ഭക്തിവ്യാപാരത്തിനു ട്രേഡ്‌ മാർക്ക്‌ !

കൺട്രോളിർ ജനറൽ ഓഫ്‌ പെറ്റെൻസ,​‍്‌ ഡിസൈൻസ്‌ ആന്റ്‌ ട്രേഡ്‌ മാർക്കിൽ നിന്നു ദക്ഷിണ കേരളത്തിലെ ഒരു പ്രഖ്യാത ദേവീ ക്ഷേത്രം ഭാരവാഹികൾ ഒരു സർറ്റിഫക്കറ്റ്‌ വാങ്ങിയിരിക്കുന്നു. 2009 മാർച്ച്‌ 9ന്‌ ക്ഷേത്രത്തിന്റെ പടവും പൂണ്യനാമവും ട്രേഡ്‌ മാർക്കും ആ ട്രസ്‌റ്റിനു മാത്രം അവകാശപ്പെട്ടതാണെന്നും വേറേയാരും വ്യാപാരവശ്യങ്ങൾക്കോ മറ്റോ അവ ഉപയോഗപ്പെടുത്തരുതെന്നും ഉദ്ദേശ്യം. ട്രസ്‌റ്റ്‌ നടത്തിവന്നിരുന്ന പ്രവർത്തനങ്ങൾ വ്യാപാരാടിസ്‌ഥാനത്തിലുള്ളതാണെന്ന ഉത്തമബോദ്ധ്യത്തോടെ അപേക്ഷിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥൻ അതംഗീകരിക്കുകയും ചെയ്‌തിട്ടായിരിക്കും പ്രസ്‌തുത സർട്ടിഫിക്കറ്റ്‌ നൽകിയിരിക്കുക എന്നു പ്രത്യേകിച്ചു പറയേണ്ടതില്ല.

വ്യാപാരനാമം മാത്രമല്ല, ഏതു നിയമത്തിന്റെ കീഴിൽ നിന്നുകൊണ്ടാണോ അപേക്ഷ നൽകിയതു ആ നിയമം തന്നെ വ്യാപാരവും വാണിജ്യവും ആയിബന്ധപ്പെട്ടതായിരിക്കെ, മതപരമായ പ്രതീകത്തെ അതിന്റെ പരിധിയിൽ കൊണ്ടു വരുന്നതിന്റെ നിയമസാധുത കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചിനു മുന്നിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഉത്‌പന്നത്തിന്റെയോ സേവനത്തിന്റെയോ വിപണനസംബന്ധമായ ആനുകൂല്യം നേടുന്നതിന്നുവേണ്ടി സ്‌ഥാപനത്തിന്റെ സൽപേരു (ഗുഡ്‌ വിൽ) ഗുണം ചെയ്യുമെന്നതിനാലാണു ട്രേഡ്‌ മാർക്ക്‌ സർട്ടിഫിക്കറ്റ്‌ പ്രസക്തമാകുന്നതു​‍്‌. സ്വയം ഒരു വ്യാപാരസ്‌ഥാപനമെന്ന നിലയിൽ ക്ഷേത്രസമിതി ഉടമസ്‌ഥ സ്‌ഥാനത്തു നിന്നു കൊണ്ടുതന്നെ, ആരാധനാലയങ്ങൾ വ്യാപാര കേന്ദ്രങ്ങളാണെന്ന തെറ്റായ സന്ദേശം സമൂഹത്തിനു നൽകുന്നു എന്നത്രെ ഹർജിക്കാരന്റെ വാദം.

വ്യവസ്‌ഥകളൊക്കെ അംഗീകരിച്ചു, അപേക്ഷ കൊടുത്തു. വഴിയാംവണ്ണം ഇങ്ങനെ ഒരു ട്രേഡ്‌ മാർക്ക്‌ സർട്ടിഫിക്കറ്റ്‌ സംഘടിപ്പിക്കുന്നതിൽ ഭാരവാഹികൾ കാണിച്ച ആർജ്ജവം ആദരണീയമാണ്‌. ഒള്ള കാര്യം നേരേ ചൊവ്വെ വെട്ടിത്തുറന്നു പറഞ്ഞല്ലോ…. കള്ളമില്ല. മായമില്ല, വെറും കച്ചവട താൽപര്യം മാത്രമേയുള്ളൂ…. കച്ചവടമാകുമ്പോൾ അതിന്റേതായ ചട്ടവട്ടങ്ങൾ വേണം….. ട്രേഡ്‌ മാർക്ക്‌, ബ്രാൻഡ്‌നെയിം. ഉത്‌പന്നത്തിന്റെ ഗുണഗണങ്ങൾ വർണ്ണിക്കുന്ന അച്ചടി-ദ്രൃശ്യ-മാധ്യമ ബഹുവർണ്ണ പരസ്യങ്ങൾ. ഇത്യാദി ട്രേഡ്‌ മാർക്ക്‌ വഴി ഉടമസ്‌ഥാവകാശം സ്‌ഥാപിച്ചു കിട്ടിയാൽ പിന്നെ ഇതേ രംഗത്തു മുക്കിനു മുക്കിനു ഇതേ പേരിൽ കച്ചവട സ്‌ഥാപനങ്ങൾ ഉയരുകയില്ലല്ലോ. മറ്റു ഡൂപ്ലിക്കേറ്റ്‌ സാധനങ്ങൾ – പ്രസാദം, പൊങ്കാല, അരവണ, ഇത്യാദി – ഇതേ ബ്രാൻഡ്‌ നെയിമിൽ പലരും വിറ്റു കാശുണ്ടുക്കുന്നതു ഭാരവാഹികൾ കണ്ടു പിടിച്ചു കാണും.

ഭക്തി, ആത്മീയത, ആരാധന എല്ലാം ചേർന്ന മതം കച്ചവടവൽക്കരിക്കപ്പെട്ടിട്ടു നാളേറെയായല്ലൊ …. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ പൊതുവെ തെരഞ്ഞെടുപ്പുകൾ അടുത്തുവരുമ്പോൾ ഈ പ്രവണതക്കു ആക്കം കൂടുന്നു എന്നതു സർവ്വസമ്മതമായ കാര്യം. ഏതെങ്കിലും ഒരു മതത്തിൽ മാത്രമല്ല, വിശ്വാസികൾ ഉള്ള എല്ലാ മതത്തിലും ഇതു തന്നെയാണു സ്‌ഥിതി. ആധുനിക ജീവിതം മനുഷ്യ മനസ്സിൽ നിറക്കുന്ന ആകുലതകളും ഉത്‌കണ്‌ഠകളും സൗകര്യപൂർവ്വം ഇറക്കിവയ്‌ക്കാൻ വേണമല്ലോ ഒരത്താണി. പള്ളികൾ, ക്ഷേത്രങ്ങൾ തുടങ്ങി എല്ലാ തീർത്ഥാടനകേന്ദ്രങ്ങളിലും വിശ്വാസികളുടെ ഹാജർ നിലകൂടിക്കൊണ്ടിരിക്കുന്നു. വിശുദ്ധ വേദങ്ങളും വചനങ്ങളും വായിക്കാനും തത്സംബന്ധമായ പ്രഭാഷണങ്ങൾ കേൾക്കാനും ജനം തടിച്ചുകൂടുന്നു.

ചന്ദനക്കുടം, ആണ്ടുനേർച്ച, പൂരം, പൊങ്കാല, പെരുന്നാൾ എല്ലാം വലിയ വ്യാപാരവിപണന സാധ്യതയുള്ള വിഭവങ്ങളായി മാറിക്കഴിഞ്ഞു.

മെക്കയിലേക്കായാലും നാട്ടിൽ തന്നെയുള്ള ദർഗ്ഗകളിലേക്കായാലും ഇമാമുകളുടെ നേത്രൃത്വത്തിൽ പാക്കേജെന്ന ഓമനപ്പേരിട്ടു തീർത്ഥാടകരെ കൊണ്ടുപോകാനുള്ള ആവേശം ഈയിടെയായി കൂടിയതു വെറുതെയല്ല.

കുരിശു, ജപമാല, ത്രിശൂലം. എല്ലാറ്റിനും പേറ്റന്റും ബ്രാന്റ്‌ നെയിമും ട്രേഡ്‌ മാർക്കും ബ്രാൻഡ്‌ അംബാസഡറും!

ഹൈക്കോടതിയുടെ അന്തിമവിധി വരട്ടെ…

ഇനിയും പലതും കാണാം.

Generated from archived content: humour1_jun25_09.html Author: pp_hameed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here