എന്റെ ആത്മമിത്രമെന്നു വിശേഷിപ്പിക്കാവുന്ന കവിയാണ് സി. കാളിയാംപുഴ. അദ്ദേഹത്തിന്റെ വ്യക്തിത്വം വർഷങ്ങൾക്കുമുൻപുതന്നെ എന്നെ ആകർഷിച്ചിട്ടുണ്ട്. തികച്ചും ഗ്രാമീണനായ ഒരു മനുഷ്യൻ. വിനയാന്വിതമായ പെരുമാറ്റം. സാധാരണഗതിയിൽ കവികളിലും കലാകാരന്മാരിലും പ്രകടമാകുന്ന ഹുങ്കോ അഹങ്കാരമോ ഇല്ല. അദ്ദേഹത്തിന്റെ കവിതകൾ ഞാൻ വർഷങ്ങളായി വായിച്ചുകൊണ്ടിരിക്കുന്നു. ഞാൻ മുഖ്യപത്രാധിപരായ ‘പ്രദീപം’ മാസികയിലും കാളിയാംപുഴയുടെ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നു.
എന്തുകൊണ്ടാണ് കാളിയാംപുഴയെ അസാധാരണനായ ഒരു കവി എന്നു വിശേഷിപ്പിച്ചത്? അതിന് ഉപോത്‌ബലകങ്ങളായ ന്യായങ്ങൾ നിരവധി. സ്വയംമേനി പറഞ്ഞ് നടക്കുന്ന കവിയല്ല അദ്ദേഹം. തന്റെ രചന വിശ്വോത്തരമാണെന്ന് അദ്ദേഹം കൊട്ടിഘോഷിക്കാറുമില്ല. ഉദ്യാനത്തിൽ ഒരു തുമ്പുപ്പൂ പുഞ്ചിരിതൂകി നില്‌ക്കും മാതിരി ഇദ്ദേഹത്തിന്റെ കവിതയും കാവ്യനന്ദനോദ്യാനത്തിൽ പ്രസാദാത്മകഭാവത്തിൽ നില്‌ക്കുന്നു. ശോകത്തിൽ നിന്നാണ് ശ്ലോകമുണ്ടാകുക എന്നു പറയാറുണ്ട്. ലളിതമായ പദാവലികൾ കോർത്തിണക്കിക്കൊണ്ട് ശ്രീ കാളിയാംപുഴ ഒരു കാവ്യപ്രപഞ്ചം സൃഷ്‌ടിക്കുന്നു. കുട്ടികൾക്കുവേണ്ടി അദ്ദേഹം ധാരാളം കവിതകൾ എഴുതിയിട്ടുണ്ട്. യഥാർത്ഥത്തിൽ അത് മുതിർന്നവർകൂടി വായിക്കേണ്ടതാണ്. ആഴമുള്ള രചനകളാണ് പലതും. തത്ത്വചിന്താപരമായ ഉൾക്കാഴ്‌ച കാളിയാംപുഴയുടെ എല്ലാ രചനകളിലും ദർശിക്കാവുന്നതാണ്.
കവി പാഴ്‌കനവ് കാണുന്നു. ‘ഞാനിന്നുവരേയും നേടിയില്ലൊന്നും. അല്ലെങ്കിലീമണ്ണിൽ എന്തുനേടാൻ.’ എത്ര സുന്ദരമായ രചനയാണിത്. കാളിയാംപുഴ ഒന്നും നേടിയില്ല എന്നു പറയുന്നത് ശരിയല്ല. അദ്ദേഹത്തിന് താനൊരു കവിയാണെന്ന് തെളയിക്കാൻ കഴിഞ്ഞിരിക്കുന്നു. തുടർന്നുള്ള വരികൾ തത്ത്വചിന്താപരമാണ്. സകല വേദാന്തരഹസ്യങ്ങളും അതിൽ ഒളിഞ്ഞിരിപ്പുണ്ട്. ഈ ഭൂമിയിൽ എന്താണ് നേടാനുള്ളത്. മണിമന്ദിരങ്ങളോ? കുടുകുടു വണ്ടിയോ? അറനിറയെ നെല്ലോ? മുറി നിറയെ പൊന്നോ? മടി നിറയെ കാശോ? ഭൂമിയിലെ ഒരു സ്വർഗത്തേയും കാളിയാംപുഴ മുഖവിലയ്‌ക്കെടുക്കുന്നില്ല. ഇതുമുഴുവൻ മായയാണെന്ന് അദ്ദേഹത്തിനറിയാം. എല്ലാം വ്യർത്ഥമാണെന്ന് അദ്ദേഹം സ്‌ഥാപിക്കുന്നു.
അൻപത് കൊച്ചു കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഓമനത്തമുള്ള കവിതകൾ എന്നാണ് ഇവയെ വിശേഷിപ്പിക്കാൻ തോന്നുന്നത്. ‘എന്റെ ദൈവത്തിന് പേരിട്ടതില്ല ഞാൻ’ എന്നാണ് അദ്ദേഹം പറയുന്നത്. കാളിയാംപുഴയ്‌ക്ക് ഭംഗിയായി കവിത എഴുതാനറിയാം. എല്ലാകവിതകളും ഉന്നതമായ നിലവാരം പുലർത്തുന്നു എന്നതാണ് സത്യം.
മലയാളത്തിന്റെ ഗന്ധവും ശാലീനതയുമുള്ള ഈ കവിതാസമാഹാരത്തിലേക്ക് ഞാൻ ആദരപൂർവ്വം വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. കാളിയാംപുഴയിൽ നിന്ന് ഇനിയും ധാരാളം കവിതകൾ കൈരളിക്ക് സമ്മാനമായി കിട്ടുമെന്ന് തീർച്ചയാണ്. ഞാൻ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു. ഉത്തമഗുണങ്ങളുള്ള ഈ കൃതിയെ ഹൃദയത്തോട് ഞാൻ ചേർത്തുപിടിക്കുന്നു.
(പ്രസാധകർ – എച്ച് ആന്റ് സി ബുക്‌സ്)
Generated from archived content: book1_may18_10.html Author: pr_nathan
Click this button or press Ctrl+G to toggle between Malayalam and English