ചെറുവിരൽ
കാലചക്രം-
നിരത്തിലാരക്കാലുമായ് നടക്കുമ്പോൾ
ആഞ്ഞുകേറാനൊരച്ചാണിപ്പഴുത്
തിരക്കി ഞാൻ നടക്കുന്നു.
എന്ത് കാര്യം?
എന്നെയൊതുക്കുവാനച്ചാരം വാങ്ങിയോർ
പാർശ്വത്തിലെന്നെച്ചവിട്ടി കുതിക്കുന്നൂ.
മോതിരവിരൽ
കെട്ടവ്രണത്തിനുമീതെ
ആരോ രാവിൽ-
അണിയിച്ചല്ലോ മുമ്പില്ലാത്തോരടയാളം.
ഒട്ടുവെളിച്ചം പകരാനായില്ലെ,ന്നാൽ
കിട്ടീ കട്ടുഭുജിപ്പാനിത്തിരി നേരം.
വെട്ടമൊരുക്കിയ പുഴയിലിന്നലെ
മുങ്ങിപ്പോയീ കാമക്കലിതൻ കരിനാഗം.
നടുവിരൽ
എന്തിലുമേതിലും ശക്തിചെലുത്താനാ-
യിട്ടെല്ലിൻകൂടുതകർക്കുമ്പോൾ
ഓർക്കുന്നില്ലാ ഞാനൊരുനേരവും
ഇടവുംവലവുമുത്സാഹിക്കും
സഹജരൊരുക്കും ചതിയൻക്കുഴികൾ.
ചൂണ്ടുവിരൽ
ചൂണ്ടാണിത്തുമ്പത്തുറങ്ങുന്ന മർമ്മം
കാട്ടാനതൻ മദപ്പാടിലുണരുന്ന കർമ്മം.
പക്ഷേ-
ചൂണ്ടാൻ തുനിയുമ്പോളൊക്കെയെൻ-
കൂട്ടരേ, നിങ്ങൾ-
വെക്കമെന്നെയും കൂട്ടിലാക്കുന്നതെന്തേ?
തളളവിരൽ
ഇലയിൽ പൊതിഞ്ഞെന്നെ വച്ചിരിക്കുന്നൊരാൾ
കലയിൽ മിടുക്കനാം ഗുരുവിന് നല്‌കാൻ.
വെറുതേ കിടക്കുമ്പോൾ ചുമ്മാ വിചാരം-
യുഗം നാലും കഴിഞ്ഞിനിയപരം പിറന്നാലും
ദക്ഷിണപോകുവാനീയൊരാൾ മാത്രം.
Generated from archived content: poem_may29.html Author: pr_harikumar