സഹോദരനയ്യപ്പന്റെ പദ്യകൃതികൾ

സഹോദരൻ അയ്യപ്പന്റെ സേവനങ്ങളെ പരിഗണിക്കുമ്പോൾ, കവിയെന്ന നിലയിലായിരിക്കുകയില്ല മുഖ്യമായും അദ്ദേഹം വിലയിരുത്തപ്പെടുക എന്നത്‌ ഏവരും അംഗീകരിക്കുന്ന സത്യമാണ്‌. കവിയേക്കാൾ ശ്രേഷ്‌ഠവും ശ്രദ്ധേയവുമായ വ്യക്തിത്വഘടകങ്ങൾ പലതും അദ്ദേഹത്തിലുണ്ടായിരുന്നുവല്ലോ. കവിതയിൽമാത്രം ഉറച്ചുനിന്നിരുന്നെങ്കിൽ, അഥവാ ഒരു കവിയായിത്തീരണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നെങ്കിൽ മലയാളത്തിലെ പ്രമുഖ കവികളിൽ ഒരാളായിത്തീരുമായിരുന്നു അദ്ദേഹം. ‘പദ്യകൃതി’കളിലെ പല കവിതകളും ഇക്കാര്യത്തിന്‌ വ്യക്തമായ തെളിവുകളാണ്‌. പക്ഷേ, താൻ ജനിച്ച കാലഘട്ടം മനുഷ്യരെ ഒന്നായി കാണാൻ കഴിയാത്ത കാട്ടാള മനഃസ്ഥിതിയുടെ ഭീകരമായ സാമൂഹികസാഹചര്യത്തിന്റേതായിരുന്നു എന്നതിനാൽ, അതിനെതിരെ യുദ്ധം പ്രഖ്യാപിച്ച സഹോദരന്‌ കവിയായിമാത്രം അടങ്ങിയിരിക്കുവാനാവുമായിരുന്നില്ല. അതുകൊണ്ട്‌ അദ്ദേഹം യുക്തിവാദി, സോഷ്യലിസ്‌റ്റ്‌, പത്രപ്രവർത്തകൻ, രാഷ്‌ട്രീയപ്രവർത്തകൻ, സാഹിത്യകാരൻ, നിയമസഭാസാമാജികൻ, ഭരണകർത്താവ്‌-തുടങ്ങിയ പല നിലകളിലും തന്റെ സേവനം വ്യാപിപ്പിച്ചു. ഈ പ്രവർത്തനങ്ങൾ കേരള ചരിത്രത്തിന്റെ തന്നെ ഭാഗമായിത്തീർന്നിട്ടുളളതിനാൽ അതിനെക്കുറിച്ച്‌ കൂടുതൽ പറയേണ്ടതില്ല. തനിക്കുചുറ്റും നടന്നുകൊണ്ടിരുന്ന സാമൂഹികമായ അനീതികൾക്കെതിരെ, സ്വായത്തമായ എല്ലാ ആയുധങ്ങളുമെടുത്ത്‌ അദ്ദേഹം പോരാടി. അത്തരം ആയുധങ്ങളിൽ ഒന്നുമാത്രമായിരുന്നു അദ്ദേഹത്തിനു കവിത.

1917 മുതൽ 1940 വരെയുളള, കാൽനൂറ്റാണ്ടോളം വരുന്ന കാലഘട്ടത്തിൽ പലപ്പോഴായി എഴുതിയ കവിതകളാണ്‌ ഇവയിൽ ബഹുഭൂരിപക്ഷവും. പ്രസ്‌തുതകാലഘട്ടത്തിൽ കവി ഉദ്ദേശിച്ച ജനവിഭാഗത്തിൽപ്പെട്ട ഭൂരിഭാഗംപേരുടെയും ‘ഹൃദയത്തെ സ്‌പർശിക്കുകയും ചിന്തയെ ഉദ്ദീപിപ്പിക്കുകയും’ ചെയ്‌തു ഇക്കവിതകൾ എന്ന ചരിത്രസത്യം, കവിയുടെ ലക്ഷ്യം സഫലമായി എന്ന വസ്‌തുതയും വിളിച്ചോതുന്നു.

ധർമ്മബോധം, സ്വാതന്ത്ര്യബോധം, സംഘടനാബോധം, അവകാശബോധം-ഇവയെ സ്‌പർശിച്ചുകൊണ്ട്‌, യുക്തിയുടെ ഉരകല്ലിലുരച്ച്‌, സ്‌നേഹത്തിന്റെ മാധുര്യത്തിൽ ചാലിച്ച്‌ സമ്പുഷ്‌ടമാക്കിയ ആശയസൗരഭ്യം, പ്രത്യക്ഷമോ, പരോക്ഷമോ ആയ അനുഭവമായി സഹോദരന്റെ എല്ലാ കവിതയിലും നിറഞ്ഞുനിൽക്കുന്നു.

1110 ലും (1934) 1123ലും (1947) ശാരദാ ബുക്കു ഡിപ്പോ ഇറക്കിയ പദ്യകൃതികളുടെ പതിപ്പുകളിൽനിന്നും ഉളളടക്കത്തിന്റെ കാര്യത്തിൽ, 1981-ൽ ഡി.സി. ബുക്‌സ്‌ ഇറക്കിയ പതിപ്പിന്‌ ചില വ്യത്യാസങ്ങളുണ്ട്‌. ആദ്യ പതിപ്പുകളിൽ ചേർത്തിരുന്ന അഞ്ചു കവിതകൾ (ഒരു കാഴ്‌ച, പരിവർത്തനം, ലോനന്റെ ചരമം, സ്വാഗതം, സഹോദരിക്കുറത്തി) ഡി.സി.പതിപ്പിൽ ഒഴിവാക്കി. പകരം ആദ്യപതിപ്പുകളിലില്ലാതിരുന്ന നാലു കവിതകൾ (ജാതി ചികിത്സാസംഗ്രഹം, ഒറ്റമൂലികൾ, ഗുഹയുടെ കഥ, മിശ്രം) പുതുതായി ഉൾപ്പെടുത്തുകയും ചെയ്‌തു. ചരമകാണ്ഡം ഒഴിവാക്കി അതിലെ ‘ചരമഗാനം’ എന്ന വിശ്രുതമായ കവിത മാത്രമെടുത്ത്‌ സങ്കീർണ്ണകാണ്ഡത്തിൽ ചേർത്തു.

ഡി.സി. പതിപ്പിൽ വിട്ടുകളഞ്ഞ അഞ്ചു കവിതകളും പുതുതായി ചേർത്ത നാലു കവിതകളും ഈ സമാഹാരത്തിൽ ചേർത്തിട്ടുണ്ട്‌. മാത്രമല്ല, “മിശ്രവിവാഹബുളളറ്റി”നിൽ 1960 മേയ്‌മാസലക്കത്തിലെഴുതിയ ‘മിശ്രവിവാഹ ഗാനം’, 1961 മാർച്ച്‌ ലക്കത്തിലെഴുതിയ ‘ആശംസ’-എന്നീ കവിതകളും നാമകരണം ചെയ്യപ്പെടാത്ത ഒരു ചെറുകവിതയും കൂടുതലായി ചേർത്തിട്ടുമുണ്ട്‌.

ഇത്‌ സഹോദരനയ്യപ്പന്റെ പദ്യകൃതികളുടെ ആദ്യത്തെ അക്കാദമി പതിപ്പാണ്‌. ആവശ്യമായ ഭേദഗതികളോടെ പുനഃസംവിധാനം ചെയ്‌ത്‌ ഇതിന്‌ അവതാരിക എഴുതിയിരിക്കുന്നത്‌ ശ്രീ. പൂയപ്പിളളി തങ്കപ്പനാണ്‌.

Generated from archived content: book_sayyappan.html Author: pooyapilli_thankappan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപാത്ത
Next articleരതി വിജ്ഞാനകോശം
എറണാകുളം ജില്ലയിലെ പൂയപ്പിളളി ഗ്രാമത്തിൽ ജനിച്ചു. വിദ്യാഭ്യാസം - ബി.എ. ബി.എഡ്‌. 32 വർഷം അദ്ധ്യാപകനായി സേവനമനുഷ്‌ഠിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെഴുതുന്നു.4 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.ഗുരുദക്ഷിണ (കവിതകൾ), കുമാരനാശാനും സഹോദരൻ അയ്യപ്പനും സാമൂഹിക വിപ്ലവവും (പഠനം - എഡിറ്റർ), സഹോദരൻ അയ്യപ്പൻ വിപ്ലവങ്ങളുടെ മാർഗ്ഗദർശി (പഠനം), മുത്തശ്ശിപറഞ്ഞകഥകൾ (ബാലസാഹിത്യം). പുരോഗമനകലാസാഹിത്യസംഘം സംസ്ഥാനക്കമ്മറ്റിയംഗം, സഹോദരൻ അയ്യപ്പൻ സ്മാരകക്കമ്മറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here