ഗൗതമാ!
ഇതുവറുതിയുടെ കാലം
മനസ്സിൽ ഉഷ്ണപ്പൂവുകൾ പൂക്കും കാലം
വരണ്ട തൊണ്ടയിൽ, കരിഞ്ഞ കുന്നിന്റെ
സ്വപ്നാവശിഷ്ടം മാത്രം.
പ്രത്യാശവൃക്ഷച്ചുവട്ടിലൊരു
നൊമ്പരക്കണ്ണുമായ്
വന്ധ്യപ്രാർത്ഥനയുടെ പ്രത്യുപകാരമായ
മൃതശീതം ഒലിച്ചിറങ്ങുന്നതും കാത്ത്
മനസ്സിൽ പൊന്ത വളരുകയാണ്.
ഗൗതമാ!
ദൂരെയൊരു നഗ്നമനുഷ്യൻ
വാരിയെല്ലാൽ വന്ധ്യതാ ദൂരമളന്നും
തുലാസിൽ തൂങ്ങും, ഇരുണ്ട പ്രവചന
ഭ്രമകല്പനയാൽ കരിഞ്ഞ മനസ്സുമായ്
ബോധിവൃക്ഷച്ചുവട്ടിൽ
ബോധമറ്റുറങ്ങുന്നു.
ഗൗതമാ!
പ്രാർത്ഥനാജലം മോന്തിമടുത്ത
പ്രജ്ഞയറ്റ അന്നനാളങ്ങൾ നീ കാൺക.
കണ്ണീരുറഞ്ഞ്, കാഴ്‌ചമങ്ങാത്ത
നിന്റെ കണ്ണുകൾ മടുപ്പുളവാക്കുന്നുവോ?
ജലസ്പർശവേഗത്തിൽ തളരുന്ന
ദേഹത്തുനിന്നുമൊരു പിറവിപ്പൂവ്
നീ പിഴുതെടുക്കുക.
കപിലവസ്തുവിലെത്തുന്നതിൻമുൻപ്
മൃതിതൈലം പുരട്ടിയ ദുഃഖവസ്‌ത്രങ്ങൾ
നീ കരുതുക.
ഗൗതമാ! ഇനി വറുതിയുടെ കാലം
കരുതിയിരിക്കുക.
കരുതി ഉറങ്ങാതെയിരിക്കുക.
Generated from archived content: poem_april24.html Author: poochakkal_lal