ദൈനംദിനവൃത്തികളുടെ ആകെത്തുകയാണ് നമ്മുടെ ജീവിതത്തിന്റെ ബാഹ്യരൂപത്തെ നിർണ്ണയിക്കുന്നത്. ഇത്തരം പ്രവൃത്തികൾക്ക് പ്രേരകമാവുന്ന ആശയലോകവും വികാരലോകവും ചേർന്നൊരുക്കുന്ന ഒരു ആന്തരിക ജീവിതവും നമുക്കുണ്ട്. ഇന്ന് മനുഷ്യജീവിതത്തിന്റെ ഈ ഇരുതലങ്ങളിലും പ്രകടമാകുന്ന ചില പ്രത്യേകതകൾ നാം ശ്രദ്ധിക്കാതിരുന്നുകൂടാ. നമ്മുടെ പ്രവർത്തനങ്ങൾ ചിന്താധാരയുടെ തുടർച്ചയാകുന്നതിനു പകരം അനുകരണാത്മകവും യാന്ത്രികവുമായി മാറിയിരിക്കുന്നു. യാന്ത്രികമായ ക്രിയകളുടെ ആവർത്തനത്തിൽ കുടുങ്ങിയ ഇന്നത്തെ മനുഷ്യന് ആന്തരികജീവിതം ഒരു അലങ്കാരം മാത്രമാണ്. ചില അടിസ്ഥാന വാസനകളുടെ അനവസരത്തിലുളള ഉദ്ദീപനങ്ങൾ മാത്രമായിത്തീർന്നിരിക്കുന്നു, നമുക്ക് ആന്തരികജീവിതം. സാംസ്‌കാരികാന്തരീക്ഷമാകെ ഇത്തരം ഉദ്ദീപനങ്ങൾകൊണ്ട് നിറയുമ്പോൾ വൈയക്തികതലത്തിലെ ശൂന്യത സാമൂഹികമായ വന്ധ്യതയാവുന്നു.
കുറച്ചുകാലം മുൻപ് വരെ ഒറ്റയ്‌ക്ക് നടക്കാനും ഇരിക്കാനും മറ്റു ശബ്‌ദദൃശ്യങ്ങളുടെ കടന്നാക്രമണങ്ങളിൽ പെടാതെ കഴിയാനും നമുക്ക് സാധിച്ചിരുന്നു. എന്നാൽ ഇന്നോ? നമ്മുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി നമ്മുടെ നേരങ്ങൾ നമുക്ക് നഷ്‌ടപ്പെട്ടിരിക്കുന്നു. ബസ്‌സ്‌റ്റോപ്പിൽ, റെയിൽവേ സ്‌റ്റേഷനിൽ, നിരത്തുകളിൽ, ഭക്ഷണശാലകളിൽ, വാഹനങ്ങളിൽ ഗ്രന്ഥശാലകളിൽ എന്തിന് സ്വന്തം വീടുകളിൽപ്പോലും സ്വകാര്യത നമുക്ക് നഷ്‌ടപ്പെട്ടിരിക്കുന്നു. നമ്മുടെ തിരഞ്ഞെടുപ്പുകളെ അപ്രസക്തവും ഇച്ഛകളെ നിസ്സാരവുമാക്കുന്ന ഒരു മാധ്യമ പ്രളയത്തിലാണ് നാം.
ഏകാന്തതയുടെ നഷ്‌ടം ഏകാഗ്രതയുടെ നഷ്‌ടത്തിനും അതുവഴി സർഗ്ഗാത്മകതയുടെ അഭാവത്തിനും ഹേതുവായിത്തീരുന്നു. പുതിയതൊന്നും അന്വേഷിക്കാനാകാതെ, പുതിയൊരു ചിന്തയും ഉൾക്കൊളളാനാകാതെ നാം ശൂന്യമനസ്‌കരായിക്കൊണ്ടിരിക്കുന്നു. അല്പം ഭംഗിയുളള, ആഴമുളള, ഒരു ചിന്തയോ ഭാവനയോ ആസ്വദിക്കാൻ കഴിയാത്തവണ്ണം നമ്മുടെ അഭിരുചികൾ പൊളളയായിക്കൊണ്ടിരിക്കുന്നു. സിനിമാ-സാഹിത്യ-രാഷ്‌ട്രീയമേഖലകളിലെ പുതിയ ‘ഉപലബ്‌ധികൾ’ പരിശോധിച്ചാൽ ഇതു വേണ്ടത്ര വ്യക്തമാകും.
നമ്മുടെ എഴുത്തുകാർക്ക് അനുഭവങ്ങൾ കുറവാണത്രെ. അനുഭവങ്ങളായി മാറാവുന്ന സംഭവങ്ങൾ നമ്മുടെ കാലത്ത് എന്നത്തേക്കാളും കൂടുതലാണ്. എന്നിട്ടുമെന്തേ ഇങ്ങനെ? ഇന്ദ്രിയങ്ങളിലൂടെ നമുക്ക് കിട്ടുന്നത് അനുഭവങ്ങളല്ല, സംഭവങ്ങളാണ്. ദർശനശേഷിക്കും സംസ്‌കാരത്തിനും അനുസൃതമായി നമ്മെ ബാധിച്ച്, നമ്മിലൊരു സ്വാധീനമായി മാറുമ്പോഴാണ് ഒരു സംഭവം അനുഭവമാകുന്നത്. കാതിലൂടെയും കണ്ണിലൂടെയും ബോധത്തിലേക്കെത്തുന്ന സംഭവസ്‌മരണകൾ അനുഭവപാകം കൈവരിക്കാൻ ഏകാന്തത ആവശ്യമാണ്. സംഭവങ്ങൾക്കിടയിലെ നിശ്ശബ്‌ദമായ ഇടവേളകളാണ് ഈ ഏകാന്തത നമുക്ക് നൽകുന്നത്. എന്നാൽ ഇന്ന് ഒരു സംഭവവും അതെത്ര തീവ്രമാണെങ്കിലും ഓർത്തിരിക്കാൻ നമുക്ക് നേരം കിട്ടുന്നില്ല. റേഡിയോ, ടി.വി., പത്രങ്ങൾ എന്നിവയൊക്കെ സൃഷ്‌ടിക്കുന്ന ബഹളങ്ങൾക്കിടയിൽ നമ്മുടെ ഏകാന്തതയുടെ-നല്ല നേരങ്ങൾ നമുക്ക് നഷ്‌ടപ്പെട്ടിരിക്കുന്നു.
ആന്തരികജീവിതം നേരിടുന്ന ഈ പ്രതിസന്ധിയെ ഇന്നത്തെ മനുഷ്യൻ അതിജീവിക്കുന്നത് വേണ്ടതിലേറെ പ്രോത്സാഹിപ്പിക്കപ്പെടുന്ന ഉപഭോഗ തൃഷ്‌ണകളിലൂടെയാണ്. എല്ലാമെല്ലാം വാങ്ങിക്കൂട്ടി ഉളളിലെ ശൂന്യത നിറയ്‌ക്കാൻ അവൻ ശ്രമിക്കുന്നു. ഇതിലെ അർത്ഥശൂന്യത തിരിച്ചറിയാൻ സഹായിക്കുന്ന ഒരു സന്ദർഭംപോലും അവന് ലഭിക്കുന്നില്ല. നിർമ്മാതാവിന് പകരം ഉപഭോക്താവിനെ പടച്ചുവിടുന്ന വിദ്യാഭ്യാസവും കച്ചവടതന്ത്രങ്ങളും ആണ് എങ്ങും. വ്യക്തിക്ക് ഏകാന്തത നൽകുന്ന ആത്മബോധത്തിന് സമാനമാണ് സമൂഹത്തിനു സംവാദം നൽകുന്ന തിരിച്ചറിവുകൾ. സംവാദാത്മകതയാണ് ഒരു ആൾക്കൂട്ടത്തെ സമൂഹമാക്കി മാറ്റുന്നത്. അന്യനോട് അസഹിഷ്‌ണുവായിരിക്കുക എന്നത് ആദർശമായി മാറുന്ന, ഭിന്നാഭിപ്രായമുളളവരെ വകവരുത്താൻ ഏതു മാർഗ്ഗവും അവലംബിക്കുന്ന ഒരു പ്രാകൃത വർഗ്ഗമായി നമ്മൾ മാറിക്കൊണ്ടിരിക്കുന്നു.
ചുരുക്കത്തിൽ വൈയക്തികതലത്തിൽ ആത്മബോധം നേടാൻ ആവശ്യമായ ഏകാന്തതയോ സാമൂഹികതലത്തിൽ സ്വത്വസ്ഥാപനത്തിന് സഹായകമായ സംവാദമോ സാധ്യമാകാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നമുക്ക് ഓർക്കാൻ ഒരു ഭൂതകാലമെങ്കിലും ഉണ്ടെങ്കിൽ, വരുംതലമുറയ്‌ക്ക് അതുപോലും ഉണ്ടാകില്ല. ചൂടുപിടിച്ച എത്ര എഴുത്തുകൾ വന്നു പതിഞ്ഞാലും പിന്നെയും പിന്നെയും ‘ക്ലീനാ’യി മാറുന്ന ഒരു സ്ലേറ്റാണ് ഇന്നത്തെ കുട്ടികളുടെ മനസ്സ്. ഒറ്റയ്‌ക്കിരുന്നാൽ ഭ്രാന്ത് പിടിക്കുമെന്ന് പറയാൻ ശീലിച്ചുകഴിഞ്ഞ ഈ തലമുറ എപ്പോഴും ശബ്‌ദങ്ങളുടെയും ദൃശ്യങ്ങളുടെയും ബഹളങ്ങൾക്കിടയിൽ കഴിയാൻ ആഗ്രഹിക്കുന്നു. വരികൾക്കിടയിലെ മൗനംപോലെ സാർത്ഥകമാണ് ജീവിതത്തിൽ വീണുകിട്ടുന്ന ഏകാന്തതയുടെ മുഹൂർത്തങ്ങളെന്ന് അറിയാനും സകലദിക്കിലുമെത്തി നമ്മെ ചുഴികളിൽ വീഴ്‌ത്തുന്ന ഈ മാധ്യമ പ്രളയത്തിൽ നിന്നൊഴിഞ്ഞു മാറാനും എവിടെയും നഷ്‌ടമാകുന്ന നമ്മുടെ നല്ല നേരങ്ങൾ തിരിച്ചുപിടിക്കാനും നാം ഇനിയെങ്കിലും ശ്രമിക്കേണ്ടിയിരിക്കുന്നു.
Generated from archived content: essay_navamanavikatha.html Author: pr_harikumar