ജ്യേഷ്‌ഠപാദൻ

കോച്ചി വിറക്കും

മരങ്ങൾ തൻ പേച്ചുകൾ

ഏച്ചുകെട്ടും

മകരരാവിലാരോ

കാത്തുവച്ചൊരീ

കാഴ്‌ച വീണെൻ

ഉളളു പൊളളുന്നു.

കനൽക്കിടക്കതൻ

മുകളിലുത്തരപ്പടിയിൽ

പല്ലിളിച്ചുനിൽക്കുന്നു

പുലരിയിൽ

നഷ്‌ടജീവിതം

ജ്യേഷ്‌ഠകായം.

അവൻ മുലകുടിച്ച

നാളോർത്ത്‌

ഓർമ്മത്താള്‌ കീറി

വാവിട്ട്‌

നിലംപതിച്ചുപോയ്‌

കരുണയാചിക്കുന്ന

മാതൃപേടകം.

എണ്ണമറ്റരുതുകൾ

കുടിച്ച്‌ വീർത്ത

ജീവിതത്തിന്റെ

അരികിലാരോ നാട്ടിയ

നെടിയകൊടിതൻ

ധൂർത്തമാരുതനിൽ

ചോടിളകിപ്പറന്ന്‌

പാളിപ്പൊളിഞ്ഞു പോയൊരു

കുറിയ പട്ടമീ

ജ്യേഷ്‌ഠയൗവ്വനം.

സ്‌നേഹവാക്കിന്റെ,

ഇഷ്‌ടനോക്കിന്റെ,

വിശിഷ്‌ടഭോജ്യങ്ങളുടെ,

കൊച്ചുചിരികളുടെ

സൗഭാഗ്യവൃത്തം

കൈവന്നിടാത്ത,

ഏകാന്തശമനവേഗമാർന്നതീ

ജ്യേഷ്‌ഠജീവിതം.

കൊച്ചുകലശത്തിലെ

മുത്തുപോകാത്തതാ-

മസ്ഥിമാത്രകൾ

അരയോളം മുങ്ങി

കിഴക്കേ ദിക്കു നോക്കി

പുറം തിരിഞ്ഞ്‌

ചൊരിഞ്ഞു വീഴ്‌ത്തുമ്പോൾ

കനത്തുപോയതീ

വിളർത്തതാം

സഹജസൗഹൃദം.

ജ്യേഷ്‌ഠപാതയിലാദ്യമായ്‌

കൈപിടിച്ചതും

വഴി ജപിച്ചതും

പൊരുൾ തിരിച്ചതും

പിന്നെയാ-

വഴിയിൽ ഞങ്ങളന്യരായതും

കാഴ്‌ചയിൽ ഭിന്നരായതും

ഓർത്തു നിൽക്കവെ,

ഞാനോർത്തുപോയതിന്നാരുടെ

കൊച്ചുകൈകൾ?

ചെളിപ്പുതപ്പിൽ

കാലിടറി,

നിലതെറ്റി,

ദിക്കുലയവെ,

കരയിൽ നിന്നുമെൻ നേർക്ക്‌

നീണ്ടുവന്നതിന്നാരുടെ

കൊച്ചുകൈകൾ?

നാളെയെന്നെപ്പകുത്തെടുക്കേണ്ടും

ബലിഷ്‌ഠഹസ്‌തങ്ങൾതൻ

ശ്രമഗൗരവത്തിലേക്കിതാ

വച്ചുനീട്ടുന്നു ഞാൻ-

നിത്യജീവിതമുദ്രകൾതൻ

ശിഷ്‌ടജീവിതമാത്രകൾ.

Generated from archived content: poem_jeshtapadan.html Author: pr_harikumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകാക്ക,കാവൽ,ഈജിപ്തിലെ ഘടികാരങ്ങൾ
Next articleനിഷ്‌കാസിതന്‌
1960-ൽ ആറ്റിങ്ങലിൽ ജനനം. ഗവ.ആർട്‌സ്‌ കോളേജ്‌, യൂണിവേഴ്‌സിറ്റി കോളേജ്‌, കാലിക്കറ്റ്‌ സർവകലാശാല എന്നിവിടങ്ങളിൽ ഉപരിപഠനം.. മലയാളത്തിൽ എം.എ, എം.ഫിൽ ബിരുദങ്ങൾ. കേരളസാഹിത്യഅക്കാദമിയുടെ തുഞ്ചൻ സ്‌മാരക സമ്മാനം (1988) ലഭിച്ചിട്ടുണ്ട്‌. അങ്കണം കഥകൾ, ആറാം തലമുറക്കഥകൾ എന്നീ സമാഹാരങ്ങളിൽ കഥ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കൃതികൾഃ നിറം വീഴുന്ന വരകൾ (കഥകൾ), അലിയുന്ന ആൾരൂപങ്ങൾ (കഥകൾ), വാക്കിന്റെ സൗഹൃദം (നിരൂപണം). 1986 മുതൽ കാലടി ശ്രീശങ്കരാകോളേജിൽ അദ്ധ്യാപകൻ. വിലാസം പി.ആർ.ഹരികുമാർ, എം.എ., എം.ഫിൽ, ലക്‌ചറർ, മലയാളവിഭാഗം, ശ്രീശങ്കരാകോളേജ,​‍്‌ കാലടി -683574 website: www.prharikumar.com Address: Phone: 0484 462341 0484 522352/9447732352

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English