്കണക്കിന്റെ രേഖകൾ കൈമാറാമെന്നു പറഞ്ഞ്, സന്ധ്യകഴിഞ്ഞ് അവന്റെ വീട്ടിൽ ഞാനെത്തുന്നു. മാസ്‌റ്റർ ലോട്ടറി ടിക്കറ്റ് വിൽക്കാനെന്ന നാട്യത്തിൽ ട്രാൻസ്‌ഫോർമറിനടുത്ത് നിൽക്കും. പണ്ടൊരിക്കൽ ചാരായക്കട ഉപരോധിക്കാൻ ചെന്നതിന്റെ ദേഷ്യം സരളേടത്തിക്ക് രാമകൃഷ്‌ണനോട് ഇന്നുമുണ്ട്. കഥയുടെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സരളേടത്തിയുടെ കടയും രാമകൃഷ്‌ണന്റെ വീടുമായി അമ്പതുമീറ്റർ താഴെ ദൂരം മാത്രമേയുള്ളു.
രാമകൃഷ്‌ണന്റെ വീട്ടിൽ വൃദ്ധയായ അമ്മ മാത്രം. മകൻ വഴിപിഴച്ചതിലുള്ള അവരുടെ വ്യാകുലതയിലേക്ക് ഞാൻ കുറെ എണ്ണ കോരിയൊഴിച്ചു. അപ്പോഴേക്കും രാമകൃഷ്‌ണൻ എത്തിക്കഴിഞ്ഞു.
”ഞാനെത്ര തവണ വിളിച്ചു. ഫോൺ ഓഫ് ചെയ്‌തിരുന്നോ?“
”ഹേയ്. ഇല്ലല്ലോ. ഫുൾ റെയിഞ്ചിൽത്തന്നെയായിരുന്നു“ രാമകൃഷ്‌ണൻ.
”അപ്പോൾ ബാറ്ററി വീക്കായിരിക്കും. ചാർജ് ചെയ്യാൻ വെയ്‌ക്കൂ.“
അല്‌പബുദ്ധി നിസ്സംശയം അനുസരിക്കുന്നു. ഫയലിലെ കാര്യങ്ങൾ പറയും മുമ്പ് കുറച്ചു തണുത്തവെള്ളം തരണമെന്നായി ഞാൻ. പുഞ്ചപ്പാടം വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയ ഞോടിയിടയിൽ അവന്റെ ഹാന്റ് സെറ്റ് ചാർജറിൽ നിന്നെടുത്ത് ഓഫ് ചെയ്‌ത് ഞാൻ കീശയിലിട്ടു. ഷാപ്പിൽ സജ്ജനായി നിൽക്കുന്ന അടിമക്കണ്ണിന് മിസ്‌ഡ് കാൾ.
ഇനിയെല്ലാം പെട്ടെന്നുവേണം. ഫയൽ പാഡിൽ രഹസ്യങ്ങളെന്നു ധരിപ്പിച്ച് വെറും വെള്ളക്കടലാസുകളാണ് ഞാൻ എടുത്തിരിക്കുന്നത്. അത് അവന് കൈമാറും മുമ്പ് ഓപ്പറേഷൻ തുടങ്ങിയിരിക്കണം. കോമ്പിയച്ചൻസാറായതുകൊണ്ട് സംശയിക്കേണ്ട കാര്യമില്ല. എണ്ണയിട്ട യന്ത്രംപോലെ സംഘടനാ സംവിധാനത്തെ കർമ്മനിരതമാക്കാൻ ചെയർമാന് കഴിവുണ്ട്.
വെള്ളം കുടിച്ചുകഴിഞ്ഞ് ഫയർപാടിന്റെ ചരടിൽ ഞാൻ കൈവെക്കാൻ തുടങ്ങി. ഒന്നുരണ്ടുനിമിഷങ്ങളൊക്കെ ആമുഖസംഭാഷണംകൊണ്ട് അതിജീവിക്കാം. മാസ്‌റ്റർ ഫ്യൂസ് ഊരിക്കഴിഞ്ഞു. പവർ ഓഫ്. വൈകാതെ തന്നെ അതു പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്ന സരളേടത്തിയുടെ നിലവിളി ഉയർന്നുകേട്ടു. ”അയ്യോ ആരെങ്കിലും ഓടിവരണേ, രക്ഷിക്കണേ.“
എന്റെ പ്രേരണയില്ലാതെ തന്നെ പുഞ്ചപ്പാടം സരളേടത്തിയുടെ വീട്ടിലേക്കോടും. അതിനിടയിൽ മൊബൈൽ ഫോൺ തിരിഞ്ഞു സമയം കളയരുത്. ഞാനും വാതിൽക്കവരെ കൂടെയുണ്ട്. ആവശ്യമുണ്ടായിരുന്നില്ല. ചെരിപ്പുപോലും എടുക്കാൻ മറന്ന് അവൻ പുറത്തേക്ക്. സാവധാനം ഞാനും പുറത്തിറങ്ങി രാമകൃഷ്‌ണന്റെ സ്ലിപ്പർ ചെരിപ്പ് കൈയിലെടുത്തു അതൊരു അധികത്തെളിവാണ്. കീശയിൽക്കിടന്ന അല്‌പബുദ്ധിയുടെ ഹാന്റ്‌സെറ്റ് വീണ്ടും പവർ ഓൺ ചെയ്‌തു. പിന്നെ ഇരുട്ടിലൂടെ നടന്ന് യുവനേതാവും സാക്ഷരതാപ്രേരകുമായ ദാസന് തൊണ്ടിമുതലുകൾ കൈമാറി.
കരയുന്ന സരളേടത്തിയോട് വിവരങ്ങൾ ചോദിച്ചറിയുകയാണ് അടിമക്കണ്ണ്. അവരുടെ നെറ്റിയിലെ സിന്ദൂരം പടർന്നിട്ടുണ്ട്. ബ്ലൗസിന്റെ പിൻവശം വലിച്ചു കീറിയപോലെ തുറന്നിട്ടിരിക്കുന്നു.
”ഞാൻ മേലു കഴുകാനായി പിന്നിലെ മറപ്പുരയിൽ കയറിയതാ. കറണ്ടുപോയ ഉടനെ ഒരുത്തൻ കയറിപ്പിടിച്ചു. വായ പൊത്തിപ്പിടിച്ചിരുന്നു. കുതറിമാറി നിലവിളിച്ചപ്പോഴേക്കും ഓടിക്കളഞ്ഞു.“
”അതെന്താ വീട്ടിനകത്ത് കുളിമുറിയുണ്ടല്ലോ. പിന്നെന്താ പുറത്ത്?“
രാമകൃഷ്‌ണൻ ആരാഞ്ഞു.
”അവർക്കിഷ്‌ടമുള്ളിടത്ത് കുളിക്കാൻ കേറും. നീയാരാടാ ചോദിക്കാൻ. ഏടത്തി ബാക്കി പറയ്. ആളിനെക്കണ്ടോ?“
”ഇരുട്ടല്ലാരുന്നോ. മൊഖം കണ്ടല്ല.“ പുഞ്ചപ്പാടത്തിന്റെ മുഖത്ത് പതറാതെ നോക്കി അവർ തുടർന്നു. നീളോം വണ്ണോമൊക്കെ ഏതാണ്ട് ഇതുപോലെയാണ്. അപ്പുറത്തെ വേലിയിലൂടെയയാ നെലോളിച്ചപ്പോ ഓടിയത്. അന്നേരം പോക്കറ്റീന്നെന്തോ താഴെ വീണാരുന്നു.”
തൽസമയം തന്നെ ഞാൻ കൈമാറിയ മൊബൈൽഫോണും ചെരിപ്പുകളിലൊന്നുമായി ദാസൻ ഇരുട്ടിൽ നിന്നും വന്നു കണ്ടയുടതെ ഋജുബുദ്ധി പറഞ്ഞതിങ്ങനെഃ “ഇതിന്റെ ഫോണാണ്. എങ്ങനെ ഇവിടെ വന്നു?”
“കൊള്ളാമല്ലോടാ നായിന്റെ മോനേ നിന്റെ സാമൂഹ്യപ്രവർത്തനം.” അടിമക്കണ്ണ് ചെകിടടച്ചൊന്ന് കൊടുത്തപ്പോൾ വേച്ചുവേച്ച് പുഞ്ചപ്പാടം നിലത്തുവീണു. ഒപ്പം ദാസന്റെ വകയായി രണ്ട് ചവിട്ടും. അപ്പോഴേക്കും സരളേടത്തിയുടെ ചാരായം കുടിക്കാൻ വന്ന തൊഴിലാളികൾ രാമകൃഷ്‌ണനെ വളഞ്ഞുകഴിഞ്ഞു. ഇക്കാര്യങ്ങളൊന്നും വ്യക്തമായി കാണാൻ കഴിയാതിരുന്നതിനാൽ ഞാൻ തിരക്കിനിടയിലേക്ക് നൂണ്ട് എത്തിനോക്കി.
ചുവടൊന്നു തെറ്റി ഞാൻ രാമകൃഷ്‌ണന്റെ മേൽ വീഴുമെന്ന് കഥയിൽ കരുതിയിരുന്നതല്ല. ആളുമാറി ആൾക്കാർ എന്നെയായി കൈയേറ്റം. ഡ്യൂട്ടി പൂർത്തിയാക്കി ദാസനും അടിമക്കണ്ണും പൊയ്‌ക്കഴിഞ്ഞതിനാൽ എന്നെ സഹായിക്കാനാരുമില്ല.
വൈദ്യുതി തിരിച്ചുവന്നു തൊട്ടുപിന്നാലെ പോലീസും. കാശ്് ലാഭിക്കാനായി ദണ്ഡിഷിബുവിനെത്തന്നെയാണ് പാഴുതറ എസ്.ഐ. ബോധേശ്വരനായി കഥയിൽ എഴുതിച്ചേർത്തത്. അവനെന്നെ മുമ്പൊരിക്കലും നേരിൽക്കണ്ടിട്ടില്ല. ഇപ്പോൾ കണ്ടപാടെ ലാത്തി ദണ്ഡുകൊണ്ട് എന്റെ മുതുകിനിട്ടൊരു തല്ല്; “വാടാ, സ്‌റ്റേഷനിലോട്ട്. പെണ്ണുപിടിക്കാൻ അവിടെ വെച്ചു പഠിപ്പിച്ചുതാരം. ഇവനെ ജീപ്പിലേക്കിട്.”
ഹെഡ്‌കോൺസ്‌റ്റബിൾ കുട്ടൻപിള്ളയെന്ന ജിന്നശങ്കർ വണ്ടിയുടെ തറയിലേക്കെന്നെ വലിച്ചിട്ടു. ചെന്നുവീണപാടെ കാത്തിരുന്ന ക്വട്ടേഷൻ സംഘത്തിലെ മറ്റു കാക്കിക്കാർ കലാപരിപാടി തുടങ്ങി. അതിലൊരുത്തന്റെ ബുട്ട്‌സിട്ട കാലത്തിന്റെ തൊഴിയേറ്റ് ഊര തകർന്നുപോയി. ഊരകത്തമ്മേ, നീയേ തുണ. ഇനിയൊരിക്കലും കഥാഗതിയെ നിയന്ത്രിക്കുന്ന തരത്തിൽ ഞാനിടയ്‌ക്കു കയറിയില്ല. മാറിനിന്ന് വിവരിച്ചോളാമേ.
ഒരുകണക്കിന് എനിക്കിത് ഗുരുനിന്ദയുടെ ശിക്ഷയാണ്. ഇതിവൃത്തത്തിലേക്ക് ഇടയ്‌ക്കിടയ്‌ക്കിങ്ങനെ കടന്നുകയറരുതെന്ന് എന്നെ മാസ്‌റ്റർ ഒട്ടനവധി പ്രാവശ്യം ഉപദേശിച്ചിട്ടുണ്ട്. കേട്ടില്ല കഥാഗതിയുടെ പത്മവ്യൂഹങ്ങളിലേക്ക് ബാലിശമായി കയറിപ്പോകുന്ന സമയത്തൊക്കെയും തിരിച്ചിറങ്ങാമന്ന അഹങ്കാരവും ആത്മവിശ്വാസവുമുണ്ടായിരുന്നു. ഇവിടെ ദണ്ഡിഷിബുവിനു മുന്നിൽ പരിക്ഷീണനായി കിടക്കുംവരെ.
താഢനപർവ്വം പോലീസ് സ്‌റ്റേഷൻ വരെയേ നീണ്ടുള്ളു. ട്രാൻസ്‌ഫോർമറിന്റെ ഫ്യൂസ് തിരിച്ചിട്ട് ഡ്യൂട്ടി തീർത്ത മാസ്‌റ്റർ എന്നെക്കാണാൻ ചാരായക്കടയിലേക്ക് തിരിച്ചെത്തിയപ്പോൾ എന്നെയും ജീപ്പിൽ വലിച്ചിട്ട് അവർ നീങ്ങിക്കഴിഞ്ഞിരിക്കുന്നു. ഉടൻതന്നെ അദ്ദേഹം കോമ്പിയച്ചൻസാറിനെ വിവരം അറിയിച്ചു. കോമ്പിയച്ചൻസാറിൽ നിന്ന് ഐജി മുഖേന വാസ്‌തവമറിഞ്ഞ ദണ്ഡിഷിബു അങ്ങേയറ്റം ഖിന്നനായി. പ്രതീക്ഷിച്ചപോലെയല്ല. എന്തു നല്ല മനുഷ്യനാണദ്ദേഹം. എത്രതവണയാണ് ഖേദം പറഞ്ഞതെന്നോ, അതും പോരാഞ്ഞ് അഡ്വാൻസ് കിട്ടിയ അഞ്ഞൂറിന്റെ ഏതാനും നോട്ടുകൾ എന്റെ കീശയിൽ ബലമായി തിരുകിയപ്പോൾ ഓഫീസിൽ ചെയ്യാറുള്ളതുപോലെ അറിയാത്തമട്ടിൽ മറ്റൊരു ഭാഗത്തേക്ക് നോക്കിയിരുന്നു. ഇത്രയും സാത്വികനായൊരാൾക്ക് ഗാന്ധിയെന്ന വിശേഷണമേ ഉചിതമാകൂ.
ഇതൊരു പുരോഗമനകഥയായതിനാൽ അതിനനുസൃതമായ അന്ത്യത്തിന് അവസരമൊരുക്കിയതും മാസ്‌റ്ററാണെന്ന് ഞാൻ എടുത്തുപറയുകയാണ്. എന്നെ പോലീസ് പൊക്കിയതെന്തിനെന്നറിയാതെ, അവരിൽ നിന്നും രക്ഷപ്പെടുത്താനുള്ള വഴികളാരാഞ്ഞ് അല്‌പബുദ്ധി മാസ്‌റ്ററുടെ അടുത്തെത്തി. അവന് അപ്പോഴും കാര്യം പിടികിട്ടിയിരുന്നില്ല. തിരിച്ചുവിളിക്കപ്പെട്ട അടിമക്കണ്ണിന്റെയും ദാസിന്റെയും സഹായത്തോടെ മാസ്‌റ്റർ ഈ സമയത്തിനുള്ളിൽ രാമകൃഷ്‌ണനെ തടഞ്ഞുവെയ്‌ക്കുകയും എന്നെ മോചിതനാക്കി ഉടൻതന്നെ സ്‌പോട്ടിലേക്കു തിരിച്ചുവന്ന ഗാന്ധിഷിബു അവനെ തൂക്കിയെടുത്തുപോവുകയും ചെയ്‌തു. ജാമ്യത്തിനു പഴുതില്ലാത്ത വിധത്തിലാണ് എസ്.ഐ.കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കഥയിലെ അപ്രതീക്ഷിത കഥാപാത്രങ്ങളായി ഷാപ്പിലെ കുടിയൻമാർ രംഗപ്രവേശനം ചെയ്‌ത സ്‌ഥിതിക്ക് ചാർജ്ജ്‌ഷീറ്റിൽ മാപ്പുസാക്ഷിയായി കഥാകൃത്തിന്റെ പേരും ഉൾപ്പെട്ടു – കേസ്സിന്റെ ബലത്തിന്.
കോടതിയിലും സരളേടത്തി ഉറച്ചുതന്നെ മൊഴിപറയും. പാറേലച്ചന്റെ നോമിനിയെ ഒഴിവാക്കി ലിസ്‌റ്റിൽ അവരുടെ പേരെഴുതാൻ ഇതി മടിക്കേണ്ട കാര്യമില്ല. സരളേടത്തിയുടെ കസ്‌റ്റമേഴ്‌സിന്റെ പിന്തുണയുണ്ടെങ്കിൽ പാറേലച്ചൻ പിണങ്ങി മാറുന്നതൊരു വിഷയമേയല്ല. അടുത്തതവണ ബ്ലോക്ക് പഞ്ചായത്തിൽ വനിതാ സംവരണമായതിനാൽ പ്രസിഡന്റായി സരളേടത്തിയാകും അനുയോജ്യയെന്ന് ചെയർമാൻ പറഞ്ഞു. കോടതി റിമാൻഡിൽ വിടുകയാണെങ്കിൽ ഗ്വാണ്ടനാമോയും ആന്റമാനുമൊന്നും വേണ്ട, ചെലവു ചുരുക്കിക്കൊണ്ട് ചരൽക്കുന്നിലേക്കോ മുരിങ്ങൂരിലേക്കോ മറ്റോ ആയിരിക്കും പുഞ്ചപ്പാടം ബാലകൃഷണനെ ട്രെയിനിങ്ങിനു കൊണ്ടുപോകേണ്ടത്.
ഒക്കെ ശരിയായിക്കഴിഞ്ഞാൽ ഗാന്ധിഷിബു ആധുനികകോത്തരതയുടെ ചില നുണുക്കുവിദ്യകൾ പഠിക്കാൻ എന്റെയടുത്തേക്ക് വരുന്നുണ്ട്. പ്രത്യുപകരാമായി തല്ലുകൊള്ളുമ്പോഴുള്ള വേദന ലഘൂകരിക്കാനുള്ള ഏതാനും സൂത്രങ്ങൾ അവൻ തിരിച്ചെനിക്കും പറഞ്ഞുതരുമെന്നത് കഥയെഴുത്തിനെയല്ലെങ്കിലും അതിനുശേഷമുള്ളതിനെ സഹായിക്കാതിരിക്കില്ല. എന്തായാലും പാഴുതറയെ ഒരു പഞ്ചായത്ത് പ്രദേശമാക്കി ചുരുക്കി പ്രതീക്ഷിച്ചതിലും മിതവ്യയത്തോടെ ചെറുകഥ പൂർത്തിയാക്കാൻ എനിക്കു സാധിച്ചുകഴിഞ്ഞു. ശരീരവേദന മാറ്റാൻ ഒരു തിരുമ്മുചികിത്സയ്‌ക്കുള്ള കാശ് അതിൽ ബാക്കിയുണ്ടുതാനും.
ഇത്തവണ സൂപ്പറിൽ അവസാനത്തെ ഒറ്റമ്പർ മാറിപ്പോയതുകൊണ്ട് മാസ്‌റ്റർ മൂന്നാം സമ്മാനം നഷ്‌ടമായി 665 ന് പകരം 666 നാണ് അയ്യായിരം കിട്ടിയത്. അടുത്തദിവസം 786-ൽ അവസാനിക്കുന്ന ടിക്കറ്റിന് ഷോഢതിയടിക്കാനിടയുണ്ടെന്ന് മാസ്‌റ്റർ തീർച്ച പറയുന്നു. ഞങ്ങൾ ചെറുകഥയിൽ നിന്നും പുറത്തുവന്നുകഴിഞ്ഞു. ഗാന്ധിഷിബു തന്ന കാശുകൊണ്ട് ലഭ്യമായത്രയും ലോട്ടറിച്ചിട്ടുകൾ ഞാനുമിന്ന് വാങ്ങിക്കൂട്ടും. സമ്മാനം കിട്ടുകയാണെങ്കിൽ ചെലവു ചുരുക്കേണ്ട ആവലാതി കൂടാതെ ലാവിഷായി പുതിയൊരു ചെറുകഥ എഴുതാമല്ലോ.
Generated from archived content: story1_dec16_09.html Author: pradeep