ഞാനിറങ്ങിയത്
രക്തം വീണ്
തണുത്ത
ഇന്നലെയുടെ
തെരുവിലേക്കാണ്.
മണം പിടിച്ച്
നീങ്ങുന്ന ഭീതികൾ
ഒഴിവുദിനത്തിന്റെ
കാഴ്ചകളെ
കബന്ധങ്ങളാക്കി.
പകൽച്ചുവപ്പ്
കണ്ട് പകച്ചുപോയ
എന്നെ
തലയില്ലാക്കാഴ്ചകൾ
കൈയാമം വെച്ച്
മാപ്പുസാക്ഷിയാക്കി.
അപ്പോഴാണ്-
അവർ വന്നത്…
ആദ്യം-
ചെന്നിനായകം പുരട്ടിയ
ഉടൽപ്പകുതിയിൽ
മധുരം കായ്ക്കുന്ന
ഒരു കാഞ്ഞിരനോട്ടം.
പിന്നെ-
കനൽക്കണ്ണിൽ
മൗനം തിളപ്പിച്ച്
വടിത്തുമ്പിലൂടെ
നിറയൊഴിക്കുന്ന
ശാസനാധികാരസ്പർശം.
പിന്നെ-
കുറ്റിപ്പെൻസിലിനൊപ്പം
കുഞ്ഞുവിരലുകളെയും
തീറ്റിപ്പോറ്റാൻ
അഹോരാത്രം
വിയർത്തൊരു
പെരുവിരൽഗന്ധം.
പിന്നെ-
അറിയാവഴികളിൽ
പറയാമൊഴിയായി
പാറിനടക്കെ
ഓർമ്മയിൽ
കുടുങ്ങിപ്പോയൊരു
ചുടുചുംബനത്തിന്റെ രസം.
ഒടുവിൽ-
വാൾത്തലപ്പിൽ
ഒരു സംസ്കൃതിയെ
കുളിപ്പിച്ച് കിടത്തി
ശവമടക്കിന്
പോകുന്നവരുടെ
ആകാശഭേദിയാം
ആഘോഷാരവധ്വനികൾ.
ആരവങ്ങൾക്കിടയിൽ
കാഴ്ച മുറിഞ്ഞു.
കണ്ണ് കവർന്നു.
ഞാൻ-
അന്ധനായി,
പിന്നെ-
കബന്ധനായി.
Generated from archived content: aug7_poem1.html Author: pr_harikumar