മലയാള ചലചിത്ര ഗാനരംഗത്ത് വയലാര്‍ സൃഷ്ടിച്ച മധുര വസന്തം.

നട്ടുച്ചക്ക് അണഞ്ഞുപോയ സൂര്യനേപ്പോലെയാണ് വയലാര്‍ രാമവര്‍മ എന്ന കവി മണ്മമറഞ്ഞത്. പാടാന്‍ കൊതിച്ച ഗാനങ്ങള്‍ മലയാളികള്‍‍ക്ക് നല്‍കിക്കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞത്. നാമൊക്കെ പോയാലും ഇവിടെ ജീവിക്കേണ്ട ഒരാള്‍ എന്ന് സങ്കടത്തോടെ മലയാളികള്‍ ഒന്നടങ്കം മനസ്സില്‍ ആശിച്ചു പോയ ഒരു ദിവസമായിരുന്നു 1975 ഒക്ടോബര്‍ 27 . മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും വയലാര്‍ അഥവാ രാമവര്‍മ്മ എന്ന നാലക്ഷരങ്ങളില്‍ മലയാളത്തിന്റെ ആത്മാവ് തുളുമ്പി തുടിച്ചു നില്‍ക്കുകയാണ്

അറുപതുകളിലും എഴുപതുകളിലും ബാല്യം കൗമാരം യൗവനങ്ങള്‍ പിന്നിട്ട തലമുറകള്‍ തങ്ങളുടെ ഗൃഹാതുര സ്മരണകള്‍ സൃഷ്ടിക്കുന്ന രത്നപേടകങ്ങളായിരുന്നു ആ കവിതകളും ഗാനങ്ങളും. പാരിജാതം തിരുമിഴി തുറക്കുമ്പോഴും ശങ്കുപുഷ്പം കണ്ണെഴുതുമ്പോഴും ആ കാല ഘട്ടത്തിലൂടെ കടന്നു പോകുന്നവരുടെ മനസ്സില്‍ വിടരുന്നത് മാസ്മര വസന്തമാണ്. അദ്ദേഹം ചലചിത്രഗാനരംഗത്തേക്ക് കടന്നു വന്നപ്പോള്‍ മലയാളത്തിന് ഒരു കവി നഷ്ടപ്പെട്ടല്ലോ എന്ന ആശങ്കയാണ് എല്ലാവരിലും ഉളവാക്കിയത്. എന്നാല്‍ അതുല്യ ഗാനരചയിതാവായി മാറുകയും കവിതയ്ക്കു നഷ്ടപ്പെട്ടതെന്തോ അത് ഗാനത്തിന് നേട്ടമായി തീരുകയും ചെയ്തു. അങ്ങനെ അദ്ദേഹം ഗാനങ്ങളെ കവിതകളാക്കി മാറ്റി.

കവി ജനിക്കുകയെന്നാണ് പറയുന്നത്. കവിയുടെ ആത്മ മുരളിയാണ് അയാളുടെ കവിത എന്നു പറയാറുണ്ട്. ശ്രീ ശങ്കരാചാര്യരുടെ സൗന്ദര്യലഹരി എന്ന കൃതിയില്‍ മനുഷ്യന്റെ മനസ്സിനെപറ്റി പറയുന്നുണ്ട്. ബോധമനസ്സ്, അബോധമനസ്സ്, ഉപബോധമനസ്സ്, കാവ്യമനസ്സ് എന്നിങ്ങനെ മനസ്സിന്റെ സൃഷ്ടിയാണ് കവിതയെങ്കില്‍ വയലാറിന്റേത് ഒരു കാവ്യ മനസ്സു തന്നെയാണ്. അദ്ദേഹത്തിന്റെ ഭാവനയില്‍ പുലരികള്‍‍ക്ക് രത്നക്കല്ലുകളുടെ മനോഹാരിതയായിരുന്നു. പുലര്‍ വെയിലിന് ഒലിവ്കനിയുടെ എണ്ണത്തിളക്കമായിരുന്നു. അന്തികള്‍‍ക്ക് മാതളപ്പഴങ്ങളുടെ ശോഭയായിരുന്നു. ഇന്നത്തെ ചലചിത്രഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഓക്കാനം വരുമെന്നു മാത്രമല്ല. അരോചകവുമാണ്. സിനിമാറ്റിക് ഡാന്‍സ് എന്നു പറയുന്ന ഗോഷ്ടി സിനിമയിലെ നൃത്ത രംഗങ്ങള്‍ കൈയടക്കി ഒരു തരം നൃത്താഭാസങ്ങള്‍ ആ രംഗങ്ങളില്‍ കുത്തിമറിഞ്ഞു കൊണ്ടിരിക്കുന്നുവെന്ന് പ്രസിദ്ധ നര്‍ത്തകി മൃണാളിനി സാരാഭായി പരിതപിച്ചതു പോലെ സാമാന്യ ജനങ്ങളായ പ്രേക്ഷകരുടെ ഗാനാസ്വാദന ശക്തിയില്‍ മായം ചേര്‍ക്കുന്ന സിനിമാ ഗാനങ്ങള്‍ അപലപിക്കപ്പെടാതിരിക്കരുത്. അതുകൊണ്ടാണ് ഇപ്പോഴത്ത് പാട്ടുകള്‍ വൃശ്ചിക നിലാവുപോലെ പെട്ടന്ന് ആകര്‍ഷിക്കുകയും പെട്ടന്ന് വിസ്മൃതിയിലാവുകയും ചെയ്യുന്നത്. സിനിമാശാലകളില്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍‍ കേട്ട് കോരിത്തരിച്ച് കാണികള്‍ മടങ്ങി പോകുമ്പോള്‍ അവരറിയാതെ കൂടെ കൊണ്ടുപോയ സ്വത്തായിരുന്നു വയലാറിന്റെ ഗാനങ്ങള്‍. ജീവിതത്തിന്റെ ചിന്തയും ഭാവനയും ലയിച്ച് പ്രമേയങ്ങളിലൂടെയും ശക്തിയും സൗന്ദര്യവും ചേര്‍ന്ന വാക്കുകളിലൂടെയും അക്ഷരങ്ങളായി കടലാസിലേക്ക് ഉതിര്‍ന്നു വീണപ്പോള്‍ ആ പാട്ടുകള്‍ക്ക് ആമ്പല്‍ പൊയ്കയുടെ സ്വാഛന്ദ്യവും പത്മതീര്‍ഥത്തിന്റെ പവിത്രതയും മുന്തിരിപ്പഴങ്ങളുടെ ലഹരി നിറഞ്ഞ സുഗന്ധവും അത്തിപ്പഴങ്ങളുടെ തേന്മണവും മദ്ധ്യാഹ്ന സൂര്യന്റെ തിളക്കവും സായം കാലത്തിന്റെ വര്‍ണ്ണ വൈവിദ്ധ്യവും ഉണ്ടായിരുന്നു.

ഒരു പേനക്കു വേണ്ടി ഡോക്ടറും രോഗിയും തമ്മില്‍ യുദ്ധം നടത്തിയ കഥ വൈദ്യശാസ്ത്രത്തിലുണ്ട്. ഡോക്ടറുടെ പോക്കറ്റില്‍ നിന്ന് രോഗി മോഷ്ടിച്ച പേന ഡോക്ടര്‍ക്ക് വെറും പേന മാത്രമായിരുന്നില്ല. കാമുകി നല്‍കിയ പേനയോട് ഡോക്ടര്‍ക്ക് വൈകാരിക ബന്ധമുണ്ടായിരുന്നു. അത് രോഗി തട്ടിക്കൊണ്ടുപോയാല്‍ തന്റെ കാമുകിയെ തട്ടിക്കൊണ്ടു പോകുന്നതിനു തുല്യമാണ് . ഒരു പദാര്‍ഥത്തിന്റെ അര്‍ഥം അതില്‍ അടങ്ങിയിരിക്കുന്ന വൈകാരിക ഭാവമാണ്. കഥയുടെ സന്ദര്‍ഭത്തിനനുസരിച്ച് കഥാപാത്രങ്ങളുടെ വൈകാരികഭാവം ഒട്ടും ചോര്‍ന്നു പോകാതെ ഗാനങ്ങള്‍ രചിക്കാനുള്ള വയലാറിന്റെ അനിതരസാധാരണമായ രചനാവൈഭവം ഒന്നു വേറെ തന്നെയാണ്. കേരളത്തിലെ ഈ കാലഘട്ടത്തിലെ ചരിത്രവും മനസ്സും ആവിഷ്ക്കരിച്ചിരിക്കുന്ന ചലച്ചിത്ര ഗാനങ്ങള്‍ ഇന്നും ശര്‍ക്കരപന്തലില്‍ തേന്മഴ പോലെ ഒരിക്കലും നമ്മുടെ സ്മൃതിപഥത്തില്‍ നിന്ന് മാഞ്ഞു പോകുന്നില്ല.

കേരളത്തിന്റെ വിപ്ലവ പ്രസ്ഥാനം വയലാറിനോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ സ്മരിക്കുന്നതിന് പല കവിതകളും ഗാനങ്ങളും കാരണഭൂതമായിട്ടുണ്ട്. നീലക്കണ്ണുകള്‍ എന്ന ചിത്രത്തിനു വേണ്ടി അദ്ദേഹം എഴുതിയ

‘’ മരിക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ല

കരയാന്‍ ഞങ്ങള്‍ക്കു മനസ്സില്ല

മുതലാളിത്തമേ നിന്‍ മുന്നില്‍ ഇനി

മുട്ടുമടക്കാന്‍ മനസ്സില്ല’‘

എന്ന ഈ ഗാനം തൊഴിലാളി വര്‍ഗ്ഗത്തിന് എന്നു ആവേശം പകരുന്നതാണ്.

ദൈവവിശ്വാസത്തേക്കാള്‍ മതവിശ്വാസികളും അവരേക്കാള്‍ ഏറെ ദൈവവിശ്വാസികളും മതസൗഹാര്‍ദ്ദത്തേക്കാള്‍ മതമാത്സര്യവും കൊടികുത്തിവാഴുന്ന നാട്ടില്‍ അച്ഛനും ബാപ്പയും എന്ന ചിത്രത്തിനുവേണ്ടി വയലാര്‍ എഴുതിയ ഗാനം എത്ര അര്‍ത്ഥവത്താണ്.

‘’ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു

മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു

മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി

മണ്ണൂപങ്കു വച്ചു’‘

അശ്വമേധം എന്ന നാടകത്തിനുവേണ്ടി എഴുതിയ കണ്മുന്നില്‍ വന്നു ചിരിക്കും

‘’കാണാതെ വന്നു കഴുത്തു ഞെരിക്കും

മാന്യത നടിച്ചു നടക്കും നിങ്ങള്‍

മനുഷ്യരാണെന്നാരു പറഞ്ഞു.’‘

ഈ കാലഘട്ടത്തിലെ ദ്വന്ദ്വമുഖമുള്ളവരുടെ കാപട്യത്തെ വരച്ചു കാട്ടുകയാണ് കവി.

അനാഥ കുഞ്ഞുങ്ങളെ ഏറ്റുവാ‍ങ്ങാന്‍ അമ്മത്തൊട്ടില്‍ ഒരുക്കിയിരിക്കുന്ന ഇക്കാലത്ത് പട്ടിണിമൂലം ജീവിക്കാന്‍ വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ ചന്തയില്‍ വിറ്റിരുന്ന ആ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുകയാണ് താഴെ കുറിക്കുന്ന ഈ വരികള്‍

‘’നാലണക്കൊരു പിഞ്ചുകുഞ്ഞിനെ

നാണിവിറ്റതാണിന്നലെ

ആറണയ്ക്കിനി നിന്റെ പെണ്ണിനെ

യാരുവാങ്ങുമീ ചന്തയില്‍

നാഴിനെല്ലിനും, രണ്ടു കാശിനും

നാലുകീറ തുണിക്കുമായ്

കുഞ്ഞുമക്കളെ വില്‍ക്കുകയാണീ

നെഞ്ചു നീറുന്നോരമ്മമാര്‍

നാലുമാസം തികഞ്ഞ കുഞ്ഞിന്

നാലണയോ സഹോദരാ’‘

പെയ്യുന്ന മഴയിലും ഒഴുകുന്ന നദിയിലും വീശുന്ന കാറ്റിലും പക്ഷികളുടെ ശബ്ദത്തിലും മനുഷ്യന്‍ ആനന്ദം പകരുന്ന എന്തോ സവിശേഷതകളുണ്ടെന്ന് ഭാവന തോന്നിയതുകൊണ്ടാകാം കാറ്റിനേപ്പോലും പൂങ്കാറ്റായും കൊതിച്ചിക്കാറ്റായും നുണച്ചിക്കാറ്റായും നീര്‍മണിക്കാറ്റായും പ്രായവും മോഹവും ദാഹവുമായി പൊന്മുടിപ്പുഴയെ ഉപമിക്കാനും നാടും നഗരവും കാണാത്ത നാടന്‍ പെണ്ണു കുളിരും കൊണ്ടു കുണുങ്ങി നടക്കുന്നതായി പെരിയാറിനെ കാണാനും ആയിരം പാദസരങ്ങള്‍ കിലുക്കിയാണ് ആലുവാപ്പുഴയൊഴുകുന്നെതെന്നും നദിയുടേയും പുഴയുടേയും ഹൃദയത്തുടിപ്പുകള്‍ തൊട്ടറിഞ്ഞ ഒരു കവിക്കു മാത്രമേ ഇത്രയും ഉദാത്തമായി എഴുതാന്‍ കഴിയുകയുള്ളു.

വയലാര്‍ തന്റെ അമ്മയ്ക്കു വേണ്ടി സമര്‍പ്പിച്ച ഒരു കവിതയായിരുന്നു

‘’അമ്മേ – അമ്മേ

അവിടുത്തെ മുന്നില്‍

ഞാനാര് ദൈവമാര്.’‘

ഒരിക്കല്‍ പ്രസിദ്ധ ഗായകന്‍ അയിരൂര്‍ സദാശിവനെ വീട്ടില്‍ വിളിച്ചുകൊണ്ടുപോയി അമ്മയുടെ മുന്നിലിരുന്ന് വയലാര്‍ പാടിക്കുകയുണ്ടായി. സ്ത്രീയെ മാംസപിണ്ഡമായും കാമഭോജ്യമായും മാത്രം കണക്കാക്കുന്ന ചപലവും വികലവുമായ വര്‍ത്തമാന കാലത്തിന്റെ മൂല്യവ്യവസ്ഥയെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഈ കവിത. പിന്നീട് ചായം എന്ന ചിത്രത്തിനുവേണ്ടി എടുത്തു ചേര്‍ക്കുകയായിരുന്നു.

മനസ്സിന് സമുക്തഭാവന പകരുന്ന ഗീതമാണ് സംഗീതം. കേള്‍ക്കുന്നവര്‍ക്ക് ശ്രവണസുഖവും മനസ്സില്‍ സന്തോഷവും ജനിക്കുന്ന വിധത്തില്‍ പാടാന്‍ ഉതകുന്നതെന്തോ അതിനെയാണല്ലോ സംഗീതമെന്നു പറയുന്നത്. കണ്ണിര്‍ തുള്ളിയെ മഴമുത്താക്കുന്ന , വേദനയെ വേദാന്തമാക്കുന്ന , സ്നേഹത്തെ ആഘോഷമാക്കുന്ന , പ്രണയത്തെ പ്രതീക്ഷയാക്കുന്ന , ഓര്‍മ്മകളെ നക്ഷത്രമാക്കുന്ന ഹൃദയത്തിന്റെ ഭാഷയായ സംഗീതത്തെ ആസ്വാദകന്റെ മനസ്സില്‍ എന്നെന്നേക്കുമായി കുടിയിരുത്തുന്നതാണ് വയലാറിന്റെ വരികള്‍.

വയലാറിന്റെ സിംഹാസനത്തിന് തൊട്ടടുത്തു തന്നെ സ്ഥാനം ഇട്ടുകൊടുക്കുന്ന സംഗീതജ്ഞനാണ് ദേവരാജന്‍ .വരികളുടെ ഭാവം ഒട്ടും ചോര്‍ന്നു പോകാതെ ഹൃദയത്തിന്റെ നിറവും ചന്ദനത്തിന്റെ സൗന്ദര്യവും ചാര്‍ത്തി വയലാറിന്റെ സൂര്യാക്ഷരങ്ങള്‍ക്ക് സംഗീതത്തിന്റെ സ്വര്‍ണ്ണകിരീടം ചൂടുകയുണ്ടായി.

അഗ്നിപര്‍വതം പുകഞ്ഞു, അഷ്ടമുടിക്കായലിലെ, ആകാശ ഗംഗയുടെ കരയില്‍, ഇടയ കന്യകേ, ഈശ്വരന്‍ ഹിന്ദുവല്ല, ഇഷ്ടപ്രാണേശ്വരി, എല്ലാരും പാടത്ത് സ്വര്‍ണ്ണം വിതച്ചു, ഏഴു സുന്ദര രാത്രികള്‍, കണ്ണുനീര്‍ത്തുള്ളിയെ, കറുത്തപെണ്ണേ, കാക്കത്തമ്പുരാട്ടി, ചന്ദനപ്പല്ലക്കില്‍ വീട് കാണാന്‍ വന്ന, തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, ദേവി ശ്രീദേവി, പ്രേമഭിക്ഷുകി, ചക്രവര്‍ത്തിനി, നദികളില്‍ സുന്ദരി, സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന, റംസാനിലെ ചന്ദ്രികയോ തുടങ്ങിയ എത്രയെത്ര ഗാനങ്ങളാണ് എന്നെന്നും ഓമനിക്കാനും ഓര്‍മ്മിക്കാനും മലയാളികള്‍ക്ക് വയലാര്‍ നല്‍കിയത്.

പരിചയപ്പെടാന്‍ ഇടയായിട്ടുള്ളവരിലെല്ലാം ആഴത്തിലുള്ള നഷ്ടബോധം സൃഷ്ടിച്ചുകോണ്ടാണ് വയലാര്‍ കടന്നു പോയത്. ഭൂമിയില്‍ ജനിച്ചവരൊക്കെ കാലത്തെ കടന്നു പോകേണ്ടതുണ്ട്. എങ്കിലും അവരില്‍ ചിലര്‍ക്കു മുന്നില്‍ കാലം തൊഴുതു നില്‍ക്കുന്നതു കാണാം.

Generated from archived content: essay1_nov17_11.html Author: ponnappan_kumaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here