പ്രിയരേ,
എന്നെത്തൊടരുത്,
തൊട്ടാല്‌പ്പകയ്‌ക്കു-
മൊരു രണ്ടാമനുണ്ടെന്റെയുളളിൽ
എന്നെ കേൾക്കരുത്,
കേട്ടാല്‌പ്പഴിക്കു-
മൊരു മൂന്നാമനുണ്ടെന്റെയുളളിൽ
എന്നെ മണക്കരുത്,
മണത്താൽ മയങ്ങു-
മൊരു നാലാമനുണ്ടെന്റെയുളളിൽ
എന്നെ രുചിക്കരുത്,
രുചിയ്‌ക്കെ ചവർപ്പാകു-
മൊരഞ്ചാമനുണ്ടെന്റെയുളളിൽ
എന്നെ കൂട്ടരുത്,
കൂട്ടിയാൽ കൂട്ടം മുറിക്കു-
മൊരാറാമനുണ്ടെന്റെയുളളിൽ.
പ്രിയരേ,
നിങ്ങൾക്കിതിലാരെ വേണം?
അഞ്ചാളെയുമൊപ്പമൂട്ടാ-
നൂറ്റം ബാക്കിയെങ്കിൽ
കൊണ്ടു പോവിൻ.
അവരെ കൊണ്ടുപോവിൻ…!
ഒന്ന് മാത്രം,
ഒന്നാമനാമെന്നെ-
വിട്ടുപോവിൻ…!
ചുമ്മാ വിട്ടുപോവിൻ…!!
Generated from archived content: poem-mar24.html Author: pr_harikumar
Click this button or press Ctrl+G to toggle between Malayalam and English