അതിദ്രുതപരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക ജീവിതയാഥാർത്ഥ്യത്തിനുനേരെ നമ്മുടെ അധ്യാപകർ കാട്ടുന്ന ഉദാസീനമനോഭാവം ശ്രദ്ധേയമാണ്. വിദ്യാഭ്യാസരംഗത്തും അതുവഴി പൊതുജീവിതത്തിലും അവരുടെ പ്രസക്തി നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നതിന് പ്രധാന കാരണം മറ്റൊന്നല്ല. ഈ നില തുടർന്നാൽ സമീപഭാവിയിൽതന്നെ അധ്യാപകരില്ലാത്ത ഒരു വിദ്യാഭ്യാസപദ്ധതി-ഇപ്പോൾതന്നെ വിദൂരവിദ്യാഭ്യാസം എന്ന പേരിലൊന്ന് വ്യാപകമായിട്ടുണ്ട് -രൂപപ്പെട്ടുവരാൻ സാധ്യതയുണ്ട്.
മനുഷ്യനെ വിശിഷ്‌ടവ്യക്തിത്വമുളളവനായി മാറാൻ സഹായിക്കുക എന്ന വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം നമ്മുടെ അധ്യാപകലോകം മറന്നുപോയിരിക്കുന്നു. സംവാദാത്മകമല്ലാത്ത സാമൂഹിക ജീവിതവും ആത്മീയത ചോർന്നുപോയ മതവും നൈതികത നഷ്‌ടമായ രാഷ്‌ട്രീയരംഗവും സംസ്‌കാരം വ്യവസായമാക്കുന്ന കമ്പോളരംഗവും ചേർന്നൊരുക്കുന്ന പുതിയ പ്രതിസന്ധിയിൽ അധ്യാപകരും നിലതെറ്റി കുഴഞ്ഞുവീണിരിക്കുന്നു. ഉദാത്തചിന്തയുടെ മാതൃകയായ അധ്യാപകനുപോലും മാധ്യമലോകം ഉയർത്തിക്കൊണ്ടുവരുന്ന നവനായകസങ്കല്പത്തെ മറികടക്കാൻ കഴിയാത്ത അവസ്ഥയാണ് ഇന്നുളളത്.
മനുഷ്യന്റെ സമയത്തിനുവേണ്ടി മത്സരിക്കുന്ന വ്യത്യസ്തമാധ്യമങ്ങൾ നിലവിൽവരുന്നതിനു മുൻപാണ് സമൂഹത്തിൽ അധ്യാപകന് മാന്യപദവി അനുവദിച്ചുകിട്ടിയിരുന്നത്. എന്നാൽ ഇന്ന് അധ്യാപകന്റെ സ്വാധീനത്തെ തീർത്തും അവഗണിക്കുവാൻ പ്രേരിപ്പിക്കുന്ന ഒരു പൊതുമണ്ഡലം വിദ്യാർത്ഥിക്ക് ചുറ്റും രൂപപ്പെട്ടുവന്നിരിക്കുന്നു. ഐന്ദ്രിയാനുഭൂതികളുടെ നവീനതയും വ്യാജമായ അഭിലാഷങ്ങളുടെ പെരുപ്പവും പുത്തൻ സാങ്കേതികവിദ്യയുടെ അനുഗ്രഹങ്ങളും ചേർന്നതാണ് ഈ പൊതുമണ്ഡലം. ഇതിനുളളിൽ അധ്യാപകന്റെ സ്വരത്തിനോ ചിന്തയ്‌ക്കോ മാതൃകാപരമായ ജീവിതത്തിനോ വലിയ പ്രസക്തിയില്ല. അധ്യാപകന്റെ പഴയ പ്രതാപവും തന്ത്രങ്ങളും പരിഹാസ്യമായി മാറുന്ന സന്ദർഭം കൂടിയാണിത്.
നമ്മുടെ ക്ലാസ് മുറികൾ ഒട്ടുംതന്നെ സജീവമോ സംവാദാത്മകമോ അല്ല എന്നതാണ് മറ്റൊരു കാര്യം. ജീവിതഗന്ധമില്ലാത്ത പാഠങ്ങൾ ഏകപക്ഷീയമായി അടിച്ചേല്പിക്കുന്ന പ്രഭാഷണ രീതിയാണ് പ്രധാന അധ്യാപനതന്ത്രം, ഇന്നും. ഒന്നുകിൽ ന്യൂനപക്ഷം വരുന്ന കുട്ടികൾ നിശ്ശബ്‌ദരായി അധ്യാപകനെ സഹിച്ചിരിക്കുന്നു. അല്ലെങ്കിൽ ഭൂരിപക്ഷം വരുന്ന കുട്ടികൾ ബഹളക്കാരായി പ്രത്യക്ഷപ്പെടുന്നു. പുതിയ അധ്യാപനരീതികൾ അവലംബിക്കാത്ത അധ്യാപകരും അതിന് അവസരമൊരുക്കാത്ത മാനേജുമെന്റുകളുമാണ് ഇതിന് ഉത്തരവാദികൾ. സംവേദന സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകൾ കണ്ടറിഞ്ഞുവളരുന്ന ഒരു തലമുറ അധ്യാപകരുടെ മുഷിപ്പൻ പ്രഭാഷണങ്ങൾ ഇനി കേട്ടിരിക്കുമെന്ന് പ്രതീക്ഷിക്കാൻ വയ്യ. ഇതര മാധ്യമങ്ങളിലൂടെ കിട്ടുന്ന അറിവിന്റെ ചെറിയൊരളവെങ്കിലും കുട്ടികൾക്ക് പകർന്നുകൊടുക്കാൻ അധ്യാപകന് കഴിയുന്നില്ല. ജീവിതത്തെ ദീപ്തമാക്കുന്ന മൂല്യബോധം കൊണ്ട് ക്ലാസുകളെ ദീപ്തമാക്കാനും അയാൾ അശക്തനാവുന്നു.
ക്ലാസ്സുമുറികളിൽ പരാജയപ്പെടുന്ന അധ്യാപകർ ക്രമേണ അന്യമനസ്‌കരായി മാറുന്നു. ചിട്ടി, ബ്ലേഡ്, കച്ചവടം തുടങ്ങിയ പാർശ്വവൃത്തികളിൽ മുഴുകി സ്വയം ആനന്ദം കൊളളുന്നവരെ എല്ലാ കാമ്പസ്സിലും കാണാം. സമൂഹത്തിൽ അധ്യാപകനുണ്ടായിരുന്ന പ്രതിച്ഛായ തകർത്തതിന്റെ ആദ്യ ഉത്തരവാദിത്വം ഇത്തരക്കാർക്കാണ്. എത്ര റിഫ്രഷർ കോഴ്‌സിനുപോയാലും ഇവർ ഇനി പ്രയോജനമുളളവരായി മാറുമെന്ന് തോന്നുന്നില്ല.
അധ്യാപകവൃത്തിയെ സ്‌നേഹിക്കുകയും അധ്യാപനത്തിൽ സ്വയം മറക്കുകയും ചെയ്യുന്നവർ എന്നും ഒരു ന്യൂനപക്ഷമായിരുന്നു. എന്നാൽ ഇപ്പോൾ അവരും പിന്നോക്കം പോയി ഭൂരിപക്ഷത്തിന്റെ ഭാഗമായി മാറുന്ന തിരക്കിലാണ്. കാമ്പസുകളിലെ രാഷ്‌ട്രീയ അരാജകത്വവും മാനേജുമെന്റുകളുടെ സ്വാർത്ഥഭരിതമായ ഇടപെടലുകളും ആത്മാർത്ഥതയുളള അധ്യാപകരെ നാൾക്കുനാൾ നിരാശരാക്കുന്നു.
ചുരുക്കത്തിൽ ആധുനികജീവിതം ഉയർത്തുന്ന വെല്ലുവിളികൾ കൊണ്ടും സ്വന്തം പരിമിതികൾകൊണ്ടും അധ്യാപകർ ഇന്ന് നമ്മുടെ സമൂഹത്തിൽ അപ്രസക്തരായിക്കൊണ്ടിരിക്കുകയാണ്. സേവനവേതന വ്യവസ്ഥകളിൽ ഭേദപ്പെട്ട നില കൈവരിച്ചുകഴിഞ്ഞ അധ്യാപകർ ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നം ഈ വംശനാശഭീഷണിയാണ്. അധ്യാപകനെ രഹസ്യമായി പരിഹസിക്കുന്ന ഒരു ജനതയും പരസ്യമായി നിഷേധിക്കുന്ന വിദ്യാർത്ഥിസമൂഹവും ഇവിടെ ജന്മമെടുത്തിരിക്കുന്നു. ഈ കാര്യം ഇനിയും അവർ അറിയാതിരുന്നുകൂടാ. സ്വയം നവീകരിക്കുന്നതിലൂടെ, പുതിയ അധ്യാപനരീതികൾ വികസിപ്പിച്ചെടുക്കുന്നതിലൂടെ എല്ലാറ്റിനുമുപരി അധ്യാപനത്തെ സർഗ്ഗാത്മകമാക്കുന്നതിലൂടെ മാത്രമേ ഈ പുതിയ സ്ഥിതിവിശേഷത്തെ അതിജീവിക്കാൻ കഴിയൂ. അതിന് അവർ തയ്യാറായില്ലെങ്കിൽ അധ്യാപകർ എന്ന വിഭാഗത്തിന് സ്ഥാനമില്ലാത്ത ഒരു വിദ്യാഭ്യാസപദ്ധതിയായിരിക്കും ഭാവിയിൽ നമ്മുടെ സമൂഹത്തിൽ നടപ്പിലാവുക. അതാകട്ടെ ആത്മാവ് നഷ്‌ടപ്പെട്ട് പൊളളമനുഷ്യരായിത്തീർന്ന ഒരു ജനതയ്‌ക്ക് വളരെയേറെ യോജിച്ചതുമായിരിക്കും.
Generated from archived content: essay_april23.html Author: pr_harikumar
Click this button or press Ctrl+G to toggle between Malayalam and English