വ്യക്തിയുടെ തെരഞ്ഞെടുപ്പുകൾ അപ്രസക്തമായിത്തീരുന്ന സമകാലികജീവിതത്തിന്റെ വിരസവൃത്തത്തിനുളളിൽ നിന്ന് പുറത്തുകടന്ന് അപൂർവമായ മറ്റൊന്ന് ആയിത്തീരുന്നതിലെ ആഹ്ലാദമാണ് വാസ്‌തവത്തിൽ വായന നല്‌കുന്നത്. പ്രശ്‌നനിർഭരമായ കാലാവസ്ഥയിൽപോലും കെട്ടുപോകാത്തൊരു വിളക്കും മാനവികതയുടെ ഉയരങ്ങൾ കാണിച്ചുതരുന്ന കുറച്ച് പുസ്‌തകങ്ങളും കൂട്ടുണ്ടെങ്കിൽ ഒരുവന് കൈവരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. വാക്കിന്റെ അളവില്ലാത്ത ഈ സൗഹൃദം പകർന്നു തരുന്ന സംസ്‌ക്കാരം എന്നും നമ്മുടെ ജീവിതബോധത്തെ ഹരിതാഭമാക്കുന്നു.
നല്ല വായനയുടെ സന്ദർഭത്തിൽ വ്യക്തിയുടെ ആന്തരികതയിൽ ചില സഞ്ചാരങ്ങൾ-പുറത്തേക്കും അകത്തേക്കുമെന്ന മട്ടിൽ-നടക്കുന്നുണ്ട്. കാമ്പുളള ഒരു പുസ്‌തകം വായിച്ചുതുടങ്ങുമ്പോൾ ഏകാകിയായ ആ വ്യക്തി മെല്ലെ ലോകത്തിന്റെ വൈവിധ്യങ്ങളിലേക്ക്, ചരിത്രത്തിലേക്ക്, ജനതകളിലേക്ക്, സംസ്‌ക്കാരങ്ങളിലേക്ക് പടിയിറങ്ങിപ്പോകുന്നു. ഇതിന് സമാന്തരമായി മറ്റൊരു സഞ്ചാരം വ്യക്തിസത്തയുടെ അകത്തേക്കും നടുന്നു-മനസ്സിന്റെ ആഴങ്ങളിൽ ഉറങ്ങിക്കിടക്കുന്ന അജ്ഞാതസ്‌മരണകളിലേക്ക്, സ്വപ്‌നങ്ങളിലേക്ക്, മിത്തുകളിലേക്ക്, ആദിരൂപങ്ങളിലേക്ക്. ഒന്ന് വ്യക്തിയെ ലോകത്തിനും കാലത്തിനും അഭിമുഖമാക്കുമ്പോൾ മറ്റൊന്ന് അയാളെ ഉപബോധത്തിന്റെ, അബോധത്തിന്റെ അദൃശ്യമായ വൻകരകളിലെത്തിക്കുന്നു. ഈ രണ്ട് സഞ്ചാരങ്ങളും നന്നായി നടക്കുന്നത് കൊണ്ട് സാധിക്കുന്നത് മാനവമനസ്സിന്റെ വിശുദ്ധീകരണമാണ്. ഇതിന് സഹായകമാകുന്ന കൃതി മാത്രമാണ് എന്റെ ദൃഷ്‌ടിയിൽ ഉത്തമഗ്രന്ഥം. അത്തരം ഗ്രന്ഥങ്ങളുടെ പാരായണവേളകൾ ജീവിതത്തിലെ മുന്തിയ സന്ദർഭങ്ങളായി പരിഗണിക്കുക തന്നെ വേണം.
മനുഷ്യമനസ്സിൽ പ്രകാശനം കൊതിച്ചുകിടക്കുന്ന ഒട്ടേറെ വാസനകളെയും വായന ഇതോടൊപ്പം തൃപ്‌തിപ്പെടുത്തുന്നുണ്ട്. കാവ്യാനുശീലനത്തെ ചിത്തവിസ്‌താരത്തിനു കാരണമായി കണ്ടിരുന്ന പഴമക്കാർക്ക് ഉത്തമകൃതികൾ വിനോദത്തിനും വിജ്ഞാനത്തിനുമെന്നതിനെക്കാൾ അന്യാനുഭവങ്ങളെ അടുത്തറിയാനുളള മുഖ്യമാർഗമായിരുന്നു. വ്യക്തിജീവിതത്തിലെ പരിധികളും പരിമിതികളും കാരണം അറിയാതെപോകുന്ന വൈവിധ്യമാർന്ന ലോകാനുഭവങ്ങളെ വലിയ മനസ്സുകളിൽ വിരിയുന്ന ഭാവഭാവനകളോടെ ഏറ്റുവാങ്ങാൻ കഴിയുന്ന അപൂർവസന്ദർഭങ്ങൾ ഗൗരവപ്രകൃതിയായ വായനക്കാരന്റെ ജീവിതത്തെ എന്നും ധന്യമാക്കുന്നു. ഇത്തരത്തിലുളള വായനാനുഭവം വ്യക്തിയുടെ ഇന്ദ്രിയങ്ങളെ മൂർച്ഛയുളളതാക്കുകയും പ്രതികരണങ്ങളെ സൂക്ഷ്‌മമാക്കുകയും ജീവിതബോധത്തെ തീക്ഷ്‌ണമാക്കുകയും ചെയ്യും.
രചനയിലൂടെ തന്റെ ദർശനത്തെ ആവിഷ്‌ക്കരിക്കാൻ ശ്രമിക്കുന്ന ഓരോ എഴുത്തുകാരനും വ്യക്തിജീവിതത്തിലെ പരിമിതികൾക്കപ്പുറമുളള സ്വാതന്ത്ര്യത്തിന്റെ വാതിൽ തുറക്കുകയാണ്. ഈ സത്യം അനുഭവിച്ചറിയുന്ന വായനക്കാരനും ഭൗതികജീവിതത്തിൽ താൻ പലതരം അടിമത്തങ്ങളുടെ ഇരയും സാക്ഷിയുമാണെന്ന കാര്യം മറന്ന് എഴുത്തുകാരനൊപ്പം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. ഈവിധത്തിൽ സ്വാതന്ത്ര്യമെന്ന പരമോന്നതജീവിതമൂല്യത്തെ സാക്ഷാത്‌കരിക്കാൻ കഴിയുന്ന ഏറ്റവും ചെലവുകുറഞ്ഞ ഒരിടം കൂടിയായി വായനയുടെ സന്ദർഭം മാറുന്നു.
പുതുതലമുറയുടെ രുചിഭേദങ്ങളെ ഒരു അദ്ധ്യാപകൻ എന്ന നിലയിൽ അടുത്തുനിന്നറിയാൻ ശ്രമിക്കാറുണ്ട്. ഇരുപത്തഞ്ച് കൊല്ലം മുമ്പ് നമ്മുടെ കാമ്പസുകളിലുണ്ടായിരുന്ന സാഹിത്യാഭിമുഖ്യം ഇന്ന് അവിടെ ഇല്ല. ഗൗരവമേറിയ വായന കാമ്പസിൽ ഒരു ചർച്ചാവിഷയമേ അല്ലാതായിരിക്കുന്നു. ഇന്റർനെറ്റും ഫാഷൻ ഷോകളും, സിനിമിറ്റിക് ഡാൻസും, മിമിക്‌സ് പരേഡും, മൊബൈൽ ഫോണുകളും അവിടം കയ്യടക്കിയിരിക്കുന്നു. ഇന്നത്തെ കാമ്പസ് ആശയതലത്തിൽ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നു. മാത്രമല്ല, യുവതീയുവാക്കളുടെ സമയത്തിനുവേണ്ടി ശരീരകേന്ദ്രിതമായ പുതിയൊരു സംസ്‌ക്കാരത്തിന്റെ പ്രചാരകരെന്ന മട്ടിൽ നവമാധ്യമങ്ങൾ അന്യോന്യം മത്സരിക്കുന്നതും നാം കാണുന്നു. പരീക്ഷകളിൽ ഉത്തരമായി വരാവുന്നവയോ ഇന്ദ്രിയങ്ങൾക്ക് ഉത്സവമായി മാറാവുന്നവയോ ആണ് കാമ്പസുകളിൽ പൊതുവെ ഇന്ന് വായിക്കപ്പെടുന്നത്. എവിടെയുമെന്നതുപോലെ വായനയുടെ രംഗത്തും ചിലർ അപവാദങ്ങളായി കണ്ടേക്കാമെന്ന് മാത്രം.
അറിയാത്ത സ്ഥലകാലങ്ങൾ അറിയാനും ഇനിയും ജീവിക്കാനാകാത്ത അനേകം ജീവിതങ്ങൾ ആഴത്തിൽ ജീവിക്കാനും അവസരമൊരുക്കുന്ന വായന നമ്മുടെ കൊച്ചുജീവിതത്തെ പലമടങ്ങ് ജീവിതവ്യമാക്കുന്ന മഹത്തായ കർമ്മമാണ്. അത് ഏകാന്തതയെ മനുഷ്യകഥാനുഗാനങ്ങളെക്കൊണ്ട് നിറയ്‌ക്കുന്ന ഉത്സവമാണ്. അതുകൊണ്ടാകാം, ബ്രസീലിയൻ എഴുത്തുകാരനായ പൗലോകൊയ്‌ലോയുടെ ആൽക്കെമിസ്‌റ്റ് എന്ന നോവലിലെ ഇടയബാലനൊപ്പം ഞാനിപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ കൃതി ഒരു സ്വപ്‌നദർശനത്തിന്റെ പ്രേരണയിൽ സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്രയുടെ കഥയാണ്. സന്ദേഹിയായ മനുഷ്യൻ ജീവിതത്തിലൂടെ നടത്തുന്ന തീർത്ഥയാത്രയെ പ്രതീകവത്‌ക്കരിക്കുന്ന ഈ നോവൽ സമകാലികസമസ്യകൾക്ക് തന്റേതായ മട്ടിൽ മറുപടി പറയുന്നു. സ്വപ്‌നയാഥാർത്ഥ്യങ്ങളെ പുതിയൊരു ആഖ്യാനമാതൃകയിലൂടെ ആവിഷ്‌ക്കരിച്ചുകൊണ്ട് വസ്‌തുസത്യത്തെക്കാളും ഹൃദയസത്യമാണ് മനുഷ്യന് പ്രധാനമെന്ന് ഈ ഗ്രന്ഥകാരൻ വാദിക്കുന്നു.
Generated from archived content: essay_dec21_05.html Author: pr_harikumar
Click this button or press Ctrl+G to toggle between Malayalam and English