താടി-പീഠന്യായം

“യുവറോണർ, അവിടത്തേക്കു തെറ്റുപറ്റി,” എന്നൊരു ഡയലോഗ്‌ ഏതെങ്കിലും കോടതി മുറിയിൽ ആരെങ്കിലും കേട്ടിട്ടുണ്ടോ? കേട്ടതായി പറഞ്ഞിട്ടുണ്ടോ, പറഞ്ഞതായി കേട്ടിട്ടുണ്ടോ… വല്ല കോമഡി സിനിമയിലും ധീരശൂരപരാക്രമിയും അതിപ്രതാപഗുണവാനുമായ സൂപ്പർ സ്‌റ്റാർ വെച്ചു കാച്ചിക്കാണും. അത്ര തന്നെ. അല്ലാതെ യാഥാർത്ഥ ജീവിതത്തിൽ സംഭവിച്ചിരിക്കില്ല, ഒറപ്പ്‌… കാരണമുണ്ട.​‍്‌ സമൂഹത്തിന്റെ നീതിബോധത്തിനും, ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും നേരെ കൊഞ്ഞനം കുത്തുന്ന വചനങ്ങൾ നീതിപീഠത്തിൽ നിന്നു കേട്ടാലും പൗരൻ കോട്ടലക്ഷ്യനിയമം എന്ന ഡെമൊക്ലീസ്‌ വാളിനു കീഴിൽ വായ പൊത്തി നിൽക്കുമ്പോൾ, അതേ നിയമത്തിന്റെ കുടക്കീഴിൽ ന്യായധിപന്മാർ സുരക്ഷിതരാണ്‌!…. പക്ഷെ ഈ അടുത്തിടെ ഒരു മംഗള സ്വനം കോടതിമുറിയിൽ നിന്നു കേട്ടു — സാദാ കോടതിയിൽ നിന്നല്ല. സാക്ഷാൽ പരമോന്നത നീതിപീഠത്തിൽ നിന്നു തന്നെ.

“അവറോണർക്കു തെറ്റു പറ്റിയിരിക്കുന്നു”

തങ്കലിപികളാൽ രേഖപ്പെടുത്തേണ്ടതാണ്‌ സംഭവം… സ്വർണ്ണവില കുതിച്ചുകയറുന്നതിനാൽ ഡിജിറ്റൽ ലിപികളിലാക്കാൻ ഈ ചരിത്രകാരൻ നിർബ്ബന്ധിതനായിരിക്കുന്നു. സംഗതിയുടെ കിടപ്പുവശം ഇങ്ങനെ–

കൃത്യമായി പറഞ്ഞാൽ, 2009 ജൂലൈ 6-ന്‌, ബഹുമാനപ്പെട്ട പരമോന്നത നീതിപീഠം (=ബെഞ്ചു​‍്‌ എന്നു മനസ്സിലാക്കുമല്ലോ). ചേമ്പറിൽ വച്ച്‌ (ശ്രദ്ധിക്കുക, കോടതിമുറിയല്ല) ഒരു ഉത്തരവു (വീണ്ടും, ശ്രദ്ധിക്കുക, വിധിയല്ല) പുറപ്പെടുവിക്കുന്നു. “പുനരവലോകനാഹർജി പരിഗണിക്കവെ നമ്മിൽ ഒരാൾ ഹർജിക്കാരനെതിരാണെന്ന ധാരണ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നു… ഈ കേസ്‌ മറ്റൊരു ബെഞ്ചു പരിഗണിക്കണമെന്നാണു ഞങ്ങളുടെ നിലപാട്‌… അതിനാൽ ഹരജി തള്ളിക്കൊണ്ടു ഞങ്ങൾ കഴിഞ്ഞ മാർച്ച്‌ മുപ്പതിനു പുറപ്പെടുവിച്ച ഉത്തരവു പിൻവലിക്കയും കേസ്‌ ബഹുമാനപ്പെട്ട, ചീഫ്‌ ജസ്‌റ്റീസിനു മുമ്പാകെ സമർപ്പിക്കുകയും ചെയ്യുന്നു. വിചാരണവേളയിൽ ഞങ്ങളിൽ ഒരാൾ ചില പരാമർശങ്ങൾ നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ (ജസ്‌റ്റീസ്‌ കാട്‌ജുവിന്റെ) പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല. ആരുടെയെങ്കിലും വികാരങ്ങളെ മുറിവേൽപ്പിച്ചു. എങ്കിൽ അദ്ദേഹം (അതായതു, ജസ്‌റ്റീസ്‌ കാട്‌ജു) മാപ്പു ചോദിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ഈ ബെഞ്ചിൽ ഉണ്ടായിരുന്നതു മറ്റൊരു ന്യായധിപൻ. ബഹുമാനപ്പെട്ട ജസ്‌റ്റീസ്‌ ആർ.വി.രവീന്ദ്രൻ. ‘ഞങ്ങൾ’ എന്ന ബഹുവചനവും‘ ബെഞ്ച്‌ എന്ന പ്രയോഗവും ന്യായീകരിക്കൻ കൂടെ ഇരുത്തപ്പെട്ട നിശ്ശബ്‌ദനും നിരപരാധിയുമായ അപരൻ. ജസ്‌റ്റീസ്‌ മാർക്കണ്ഡേയ കാട്‌ജുവിന്റെ വികാരങ്ങളെയോ വാദഗതികളെയോ കുമ്പസാരത്തെയോ പങ്കുപറ്റാത്ത നിശ്ശബ്‌ദസാന്നിദ്ധ്യം!. അവിടെ ഉദീരണം ചെയ്യപ്പെട്ട വചനങ്ങൾ വിധിയാണോ ഉത്തരവാണോ? എന്തുകൊണ്ടു കോടതിമുറിക്കു പകരം അകത്തളം ഈറ്റില്ലമായി? ആരുണ്ടിവിടെ ചോദിക്കാൻ? ബഹുമാനപ്പെട്ട കോടതിയും ന്യായധിപരും അപ്രമാദിത്വത്തിന്റെ അപ്പോസ്‌തലന്മാരല്ലേ?. തലനാരിഴയിൽ തൂങ്ങുകയല്ലേ ഡെമോക്ലിസിന്റെ….?

ഇവിടെയൊരു ഫ്‌ളാഷ്‌ബാക്‌ വേണ്ടിയിരിക്കുന്നു– കേസിനാസ്‌പദമായ സംഭവം, കക്ഷി, വിവാദപരാമർശം എന്നിവയെപ്പറ്റി…..

കൗമാരത്തിന്റെ രണ്ടാം പകുതിയിൽ ആൺകുട്ടികൾക്കു മുഖത്തും രോമം മുളച്ചുതുടങ്ങുമല്ലോ. അങ്ങനെ മുഹമ്മദ്‌ സലീമിന്റെ മുഖത്തും താടി മീശകൾ വളർന്നു. പയ്യൻ പഠിച്ചിരുന്ന നിർമല കോൺവെന്റ്‌ ഹയർ സെക്കണ്ടറി സ്‌കൂളധികൃതർക്കു അതത്ര പിടിച്ചില്ല. സ്‌ഥലം മദ്ധ്യപ്രദേശ്‌, പേരു മുഹമ്മദ്‌ സലീം, താടി മീശ!! വിടാൻ പറ്റുമോ? മതാചാരങ്ങൾ മുറുകെപ്പിടിക്കുന്ന ഇസ്ലാം മതവിശ്വാസികൾ പ്രവാചകന്റെ മാതൃകപിൻപറ്റുന്നതിൽ ശ്രദ്ധാലുക്കളാണ്‌. സലീം, ഓനേതാ മോൻ? വിട്ടില്ല…. അവനവന്റെ മതവിശ്വാസമനുസരിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു തരുന്നുണ്ടല്ലോ എന്ന നിലപാടിൽ ഉറച്ചു നിന്നു. സംഗതി പടിപടിയായി സുപ്രീം കോടതിയിലെത്തി. അപ്പീൽ ഹർജികേട്ട ബഹുമാനപ്പെട്ട ജസ്‌റ്റീസ്‌ മാർക്കണ്ഡേയ കാട്‌ജു കോടതിയിൽ വച്ചു എല്ലാവരും കേൾക്കെ തന്നെ പറഞ്ഞു. ” ഈ രാജ്യത്തു താലിബാൻ വേണ്ട… നാളെ ഒരു പെൺകുട്ടി വന്നു പറയും, അവൾക്കു പർദ്ദ ധരിക്കണമെന്ന്‌.. നമുക്ക്‌ അനുവദിക്കാൻ പറ്റ്വോ? ഞാൻ ഒരു മതേതര വാദിയാണ്‌. ഒരാളുടെ അവകാശങ്ങളും അയാളുടെ വ്യക്തിപരമായ വിശ്വാസങ്ങളും തമ്മിൽ സമതുലിതാവസ്‌ഥ പാലിക്കേണ്ടതുണ്ട്‌. മതേതരത്വത്തെ അങ്ങനെ വലിച്ചു നീട്ടാനുള്ളതല്ല….“ കൊടുത്തു ആഞ്ഞൊരു തള്ളു​‍്‌, സലീമിന്റെ അപ്പീലിനിട്ടു​‍്‌!!

ഈ വാക്കുകളാണ്‌ തിരുത്തലിനും ഖേദപ്രകടനത്തിനും മാപ്പു ചോദ്യത്തിനും കാരണമായതു​‍്‌. ഇതാകട്ടെ അഭൂതപൂർവവും അഭിനന്ദനാർഹവുമായ ഒരു നടപടിയാണെന്ന കാര്യവും പ്ലാറ്റിനം ലിപികളാൽ രേഖപ്പെടുത്തേണ്ടതാണ്‌.

പക്ഷെ, ഇതോടൊപ്പം അവഗണിക്കാനാവത്ത ചില സംഗതികൾ കൂടി ഓർമപ്പെടുത്തേണ്ടതുണ്ട്‌. ജസ്‌റ്റീസ്‌ കാട്‌ജുവിന്റെ വികലമായ മതേതര സങ്കൽപങ്ങളും അതിനു പിറവിനൽകിയ മനോഘടനയും മുൻ വിധികളും. ഉത്തരവാദപ്പെട്ട ഉന്നതസ്‌ഥാനീയരായ ന്യായധിപന്മാർക്കു ചേർന്നതാണോ? കോടതികളെസംബന്ധിച്ചു അവമതിപ്പുണ്ടാക്കുന്ന വാക്കുകളുടെ പേരിൽ സാധാരണപൗരനെ ശിക്ഷിക്കാമെങ്കിൽ എന്തു കൊണ്ടു സമാനവകുപ്പുകൾ ചേർത്തു ന്യായാധിപരേയും ശിക്ഷിച്ചുകൂടാ? താടി വെച്ചാൽ താലിബാൻ വരുമെങ്കിൽ നരേന്ദ്രമോഡിയും നികേഷ്‌ കുമാറും, മന്മോഹൻസിങ്ങും മൂന്നു സേനാവിഭാഗങ്ങളിലുള്ള സിഖ്‌ മതവിശ്വാസികളും ചേർന്നു ഇന്ത്യയെ എപ്പൊഴേ താലിബാൻ ആക്കിയേനെ. കുംഭമേളക്കു സുലഭമായിക്കാണുന്ന, താടി മീശ മാത്രം കൊണ്ടു നഗ്നത മറയ്‌ക്കുന്ന ദിഗംബരന്മാരേയും ഇതിൽ കൂട്ടാം. പർദ്ദയുടെ കാര്യമോ? എണ്ണമറ്റ കന്യാസ്‌ത്രീകളും സ്വാമിനിമാരും സാദ്ധ്വിമാരും ശരീരം മിക്കവാറും മറച്ചല്ലേ നടക്കുന്നത്‌​‍ു? പാകതയും പാണ്ഡിത്യവും നിക്ഷ്‌പക്ഷതയും പ്രതീക്ഷിക്കപ്പെടുന്ന മാത്രൃകാ സ്‌ഥാപനങ്ങളിൽ നിന്നും മേധാവികളിൽ നിന്നും കേൾക്കാൻ വയ്യാത്തതു കേൾക്കുമ്പോൾ എങ്ങനെ ചൊടിക്കാതിരിക്കും?

സലീമിന്റെ താടി രക്ഷപ്പെടുമോ എന്ന കാര്യം ന്യായപീഠം ഇനിയും പരിഗണിക്കാനിരിക്കുന്നതേയുള്ളൂ.

സുപ്രധാനമായ ആ ”താടി-പീഠന്യായവിധി“ക്കുവേണ്ടി നമുക്കു കാത്തിരിക്കാം.

Generated from archived content: humour1_aug10_09.html Author: pp_hameed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English