പകലുകൾ ഉഴുതുമറിച്ച്
നാളെയുടെ വിത്ത്
വിതയ്‌ക്കാറുളള
കോരന്റെ കുമ്പിളിൽ
ആകാശത്തിന്റെ കണ്ണീർ
വീണ്-
ഒരു കടൽ
രൂപം കൊളളുന്നു.
അതിൽ-
കടലാസു വഞ്ചികൾ
ഓടിച്ചു കളിക്കാറുളള
ക്ഷീണിച്ച കുട്ടികളുടെ
നെറ്റിത്തടങ്ങളിലെ
വിയർപ്പുചാലുകളിൽനിന്ന്
ഒരു തെക്കുപാട്ടു പോലും
ഉയരുന്നില്ല.
ഉയരാത്ത പാട്ടിന്റെ
ഇരു കരകളിലും
കോരന്റെ
വരവിനായി
ആരൊക്കെയോ
കണ്ണിലൊഴിക്കാനെണ്ണയില്ലാതെ
കാത്തിരിക്കുന്നു.
രാത്രി വണ്ടികൾ
കുടമണി കിലുക്കി
മുങ്ങാംകുഴിയിട്ട
ഭാരതിയുടെ ഉടലിൽ
ബാക്കിയായ
കാളപ്പോരിന്റെ
അടയാളങ്ങൾ
ഒരു മനോരാജ്യത്തിന്റെ
ഭൂപടം നിർമ്മിക്കുന്നു.
അതിന്റെ
അവ്യക്‌തമായ
അതിരുകളിൽ
ശീതയുദ്ധത്തിനായി
ഒരുങ്ങിനിൽക്കുന്ന
പടക്കോപ്പുകൾ
വേഷപ്പകർച്ചയോടെ
അന്യോന്യം
ഇമവെട്ടാതെ നോക്കിനിൽക്കുന്നു.
വീടുപേക്ഷിച്ച
അമ്മമാർ
അപ്പനില്ലാത്ത
കുട്ടികളെ
മാറോടടക്കിപ്പിടിച്ച്
മഞ്ഞുവീണ വഴികളിൽ
ഒരു വിലാപമാകുന്നു.
ഒന്നുമില്ലാത്തവരുടെ
ആവലാതികൾ
വായിച്ചും കേട്ടും
മനസ്സാകെ
തളർന്നുപോയ
കുട്ടിക്കൃഷ്‌ണന്റെ ലോകത്ത്
ഇപ്പോൾ
ഇരുപത്തിനാലു മണിക്കൂറും
പവർകട്ട്.
പോയ വെട്ടം
തിരിച്ചുവന്നിട്ടു വേണം,
അയാളുടെ കുടുംബത്തിന്
സ്‌ത്രീയുടെ-
മുന്നൂറാം എപ്പിസോഡ് കാണാൻ…!
എന്നിട്ട് വേണം-
ഒരു കൂട്ട ആത്മഹത്യയുടെ രംഗം
അവർക്ക് ഒരുമിച്ചു ജീവിച്ചു തീർക്കാൻ;
അതിന്റെ തത്‌സമയം
കാണാൻ
കൊച്ചു തിരശ്ശീലകൾ മാറ്റി,
ഊണുമേശകളിൽ
ഉരുളക്കിഴങ്ങ് തിന്നുന്നവർ*
അക്ഷമരായി
കാത്തിരിക്കുന്നു.
പ്രിയ വായനക്കാരാ,
നിങ്ങൾക്കും വേണ്ടേ,
ഒരു കടൽ….
ഒരു ഭൂപടം…
ഒരു ആത്മഹത്യാജീവിതം!
*വാൻഗോഗിന്റെ പ്രസിദ്ധമായ ചിത്രം
Generated from archived content: poem2_june9.html Author: pr_harikumar