മലയാളകഥയിലെ മാന്ത്രികക്കളങ്ങൾ – എം.പി.നാരായണപിളളയുടെ കഥാലോകം

അറുപതുകളിലും എഴുപതുകളിലും മലയാളത്തിൽ ശക്തിയാർജ്ജിച്ച ആധുനികത എന്ന സവിശേഷ സാഹിത്യമനോഭാവത്തിന്റെ പ്രശ്‌നപരിസരത്തിലാണ്‌ ജന്മം കൊണ്ട്‌ പുല്ലുവഴിക്കാരനും ജീവിതം കൊണ്ട്‌ മറുനാടൻ മലയാളിയുമായ എം.പി.നാരായണപിളളയും (1939-1998) എഴുതിത്തുടങ്ങിയത്‌. പാരമ്പര്യനിഷേധം, സമൂഹനിഷേധം, ജീവിതപരാങ്ങ്‌മുഖത്വം, അരാജകവാദം എന്നിവ അക്കാലത്തെ കലാസൃഷ്‌ടികളിൽ സജീവമായിരുന്നു. ഇന്ത്യൻജീവിതാവസ്ഥയോടുളള പ്രതികരണമെന്നതിലേറെ പാശ്ചാത്യതത്ത്വചിന്തയോടുളള ആഭിമുഖ്യം വ്യക്തമാക്കുന്നതായിരുന്നു അക്കാലത്തെ മിക്ക രചനകളും. മരണം വ്യർഥമാക്കിയ ജീവിതത്തിനു നേരെ ആധുനികമനുഷ്യൻ സ്വീകരിച്ച നിലപാടെന്നാണ്‌ ആധുനികതയെ ഒരിക്കൽ എം. മുകുന്ദൻ നിർവചിച്ചത്‌. മൃത്യുബോധത്തിനു കൈവന്ന ഈ അമിതപ്രാധാന്യത്തോടൊപ്പം എഴുത്തിന്റെ ഘടനയെ സാരമായി സ്വാധീനിക്കാൻ കഴിഞ്ഞ ഒട്ടേറെ മാറ്റങ്ങൾക്കും ആധുനികത വഴിമരുന്നിട്ടു. എഴുത്തുകാരന്റെ വ്യക്തിത്വം, കൃതിയുടെ ജൈവപരമായ ഐക്യം, ഭാഷയുടെ അനന്തമായ സാദ്ധ്യതകൾ, ഭാവനയുടെ അതിരില്ലായ്‌മ, എഴുത്തുകാരനും സമൂഹവും തുടങ്ങി പല വിഷയങ്ങളിലും മലയാളി പുതിയ കാഴ്‌ചപ്പാടുകളിലേക്ക്‌ നയിക്കപ്പെട്ട കാലഘട്ടമെന്ന നിലയ്‌ക്കാണ്‌ ആധുനികത ഇന്ന്‌ വിലയിരുത്തപ്പെടുന്നത്‌. ആധുനികതയെ ഏതെങ്കിലും രീതിയിൽ നവീകരിച്ച എഴുത്തുകാരുടെ രചനകൾക്കാണ്‌ പില്‌ക്കാലത്തും വായനക്കാരുണ്ടായത്‌. അക്കൂട്ടത്തിൽ പ്രധാനപ്പെട്ട ചില കഥകൾ എഴുതിയത്‌ എം.പി.നാരായണപിളളയാണെന്നുളള കാര്യം മറക്കാനാവുന്നതല്ല.

പ്രിമിറ്റീവിസത്തിന്റെ ധാരകൾ

അസ്‌തിത്വദുഃഖത്തിന്റെയും മൃത്യുബോധത്തിന്റെയും യാന്ത്രികമായ ആവിഷ്‌ക്കരണങ്ങൾ ഏറെ നടന്ന ആധുനികതയുടെ കാലത്ത്‌ മനുഷ്യന്റെ ആദിമചോദനകളെ മുൻനിറുത്തി ജീവിതത്തെ ചിത്രീകരിക്കാനാണ്‌ നാരായണപിളള ശ്രമിച്ചത്‌. ആധുനികതയുടെ പൊതുപ്രമേയങ്ങൾക്ക്‌ അപരിചിതമായ സ്ഥലകാലങ്ങളെ അദ്ദേഹം കഥയ്‌ക്കുളളിലേക്ക്‌ കൂട്ടിക്കൊണ്ടുവരുന്നു. മനുഷ്യനിർമ്മിതവും യാന്ത്രികവുമായ സാഹചര്യങ്ങളെക്കാൾ സ്വാഭാവികപ്രകൃതിയുടെ വിഭ്രമാത്മകമായ വശങ്ങളെ പിൻപറ്റി ചെല്ലാനാണ്‌ കഥാകാരൻ മിക്കവാറും രചനകളിൽ വായനക്കാരോട്‌ ആവശ്യപ്പെടുന്നത്‌. മുരുകൻ എന്ന പാമ്പാട്ടി, പരിണാമത്തിന്റെ പടിപ്പുരയിൽ, ഞങ്ങൾ അസുരന്മാർ, കടിഞ്ഞൂൽ തുടങ്ങിയ കഥകളിൽ ഇതാണ്‌ സംഭവിക്കുന്നത്‌. ഭയം, വിശപ്പ്‌, പക, കാമം മുതലായ അടിസ്ഥാനവികാരങ്ങൾ നാരായണപിളളയുടെ ലോകത്ത്‌ വേണ്ടുവോളമുണ്ട്‌. മന്ത്രവാദത്തിന്റെ ആവാഹനരീതികൊണ്ടെന്ന പോലെ സൃഷ്‌ടിക്കപ്പെടുന്ന മായികമായ അന്തരീക്ഷം മിക്കവാറും കഥകളിൽ കാണാം. ആധുനികമനുഷ്യന്റെ കാര്യവിചാരമോ നിരീക്ഷണരീതിയോ അല്ല ഇദ്ദേഹത്തിന്റെ കഥകളിൽ കാണുക. മറിച്ച്‌ പ്രാകൃതഭാവനയുടെ മൂർച്ചകൊണ്ട്‌ സ്‌തബ്‌ധമാകുന്ന ഭൂതകാലജീവിതത്തിന്റെ പ്രതീതിയാണ്‌.

ഗ്രാമീണന്റെ വികാരലോകം

നാരായണപിളളയുടെ കഥകളുടെ സംവേദനീയതയ്‌ക്കു പിന്നിലെ ഒരു കാരണം നാടൻമനുഷ്യരുടെ ജീവിതലാളിത്യത്തെ ഭംഗിയായി അവതരിപ്പിക്കാനുളള കഥാകാരന്റെ കഴിവാണ്‌. അദ്ദേഹത്തിന്റെ ആദ്യകഥയായ കളളനിലെ കളളനും ഊണി എന്ന കഥയിലെ നായരും ഉണർത്തുന്ന ചിരിയിൽ അല്‌പം കണ്ണീരിന്റെ ഉപ്പ്‌ കൂടി കലർന്നിട്ടുളളത്‌ നമുക്ക്‌ അനുഭവിച്ചറിയാം. ഏറെക്കാലം വൻനഗരങ്ങളിൽ ജീവിച്ചിട്ടും കഥാകാരനിൽ സജീവമായിരുന്ന ഗ്രാമീണസംസ്‌കൃതി ആ കഥകൾക്ക്‌ പകർന്നുകൊടുക്കുന്ന വൈവിധ്യവും ഐതിഹ്യസദൃശമായ മായികതയും മോഹിപ്പിക്കുന്നതാണ്‌. ജ്യോതിഷവും മന്ത്രവാദവും പക്ഷിശാസ്‌ത്രവും ലാടവൈദ്യവും നീതിന്യായവും മൃഗചികിത്സയും ഐതിഹ്യമാലയും കണിയാന്റെ യുക്തികളും അവിടെ സമൃദ്ധമാണ്‌. നേർത്ത നർമ്മത്തിന്റെ ഒരു ആന്തരികധാര എക്കാലത്തും ആ കഥകളിൽ ഉണ്ടായിരുന്നു. മറ്റ്‌ ആധുനികരിലെന്നപോലെ കഠിനമായൊരു മോഹഭംഗത്തിന്റെ സ്വരം നാരായണപിളളയിൽ നിന്ന്‌ കേൾക്കാത്തതിന്‌ കാരണവും ഗ്രാമീണമായ ഈ ജീവിതാവബോധത്തിന്റെ സാന്നിധ്യമാണ്‌.

താർക്കികന്റെ ആഖ്യാനവഴികൾ

ഒരു പട്ടിയെ കേന്ദ്രകഥാപാത്രമാക്കി എഴുതിയ പരിണാമം എന്ന നോവലിലും (ഇതിന്‌ 1992-ൽ സാഹിത്യ അക്കാദമി അവാർഡ്‌ കിട്ടിയെങ്കിലും അവാർഡുകൾ പൊതുമുതലിന്റെ ധൂർത്താണെന്ന്‌ പറഞ്ഞ്‌ നാരായണപിളള അത്‌ നിരസിക്കയുണ്ടായി.) എം.പി.നാരായണപിളളയുടെ കഥകൾ, 56 സത്രഗലി എന്നീ സമാഹാരങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കഥകളിലും എണ്ണമറ്റ ലേഖനങ്ങളിലും പ്രത്യക്ഷപ്പെടുന്ന മറ്റൊരു പ്രധാനഘടകം ഈ കാഥികവ്യക്തിത്വത്തിന്റെ അവിഭാജ്യതയായ താർക്കികബുദ്ധിയാണ്‌. ദൈവവും മനുഷ്യരും പട്ടികളും ചാത്തന്മാരും യുക്തിവാദികളും വാദപ്രതിവാദത്തിൽ ഏർപ്പെടുന്ന രംഗങ്ങൾ അവിടെ ഒട്ടും കുറവല്ല. തർക്കത്തിന്റെ അരങ്ങായ കോടതിയാണ്‌ പല കഥകൾക്കും പശ്ചാത്തലമായി നില്‌ക്കുന്നത്‌ എന്ന കാര്യവും ചൂണ്ടിക്കാട്ടാവുന്നതാണ്‌. മൃഗാധിപത്യം, ജോർജ്‌ ആറാമന്റെ കോടതി, പ്രതി, വിധി എന്നീ കഥകളൊക്കെ ഇവിടെ ഓർക്കാവുന്നവയാണ്‌. പോലീസുകാരുടെ മഹസ്സറെഴുത്തുപോലെയാണ്‌ നാരായണപിളളയുടെ പ്രകൃതിവർണ്ണനകളെന്ന്‌ ഒരു നിരൂപകൻ പറഞ്ഞതിൽ വാസ്‌തവത്തിന്റെ സ്‌പർശമുണ്ട്‌. കഥാകാരൻ ഉന്നയിക്കുന്ന വാദമുഖങ്ങൾ പലപ്പോഴും നമ്മുടെ അംഗീകാരം നേടുന്നില്ലെങ്കിലും വ്യത്യസ്‌തമായ തന്റെ കാഴ്‌ചപ്പാട്‌ സ്ഥാപിച്ചെടുക്കുന്നതിന്‌ അദ്ദേഹം അവലംബിക്കുന്ന രീതിശാസ്‌ത്രം ആദരണീയം തന്നെ.

മലയാളിയുടെ മനഃശാസ്‌ത്രം വേണ്ടുംവിധം മനസ്സിലാക്കിയ ഒരു സാമൂഹികചിന്തകനെയും നാരായണപിളളയുടെ എഴുത്തിന്റെ സന്ദർഭങ്ങളിൽ നമുക്ക്‌ കാണാം. തന്റെ കാലത്ത്‌ എഴുത്തിന്റെ മേഖലയിൽ നിലനിന്ന അനുകരണാത്മകവും അഭാരതീയവുമായ വശങ്ങളെ പ്രാദേശികസംസ്‌കൃതിയുടെ സ്വാംശീകരണത്തിലൂടെയും പ്രയോഗത്തിലൂടെയും പ്രതിരോധിക്കാൻ നാരായണപിളളയ്‌ക്ക്‌ വലിയൊരളവിൽ കഴിഞ്ഞു. മാത്രമല്ല, മലയാളിയുടെ ആഖ്യാനരീതികൾ നവീനതയുടെ കാലത്തും പ്രസക്തമാണെന്ന്‌ വാദിച്ച ഈ എഴുത്തുകാരൻ പാരമ്പര്യനിഷേധമല്ല ആധുനികതയുടെ അളവുകോലെന്ന്‌ സ്വന്തം രചനകളിലൂടെ തെളിയിക്കുകയും ചെയ്‌തു.

Generated from archived content: essay1_july13_07.html Author: pr_harikumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅഭിശപ്തജാതകക്കുറിപ്പുമായി ഒരു ഗാനം
Next articleമരണമില്ലാത്ത മാന്ത്രികൻ
1960-ൽ ആറ്റിങ്ങലിൽ ജനനം. ഗവ.ആർട്‌സ്‌ കോളേജ്‌, യൂണിവേഴ്‌സിറ്റി കോളേജ്‌, കാലിക്കറ്റ്‌ സർവകലാശാല എന്നിവിടങ്ങളിൽ ഉപരിപഠനം.. മലയാളത്തിൽ എം.എ, എം.ഫിൽ ബിരുദങ്ങൾ. കേരളസാഹിത്യഅക്കാദമിയുടെ തുഞ്ചൻ സ്‌മാരക സമ്മാനം (1988) ലഭിച്ചിട്ടുണ്ട്‌. അങ്കണം കഥകൾ, ആറാം തലമുറക്കഥകൾ എന്നീ സമാഹാരങ്ങളിൽ കഥ ഉൾപ്പെടുത്തിയിട്ടുണ്ട്‌. കൃതികൾഃ നിറം വീഴുന്ന വരകൾ (കഥകൾ), അലിയുന്ന ആൾരൂപങ്ങൾ (കഥകൾ), വാക്കിന്റെ സൗഹൃദം (നിരൂപണം). 1986 മുതൽ കാലടി ശ്രീശങ്കരാകോളേജിൽ അദ്ധ്യാപകൻ. വിലാസം പി.ആർ.ഹരികുമാർ, എം.എ., എം.ഫിൽ, ലക്‌ചറർ, മലയാളവിഭാഗം, ശ്രീശങ്കരാകോളേജ,​‍്‌ കാലടി -683574 website: www.prharikumar.com Address: Phone: 0484 462341 0484 522352/9447732352

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here