1
ശുഭരാത്രി.
മല കയറുമ്പോൾ
ഒരു ചെന്നായ
അയാളുടെ അരികിലെത്തി.
അയാൾ അതിനെ അണച്ചുപിടിച്ചു.
പിന്നെ ചിലത് നിശ്ശബ്‌ദം സംസാരിച്ചു.
അല്‌പനേരം കഴിഞ്ഞ്,
ചെന്നായ അയാൾക്ക് വഴികാട്ടിയായി.
വഴി തീരുന്നിടത്ത് ഒരു കുടിൽ.
അതിനുളളിലൊരു
പതിനഞ്ചുകാരി അച്ഛനമ്മമാരെ
കാത്തിരിക്കുകയായിരുന്നു.
ചെന്നായ-
അയാളെ അവൾക്കരികിലേക്ക് നയിച്ചു.
അയാളുടെ വിശപ്പ് പ്രവൃദ്ധമായി.
അയാൾ അതിനെ ആസ്വദിച്ചു.
2
മരുഭൂമി കടക്കുമ്പോൾ
ഒരു കഴുകൻ
അയാളുടെ ഇടംതോളിൽ വന്നിരുന്നു.
നഖം വളർന്ന് മൃഗപ്രായമായിരുന്ന
കൈകൾകൊണ്ട്
അയാൾ അതിനെ തഴുകി.
അവർ തമ്മിൽ എന്തോ പറഞ്ഞു.
അപ്പോൾ കഴുകൻ മുമ്പേ പറന്ന്
അയാൾക്ക് വഴി കാണിച്ചു.
ഒരു കൂടാരത്തിനു മുന്നിൽ
അത് പറന്നിറങ്ങി.
പിന്നെ-
കൂർമ്പൻ ചുണ്ടു കാട്ടി
അയാളെ ഉളളിലേക്ക് നയിച്ചു.
അതിനുളളിൽ
സമ്പത്തിന്റെ വലിയ ശേഖരം.
അതിനു നടുവിൽ ഒരു കിഴവനും.
കറുപ്പ് കലക്കിയ വീഞ്ഞ് നല്‌കി
അയാൾ കിഴവനെ ഉറക്കി,
എല്ലാം കൊളളയടിച്ചു.
3
പുഴ കടക്കുമ്പോൾ
ഒരു ചീങ്കണ്ണി
അയാൾക്കൊപ്പമെത്തി.
ഒരു പട്ടിക്കുട്ടിയെപ്പോലെ
അത് അയാളെ ഉരുമ്മിക്കൊണ്ട് നീന്തി.
അയാൾ അതിന്റെ ശിരസ്സിൽ തലോടി.
അവർ തമ്മിൽ എന്തോ മൊഴിഞ്ഞു.
കരയെത്തിയപ്പോൾ-
അത് അയാൾക്ക് വഴികാട്ടിയായി.
യാത്ര ഒടുങ്ങിയത്
പഴയ ശത്രുവിന്റെ വീട്ടുമുറ്റത്ത്.
പൂമുഖപ്പടിയിൽ
അറ്റുവീണ ശത്രുശിരസ്സിനെ
പുറംകാൽ കൊണ്ട്
അയാൾ ആദരിച്ചു.
4
മലയിറങ്ങുമ്പോൾ
കിഴക്ക് വെളള കീറിയത് കണ്ട്
അയാൾ വാച്ചിൽ നോക്കി.
പിന്നെ-
സൗമ്യതയുടെ പൂർവരൂപം
വീണ്ടെടുത്ത്,
മകനും ഭർത്താവും അച്‌ഛനുമായി
സ്വന്തം വീട്ടിലേക്ക് നടന്നു.
സുപ്രഭാതം.
Generated from archived content: poem2_may4.html Author: pr_harikumar