നന്മകൾ പൂക്കുന്നു കാക്കിക്കുള്ളിലും!

സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെയോ സംവിധാനത്തെയോ പറ്റി നല്ല ഏതാനും വാക്കുകൾ കുറിക്കാൻ അവസരം കിട്ടുന്നത്‌ വളരെ അപൂർവ്വം, ഇക്കാലത്ത്‌. ഭർത്സനങ്ങളും ശാപവാക്കുകളും തലങ്ങും വിലങ്ങും വാരിയെറിയാൻ അവസരങ്ങൾ സുലഭമാണ്‌ താനും. ഈ രണ്ടാമതുപറഞ്ഞ വിഭാഗത്തിലാണ്‌ പോലീസിന്‌ സ്‌ഥാനം. തെരുവിൽ തൂക്കിയിട്ട ചെണ്ട തന്നെ. ആർക്കും ഒന്നു കൊട്ടാതെ കടന്നു പോകാനാവില്ല. പലവിധ നിഷ്‌ഠൂര കൃത്യങ്ങളിലൂടെ, നിഷ്‌ക്രിയതയിലൂടെ, ആ ജനസേവനവിഭാഗം സമൂഹത്തിൽ സൃഷ്‌ടിച്ചിട്ടുള്ള പ്രതിച്ഛായ അത്രയ്‌ക്കു കളങ്കപൂരിതമാണ്‌. കുറ്റവാളികളും പോലീസും, രാഷ്‌ട്രീയക്കാരും പോലീസും ഇങ്ങനെ പല കൂട്ടുകെട്ടുകൾ കുപ്രസിദ്ധമായ ഒട്ടേറെ കൂട്ടുകച്ചവടങ്ങൾക്കും അക്രമപങ്കാളിത്തങ്ങൾക്കും വേദിയൊരുക്കിയിട്ടുണ്ട്‌. സ്‌ത്രീകളുടെ കഴുത്തിൽ നിന്ന്‌ പട്ടാപ്പകൽ മാല പിടിച്ചു പൊട്ടിച്ചു മോട്ടോർബൈക്കിൽ കടന്നു കളയുന്ന സാമൂഹ്യവിരുദ്ധന്മാരും പോലീസ്‌ ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള ഐക്യവും സഹകരണവും എല്ലാ മറയും നീക്കി പുറത്തു വന്നത്‌ കൊല്ലത്താണ്‌. മഞ്ഞുമലയുടെ ഒരു തുമ്പ്‌ മാത്രമേ മാധ്യമ ശ്രദ്ധയിൽ പൊട്ടിട്ടുള്ളു എന്നനുമാനിച്ചാലും തെറ്റില്ല. ഈ സാഹചര്യങ്ങളിലാണ്‌ ചില ചില വെള്ളി രേഖകൾ കൂടി പൊതുജനശദ്ധയിൽ വന്നിട്ടുളളത്‌. തൃശൂരിലെ ഒരു വനിതാ കോൺസ്‌റ്റബിൾ കൈത്തണ്ടയിലെ സ്വർണ്ണവളയൂരി നൽകി ഒരു നിർദ്ധനകുടുംബത്തിന്റെ ആശുപത്രി ബില്ല്‌ കൊടുത്ത്‌ തീർത്തത്‌ ഓർമ്മിക്കുക. ഒറ്റപ്പെട്ടെതെങ്കിലും നല്ല കാര്യം, അഭിനന്ദിക്കപ്പെടേണ്ടതുതന്നെ. വേറെ ഏതവസ്ഥയിലുള്ള ഏതൊരു മനുഷ്യപ്പറ്റുള്ളവരും ചെയ്യുമായിരുന്ന ഒരു കാര്യമാണ്‌ ആ വനിത ചെയ്‌തത്‌. പക്ഷേ വനിത ഒരു പോലീസ്‌ കാരിയായതുകൊണ്ട്‌ വാർത്താ പ്രാധാന്യം കൈവന്നു. അസാധാരണമായത്‌. അപ്രതീക്ഷിതമായത്‌ എന്തോ നടന്നെന്ന്‌ മാദ്ധ്യമങ്ങൾ കണ്ടെത്തി. വാർത്തകൾ പരന്നു അഭിനന്ദനങ്ങളും പൂച്ചെണ്ടുകളും അംഗീകാരങ്ങളും പിന്നാലെയെത്തി. നല്ലകാര്യം. നന്മയെ നന്മയെന്ന്‌ വിളിച്ചുപറയാനും അംഗീകരിക്കാനും മുന്നോട്ടു വരുന്നതും നന്മയുടെ മറ്റൊരു പ്രകാശമുള്ള മുഖം തന്നെ.

വളരെയധികം സാമൂഹ്യപ്രസക്തിയുള്ള ഒരു ശുഭവാർത്ത സൃഷ്‌ടിച്ചിരിക്കുന്നു. കാക്കിക്കുള്ളിലെ സുമനസ്സുകൾ. രോഗവിമുക്തിയെപ്പറ്റി ഒരു പ്രതീക്ഷയുമില്ലാതെ തീവ്രമായ വേദനകൊണ്ട്‌ പുളയുന്ന സഹോദരങ്ങൾ നമ്മുടെ പരിസരങ്ങളിലും കാണുമല്ലേ. അത്തരം ഹതഭാഗ്യരുടെ വേദന ശമിപ്പിക്കാനും മനസ്സിനും ശരീരത്തിനും സഹനക്ഷമതയും ആത്മവിശ്വാസവും നൽകുന്നതിനും ഉദ്ദേശിക്കപ്പെട്ടിട്ടുള്ള സേവന രംഗമാണ്‌ പാലിയേറ്റീവ്‌ കെയർ. ഒട്ടൊക്കെ വിദഗ്‌ദ്ധപരിശീലനം ലഭിച്ചാൽ കാര്യക്ഷമതയോടെ ഈ രംഗത്ത്‌ ആശ്വാസം പകരാൻ ഏതൊരാൾക്കും കഴിയും. അതിനുള്ള സന്മനസ്സും സന്നദ്ധതയുമുണ്ടെങ്കിൽ. ഈ രംഗത്ത്‌ ആദ്യമായി സ്‌ഥാപിക്കപ്പെട്ട സ്‌ഥാപനമാണ്‌ ശ്രീ. സുരേഷ്‌കുമാർ ഡയറക്‌ടറായുള്ള കോഴിക്കോട്ടെ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പാലിയേറ്റിവ്‌ മെഡിസിൻ. പോലീസ്‌ സേനയിലെ സന്നദ്ധസേവകരെക്കൂടി സാന്ത്വന ചികിത്സാരംഗത്തേക്ക്‌ ആകർഷിക്കുകയെന്നത്‌ ശ്രീ സുരേഷ്‌കുമാറിന്റെ ആശയമായിരുന്നു. പോലീസ്‌ സേനയിലെ ചിലർക്ക്‌ ഈ രംഗത്ത്‌ പരിശീലനം നൽകുന്ന പരിപാടിക്ക്‌ തുടക്കം കുറുച്ചത്‌ 2008 നവംബർ 3,4 തിയതികളിൽ മലപ്പുറത്തുവച്ചാണ്‌. ഡി.വൈ.എസ്‌.പി. സർക്കിൾ, സബ്‌ ഇൻസ്‌പെക്‌ടർ റാങ്കുകളിൽ പെട്ടവരുൾപ്പെട്ട അറുപതു സേനാംഗങ്ങളാണ്‌ പരിശീലനം നേടിയത്‌. പിന്നീട്‌ പാലക്കാട്ടെ മുട്ടിക്കുളങ്ങരയിലെയും, കണ്ണൂർ കല്ല്യാശ്ശേരിയിലെയും സായുധ പോലീസ്‌ ക്യാമ്പുകളിൽ പരിശീന കളരികൾ നടത്തുകയുണ്ടായി. എറണാകുളം റൂറൽ എസ്‌.പി. പി. വിജയൻ, മുൻ കെ.എ.പി. കമാന്റും ഇപ്പോൾ ക്രൈംബ്രാഞ്ച്‌ എസ്‌.പി.യുമായ ടി.എം.അബൂബക്കർ, ഐ.ജി. ശ്രീമതി സന്ധ്യ എന്നീ ഉയർന്ന പോലീസ്‌ദ്യോഗസ്ഥർ ഈ രംഗത്ത്‌ സഹകരണമാണ്‌ നൽകിക്കൊണ്ടിരിക്കുന്നത്‌. കോഴിക്കോട്ടെ പാലിയേറ്റീവ്‌ സൊസൈറ്റി പ്രസിഡന്റ്‌ എം. സൈനുദ്ദീന്റെ നേതൃത്വത്തിൽ കൂടുതൽ സന്നദ്ധസേവകരെ ഈ മനുഷ്യസ്‌നേഹ പ്രവർത്തനത്തിന്‌ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഓരോ പോലീസ്‌ സ്‌റ്റേഷനിലും രണ്ടു പോലീസ്‌കാരെങ്കിലും പരിശീലനം നേടിയവരായിരിക്കുകയെന്നതാണ്‌ ലക്ഷ്യം. ഒരു ബീറ്റ്‌ ഓഫീസറുടെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ സാന്ത്വനസ്‌പർശവുമായി വേദനിക്കുന്നവന്റെ വസതിയിൽ ഓടിയെത്തുന്ന ആ പോലീസുകാരനെ സങ്കൽപ്പിച്ചുനോക്കു. ഒരു നല്ല പൊതുജന സേവകൻ കരളലിവുള്ള ഒരു മനുഷ്യസ്‌നേഹി കൂടിയാവുക. സ്വർണ്ണത്തിന്‌ കാഞ്ചന പ്രഭമാത്രമല്ല ഹൃദ്യമായ സുഗന്ധവും.!

Generated from archived content: essay1_dec16_08.html Author: pp_hameed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here