എഴുത്തിലെ നവീനക്രമങ്ങൾ

നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന ജീവിതംപോലെ അതിന്റെ ആവിഷ്‌കൃതരൂപമായ സാഹിത്യവും മാറിക്കൊണ്ടിരിക്കുന്നു. ഭൗതികജീവിതത്തിൽവന്നുകൂടുന്ന വ്യതിയാനങ്ങൾ മനുഷ്യമനസ്സിൽ പുതിയ ഭാവവ്യഗ്രതകളെ അനിവാര്യമാക്കുകയും അവയെ ഭദ്രരൂപങ്ങളിൽ പ്രകാശിപ്പിക്കാൻ ശ്രമിക്കുന്ന സാഹിത്യാദി കലകളിൽ നവീനക്രമങ്ങൾ രൂപം കൊളളുകയും ചെയ്യുന്നു. മാറുന്ന ലോകത്തിൽ സജീവമായിക്കൊണ്ടിരിക്കുന്ന പുത്തൻ സാംസ്‌കാരിക വ്യവസ്ഥയുടെ ആന്തരധ്വനികളെ ഭാഷയിലും ആഖ്യാനത്തിലും വരുത്തുന്ന മാറ്റങ്ങളിലൂടെ പിടിച്ചെടുക്കാൻ നമ്മുടെ എഴുത്തുകാരും ശ്രമിച്ചുകൊണ്ടിരിക്കുന്നു. അത്തരം ശ്രമങ്ങളുടെ ഭാഗമെന്ന നിലയ്‌ക്കാണ്‌ മലയാള സാഹിത്യത്തിലെ നവീന പ്രവണതകളേയും വിലയിരുത്തുന്നത്‌.

അറുപതുകളിൽ ശ്രദ്ധപിടിച്ചുപറ്റി, എഴുപതുകളിൽ വളർന്നുപന്തലിച്ച ആധുനികത എൺപതുകളിൽ മറ്റൊന്നിനു വഴിമാറുന്നത്‌ നാം കാണുന്നു. അടിയന്തിരാവസ്ഥ സൃഷ്‌ടിച്ച രാഷ്‌ട്രീയ കാലാവസ്ഥയും ആഗോളതലത്തിൽ മാദ്ധ്യമരംഗത്തുണ്ടായ വിസ്‌മയകരമായ കുതിപ്പുകളും മനുഷ്യനെ ചരക്കാക്കി മാറ്റിയ ഉപഭോഗസംസ്‌കാരത്തിന്റെ അതിവ്യാപനവും എഴുത്തുകാരെ പുതിയ ചില നിലപാടുകളിലേക്ക്‌ നയിച്ചു. ഒഴിഞ്ഞുമാറലിന്‌ അതീതമായ പ്രതിരോധശ്രമങ്ങൾ സമൂഹതലത്തിൽ രൂപം കൊണ്ടതിന്റെ പ്രതിഫലനം സാഹിത്യത്തിലും നാം കാണുന്നു. ജീവിതസത്യങ്ങളോടുളള സർഗാത്മകസംവേദനം സാധ്യമാക്കുന്നതിനാവശ്യമായ വാങ്ങ്‌മയ ചിത്രങ്ങളും പദഘടനയും കണ്ടെത്താൻ എഴുത്തുകാർ സ്വയം നിർബന്ധിതരായി. ഇക്കാര്യത്തിൽ അവർക്ക്‌ സൈദ്ധാന്തികമായ പിൻബലം നൽകാൻ പാശ്ചാത്യലോകത്തെ ഘടനാവാദാനന്തര ചിന്തകരുടെ സംഭാവനകളും ഉണ്ടായിരുന്നു. ഇന്ന്‌ നമ്മുടെ ആനുകാലികങ്ങളിലെങ്ങും ചർച്ചചെയ്യപ്പെടുന്ന ആധുനികോത്തരത അഥവാ ഉത്തരാധുനികതയുടെ തുടക്കം അങ്ങനെയാണെന്ന്‌ പറയാം. എന്നാൽ ഇപ്പോഴും ഉത്തരാധുനികത ഒരവസ്ഥയും പ്രസ്ഥാനവും എന്ന നിലയിൽ മലയാളത്തിൽ പ്രതിഷ്‌ഠ നേടിയിട്ടില്ല. എങ്കിലും അതിലേക്ക്‌ നയിക്കുന്ന ചില പ്രവണതകൾ എഴുത്തുകളിൽ ഇതിനകം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്ന സത്യം നാം കാണാതെ പോകരുത്‌.

കൃതിയിലെ യാഥാർത്ഥ്യം

ദാർശനികപ്രശ്‌നങ്ങളെ പ്രതീകവത്‌ക്കരിക്കുകയോ അന്യോപദേശരൂപത്തിൽ അവതരിപ്പിക്കുകയോ ചെയ്‌തിരുന്ന ആധുനിക രചനകളിൽ നിന്ന്‌ വ്യത്യസ്തമായി സങ്കീർണ്ണവും വാസ്തവികവുമായ യാഥാർത്ഥ്യത്തെ പ്രശ്‌നരൂപത്തിൽ അവതരിപ്പിക്കാനാണ്‌ പുതിയ എഴുത്തുകാർ ശ്രമിക്കുന്നത്‌. മാത്രമല്ല, യാഥാർത്ഥ്യസൂചകങ്ങളായ ശിഥിലചിത്രങ്ങൾ കൂട്ടിക്കലർത്തി ഒരു ബദൽ യാഥാർത്ഥ്യം സൃഷ്‌ടിച്ചെടുക്കാനും എഴുത്തുകാർ ശ്രമിക്കുന്നു. മലയാള കഥയിൽ ഈ മാറ്റം ഏത്‌ അളവിൽ സംഭവിച്ചു എന്നറിയാൻ എം.മുകുന്ദൻ, കാക്കനാടൻ എന്നിവരുടെ ആദ്യകാല രചനകളും ആനന്ദ്‌, എൻ.എസ്‌.മാധവൻ, ടി.വി.കൊച്ചുബാവ എന്നിവരുടെ സമീപകാലരചനകളും അടുത്തടുത്ത്‌ വച്ച്‌ വായിച്ചു നോക്കിയാൽ മതി. കവിതയിൽ സംഭവിച്ച മാറ്റം ബോദ്ധ്യപ്പെടാനാകട്ടെ, അയ്യപ്പപണിക്കർ എന്ന ഒറ്റക്കവിയുടെ ഭൂതവും വർത്തമാനവും താരതമ്യം ചെയ്‌ത്‌ പഠിക്കുകയേ വേണ്ടൂ.

മാദ്ധ്യമരംഗത്തുണ്ടായ വിസ്‌മയകരമായ കണ്ടുപിടിത്തങ്ങളും തൽഫലമുണ്ടായ ഭൗതികജീവിതസംബന്ധിയായ അതിപ്രകാശനങ്ങളും എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ആഴമില്ലായ്‌മ എന്ന അവസ്ഥയിലേക്ക്‌ നയിക്കയുണ്ടായി. കൃതിയിൽ ഒളിച്ചുവയ്‌ക്കാനില്ല എന്നൊരവസ്ഥ ഇതുമൂലം എഴുത്തുകാർ നേരിടുന്നു. ഇത്‌ സുതാര്യത എന്ന കലാമൂല്യം പുതിയ രചനകളിൽ പ്രതിഷ്‌ഠനേടുന്നതിന്‌ ഇടയാക്കി. ദുർഗ്രഹതയെക്കുറിച്ചുളള തർക്കങ്ങളും പരാതികളും ഇന്ന്‌ അവസാനിച്ച മട്ടായിരിക്കുന്നു. എന്നാൽ ഇത്‌ ലളിതവത്‌കരണം ഒരാദർശമായികരുതി പുതിയൊരു പൈങ്കിളിയെ വാഴിക്കാനുളള ശ്രമമാണോ എന്നുളള സംശയം ഉയരാൻ സാഹചര്യമൊരുക്കിയിട്ടുണ്ട്‌. നവോത്ഥാനകാല രചനകളുടെ രൂപഭാവങ്ങളിലേക്ക്‌ പുതിയ എഴുത്തുകാരിൽ ചിലരെങ്കിലും മടങ്ങിപ്പോകയാണോ എന്ന ആശങ്കയും ഇന്ന്‌ നിലനിൽക്കുന്നുണ്ട്‌. വാസ്‌തവത്തിൽ രഹസ്യാത്മകത നഷ്‌ടപ്പെട്ട ജീവിതത്തിൽ നിന്നുകൊണ്ട്‌ ആഴമുളള കൃതി സൃഷ്‌ടിക്കുക എന്ന കടുത്തവെല്ലുവിളിയാണ്‌ ഇന്നത്തെ എഴുത്തുകാർ നേരിടുന്നത്‌. അപൂർവ്വം ചിലർക്കുമാത്രം അതിജീവിക്കാനാകുന്ന പ്രതിസന്ധിയാണിതെന്ന്‌ സമീപകാലത്ത്‌ നിശബ്‌ദരായി മാറിയ എഴുത്തുകാരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവും മൗലികതയാർന്ന രചനകളുടെ എണ്ണത്തിലുണ്ടായ കുറവും തെളിയിക്കുന്നു.

ആഴത്തിന്റെ നഷ്‌ടം എന്ന പരിമിതിയെ മറികടക്കാൻ ഇന്നത്തെ എഴുത്തുകാരൻ സ്വീകരിക്കുന്ന ഒരു പ്രധാനമാർഗ്ഗം ഭാഷയിൽ വരുത്തുന്ന ബഹു സ്വരതയാണ്‌. പുതിയ വിജ്ഞാനശാഖകളിലെ സാങ്കേതിക നാമങ്ങളടക്കം അപൂർവ്വവും അപരിചിതവുമായ പദങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ ഭാഷയെ നവീകരിക്കാൻ അയാൾ ശ്രമിക്കുന്നു. കെ.പി.രാമനുണ്ണിയുടെ ‘ജീവിതത്തിന്റെ ഫോട്ടോ’ എന്ന കഥതന്നെ നോക്കുക. വീഡിയോഗ്രാഫിയുടെ സാങ്കേതിക ശബ്‌ദാവലി പ്രയോഗിച്ചുകൊണ്ട്‌ കഥയുടെ ഭാവതലം രൂപപ്പെടുത്താൻ കഥാകൃത്ത്‌ ശ്രമിക്കുന്നു. മറ്റു ചിലരാകട്ടെ ആഖ്യാനതലത്തിൽ ഒരു മിശ്രരീതി ഉപയോഗിക്കാൻ ശ്രമിക്കുന്നു. സാഹിത്യചരിത്രത്തിന്റെ പല ഘട്ടങ്ങളിലായി കവികളും കഥാകാരൻമാരും പ്രയോഗിച്ചുകാട്ടിയ രീതിവിശേഷങ്ങൾ കൂട്ടിക്കലർത്തിയാണ്‌ ഈ മിശ്രണം സാധിക്കുന്നത്‌. സക്കറിയയുടേയും കൊച്ചുബാവയുടേയും രചനകളിൽ ഈ മിശ്രണം ഫലപ്രദമായി പ്രയോഗിച്ചുകാണുന്നു. ആഖ്യാനത്തിൽ ഉടനീളം ഒരു കളിമട്ട്‌ അവലംബിക്കുന്ന രീതിയും ചില പ്രസിദ്ധ മാതൃകകളെ ഹാസ്യാനുകരണത്തിന്‌ വിധേയമാക്കുന്ന രീതിയും പുതുപ്രവണതകളിൽ എടുത്തുപറയേണ്ടവയാണ്‌.

രചനകൾ ആഴമുളളതാക്കാൻ മറ്റു ചിലർ ചരിത്ര സന്ദർഭങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. ജീവചരിത്രങ്ങളേയും ദേശചരിത്രങ്ങളേയും അപനിർമ്മിച്ചുകൊണ്ട്‌ ഒരു ബദൽ ചരിത്രം ഭാവനാത്മകമായി കെട്ടിയുണ്ടാക്കാനാണ്‌ ഇവർ ശ്രമിക്കുന്നത്‌. കാലത്തെ തടവിലിടുന്ന ഇവരുടെ കൃതികൾ സാംസ്‌കാരിക വിമർശം ഒരു ബാദ്ധ്യതയായി എറ്റെടുക്കുന്നു. ആനന്ദിന്റെ ‘ഗോവർദ്ധന്റെ യാത്രകൾ’, ‘വ്യാസനും വിഘ്‌നേശ്വരനും’, കെ.ജെ.ബേബിയുടെ ‘മാവേലിമന്റം’ എന്നിവ ഉദാഹരണങ്ങളാണ്‌. വിഷയമാറ്റത്തിനുവേണ്ടിമാത്രം ചരിത്രഘട്ടങ്ങളെ ഉപയോഗിച്ചതുകാരണം ഉണ്ടായ ഭേദപ്പെട്ട ചില കൃതികളാണ്‌ ഒ.വി.വിജയന്റെ ‘തലമുറകൾ’, വത്സലയുടെ ‘വിലാപം’, സി.വി.ബാലകൃഷ്‌ണന്റെ ‘ആത്മാവിന്‌ ശരിയെന്ന്‌ തോന്നുന്ന കാര്യങ്ങൾ’ എന്നിവ.

സാമൂഹികതലത്തിന്റെ പ്രാധാന്യം

ഭൂതകാലചരിത്രമെന്നതുപോലെ സമീപകാല സാമൂഹികദുരന്തങ്ങളും കൃതിയുടെ ഉളളടക്കമായി മാറുന്നു എന്നതാണ്‌ മറ്റൊരു പ്രധാന കാര്യം. കഥകളിലും കവിതകളിലും സാമൂഹികതലം വളരെ പ്രാധാന്യം നേടിയിരിക്കുന്ന ഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. താൻ ജീവിക്കുന്ന സമൂഹത്തെ നിഷേധിക്കുന്ന വ്യക്തിയുടെ ഒറ്റപ്പെട്ട വികാരലോകമല്ല, മനുഷ്യസമൂഹത്തെ മുഴുവൻ തന്റെ പ്രശ്‌നപരിസരമായി പരിഗണിക്കാൻ തയ്യാറാകുന്ന വ്യക്തിയുടെ ആന്തരിക പ്രത്യക്ഷങ്ങളാണ്‌ ഇന്നത്തെ നല്ല രചനകളെ സമ്പന്നമാക്കുന്നത്‌. പരിസ്‌ഥിതി പ്രശ്‌നങ്ങളായും സ്‌ത്രീ വിമോചനത്തിന്റെ ആശയങ്ങളായും ദളിതരുടെ വികാരവിചാരലോകമായും സാമൂഹികതലം കൃതികളിൽ ശക്തി പ്രാപിക്കുന്നു. ഏതെങ്കിലുമൊരു പ്രമേയത്തെ മുൻനിറുത്തി രചന നടത്തുമ്പോൾതന്നെ അതിനെ ഇതരജീവിതമേഖലകളുമായി ബന്ധിപ്പിച്ച്‌ സങ്കീർണ്ണഘടനയായി മാറ്റുന്ന രീതിയും ഇന്നത്തെ എഴുത്തിൽ കാണാം. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന അനാശാസ്യതയുമായി സ്‌ത്രീയുടെ അടിമത്തത്തെ കൂട്ടിവായിക്കുന്ന ഇക്കോഫെമിനിസത്തിന്റെ മാർഗ്ഗം പിൻതുടരുന്ന സാറാ ജോസഫിന്റെ കഥകൾ ഇവിടെ ഓർക്കാവുന്നതാണ്‌. കെ.ജി.ശങ്കരപ്പിളള, ഡി.വിനയചന്ദ്രൻ, സച്ചിദാനന്ദൻ തുടങ്ങിയവരുടെ കവിതകളിലും ഈ രീതി കാണാം. പരിസ്ഥിതി സൗന്ദര്യശാസ്‌ത്രത്തിന്റെ വെളിച്ചത്തിൽ രചനകളെ വിലയിരുത്തുന്ന ഇക്കോ-ക്രിട്ടിസിസത്തിന്റെ മാർഗ്ഗവും നമ്മുടെ സാഹിത്യത്തിൽ ശക്തിപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ആഷാമേനോൻ, അയ്യപ്പപ്പണിക്കർ, ഇ.വി.രാമകൃഷ്‌ണൻ, കെ.സി.നാരായണൻ, പി.പി.കെ. പൊതുവാൾ എന്നിവർ ഈ രംഗത്ത്‌ സംഭാവനകൾ നല്‌കിക്കൊണ്ടിരിക്കുന്നു.

പുതിയ ലോകത്ത്‌ സ്‌ത്രീ നേരിടുന്ന സ്വത്വപ്രതിസന്ധികൾ അവളുടെതന്നെ കാഴ്‌ചപ്പാടിൽ അവതരിപ്പിക്കുകയും മാറുന്ന ലോകത്തിൽ സ്‌ത്രീയുടെ സ്ഥാനം അന്വേഷിക്കുകയും ചെയ്യുന്ന രചനകളുടെ പെരുപ്പം ‘പെണ്ണെഴുത്ത്‌’ എന്ന പുതിയൊരു വിഭജനം തന്നെ അനിവാര്യമാക്കിയിരിക്കുന്നു. സാറാ ജോസഫ്‌, ഗ്രേസി, അഷിത, പ്രിയ.എ.എസ്‌. എന്നിവരുടെ കഥകളും സാവിത്രി, രാജീവൻ, റോസ്‌മേരി, വി.എം.ഗിരിജ എന്നിവരുടെ കവിതകളും ഈ ധാരയെ ശക്തിപ്പെടുത്താൻ പോന്നവയാണ്‌. രാജ്യത്തെങ്ങും ശക്തിപ്രാപിക്കുന്ന ദളിത്‌-ആദിവാസി വിഭാഗങ്ങളുടെ ഉണർവിന്റെ പശ്ചാത്തലത്തിൽ അവരുടെ ജീവിത പ്രശ്‌നങ്ങളിലേക്കും ചരിത്രത്തിലേക്കും ഇറങ്ങിച്ചെല്ലുന്ന രചനകളും ഇന്നുണ്ടാകുന്നുണ്ട്‌. കെ.ജെ.ബേബിയുടെ ‘മാവേലിമന്റ’വും ടി.വി.കൊച്ചുബാവയുടെ ‘പെരുങ്കിളിയാട്ട’വും സി.അയ്യപ്പന്റെ കഥകളും ഇവിടെ എടുത്തുപറയേണ്ടവയാണ്‌. എഴുപതുകളുടെ ഒടുവിൽ കടമ്മനിട്ടക്കവിതകളിൽ നാം കണ്ടറിഞ്ഞ ഈ പ്രവണത പിന്നീട്‌ മറ്റു പല കവികളും ഏറ്റെടുക്കുന്നത്‌ നമുക്ക്‌ കാണാം.

വായന, വിമർശനം

കൃതിയുടെ വായനയിലും വിമർശനത്തിലും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞ ചില പ്രവണതകളും എടുത്തു പറയേണ്ടവയാണ്‌. എഴുത്തിന്റെ രചനാരീതിതന്നെ പ്രതിപാദ്യവിഷയമായി മാറിയ പുതിയ സാഹചര്യത്തിൽ വായനയിലും വിമർശനത്തിലും പുതിയ ചില തലങ്ങൾകൂടി പ്രസക്തമായിത്തീർന്നിരിക്കുന്നു. രചനയ്‌ക്കിടയിൽ എഴുത്തുകാരൻ നേരിടുന്ന പ്രശ്‌നങ്ങൾ കൃതിക്കുളളിൽ വായനക്കാരുമായി ചർച്ചചെയ്യുന്ന രീതിതന്നെ ഇതിനകം വികസിച്ചുവന്നിട്ടുണ്ട്‌. സക്കറിയ, ചന്ദ്രമതി, കൊച്ചുബാവ എന്നിവരുടെ ചില രചനകൾ ഈ സ്വഭാവം പ്രകടിപ്പിക്കുന്നവയാണ്‌.

ആധുനികതയുടെ കാലത്ത്‌ എഴുത്തുകാരനും വായനക്കാരനുമിടയിൽ ഒരു വലിയ വിടവ്‌ നിലനിന്നിരുന്നു. ആ വിടവിൽ കയറി നിന്നാണ്‌ ആധുനിക നിരൂപകർ കാമുവിനേയും കാഫ്‌കയേയും സാർത്രിനേയും കുറിച്ച്‌ വാതോരാതെ പ്രസംഗിച്ചിരുന്നത്‌. എന്നാൽ ഇന്ന്‌ ആ വിടവ്‌ സ്വയം ഇല്ലാതായിരിക്കുന്നു. കഥയായാലും കവിതയായാലും നേരിട്ട്‌ വായനക്കാരനെ അഭിസംബോധനചെയ്യുന്നരീതി ഇന്ന്‌ നിലവിൽ വന്നിരിക്കുന്നു. ചില കാഥികർ വായനക്കാർക്കുവേണ്ടി കഥാന്ത്യംപോലും മാറ്റിയെഴുതാൻ തയ്യാറായിരിക്കുന്നു. മാത്രമല്ല നേരത്തെ പറഞ്ഞ സുതാര്യത എന്ന കലാമൂല്യവും വിമർശകന്റെ നില പരുങ്ങലിലാക്കിയിരിക്കുന്നു. കവിയും കഥാകാരനും സ്വന്തം രചനയ്‌ക്കുളളിൽ വിമർശകധർമ്മം നിർവഹിക്കാൻ തയ്യാറാകുന്ന സന്ദർഭങ്ങളും നമുക്ക്‌ കാണാൻ കഴിയുന്നു. താൻ ഉപയോഗിക്കുന്ന പദഘടനയും ശൈലീവിശേഷങ്ങളും വായനക്കാരിലുളവാക്കുന്ന അവസ്ഥാവിശേഷങ്ങളെ കഥയ്‌ക്കുളളിൽ അഥവാ കവിതയ്‌ക്കുളളിൽ വച്ചുതന്നെ വിലയിരുത്തുന്ന രീതിയും പല രചനകളിലും കാണാം. ചുരുക്കത്തിൽ എഴുത്തുകാരൻ തന്നെ വിമർശകനായി മാറിക്കഴിഞ്ഞ സാഹചര്യത്തിൽ യഥാർത്ഥ വിമർശകൻ തന്റെ അസ്തിത്വത്തെ ന്യായീകരിക്കാനാവുന്ന പുതിയ ചില ഉത്തരവാദിത്വങ്ങൾ കണ്ടെത്തി ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നു.

ആധുനികതയുടെ കാലത്ത്‌ ഉണ്ടായ കൃതികൾ സമൂഹത്തിലെ ഒരു വിശിഷ്‌ടവിഭാഗത്തെയാണ്‌ അഭിസംബോധന ചെയ്‌തിരുന്നതെന്ന കാര്യം ഇന്ന്‌ നാം തിരിച്ചറിയുന്നു. ഒരു ചെറിയ ന്യൂനപക്ഷത്തിനുമാത്രം മനസ്സിലാകുന്ന അനുഭവിക്കാനാകുന്ന ഭാവലോകമാണ്‌ അവയിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. എന്നാൽ ഇന്നത്തെ രചനകൾ വിശാലമായൊരു ജനസമൂഹത്തെ ലക്ഷ്യം വയ്‌ക്കുന്നതും ജനകീയമായൊരു സംസ്‌കാരത്തെ ഉൾക്കൊളളുന്നതുമാണ്‌. സാഹിത്യരചനകൾ ജനജീവിതത്തിന്റെ ചിത്രം മാത്രമല്ല, വിമർശനം കൂടി സാധ്യമാക്കേണ്ടതാണെന്ന കാഴ്‌ചപ്പാട്‌ ഇന്ന്‌ ശക്തിപ്പെട്ടിരിക്കുന്നു.

മുകളിൽ പറഞ്ഞ പ്രവണതകളൊക്കെ ആധുനികതയുടെ ചരമത്തെ കുറിക്കുന്നതോ ചരമാനന്തരം രൂപംകൊണ്ടവയോ ആണ്‌. അതുകൊണ്ട്‌ ഇവയെ ആധുനികാനന്തര സാഹിത്യ പ്രവണതകൾ എന്ന്‌ വിളിക്കാവുന്നതാണ്‌. എന്നാൽ ഇവ കൂടിച്ചേർന്ന്‌ ഒരു പ്രസ്ഥാനമാകുകയോ അതിന്‌ ഭൂമികയായി ഒരു ദാർശനിക നിലപാട്‌ വെളിപ്പെടുകയോ ഇനിയും ചെയ്‌തിട്ടില്ല. എന്നാൽ അടുത്തുവരുന്ന പത്തോ ഇരുപതോ വർഷങ്ങൾക്കുളളിൽ ചിലപ്പോൾ അങ്ങനെയൊന്ന്‌ സംഭവിച്ചേക്കാം. അതല്ലെങ്കിൽ സമീപഭാവിയിൽത്തന്നെ മറ്റ്‌ ചില പ്രവണതകൾ രൂപപ്പെട്ട്‌ വന്ന്‌ ഇന്നത്തെ പുത്തൻ രീതികളെ പഴഞ്ചനാക്കി മാറ്റിയെന്നും വരാം. ഏതായാലും മലയാള സാഹിത്യവും മാറ്റത്തിന്റെ വഴിയിലാണെന്നും അത്‌ മനുഷ്യാവസ്ഥയുടേയും സംസ്‌കാരത്തിന്റേയും നാനാതരം ഘടനകളെ നിർമ്മിച്ചും അപനിർമ്മിച്ചും മുന്നേറുകയാണെന്നും നമുക്ക്‌ വിശ്വസിക്കാം.

Generated from archived content: ezhuthile.html Author: pr_harikumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleആശംസകൾ…
Next article2001ലെ ഗാന്ധിജി
1960-ൽ ആറ്റിങ്ങലിൽ ജനനം. ഗവ.ആർട്‌സ്‌ കോളേജ്‌, യൂണിവേഴ്‌സിറ്റി കോളേജ്‌, കാലിക്കറ്റ്‌ സർവകലാശാല എന്നിവിടങ്ങളിൽ ഉപരിപഠനം.. മലയാളത്തിൽ എം.എ, എം.ഫിൽ ബിരുദങ്ങൾ. കേരളസാഹിത്യഅക്കാദമിയുടെ തുഞ്ചൻ സ്‌മാരക സമ്മാനം (1988) ലഭിച്ചിട്ടുണ്ട്‌. അങ്കണം കഥകൾ, ആറാം തലമുറക്കഥകൾ എന്നീ സമാഹാരങ്ങളിൽ കഥ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കൃതികൾഃ നിറം വീഴുന്ന വരകൾ (കഥകൾ), അലിയുന്ന ആൾരൂപങ്ങൾ (കഥകൾ), വാക്കിന്റെ സൗഹൃദം (നിരൂപണം). 1986 മുതൽ കാലടി ശ്രീശങ്കരാകോളേജിൽ അദ്ധ്യാപകൻ. വിലാസം പി.ആർ.ഹരികുമാർ, എം.എ., എം.ഫിൽ, ലക്‌ചറർ, മലയാളവിഭാഗം, ശ്രീശങ്കരാകോളേജ,​‍്‌ കാലടി -683574 website: www.prharikumar.com Address: Phone: 0484 462341 0484 522352/9447732352

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here