രാത്രിയുടെ
ചലമിറ്റുന്ന മുറിവായി
ചന്ദ്രൻ മനമിടിച്ചുനിന്നു.
ചൊറിച്ചിലിന്റെ അസഹ്യതയിൽ
നക്ഷത്രങ്ങൾ
കണ്ണിറുക്കിയടച്ചു.
പെട്ടെന്ന്-
അസ്വസ്ഥതയുടെ സുഖാകാരം
മറച്ചുകൊണ്ട്-
നെടുംഭീതിയുടെ പെരുംകുപ്പായം
എനിക്ക് മീതെ വന്നുവീണു.
ഇനി ഞാനെന്തുചെയ്യും?
നാളെയുടെ നെന്മണികൾ
പെറുക്കിയെടുക്കാനിനിയാര്?
എന്റെ ചോദ്യം-
ഒരു മറുചോദ്യത്തിന്റെ
കനച്ചമുഖത്തോടെ
എന്നെ വിട്ട്
പടിയിറങ്ങിപ്പോയി.
ഭാര്യ….കുട്ടികൾ…മിത്രങ്ങൾ….
ആരുണ്ടാവും?
എന്റെ നോട്ടം-
ഒരു മറുനോട്ടത്തിന്റെ
മുറിയുന്ന മൂർച്ചയോടെ
എന്നെ വിട്ട്
പടിയിറങ്ങിപ്പോയി.
ഞാനോ-
കാഴ്‌ചയില്ലായ്‌മയുടെ
നിശ്ശൂന്യതയിൽ
ഭൂമി പിളരുന്നതും കാത്ത്-
പിന്നെയും-
ഭൂമിയുടെ കരയിൽ…
അന്യനായി, അനാഥനായി…
Generated from archived content: poem2-mar3.html Author: pr_harikumar