ഇരുട്ടിൽ
എന്റെ മുറിയിൽ
എന്നെക്കൂടാതെ
ആരോ ഉണ്ടെന്ന്
എപ്പോഴോ
ഞാനറിഞ്ഞു.
പവർകട്ടിന്റെ
വെട്ടമില്ലായ്‌മയിൽ
അതൊരു ശവമാണെന്ന്
ഞാൻ തൊട്ടറിഞ്ഞു.
എന്നാൽ-
വെളിച്ചത്തിന്റെ
തിരിച്ചുവരവിൽ
തലയില്ലാഉടലിന്റെ
വേവലാതി കണ്ട്
ഞാൻ പകച്ചു.
ഏതിനുമൊരു തലവേണമല്ലോ-
തലയില്ലാതെങ്ങനെ വാലാടും?
വാലായ്‌മ മാത്രം പോരാ,
ഇത്തിരി തലക്കനവും വേണം.
ദൈവമേ..!
ഇതിനു പറ്റിയൊരു തല
എവിടെന്നു കിട്ടും?
ഏത് പെരുവഴിയുടെ തിരക്കിൽ നിന്ന്…?
ഏത് ക്ലാസ്‌മുറിയുടെ മൗനത്തിൽ നിന്ന്…?
ഏത് മോർച്ചറിയുടെ ഇരുട്ടിൽ നിന്ന്…?
എങ്ങും ഞാൻ തിരഞ്ഞു.
പക്ഷേ-
എവിടെയും തലയില്ലാചേരികൾ മാത്രം.
എണ്ണമറ്റതാം ഉടൽച്ചുമടുകൾ മാത്രം.
ഒടുവിൽ-
അതിന്റെ തലയ്‌ക്കൽ
എന്റെ തല-
ഒരു നെരിപ്പോടിന്റെ പുനർജന്മം-
ഞാൻ എടുത്തുവച്ചു.
ഇപ്പോൾ-
നല്ലപാകം, നളപാകം.
പിന്നെ-
അധികവും അനാവശ്യവുമായ
എന്റെ ഉടലിനെ
മറ്റൊരുവന്റെ മുറിയിലേക്ക്
ഒരട്ടിയായി
ഞാൻ മറിച്ചിട്ടു.
കൈകഴുകി തിരിച്ചെത്തിയപ്പോൾ
എന്തെന്നില്ലാത്തൊരു പരിഭ്രമം…
എന്റെ ഉടലിനും കിട്ടുമോ
ഇതുപോലെ
ലിംഗവചനവിഭക്തികൾക്കൊത്തൊരു തല?
ങ്‌ഹ,
അത് അയാൾ കണ്ടെത്തിക്കൊളളും-
ഞാൻ സമാധാനിച്ചു.
അയാൾക്കും വേണമല്ലോ ഒരു പണി.
തലയില്ലാചേരികളിൽ-
തലയില്ലാ ഉടലിന്
തലയന്വേഷിച്ച് നടക്കുന്നൊരാളുടെ
പരവേശപ്പടുതിയോർത്തപ്പോൾ
എനിക്ക്
തലയറഞ്ഞ് ചിരിക്കാൻ തോന്നി.
പക്ഷേ-
ഊറിയത് ചിരിയല്ല,
ഇത്തിരി ചുടുരക്തം.
Generated from archived content: poem_thalayil.html Author: pr_harikumar