അന്ന്-
പുലർച്ചെ
പഴംമാങ്ങ പെറുക്കുമ്പോൾ
മധുരമൊക്കെയും
മുത്തച്ഛൻ
എണ്ണിയെടുത്തത്
ഒന്ന്, രണ്ട്, മൂന്ന്….
ഉച്ചത്തണലിൽ
ഓലമെടഞ്ഞിരിക്കെ
ഓലക്കീറുകൾ
മുത്തശ്ശി
എണ്ണിമാറ്റിയത്
ഒന്ന്, രണ്ട്, മൂന്ന്….
സന്ധ്യ മയങ്ങുമ്പോൾ
മടിയിലെന്നെക്കിടത്തി
നക്ഷത്രങ്ങൾ
അമ്മ
നുളളിയെടുത്തത്
ഒന്ന്, രണ്ട്, മൂന്ന്….
രാവിലെങ്ങോ
വളളമൂന്നുമ്പോൾ
കോലിൻവീഴ്‌ച
അച്ഛൻ
എണ്ണിവീഴ്‌ത്തിയതും
ഒന്ന്, രണ്ട്, മൂന്ന്….
ഇന്ന്-
പുലർച്ചെ
മാവേലിപ്പടിയിൽ
ക്യൂ നില്‌ക്കുമ്പോൾ
തളർച്ചയുടെ നാഴികകൾ
ഞാൻ
എണ്ണിത്തീർത്തത്
മൂന്ന്, രണ്ട്, ഒന്ന്…
ഉച്ച മായുമ്പോൾ
ഒത്തുകളിക്കാൻ
കൂട്ടായെത്തിയ
ചെറുമകൻ
കളിത്തോക്ക് ചൂണ്ടി
കുഞ്ഞുവായിൽമൊഴിഞ്ഞത്
മൂന്ന്, രണ്ട്, ഒന്ന്….
സന്ധ്യ കൂമ്പുംനേരം
രക്തവാർത്തകൾ
ഇരച്ചുകയറാൻ
വെമ്പിനില്‌ക്കും
കൊച്ചുതിരശ്ശീലയിൽ
മിന്നിമറഞ്ഞത്
മൂന്ന്, രണ്ട്, ഒന്ന്….
രാവിലെങ്ങോ
ശത്രുനാദം മുഴക്കി
മിത്രത്തിനു നേർക്ക്
ഉന്നം പിടിക്കുന്ന
മകൻ
എണ്ണിമറന്നതും
മൂന്ന്, രണ്ട്, ഒന്ന്…
സുഹൃത്തേ,
നമുക്ക് എണ്ണം പിഴച്ചതെപ്പോഴായിരുന്നു…?
പിഴയ്‌ക്കുന്ന
നമ്മുടെ
എണ്ണം കൊണ്ടെന്നും
പിഴയ്‌ക്കുന്നതാരാണ്….?
പിഴയൊടുക്കുവാൻ
അല്ലെങ്കിൽ
പിഴതീർത്തെടുക്കുവാൻ
നമുക്ക്
എത്രയുണ്ടിനി നേരം ബാക്കി…?
Generated from archived content: poem_jan15.html Author: pr_harikumar