വിദേശനിർമിതവും ഇപ്പോൾ വളരെ ജനകീയവുമായ മൊബൈൽ ഫോണുകളിൽ ഭാരതീയഭാഷകൾക്ക് ഇതുവരെ കാര്യമായ പ്രവേശനം കിട്ടിയിട്ടില്ല. നമ്മുടെ ഭാഷകളെ സെൽഫോണിൽ കടത്തിവിട്ട് അതിനെ ഒരു സാംസ്‌ക്കാരിക ഉപകരണമായി മാറ്റുന്നതിനെക്കുറിച്ച് ഞാൻ ആലോചന തുടങ്ങിയിട്ട് കാലം കുറച്ചായി. ഇതിന്റെ ഭാഗമായി മലയാളഭാഷയെ മൊബൈൽ ഫോണിൽ അവതരിപ്പിക്കാൻ ഞാൻ നടത്തിയ ശ്രമമാണ് കർക്കിടകമാസത്തിന്റെ ആരംഭത്തിൽ (ജൂലൈ 16) രാമായണം മൊബൈൽ ഫോണിൽ എന്ന വാർത്തയായി ലോകം അറിഞ്ഞത്. അതിന് സമൂഹത്തിലെ വിവിധതലങ്ങളിൽപ്പെട്ട ആളുകളിൽ നിന്നും പ്രാദേശിക-ദേശീയ ചാനലുകൾ ഉൾപ്പെടെ വിവിധ മാധ്യമങ്ങളിൽനിന്നും ലഭിച്ച ശ്രദ്ധ മികച്ചതായിരുന്നു.
ഇന്റർനെറ്റിൽ നിന്ന് ലഭിച്ച റീഡ് മാനിയാക് എന്നൊരു ബുക്ക് റീഡറിൽ മലയാളം ഫോണ്ടുകൾ ഉൾപ്പെടുത്താൻ കഴിഞ്ഞതാണ് എന്നെ ഈ ലക്ഷ്യം കൈവരിക്കാൻ സഹായിച്ചത്. ആ ബുക്ക് റീഡറിന്റെ അനുബന്ധസോഫ്‌റ്റ്‌വെയറായ ബിൽഡർ വിസാർഡിന്റെ സഹായത്തോടെ കമ്പ്യൂട്ടറിൽ നിന്നും ഇംഗ്ലീഷ് ഫയലുകളും മലയാളം ഫയലുകളും ഞാൻ ജാർ ഫയലാക്കി (ജാവാസന്നദ്ധമായ മൊബൈലിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷൻ ഫയൽ) മാറ്റി. പിന്നെ, ആ ഫയലുകൾ മൊബൈലിലേക്ക് ഇൻഫ്രാ റെഡ്&ബ്‌ളൂ ടൂത്ത് എന്നിവയിൽ ഏതെങ്കിലും ഒന്നിലൂടെ കൈമാറ്റം ചെയ്‌തു. ഇത്തരത്തിലാണ് 600 പേജുളള, മലയാളികളുടെ ക്ലാസിക്കായ, എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം 500 കെ.ബി വലിപ്പമുളള ഒരു ജാർ ഫയലായി എന്റെ മൊബൈലിൽ സ്ഥാനം നേടിയത്. ഒരു എം.പി 3 പാട്ടിന്റെ എട്ടിലൊന്ന് വലിപ്പമേ രാമായണത്തിന് ഉളളൂ എന്നതാണ് ഇവിടെ ശ്രദ്ധേയമായ കാര്യം.
സെൽഫോണിൽ മലയാളത്തിന്റെ പ്രവേശനം സുഗമമായതോടെ മറ്റ് ഇന്ത്യൻഭാഷകളുടെ സാധ്യതയെക്കുറിച്ച് ഞാൻ അന്വേഷണം ആരംഭിച്ചു. തുടർന്നുളള അന്വേഷണങ്ങളിലാണ് തമിഴിന്റെ സാധ്യത തെളിഞ്ഞത്. അതോടെ തമിഴിന്റെ പ്രാചീനതയും ഭംഗിയും ആവഹിക്കുന്നതും ദ്രാവിഡവേദം എന്ന് വിളിക്കൊണ്ടതുമായ തിരുവളളുവരുടെ തിരുക്കുറളിന്റെ മൊബൈൽ എഡിറ്റർ തയ്യാറാക്കാനായി എന്റെ ശ്രമം. തമിഴിൽ അക്ഷരപരിചയം മാത്രമുളള ഞാൻ തമിഴറിയുന്ന മറ്റൊരാളെക്കൊണ്ട് തിരുക്കുറൾ ടൈപ്പ് ചെയ്യിച്ച് ടെക്‌സ്‌റ്റ് ഫയർ തയ്യാറാക്കി. തുടർന്ന് റീഡ്‌മാനിയാക്കിൽ തമിഴ് ഫോണ്ട് കൂട്ടിച്ചേർത്തശേഷം ആ ടെക്‌സ്‌റ്റ് ഫയലിനെ ജാർഫയലാക്കി മാറ്റി. പിന്നെ, ബ്‌ളൂടൂത്ത്&ഇൻഫ്രാറെഡ് ഉപയോഗിച്ച് ആ ഫയൽ മൊബൈലിലേക്ക് മാറ്റി. അങ്ങനെയാണ് 1330 കുറളുകളുളള (കുറൾ എന്നാൽ തമിഴിലെ ഏറ്റവും ചെറിയ വൃത്തത്തിന്റെ പേരാണ്-അതായത് ഈരടി) തിരുക്കുറൾ 110 കെബി വലിപ്പം മാത്രമുളള ഒരു ജാർ ഫയലായി മാറിയത്. ഒരു എം.പി 3 പാട്ടിന് കുറഞ്ഞത് 4 എം.ബി സ്‌പേസ് ആവശ്യമുണ്ട്. അതിന്റെ മുപ്പത്തിയാറിലൊന്ന് സ്ഥലമേ തിരുക്കുറളിന് കയറിയിരിക്കാൻ ആവശ്യമുളളു. എന്റെ മൊബൈലിന്റെ കൊച്ചുസ്‌ക്രീനിൽ നിന്നും നിങ്ങൾക്ക് ഇപ്പോൾ തിരുക്കുറൾ മുഴുവൻ വായിക്കാം. മാത്രമല്ല, ഇനി സഞ്ചാരത്തിനിടയിൽപോലും എവിടെവച്ചും നിങ്ങൾക്ക് തിരുക്കുറളും അതുപോലുളള പുസ്‌തകങ്ങളും തമിഴിൽ വായിക്കാം. ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സൗകര്യം ഒരുക്കിയോ ഏതെങ്കിലും മൊബൈൽ സർവീസ് പ്രൊവൈഡർ വഴിയോ ഞാൻ തയ്യാറാക്കിയ ഈ ഫയൽ താമസിയാതെ സാധാരണക്കാരുടെ മൊബൈൽ ഫോണുകളിൽ എത്തിക്കാനാവും.
ഈ രീതി ഉപയോഗിച്ച് തമിഴിലെ എത്ര വലിപ്പമുളള പുസ്‌തകവും ഇനി മൊബൈലിൽ ലഭ്യമാക്കാൻ കഴിയും. ഇത്തരത്തിൽ ആയിരക്കണക്കിനു പുസ്‌തകങ്ങൾ നമുക്ക് ജാവാസന്നദ്ധമായ ഒരു മൊബൈൽ ഫോണിൽ (ആവശ്യത്തിനു മെമ്മറി ഉണ്ടെങ്കിൽ) കൊണ്ടുനടക്കാനാവും. ഇനി ഒരു തമിഴൻ ഒഴിവുവേളകളിൽ, യാത്രയ്‌ക്കിടയിലെ ഏകാന്തതയിൽ, കയ്യിലിരിക്കുന്ന സെൽഫോണിൽ നിന്ന് പാട്ടുകേൾക്കുകയോ ഗയിം കളിക്കുകയോ മാത്രമായിരിക്കില്ല ചെയ്യുക-അയാൾ പുതിയൊരു നോവലോ പഴയൊരു കവിതയോ മൊബൈലിൽ വായിക്കുകയായിരിക്കും. അങ്ങനെ പുതുതലമുറയിൽ നഷ്‌ടമായിക്കൊണ്ടിരിക്കുന്ന വായനയുടെ സംസ്‌ക്കാരത്തെ തിരിച്ചുകൊണ്ടുവരാനുളള ചെറിയൊരു ശ്രമം കൂടി ഇതിനു പിന്നിൽ ഉണ്ടെന്ന് പറയാം.
തമിഴിൽ ഒരു പുസ്‌തകമോ ടെക്‌സ്‌റ്റ് ഫയലോ ജാർഫയലായി മൊബൈലിൽ സ്ഥാനം നേടുന്നത് ഇതാദ്യമാണെന്ന് തോന്നുന്നു. ഇന്റർനെറ്റിലും അത്തരം ഫയലുകളൊന്നും ഇപ്പോൾ ലഭ്യമല്ല. ഈ വിധത്തിൽ വിദേശിയായ മൊബൈൽ ഫോണിനെ പ്രാദേശികമായ ഉളളടക്കം നിറച്ച് ഭാരതീയമാക്കുകയാണ് ഞാൻ ചെയ്‌തിരിക്കുന്നത്. ആഗോളതലത്തിൽ ചിന്തിച്ച് പ്രാദേശികതലത്തിൽ പ്രവർത്തിക്കുക എന്ന ആധുനികലോകത്തിന്റെ മുദ്രാവാക്യത്തെ ഭാരതീയന്റെ നിത്യജീവിതത്തിലേക്ക് പരിഭാഷപ്പെടുത്താനുളള ശ്രമമാണ് എന്നെ ഇതിലേക്ക് നയിച്ചതെന്ന് പറയാം. അതുകൊണ്ടുതന്നെ ഈ അന്വേഷണം ഇവിടെ അവസാനിക്കുന്നില്ല. കന്നടത്തിലെയും തെലുഗുവിലെയും പ്രധാനപ്പെട്ട ഓരോ സാഹിത്യകൃതി കൂടി മൊബൈൽ എഡിഷനായി പുറത്തിറക്കാനുളള ശ്രമം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയിലെ പ്രാദേശികസാഹിത്യപാരമ്പര്യങ്ങളിൽ കുറച്ചെങ്കിലും ആധുനിക മനുഷ്യവിനിമയത്തിന്റെ നവീനമുഖമായ മൊബൈലിൽ എത്തിക്കുക എന്ന വ്യക്തമായ ലക്ഷ്യവുമായാണ് ഞാനിപ്പോൾ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ഭാഷാസ്‌നേഹികളായ എല്ലാ ഭാരതീയരുടെയും സഹകരണം ഞാൻ പ്രതീക്ഷിക്കുന്നു.
Generated from archived content: news1_sept12_06.html Author: pr_harikumar