ഇനിയും വീടാത്ത കടങ്ങൾ
ആർത്തുവന്ന്
കടവാതിൽനേരങ്ങളായ്
കൊമ്പൻചീറ്റങ്ങളായ്
വമ്പൻക്രോധങ്ങളായ്
ഇരുളൻ കരങ്ങളായ്
എനിക്കുളളിൽ
എനിക്ക് ചുറ്റും
വാപിളർന്നേ നിൽക്കുന്നു.
ഇപ്പോൾ-
ഞാനോർക്കുന്നത്
മൂന്നുമുഖങ്ങൾ…
ഒരാൺമുഖം
ഒരു പെൺമുഖം
പിന്നെ-
ആരും കാണാത്തൊരു
പൊയ്‌മുഖം.
ആൺമുഖംഃ
രണ്ടു കുഞ്ഞിക്കണ്ണുകളിൽ
പുത്തനുടുപ്പുകളുടെ
ലോകവിസ്‌മയം.
അത് വിരിഞ്ഞിറങ്ങുന്നത്
രണ്ട് ചിറകില്ലാപ്പക്ഷികൾ.
അവ പറക്കുന്നത്
നിഴലില്ലാ ആകാശം.
അവ ഓർക്കുന്നത്
തണൽ തെളിയും വഴികൾ.
അവ മറക്കുന്നത്
മാമരം മരിക്കും കാടുകൾ.
പെൺമുഖംഃ
കരിയടുപ്പിന്റെ
കനൽക്കണ്ണിൽ നിന്നും
ഉരുകിയിറങ്ങുന്ന
കണ്ണീർക്കടൽ.
കരകളുടെ
ഹൃദയശൂന്യതയിൽ
തലതല്ലിയൊടുങ്ങുന്ന
സ്വപ്‌നരഹിതവർത്തമാനം.
ആഴക്കടലിന്റെ
അറുതിയില്ലായ്‌മയിലേക്ക്
മറഞ്ഞേപോകുന്ന
രണ്ട് ഓടിവളളങ്ങളുടെ
ദൂരക്കാഴ്‌ചയിൽ തെളിയുന്ന
ഗൃഹാതുരത്വം.
പൊയ്‌മുഖംഃ
കാഴ്‌ചകൾ-
തൂക്കിവില്‌ക്കുന്ന കണ്ണുകൾ.
കണ്ണുകൾ-
മറന്നുപോകുന്ന കാഴ്‌ചകൾ.
ജീവിതത്തിന്റെ
ജലശേഖരങ്ങളെ
വാറ്റിയെടുക്കാൻ
നിനവിന്റെ അഴിമുഖത്ത്
ഒടുങ്ങാത്ത കാത്തിരിപ്പ്.
ലോകത്തെ
വിവസ്‌ത്രമാക്കുന്ന
വാക്കിന്റെ നഗ്നതയിൽ
ആത്മവിസ്‌മൃതിയുടെ
താണ്‌ഡവനടനം.
ആണിന്റെ അന്വേഷണം,
പെണ്ണിന്റെ സഹനം,
പൊയ്‌മുഖത്തിന്റെ താണ്‌ഡവം-
ഇതിൽ ഏതാണ് കാമ്യം?
Generated from archived content: sep24_poem2.html Author: pr_harikumar