ആത്മബലിയുടെ അക്ഷരപൂക്കളം

മലയാളകവിത ഉജ്ജ്വലമായ ഭാവമുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന കാലത്തിന്റെ വർത്തമാനകാലത്താണ്‌ കെ.വി. സക്കീർഹുസൈന്റെ ‘അക്ഷരങ്ങൾ പോകുന്നിടം’ എന്ന കവിതാസമാഹാരം വായനയുടെ അന്തരീക്ഷത്തിലേക്ക്‌ നമ്മെ നടത്തിക്കുന്നത്‌. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ വളർച്ച പ്രാപിക്കാൻ കഴിഞ്ഞു എന്നതാണ്‌ കവിതയുടെ വലിയ നേട്ടങ്ങളിലൊന്ന്‌. അധികാരത്തിന്റെ ആകാശങ്ങളിലേക്കല്ല, വിയർപ്പുമണക്കുന്നവന്റെ സംഘഭൂപടത്തിലേക്കാണ്‌ പുതുമുഖകവിതകൾ പുറപ്പെടുന്നത്‌. കേന്ദ്രീകരണത്തിൽ നിന്നും കുതറിമാറി അച്ചടക്കമില്ലാത്തവരുടെ ലോകത്തിലേക്കിറങ്ങുകയും അവരുടെ ജീവിതത്തെ അഭിവാദ്യം ചെയ്യുകയും ചെയ്‌തപ്പോൾ രൂപപ്പെട്ട ദർശനത്തിന്റെ ചക്രവാളങ്ങൾ പൂത്തവഴിയിലൂടെയാണ്‌ അക്ഷരങ്ങൾ പോകുന്നിടം എന്ന സമാഹാരത്തിന്റെ യാത്രയും. അപ്പോഴും…&കാരുണ്യത്തിന്റെ ഹൃദയം പിളർത്തി&ഒരു നെൽക്കതിർ പിന്നേയും&ഉതിർന്നുകൊണ്ടിരുന്നു. (കല്ലടുപ്പ്‌) വിശപ്പു തന്നെയാണ്‌ ലോകത്തിലെ മികച്ച വിഭവം എന്ന സാമൂഹ്യപാഠത്തിൽ നിന്നും പുറപ്പെടുന്ന ജീവിതത്തിന്റെ തീക്ഷ്‌ണതയെ ആവർത്തിക്കുകയാണ്‌ കല്ലടുപ്പ്‌, കഴിഞ്ഞുപോയ കാലത്തിന്റെ ദുരിതങ്ങളെ വരാനിരിക്കുന്ന കാലത്തിന്റെ മുഖമെഴുത്തായി വരച്ചുവെക്കുകയാണ്‌ കവിയിവിടെ.

അന്തിപ്പാതിരയ്‌ക്ക്‌&കിണറ്റുവക്കിൽ&ജീവിത ആഴങ്ങളെ& കരക്കെത്തിക്കാൻ& ഏന്തി ഏന്തി വലയുന്നുണ്ടാകും. (ഉമ്മ)

ഉമ്മ ലോകത്തിലെ ഏറ്റവും ആഴമുളള ചോദ്യമാണ്‌. നന്മയുടെ തണലിടവും സ്‌നേഹത്തിന്റെ സമുദ്രവുമാണവിടം ‘അടുക്കളയുടെ പര്യായം രുചി എന്നതല്ല ജീവിതഭൂപടങ്ങളുടെ സാക്ഷിയിടം എന്നതാണെന്ന്‌-അടിവരയിടുന്നു സക്കീർഹുസൈൻ ഈ കവിതയിലൂടെ.

പെട്ടെന്ന്‌& ഒരു കുമിള& പൊട്ടിത്തെറിച്ചു&ഉൾക്കളത്തിൽ അടങ്ങിയിരുന്നു& ഒരു ജീവിതമെന്ന്‌& അപ്പോൾ മാത്രമാണ്‌ – ഓർത്തത്‌ (കുമിള)

ഒരു പൊട്ടിത്തെറിയുടെ രാഷ്‌ട്രീയ പരിസരത്തിലാണ്‌ ഓരോ ജീവിതവും. ശ്വാസം മുട്ടുന്ന സ്വപ്‌നങ്ങളുമായി ഓർമ്മയിൽ നിന്നും ഭാവിയിലേക്ക്‌ നടക്കാനിറങ്ങുകയാണ്‌ കേരളീയജീവിതങ്ങൾ. ഓർമ്മയിൽ നിന്നും മാഞ്ഞുപോകുന്ന ത്യാഗത്തെ കാലത്തിന്റെ കയ്യൊപ്പോടുകൂടി ഉറപ്പിച്ചുനിർത്തുകയാണ്‌ ’കുമിള‘ എന്ന കവിതയിലൂടെ കവി ഇവിടെ നിർവ്വഹിക്കുന്ന ധർമ്മം.

വേരുകളില്ലാത്ത&ഒരാൽമരം&വളരുന്നുണ്ട്‌&അസ്വസ്ഥതകൾ&ചില്ലകളായും&ഇടയ്‌ക്ക്‌ വെട്ടി, വെട്ടി&മാറ്റുമ്പോഴും&വെളളമില്ലാതെ&നീ എത്ര വേഗമാണ്‌ വളരുന്നത്‌ (പ്രണയപർവ്വം)

ആരും വിത്തു നടാതെ, ആരാലും നനയ്‌ക്കപ്പെടാതെ, ഏതോ ഒരു നിമിഷത്തിൽ ഹൃദയത്തിൽ മുളപൊട്ടുന്ന മരമാണ്‌ പ്രണയം. ജീവിതത്തിന്റെ ചോരയാണതിന്റെ അന്നം. അസ്വസ്ഥതയുടെ കൊടിയാണതിന്റെ ജീവിതം. വ്യക്തിയിൽ നിന്നും പുറപ്പെടുന്ന നൻമ ലോകത്തിന്റെ പ്രകാശമായി മാറ്റാൻ പ്രണയത്തിന്‌ കഴിയുന്നതും അതുകൊണ്ടാവാം. വാക്കിന്റെ ചില്ലയിൽ നിന്നും ഒരു വരി കവിതയ്‌ക്കായി ദാഹിക്കുക എന്നതുതന്നെയാണ്‌ പ്രണയത്തിന്റെ ജന്മദൗത്യം. ജീവിച്ചിരിക്കുമ്പോൾ രക്തസാക്ഷിയായി മാറുക എന്നതുകൂടി ലോകത്തിന്റെ പ്രണയമതത്തിന്റെ ചിഹ്‌നമാണ്‌. പ്രണയപർവ്വം എന്ന കവിത ആത്മബലിയുടെ ആഴങ്ങളെ രേഖപ്പെടുത്തുന്നു.

കാറ്റിന്റെ ചാട്ടവാറേറ്റ്‌ പിടയുമ്പോഴും, ഇലകൾ പ്രാർത്ഥിക്കുന്നത്‌ ഒരു പുതുലോകത്തിനു തന്നെയാണ്‌. കാറ്റ്‌ മേലാളനും, ഇല അധഃസ്ഥിതവർഗ്ഗത്തിന്റെ അടയാളവുമാകുന്നു എന്നതിൽനിന്നും പ്രശാന്തസുന്ദരമായ ഒരു ലോകം വന്നണയും എന്ന ശുഭപ്രതീക്ഷയിലേക്ക്‌ സക്കീർ ഹുസൈനിലെ കവി നമ്മെ നടത്തിക്കുന്നു.

ഓരോ ഉടുപ്പും ജീവിതത്തിന്റെ ഓരോ ദിനങ്ങളാണ്‌. അവ വെയിലിന്റെ ഭാഷയും, മഴയുടെ ദേശവും തിരിച്ചറിയുന്നു. അതിനാലാണ്‌ തിൻമയുടെ വസന്തത്തെ കളഞ്ഞ്‌ നൻമയുടെ വസന്തത്തെ നെഞ്ചേറ്റുന്നത്‌. എത്ര മുറിച്ചു കടന്നിട്ടും നീങ്ങാനാവാത്ത വഴിയും, എത്ര പൊളളിയാലും ആവർത്തിക്കുന്ന മുറിവുമാണ്‌ ജീവിതം. ’മൂന്നു കവിതകൾ‘ വരച്ചിടുന്നതും ഈ നനഞ്ഞ യാഥാർത്ഥ്യങ്ങൾ തന്നെയാണ്‌.

പുറപ്പാട്‌ കാണാനായി&ഇടനാഴിയിൽ& നോമ്പേറ്റിരിക്കുമ്പോഴുണ്ട്‌&മൗനത്തിൽ പൊതിഞ്ഞ&ഒരു ഭാഷ മണ്ണിലൂടെ കടന്നുപോകുന്നു. (അക്ഷരങ്ങൾ പോകുന്നിടം)

ഭാഷ ജീവിതമാകുകയും, ജീവിതം ഭാഷയാവുകയുകം ചെയ്യുന്ന മാന്ത്രികസ്‌പർശനങ്ങളെ ചുരന്നിടുന്നുണ്ടീകവിത. പിറക്കാനുളളവരുടെ ജീവിതത്തെക്കുറിച്ച്‌ ഓർമ്മിക്കുക എന്നതിൽനിന്നും കവി കൈവരിക്കുന്ന നേട്ടം ചരിത്രത്തെ തിരിച്ചു പിടിക്കുക എന്നുതന്നെയാണ്‌.

മുപ്പത്തഞ്ചു കവിതകളുടെ പ്രകടനപത്രികയാണ്‌ സക്കീർഹുസൈൻ മലയാള കവിതാവായനക്കാർക്കു നൽകുന്നത്‌. ഒരുപാട്‌ വാഗ്‌ദാനങ്ങളല്ല ഇക്കവിതകൾ, ഒരുമയുടെ ലോകത്തിന്റെ മുദ്രകൾ തന്നെയാണ്‌ മുന്നോട്ട്‌ വെക്കുന്നത്‌. എങ്കിലും പാകമാകാത്തതും പാതിയുടഞ്ഞതുമായ ചില കവിതകളുണ്ടെന്ന സത്യവും വിസ്‌മരിക്കുന്നില്ല. കഠിനമേറിയ വഴിയിലൂടെ ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ട്‌ സക്കീർഹുസൈനെന്ന കവിയ്‌ക്ക്‌ വരും കാലത്തിന്റെ തെളിമയുളള കവിതയുടെ കാവൽക്കാരനാവാൻ.

Generated from archived content: book1_nov3_08.html Author: pr_ratheesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here