പിറവം ഉപതെരഞ്ഞെടുപ്പ് ഒരുവെടിക്ക് ഒരുപാട് പക്ഷികള്‍ ലക്‌ഷ്യം

രണ്ടു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെയും വിപ്ലവ മാമാങ്കങ്ങള്‍ കൊല്ലത്തും അനന്തപുരിയിലും. മത്സരിച്ചു വിജയിപ്പിച്ചതിന്റെ ത്രില്ലില്‍ കേരളം കണ്ണുമിഴിച്ചു നില്‍ക്കുമ്പോഴാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പിന് അങ്കം കുറിക്കാന്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ വിധിക്കപ്പെട്ടത്‌ .പാര്‍ട്ടി സമ്മേളനങ്ങള്‍ കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ക്കും അണികള്‍ക്കും ഒരുകാര്യം മനസിലായി യഥാര്‍ത്ഥ വര്‍ഗശത്രുക്കള്‍ ആരാണെന്ന്.

മലയാളഭാഷയെയും അതിന്റെ പൈതൃകത്തെയും നിന്ദിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. പകരം ഇവെന്റ് മാനേജ്‌മന്റ്‌ അല്‍പ്പന്‍, ഉളിപ്പില്ലാത്തവന്‍, കുശുമ്പന്‍, അസൂയക്കാരന്‍ എന്നിവയ്ക്ക് കല്ലുകൊണ്ടുള്ള കയ്യാംകളിയായിരുന്നു. അങ്ങനെ കത്തി വേഷവും കംസ വേഷവും ആടി തിമിര്‍ക്കുന്ന കര്‍ട്ടന്‍ വീഴാത്ത ഹാസ്യനാടകം കണ്ടു ഹരം പിടിച്ചുനില്‍ക്കുമ്പോഴാണ് രാഷ്ട്രിയ പ്രേഷകരെ നിരാശപ്പെടുത്തി കൊടിയും വടിയുമായി അടുത്ത രംഗം പിറവത്ത് തുടങ്ങുമെന്നറിയിച്ചു തിരശീല വീണത്‌. പിറവത്ത് മാണി കേരളകോണ്‍ഗ്രസ്സ് സ്വീകരിക്കുന്ന നിലപാടായിരിക്കും നിര്‍ണായകമാകുന്നത്.

കേരള കോണ്‍ഗ്രസ്സുകാരുടെ ലയന നീക്കങ്ങള്‍ക്ക്‌ തുരങ്കം വെക്കുകയും എതിര്‍ക്കുകയും ചെയ്ത ജേക്കബിന്റെ പേരിലുള്ള കേരളകോണ്‍ഗ്രസ്സിനെ ഉണ്മൂലനംചെയ്യാന്‍ മാണിക്ക്‌ കിട്ടിയ സുവര്‍ണാവസരം അവര്‍ പാഴാക്കുകയില്ല. ഇവിടെയാണ് അവര്‍ രാഷ്ട്രിയ നേട്ടം കൊയ്യാന്‍പോകുന്നത്. ജേക്കബ്‌ ഗ്രൂപ്പ് തോറ്റുകഴിഞ്ഞാല്‍ ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ ജേക്കബ്‌ ഗ്രൂപ്പ്‌ മാണി കേരള കോണ്‍ഗ്രസ്സില്‍ ലയിക്കുകയും ചെയ്യും. ജേക്കബ്‌ ഗ്രൂപ്പിന്റെ വകുപ്പുകള്‍ വിഭജിച്ചു മാണി ഗ്രൂപ്പും മുസ്ലിം ലീഗും പങ്കിടുമെന്നു തെരഞ്ഞെടുപ്പിനു മുന്‍പേ തന്നെ രഹസ്യ ധാരണ നടന്നതായി റേഡിയോ മംഗോ പോലെ നാട്ടില്‍ പാട്ടാണ്.

അപവാദങ്ങളും അഴിമതി കഥകളും അസത്യങ്ങളും വിളമ്പി ഇരുമുന്നണികളും അവരുടെ ആവനാഴിയിലെ എല്ലാ അടവുകളും തന്ത്രങ്ങളും പയറ്റും. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാട്ടം അടിയൊഴുക്കുകള്‍ക്ക് വഴിതെളിക്കും. ബോര്‍ഡ്‌ കോര്‍പ്പറേഷന്‍ വീതം വച്ചതില്‍ വിശാല ഐ ഗ്രൂപ്പിനും മുരളിക്കുമുള്ള അമര്‍ഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഒരാള്‍ക്ക് ഒന്നില്‍കൂടുതല്‍ സ്ഥാനങ്ങള്‍ നല്കുകയില്ലെന്നുള്ള പൊതു ധാരണ പാലിച്ചില്ലെന്നുള്ള ആരോപണം കോണ്‍ഗ്രസ്‌ നേതൃത്വത്തിനെതിരെ ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. പി. എസ്. സി ചെയര്‍മാന്‍ ,കെ. റ്റി. ഡി. സീ , കോളേജ് വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ഫിലിം ഡവലപ്മെന്റ്റ് കോര്‍പ്പറേഷന്‍ തുടങ്ങിയ പദവികള്‍ കോണ്‍ഗ്രസിലെ സജീവ പ്രവര്‍ത്തകര്‍ക്കോ നേതാക്കന്മാര്‍ക്കോ കൊടുക്കാതെ കെ .പി. സി.സി. പ്രസിഡന്ടിന്റെയും മുഖ്യമന്ത്രിയുടെയും ആശ്രിതര്‍ക്കും പാദസേവകര്‍ക്കും നല്‍കിയതിനെതിരെ കോണ്‍ഗ്രസ്സില്‍ അമര്‍ഷം പുകയുകയാണ്. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട് പ്രവര്‍ത്തിക്കാനും പോലീസിന്റെ തല്ലു കൊള്ളാനും വിധിക്കപ്പെട്ട വിഭാഗങ്ങളെ അവഗണിച്ചതിന്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഉമ്മന്‍ ചാണ്ടിയെ വലിച്ചു താഴെയിറക്കി ആ കസേരയില്‍ കയറിയിരിക്കാന്‍ ഈ സാഹചര്യങ്ങള്‍ മുതലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ വിഭാഗീയത അച്ചടക്കത്തിന്റെ വാള്‍ കാട്ടി നിശബ്ദമാക്കാന്‍ പിണറായിക്ക് കഴിഞ്ഞെങ്കിലും പാര്‍ട്ടി സെക്രട്ടറിയുടെ തന്‍ പ്രമാണിത്വതിനെതിരെ അച്ചുതാനന്ദന്റെ അനുയായികള്‍ സ്വീകരിക്കുന്ന നിലപാട് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ തലവേദന സൃഷ്ടിക്കും. മുട്ടനാടുകളെ കൊമ്പ് കോര്‍പ്പിച്ചു കുറുക്കന്റെ റോളില്‍ മുതലെടുക്കുന്ന ബി.ജെ .പി യുടെ നിലപാടും നിര്‍ണായകമാകും. ഇരുമുന്നണികളിലുമുള്ള മുറിവുകളില്‍ ഉപ്പു തേച്ചു മുതലെടുക്കാന്‍ ശ്രമിക്കുന്ന സ്വന്തം തന്ത്രമുള്ള സാമുദായിക കക്ഷികള്‍, മെത്രാന്‍ കക്ഷി-ബാവാക്കക്ഷിക്കാരുടെ നിലപാടുകള്‍, കെ.എസ്.യു വിന്റെ തെരുവ് യുദ്ധം, വ്യാപാരി വ്യവസായികളുടെ നിലപാടുകള്‍ തുടങ്ങി മറ്റു സാമൂഹിക സാംസ്കാരിക സംഘടനകളുടെയും തന്ത്രങ്ങളും കുതന്ത്രങ്ങളും ആയിരിക്കും തെരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നത്.

വീഗാ ലാന്‍ഡ്‌ മുതല്‍ വിസ്മയപാര്‍ക്ക് വരെയുള്ള ജലകേളികകളില്‍ കുളിച്ചു കയറിയാലും മാറാത്ത തരത്തില്‍ അഴിമതിക്കറ പുരണ്ടാവരാണ് ഇരു മുന്നണിയിലെയും പ്രമുഖന്മാര്‍. ലാവ്‌ലിന്‍ കേസില്‍ പിണറായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്ന് സി.ബി.ഐ യുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു കഴിഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ പാമോയിലിലിട്ടു വറുത്തുകോരാന്‍ ഇടതുമുന്നണി ശ്രമിച്ചു. നടക്കാതെ വന്നപ്പോള്‍ അഴിമതിക്കെതിരെ യുദ്ധം ചെയ്യുന്ന അച്ചുതാനന്ദനെ ഭൂമിദാന വിവാദത്തില്‍ കുടുക്കാന്‍ ശ്രമിക്കുന്ന സാഹസത്തിലാണ് ഭരണമുന്നണി. മകന്‍ തെറ്റ് ചെയ്‌താല്‍ അച്ഛന്റെ കരണത്തടിക്കണം എന്നത് ജപ്പാന്‍ പഴമൊഴിയാണ്‌. എന്നാല്‍ മകന്‍ തെറ്റ് ചെയ്‌താല്‍ അച്ഛന്‍ മകന്റെ സഹായിയെ അടിക്കുന്നതാണ് കൊട്ടാരക്കരയിലെ പുതിയ നടപ്പുരീതിയെന്നും നമ്മള്‍ കണ്ടു.

നാട്ടിലെ പൊതുവായ കാര്യങ്ങളും ജനകീയ പ്രശ്നങ്ങളും ഇരുമുന്നണികള്‍ക്കും പ്രശ്നമല്ല. നാടും നഗരവും നാറിക്കൊണ്ടിരിക്കുന്ന മാലിന്യപ്രശ്നം നീതിന്യായ തിട്ടൂരത്തിന്റെ ബലത്തില്‍ തോക്കും ഗ്രനൈഡും ടിയര്‍ ഗ്യാസും ഉപയോഗിച്ച് പോലീസ് ദാര്‍ഷ്ട്യത്തിന്റെ മുഴുവന്‍ ചേഷ്ടകള്‍ കാണിച്ചിട്ടും സര്‍ക്കാരും കോര്‍പ്പറേഷനും പരാജയപ്പെട്ടത് ജനങ്ങള്‍ കണ്ടതാണ്. ശുചിത്വത്തിന്റെ നേരെയുള്ള സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ഉദാസീനതയുടെ ഫലം തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കുക തന്നെ ചെയ്യും.

സ്മാര്‍ട്ട്‌ സിറ്റിക്ക് വേണ്ടിയും മെട്രോ ട്രെയിന് വേണ്ടിയും ഭൂഗര്‍ഭ റെയില്‍വേയ്ക്ക് വേണ്ടിയും കാണിക്കുന്ന ഉത്സാഹവും താല്‍പര്യവും എന്തുകൊണ്ട് നാടിന്‍റെ നിത്യ ശാപമായി മാറിയ നാനാതരം രോഗങ്ങള്‍ പരത്തുന്ന മാലിന്യ നിര്‍മ്മാര്‍ജന കാര്യത്തില്‍ കാണിക്കുന്നില്ലെന്ന പിറവം മണ്ഡലത്തിലെ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ശരപഞ്ചരത്തിലെ ജയനെപ്പോലെ മസ്സില്‍ പിടിച്ചു നില്‍ക്കാനേ നേതാക്കള്‍ക്ക് കഴിയൂ. ആശുപത്രിക്കിടക്കയില്‍ കാരുണ്യത്തിന്റെ മാലാഖകളായും സാന്ത്വനത്തിന്റെ ദിവ്യസ്പര്‍ശനശക്തിയായും പുഞ്ചിരി തൂകി നടക്കുന്നവരുമായ നേഴ്സ്മാര്‍ ശമ്പളപരിഷ്ക്കരണത്തിന് വേണ്ടി നടത്തിയ സമരങ്ങളില്‍ ഇരു മുന്നണി നേതൃത്വങ്ങളുടെയും സജീവമായ ഇടപെടല്‍ ഉണ്ടായില്ലെന്നുള്ള ആക്ഷേപമുണ്ട്. മാത്രമല്ല , ഭക്തിയും സ്നേഹവും തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുന്ന സംഘത്തില്‍പ്പെട്ടവര്‍ നടത്തുന്ന ആശുപത്രിയില്‍ നേഴ്സ്മാര്‍ സമരം നടത്തുമ്പോള്‍ ആശുപത്രിയിലെ ആത്മീയ ഗുണ്ടകള്‍ നേഴ്സ്കളെ ആക്രമിച്ചിട്ട് അതിനെതിരെ പ്രതികരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടു വന്നില്ല. ഇതും പിറവം ഉപതെരഞ്ഞെടുപ്പില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടും. മുല്ലപ്പെരിയാര്‍ അണക്കെട്ട് വെള്ളംകൊണ്ട് നിറഞ്ഞിരിക്കുമ്പോള്‍ പിറവം അണക്കെട്ട് വാഗ്ദാനങ്ങള്‍കൊണ്ട് നിറയ്ക്കാനുള്ള ഭരണ മുന്നണിയുടെ ശ്രമം അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വര്‍ഗീയപ്രീണനത്തിന്റെയും ആരോപണ ശരങ്ങളെയ്ത മൂര്‍ച്ചകൊണ്ടായിരിക്കും പ്രതിപക്ഷം ശ്രമിക്കുക.

ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ക്കു ആത്മാര്‍ഥതയുടെ മാധുര്യമുണ്ട്‌. രാഷ്ട്രീയ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവുമുള്ള ഉമ്മന്‍ ചാണ്ടിക്ക് കേരളത്തിന്റെ വികസനത്തെക്കുറിച്ച് പറയുമ്പോള്‍ നൂറുനാവാണ്. അദ്ദേഹം കേരളത്തിന്‍റെ ഭാവിക്കുവേണ്ടി നെയ്തുകൂട്ടുന്ന സ്വപ്നങ്ങള്‍ക്ക് ചിലന്തിവലയുടെ ആയുസ്സ് പോലും ഇല്ലാതാകുമോയെന്ന ആശങ്കയിലാണ് ജനങ്ങള്‍. എതിര്‍പക്ഷത്തേയ്ക്ക് തുളച്ചുകയറുന്ന മൂര്‍ച്ചയുള്ള പിണറായിയുടെ വാക്കുകള്‍ അപ്രരോദ്ധ്യമാണ്. മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്ക പരിപാടിയിലെ ആള്‍ക്കൂട്ടം കണ്ട് കോണ്‍ഗ്രസ്‌ നേതൃത്വം ക്ഷേത്രോത്സവങ്ങളും പള്ളിപ്പെരുന്നാളും പോലെ ആനന്ദലഹരിയില്‍ കത്തിമറയുമ്പോള്‍ കൂട്ടംകണ്ട് വിരണ്ടോടുന്നവരല്ല തങ്ങളെന്ന് പിണറായി വിളിച്ചു പറയുമ്പോള്‍ അതില്‍ ആത്മധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രകടമായ തെളിവാണ്.

താന്‍ സെക്രട്ടറിയായ ശേഷം നടക്കുന്ന ആദ്യ ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥി ജയിച്ചുവരേണ്ടത് പിണറായി വിജയന്‍റെ വ്യക്തിപരമായ ആവശ്യം കൂടിയാണ്. ജലസമ്മര്‍ദ്ദംകൊണ്ട് മുല്ലപ്പെരിയാറിലും ജനസമ്മര്‍ദ്ദംകൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികളിലും പൊട്ടലും ചീറ്റലും അനുഭവപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ പിറവം ഏതു മുന്നണിക്ക്‌ പിറവി നല്‍കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കുത്തിയിരുന്ന് ഗവേഷണം നടത്തിയാലും പ്രവചിക്കാന്‍ കഴിയില്ല.

ഫലം എന്ത് തന്നെയായാലും കേരളരാഷ്ട്രീയത്തിലെ മുന്നണികളിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

പിറവത്തെ വോട്ടര്‍മാരോട് ഒരഭ്യര്‍ത്ഥന : പ്രചരണത്തിനെത്തുന്ന നേതാക്കളോട് ലാവ് ലില്‍ ‍,പാമോയില്‍ ,മൂന്നാര്‍ പൂച്ചകള്‍,ടൈറ്റാനിയം, ഹിമാലയം,വിമാനയാത്ര ,ഹാരിസ് അബൂബക്കര്‍ ,സാന്റിയോ മാര്‍ട്ടിന്‍ ,സേവി മാനോ മാത്യു,ഇടമലയാര്‍,ഐസ്ക്രീം ,സന്തോഷ്‌ മാധവന്‍,പാത്രിയാര്‍ക്കീസ്,യാക് ക്കോബായീസ്,മാലിന്യനിര്‍മാര്‍ജനം എന്നീ പദപ്രയോഗങ്ങളോ പേരുകളോ ചോദിക്കരുത്.

Generated from archived content: essay1_mar2_12.html Author: ponnappan_kumaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here