ചുമ്മാ നടക്കാതെ
ചെന്ന് വായിക്കെടോ
തുഞ്ചന്റെ രാമായണം.
രാവ് പിന്മാറുവാൻ
നാവ് നന്നാകുവാൻ
കാലകാളിന്ദി തൻ
കാകോളവേഗം
കടക്കുവാൻ
ചെന്ന് വായിക്കെടോ
തുഞ്ചന്റെ രാമായണം.
അമ്മ ചൊല്ലിയതിത്-
ഗർഭത്തിലോ,
പത്തിൻമുനമ്പിലോ,
പതിനെട്ടിലോ…
പടിയിറങ്ങുമ്പോൾ
കേട്ടില്ല ഞാൻ.
കിളി പറഞ്ഞതും
മരം പെയ്തതതും
നദി വിളിച്ചതും
വഴി ചുവന്നതും
അറിഞ്ഞില്ല ഞാൻ.
ഒടുവിലെന്നോ-
അറിവ് കെട്ട ഞാൻ
ഭൂതമാർഗം മറന്ന്
മാതൃവചനപ്പൊരുൾ
തിരഞ്ഞ്
പുതുവഴി നടക്കാൻ
വെമ്പിനില്‌ക്കുമ്പോൾ
കരളുവേവുമൊരു
പാതിരാവിൽ
വരളും തൊണ്ടയാൽ
താളുനീക്കി
ഞാൻ-
കിളിപ്പാട്ട് മൂളുന്നു.
പിന്നെ-
തത്തമൊഴിയും
അമ്മവാക്കുകൾ
എന്നെ-
ഉമ്മവയ്‌ക്കുന്നു.
രാമസീതാതത്ത്വ-
മോർത്തെന്നിലെ
പ്രകൃതി പാടുന്നു.
കിളിമരങ്ങളെ
വേരിലകളെ
അണ്ണാൻവരകളെ
നദീമുഖങ്ങളെ
ഇരുൾക്കയങ്ങളെ
ഞാനറിയുന്നു.
പടികടക്കാനൂന്നി
നില്‌ക്കുമെൻ-
മകനോടിന്നു
ഞാനും മൊഴിയുന്നുഃ
ചുമ്മാ നടക്കാതെ
ചെന്നു വായിക്കെടോ
തുഞ്ചന്റെ രാമായണം.
Generated from archived content: poem_april9.html Author: pr_harikumar