മുത്തുവും കൂട്ടുകാരും പാടം കടന്ന് ചെമ്മൺപാതയിലേക്കിറങ്ങി വളവ് തിരിഞ്ഞ് സ്‌ക്കൂളിനുമുന്നിൽ എത്തിയപ്പോൾ ശരിക്കും നടുങ്ങിപ്പോയി. സ്‌ക്കൂളിന്റെ ഗേറ്റ് ചങ്ങലകോർത്ത് താഴിട്ടു പൂട്ടിയിരിക്കുന്നു!
ഇന്നിനി സ്‌ക്കൂൾ തുറക്കില്ലേ…? മുത്തുവിന്റെ ഉളളാകെ ഒന്നാന്തി. അവൻ ഗേറ്റിന്റെ കീഴ്‌പ്പടിയിൽക്കയറിനിന്ന് ഉളളിലേക്ക് എത്തിവലിഞ്ഞു നോക്കി. അവിടെങ്ങും ഒരനക്കവും കണ്ടില്ല.
മണി ഇപ്പോൾ പത്ത് കഴിഞ്ഞു. ഉച്ചക്കഞ്ഞി പാകം ചെയ്യുന്ന കാർത്തുച്ചേച്ചിയും ഗേറ്റിനു പുറത്ത് കുട്ടികൾക്കൊപ്പം ഹാജരുണ്ടായിരുന്നു. വേഷത്തിൽ വലിയ യോജിപ്പൊന്നുമില്ലാത്ത ആ കുട്ടികളുടെ നടുവിൽ അവരുടെ ആകാംക്ഷയുടെ മൂർത്തരൂപമായി കാർത്തുച്ചേച്ചി നിന്നു. എന്നാൽ അതെങ്ങനെയാണെന്ന് മാത്രം അവർക്ക് അറിയില്ലായിരുന്നു. കുട്ടികൾക്ക് മുന്നിൽ മൊഴിമുട്ടി നിന്ന കാർത്തുച്ചേച്ചിക്ക് ഇന്നിന്റെ പ്രത്യേകതയെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടായിരുന്നു. ഹെഡ്‌മാഷും കൂട്ടരും ഇനിയും വരാത്തതിനെപ്പറ്റി അവർക്കൊന്നും ഊഹിക്കാനുമായില്ല.
അപ്പോഴാണ് ചിന്നന്റെ കടയിൽ നിന്ന് രാവിലത്തെ ചായകുടിയും പത്രവായനയും കഴിഞ്ഞ് രാഘവനാശാരി അതുവഴി വന്നത്. സ്‌ക്കൂളിനു മുന്നിലെ കൂട്ടം കണ്ട് അയാൾ അവർക്കു നേരെ നീങ്ങി.
അപ്പോ, നിങ്ങളൊന്നും അറിഞ്ഞില്ലേ…? ഇന്നു മുതൽ മാഷന്മാരൊക്കെ സമരാ…. കാർത്തൂ, നീയുമറിഞ്ഞില്ലേ..?
എന്റെ ചേട്ടാ, ഞാനെങ്ങനെ അറിയാനാണ്? എന്നോടൊന്നും ആരും പറഞ്ഞില്ലേ..
ങ്‌ഹ, അതുകൊളളാം. അങ്ങനെ പറഞ്ഞ് ആശാരി അവിടെനിന്നും നടന്നു.
ഉച്ചക്കഞ്ഞിയിൽ മനസ്സും ശരീരവും ഒരുപോലെ അർപ്പിച്ചിരുന്ന മുത്തുവിന്റെ പ്രതീക്ഷ അപ്പോഴും സ്‌ക്കൂൾ ഗേറ്റിൽ തട്ടി അനിശ്ചിതമായി നിൽക്കയാണ്. വെയിലിന് ശക്തി കൂടുന്തോറും അത് ദുർബലമായിക്കൊണ്ടിരുന്നു. മുത്തുവിന്റെ കാട്ടുകാരിൽ ചിലർ കരച്ചിലിന്റെ വക്കിലെത്തിക്കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ മുത്തു അവരുടെ നേർക്ക് നോക്കാനിഷ്‌ടപ്പെട്ടില്ല.
ഇനിയെന്തു ചെയ്യും? മുത്തു വല്ലാതെ വിചാരപ്പെട്ടു. അമ്മ ഇതിനകം പണിയന്വേഷിച്ച് എങ്ങോട്ടെങ്കിലും പോയിക്കാണും. ഇനി വൈകിട്ടേ വരൂ. എന്തെങ്കിലും തിന്നാൻ കിട്ടണമെങ്കിൽ അതുവരെ കാത്തിരിക്കണം. അതുവരെ… അവന്റെ ഉളളും പുറവും ഒരുപോലെ വിയർത്തു വിളറി.
നേരം കഴിയുന്തോറും കൂടിനിന്നവർ ഒറ്റയ്‌ക്കും കൂട്ടായും മടങ്ങാൻ തുടങ്ങി. ചിലരെയൊക്കെ അച്ഛനമ്മമാരോ ബന്ധുക്കളോ വന്ന് കൂട്ടിക്കൊണ്ടുപോയി. എന്നാൽ മുത്തുവിനെ തിരക്കി ആരും വന്നില്ല. തിരക്കി വരാൻ പാകത്തിൽ ആരും അവനുണ്ടായിരുന്നില്ല. അച്ഛനെക്കണ്ട ഒരോർമ്മപോലുമില്ലാത്ത തന്നെ വിളിക്കാൻ ഇനി ഒരച്ഛനും വരാനിടയില്ലെന്ന് അവനറിയാം. അമ്മയാകട്ടെ സന്ധ്യയ്‌ക്കേ കുടിയിലെത്തുകയുളളു. പിന്നെ ആര് വരാനാണ്?
ഇടംകൈയിലെ സ്ലേറ്റിലും പുസ്‌തകത്തിലുമുളള മുത്തുവിന്റെ പിടി അയഞ്ഞുകൊണ്ടിരുന്നു. എന്നാൽ സ്‌ക്കൂൾഗേറ്റിൽ പിടിച്ചിരുന്ന വലംകൈ അവനറിയാതെ അവിടെ മുറുകിക്കൊണ്ടിരുന്നു. അവിടം വിട്ടുപോകാൻ മടിയുളളതുപോലെ അവൻ അതിൽ ചാരി പതുങ്ങിനിന്നു. മുന്നിൽക്കാണുന്ന സ്‌ക്കൂൾകെട്ടിടവും കഞ്ഞിപ്പുരയും അവൻ കണ്ണെടുക്കാതെ നോക്കിനിന്നു. ഇന്നലെ കഞ്ഞി വിളമ്പിയപ്പോൾ ഉപ്പു കുറവായിരുന്നതും അതിൽ വേവാതെ കിടന്നൊരു പയർമണി താൻ ഞെക്കിപ്പരത്തിയപ്പോൾ തൊട്ടടുത്തിരുന്ന കുഞ്ഞുമോന്റെ മൂക്കത്ത് ചെന്നുകൊണ്ട് അവൻ കരയാൻ തുടങ്ങിയതും പിന്നെ അതൊരു ചിരിയായി മാറിയതും മുത്തു ഇപ്പോൾ വെറുതെ ഓർത്തു.
വെയിലിനു കനംവച്ചപ്പോഴേക്കും കുട്ടികൾ മിക്കവരും പോയ്‌ക്കഴിഞ്ഞിരുന്നു. തന്റെ അറിവില്ലായ്‌മയെ സ്വയം പഴിച്ചുകൊണ്ട് കാർത്തുച്ചേച്ചിയും എപ്പോഴോ സ്ഥലം വിട്ടിരുന്നു.
ഇപ്പോൾ സ്‌ക്കൂളിനു മുന്നിൽ മുത്തു മാത്രമായി.
മുകളിൽ കത്തിനിന്ന സൂര്യന്റെ നിഴലില്ലാത്ത കാരുണ്യം അളവില്ലാതെ ഇറങ്ങിവന്ന് അവനെ വിയർപ്പിച്ചുകൊണ്ടിരുന്നു. മുത്തുവിന്റെ ശരീരം അവനുതന്നെ അന്യമായിക്കൊണ്ടിരുന്നു. തിളയ്‌ക്കുന്ന ചൂടേറ്റ് പഴുത്തുകൊണ്ടിരുന്ന ഗേറ്റിലെ തന്റെ പിടി അഴിയുന്നത് അവൻ അറിഞ്ഞില്ല. കണ്ണിലേക്കിരമ്പിവന്ന ഇരുട്ടിന്റെ ചെറുനേരങ്ങൾ മയക്കത്തിന്റെ മിന്നലാട്ടങ്ങളായി തന്നെ പൊതിയുന്നതും അവൻ അറിഞ്ഞതേയില്ല.
പെട്ടെന്ന് ഗേറ്റിന്മേലുളള തന്റെ പിടിയാകെ അയഞ്ഞ് അവൻ ഒന്നുവട്ടം ചുറ്റി. പിന്നെ ഗേറ്റിൽ ശരീരം താങ്ങി അതിലൂടെ ഊർന്ന് അവൻ മണ്ണിലേക്കിരുന്നു. നിരത്തിലേക്ക് തിരിച്ച മുഖവുമായി നോട്ടം മറന്ന കണ്ണുകളോടെ വെറും മണ്ണിൽ അവൻ ഇപ്പോൾ മയക്കത്തിലാണ്. വിയർപ്പിന്റെ ലോകമായി മാറിയ അവന്റെ തല ഒരു വശത്തേക്ക് വീണുകിടന്നു. ഗേറ്റിനു നടുവിൽ വരഞ്ഞുവച്ചിരുന്ന കുരിശിന്റെ രൂപം ഇപ്പോൾ അവന്റെ ശിരോഭാഗത്ത് അവന് താങ്ങായി നിന്നു. കയ്യിൽ നിന്നു പിടിവിട്ടുപോയ പൊട്ടിയ സ്ലേറ്റും പുറംചട്ടയില്ലാത്ത കേരളപാഠാവലിയും അവന്റെ കാൽച്ചുവട്ടിൽ മണ്ണും പൊടിയുമേറ്റ് കിടന്നു. ബട്ടൺ പറിഞ്ഞുപോയ അവന്റെ ഉടുപ്പിന്റെ നെഞ്ചറയിൽനിന്ന് ഒരു പകുതി സ്ലേറ്റും പെൻസിലും മഷിത്തണ്ടിന്റെ നാലഞ്ചിലകളും തലനീട്ടിനിന്നു. ആ ഇലകളിലെ ഈർപ്പത്തിനും സ്വന്തം ചുണ്ടുകളിലെ വരൾച്ചയ്‌ക്കുമിടയിലെ ചെറിയ ദൂരം മറികടക്കാനാവാതെ അവൻ തല കുമ്പിട്ടിരുന്നു.
ഉച്ചകഴിഞ്ഞ് സൂര്യൻ പടിഞ്ഞാട്ടേക്ക് ചാഞ്ഞുതുടങ്ങുമ്പോഴും മുത്തു മയക്കത്തിലായിരുന്നു. എന്നാൽ ഇപ്പോൾ അവന്റെ ഇടതുഭാഗത്തായി തൂണിൽ ഭംഗിയില്ലാത്തമട്ടിൽ എന്തോ എഴുതിയ ഒരു കടലാസ് ആരോ പതിപ്പിച്ചിരുന്നു. സ്വതേ സംഭവരഹിതമായ ഗ്രാമീണജീവിതം അതിലേക്ക് കൗതുകപൂർവം ഉറ്റുനോക്കി. പിന്നെ, നവസാക്ഷരരുടെ കലമ്പിച്ചതും ഇടമുറിഞ്ഞതുമായ ഒച്ചയിൽ അവർ വായിച്ചു ഃ നി രാ ഹാ ര സ മ രം ഒ ന്നാം ദി വ സം.
Generated from archived content: story_padatharam.html Author: pr_harikumar