പുനർവായന
മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക് കഥാരചനയിൽ ഈ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. പൊൻകുന്നം വർക്കിയുടെ മോഡൽ എന്ന കഥയോടെ ഈ പംക്തിക്ക് തുടക്കമിടുന്നു.
ഒന്നാംതരം ഒരു തയ്യൽക്കാരനാണ് സി.പി. ഫ്രാൻസിസ്. വിദേശത്തു പലേടത്തും പോയി പലവിധ തയ്യലുകൾ അയാൾ പഠിച്ചിട്ടുണ്ട്. ടൗവ്വൽ മുതൽ കോട്ടുവരെയുള്ള ഏത് ഉരുപ്പടിയും ഭംഗിയായി തയ്‌ക്കാമെന്നാണ് ഫ്രാൻസിസിന്റെ അഭിമാനം. ആ കലയെപ്പറ്റി ഫ്രാൻസിസിന് വളരെയധികം പറയാൻ കഴിയും. അതിൽ ആർക്കും പരാതിയില്ല. എന്നാൽ ദശമൂലാരിഷ്‌ടം സംബന്ധിച്ചുപോലും ഫ്രാൻസിസ് വിദഗ്‌ദ്ധാഭിപ്രായം എഴുന്നള്ളിക്കും. അവിടെയായിരുന്നു പലർക്കും സഹിച്ചുകൂടാഴിക.
എല്ലാപ്രദേശത്തുമുള്ള വലിയ ആളുകൾ ഫ്രാൻസിസിന്റെ പരിചിതന്മാരായിരിക്കും. ഏത് സംഭവത്തിനും വിദേശത്തുവച്ചുള്ള ഓരോ അനുഭവകഥ ആ സഞ്ചാരപ്രിയന് പറയാനുണ്ട്. ഒരിക്കൽ ഒരാൾ ചോദിച്ചുഃ “ഫ്രാൻസിസ്, നിങ്ങൾക്കുള്ളതെല്ലാം കോളർവച്ച ഫുൾഷർട്ടുകളായിരിക്കുന്നത് എന്തുകൊണ്ടാണ്?”
“അതേ, അതു പറയാം.” ഫ്രാൻസിസ് പറഞ്ഞുതുടങ്ങിഃ “ഞാൻ മദ്രാസിൽ ഇർവിൻ പാർക്കിനടുക്കൽ താമസിക്കയായിരുന്നു. എന്റെ ഒരു വലിയ സ്‌നേഹിതനായിരുന്നു അവിടത്തെ ലാ മെമ്പർ. അദ്ദേഹം കോളർവെച്ച ഫുൾഷർട്ടേ ഇടുമായിരുന്നുള്ളു. ഇന്നദ്ദേഹം കൽക്കത്തയിലാണ്. ഞങ്ങൾ ഒരിക്കൽ കടപ്പുറത്ത് കാറ്റുകൊണ്ടിരുന്നപ്പോഴാണ് ലാ മെമ്പറായി അദ്ദേഹത്തിന് ഓർഡർ കിട്ടിയത്. അന്ന് ഞങ്ങൾ നിശ്ചയിച്ചതാണ് ഇനി നമുക്ക് കോളർ വെച്ച ഫുൾ ഷർട്ടേ ഇടാവൂ എന്ന്. ഇതുവരെ അത് തെറ്റിച്ചിട്ടില്ല.”
ഒരിക്കൽ ഒരു സംശയക്കാരൻ ഫ്രാൻസിസിനോട് ചോദിച്ചുഃ ഒന്നാംപാഠത്തിൽ ‘തയ്യൽക്കാരൻ’, ‘വയ്യാവേലി’, ‘അയ്യങ്കാർ’, , ‘അയ്യായിരം’, എന്നെഴുതിയിരിക്കുന്നതെന്താണെന്ന്. ‘അതോ അതു പറയാം -“ ഫ്രാൻസിസ് തുടർന്നു. ”അന്നു ഞാൻ ഈശവാസ്യോപനിഷത്ത് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഷർട്ടു തയ്‌പിക്കാൻ വന്ന ഒരു സാറ് ’യ്യ‘ ചേർത്ത വാക്കുകളില്ലെന്ന് പരാതി പറഞ്ഞു. ഞാൻ ചോദിച്ചു, സാറേ, എന്റെ തൊഴിലുതന്നെ എന്ത്? ’്‌യ്യ‘ ചേർന്ന അയ്യായിരം വാക്കുണ്ട്. ദാ, അപ്പോകുന്ന അയ്യങ്കാരു സ്വാമിയെ നോക്ക്. അതെല്ലാം അതുപടി അയാൾ എഴുതിയെടുത്ത് ഒടുവിൽ ’വയ്യാവേലി‘യും കൊടുത്തു.
വയസ്സ് അറുപതോടടുത്ത ഫ്രാൻസിസിന് ഒരു വെള്ളഴുത്തുകണ്ണടയുടെ ആവശ്യമുണ്ടായിരുന്നുവെങ്കിലും അയാൾ അത് ഉപയോഗിക്കാറില്ല. അക്കാര്യം സംബന്ധിച്ച് അദ്ദേഹം പറയാറുണ്ട്. “നമ്മുടെ നേർക്ക് സംസാരിക്കുന്നവരുടെ മേൽ, കണ്ണിന് ഒരു ശക്തിയുണ്ട്. കണ്ണാടി വച്ചാൽ അത് നഷ്‌ടമാകും.”
നീണ്ടു തെളിഞ്ഞതും വെളിയിലേക്ക് ചാടാൻ ഒരുങ്ങിനില്‌ക്കുന്നതുമായ ഫ്രാൻസിസിന്റെ കണ്ണുകൾക്ക് ഒരു പ്രത്യേക ആകർഷണശക്തിയുണ്ടായിരുന്നു. ഒരു യുവാവിന്റെ ഉന്മേഷവുമുണ്ടായിരുന്നു അയാൾക്ക്. ഒരു ആസന്നമുഖ്യനായിരുന്നു ഫ്രാൻസിസ്. വ്യായാമത്തിലും ആഹാരത്തിലും അയാൾ അത്രത്തോളം ശ്രദ്ധിക്കുന്നു. സാനട്ടജൻകൊണ്ട് അടയുണ്ടാക്കി കഴിച്ചുപോന്ന ഫ്രാൻസിസിന് ആരോഗ്യകാര്യങ്ങൾ എങ്ങനെ മോശമാകും.
ഭാരതപ്രശസ്‌തനായിരുന്നെങ്കിലും ബോംബെയിലോ, കൽക്കത്തയിലോ, ദൽഹിയിലോ ഒന്നും തിരുവാങ്കോട്ടപ്പോലെ ഒരു സ്വീകരണം ഫ്രാൻസിസിന് കിട്ടിയിരുന്നില്ല. തയ്യൽസംബന്ധമായി ഉപദേശം കൊടുക്കാനാണ് ഫ്രാൻസിസ് ആദ്യം തിരുവാങ്കോട്ടെത്തുക. ഫ്രാൻസിസിന്റെ ശശിമംഗളയോഗത്തിന്റെ ആരംഭവുമായിരുന്നു അത്. അയാളുടെ ഉപദേശത്തിന് നല്ല വ്യാപാരസിദ്ധിയുണ്ടായി. കൊട്ടാരത്തിലെ തയ്യൽ മുഴുവൻ ഫ്രാൻസിസിന്റേതായി. സ്‌ത്രീകൾക്ക് അത്രമാത്രം ഇഷ്‌ടപ്പെടുന്ന തയ്യലായിരുന്നു ഫ്രാൻസിസിന്റേത്.
ഫ്രാൻസിസ് പറയാറുണ്ട്‌ഃ തയ്‌ക്കുന്നതിലല്ല, വെട്ടുന്നതിലാണ് തയ്യൽക്കാരന്റെ വിജയം. അയാൾ തുണിവെട്ടുന്നതു കണ്ടാൽ അതിന്റെ മുതലുമുടക്കുകാർക്ക് പേടിയുണ്ടാകും. ഡോക്‌ടർ മനുഷ്യശരീരത്തിൽ ശസ്‌ത്രമുപയോഗിക്കുന്നതുപോലെയാണ് ഫ്രാൻസിസ് തുണിയിൽ കത്രികയോടിക്കുക. കത്രിക ആ വിരലുകളുടെ പിടിയിൽ ഇരുന്നു ’കർക്കു‘ ’കർക്കെ‘ന്ന് ഇടതലവില്ലാതെ കരയും. വെട്ടിന്റെ കാര്യത്തിൽ ഫ്രാൻസിസിനെ ജയിക്കുന്ന തയ്യൽക്കാരൻ ഇല്ലെന്നുതന്നെ പറയാം. പ്രസിദ്ധ വെട്ടുകാരനായ വെല്ലിങ്ങ്‌ടൺ ധ്വരയിൽനിന്നാണ് ഫ്രാൻസിസ് വെട്ടു പഠിച്ചിട്ടുള്ളത്. വിലയേറിയ തുണിത്തരങ്ങളിൽ നിർദ്ദയം കത്രികയോടിക്കുന്നതിൽ ഫ്രാൻസിസിന് കൂസലേയില്ല. ഫ്രാൻസിസ് തന്റെ ഫുൾഷർട്ടിനു മുകളിൽ തോളിൽക്കൂടി ഒരു ടേപ്പ് തൂക്കിയിടും. ഷർട്ടിന്റെ പടിമേൽ നൂലോടുകൂടിയ ഒരു സൂചി കുത്തിവച്ചിരിക്കും. ഇടത്തുകൈയുടെ നടുവിരലിന്റെ അഗ്രം തിമ്പിൾകൊണ്ട് മറച്ചിരിക്കും.
ഫ്രാൻസിസിന്റെ മേശ ഒന്നു പ്രത്യേകമാണ്. അതിന്റെ വലിപ്പുകളിൽ പ്രത്യേക നൂൽക്കുമ്പിളുകൾ, സൂചികൾ, പെൻസിലുകൾ ഇവ സൂക്ഷിച്ചിരിക്കുന്നു. ഒരു വലിപ്പു നിറയെ ക്യാറ്റ്‌ലോഗുകളാണ്. ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാൻസ് ഇങ്ങനെ വിദേശസ്‌ഥലങ്ങളിൽനിന്ന് കാര്യമായി വരുത്തിയിരിക്കുന്ന തയ്യൽ സംബന്ധിച്ചുള്ള ക്യാറ്റ്‌ലോഗുകൾ. ഈ ക്യാറ്റ്‌ലോഗു നോക്കിയാണ് ഫ്രാൻസിസ് മാതൃക നിശ്ചയിക്കുക. നിറം, വർഗ്ഗം, പ്രായം, വയസ്സ് ഇതൊക്കെ പ്രത്യേകം അറികയും വേണം. കുട്ടിയുടുപ്പുകൾ, ബ്ലൗസുകൾ, ജുബ്ബാ, പാന്റ്, പൈജാമാ ഇവയുടെ ഒക്കെ പലതരം മാതൃകകളും ചിത്രങ്ങളും തന്റെ തയ്യൽക്കടയിൽ ഫ്രാൻസിസ് തൂക്കിയിട്ടിരിക്കുന്നു. ആളുകൾ തയ്യൽ സംബന്ധിച്ചു സംസാരിച്ചാലുടനെ ഫ്രാൻസിസ് ചോദിക്കയായിഃ വയസ്സെത്രയുണ്ട്; എന്താണ് നിറം, ആണോ, പെണ്ണോ?
2
ആ നാട്ടിൻപുറത്ത് വന്നു. ഓണനിലാവും ഓണപ്പുക്കളും പ്രകാശിച്ചു. ജീവിതക്ലേശങ്ങൾ എന്തൊക്കെയാണെങ്കിലും തിരുവോണത്തിന്റെ ആ സംഭാവനയ്‌ക്കുമുമ്പിൽ വീടുതോറും സന്തോഷിക്കുന്നു. ഹൃദയംതോറും ആനന്ദിക്കുന്നു. ദുരിതം നിറഞ്ഞ ജീവിതത്തെ ആഹ്ലാദിപ്പിക്കുന്ന ഈ ഉത്സവങ്ങൾ പറന്നുപോകാതെ ഈ നാടിന്റെ പച്ചിലക്കാടുകളിൽ വിശ്രമിച്ചിരുന്നെങ്കിൽ!
എല്ലാരും കോടിവാങ്ങുന്നു. ഷർട്ടു തയ്‌പിക്കുന്നു. പാപ്പനും ഒരു ഷർട്ടു വേണം. റേഷൻതുണി കിട്ടിയിരുന്നെങ്കിൽ അല്‌പം ആദായമുണ്ടായിരുന്നു! പക്ഷേ, എന്തു ചെയ്യാം? കച്ചവടക്കാരന്റെ കൈയിൽനിന്ന് അതൊന്നുകിട്ടണ്ടേ? ബുദ്ധിമുട്ട് എത്രവലുതാണെങ്കിലും നല്ല തുണികൊണ്ടുതന്നെ ഒരു ഷർട്ട് തയ്‌ക്കണമെന്നു പാപ്പൻ തിരുമാനിച്ചു.
ഷർട്ടിന്റെ തുണികൊണ്ടുചെന്ന് അയാൾ ഫ്രാൻസിസിനെ ഏല്‌പിച്ചു. ടേപ്പെടുത്ത് അയാൾ ആ തിരുവാങ്കോട്ടുകാരന്റെ കഴുത്തും ഉടലും മാറി മാറി അളന്നു.
ഒന്നാം ഓണം വന്നു. പുത്തൻ ഷർട്ടും ഇട്ടുകൊണ്ട് പാപ്പന് മനുഷ്യരുടെ മുമ്പിൽക്കൂടി ഇഷ്‌ടംപോലെ ഒന്നു നടക്കണം. ആ സുദിനത്തിന്റെയും അണിയലിന്റെയും പുളകം ചാർത്തുന്ന സ്‌മരണയിൽ അവന്റെ ഹൃദയം കുതിച്ചു. പുത്തൻ മുണ്ടും പുത്തൻ ഷർട്ടും അണിഞ്ഞുകൊണ്ട് ചിലർ ഇറങ്ങിക്കഴിഞ്ഞു. തയ്യൽക്കൂലിക്കുള്ള പണംപോലും പാപ്പന്റെ കൈയിലില്ല. നേരം സന്ധ്യയാകാറായി. ഒരുതരത്തിൽ തയ്യൽക്കൂലി ഉണ്ടാക്കിക്കൊണ്ട് പാപ്പൻ ഫ്രാൻസിസിന്റെ അടുക്കൽ ചെന്നു.
എന്റെ ഷർട്ട്“ – പാപ്പൻ അറിയിച്ചു ”ഷർട്ട് റെഡിയാക്കി വച്ചിട്ടുണ്ടല്ലോ.“ ഫ്രാൻസിസ് അതെടുക്കാൻ തിരിഞ്ഞു. തേച്ചുമടക്കിവച്ചിരുന്ന ഷർട്ട് ഫ്രാൻസിസ് എടുത്തു. പാപ്പൻ അതുവാങ്ങി. ആകപ്പാടെ ഒന്നു പരിശോധിച്ചു. പാപ്പന് വെറുപ്പു തോന്നി. അയാൾ ഉദ്ദേശിച്ചത് എന്തായിരുന്നോ, അതല്ലായിരുന്നു അത്. അതിനോട് അടുത്തുചെല്ലുന്നതുപോലുമല്ലായിരുന്നു. കൊള്ളുകില്ലാത്ത ഷർട്ട് തേച്ചു മിനിക്കിവച്ചിരുന്നതുകണ്ട് ആ നാട്ടിൻപുറത്തുകാരൻ ഭ്രമിച്ചില്ല.
ഇഷ്‌ടമുള്ള ഷർട്ടിനായി കാത്തിരുന്ന ആ പാവപ്പെട്ടവന് വെറുപ്പുണ്ടായി. തിരുവോണത്തിന്റെ ആഹ്ലാദബന്ധത്തിൽ തന്റെ വ്യക്തിത്വം മുറിവേറ്റ് വേദനയനുഭവിക്കുന്നതായി പാപ്പന് തോന്നി. അവന്റെ കണ്ണിൽ ഇരുട്ടു കയറി.
”ഇത് എനിക്ക് വേണ്ടാ, ഇങ്ങനെയാണോ ഷർട്ട് തയ്‌ക്കുന്നത്?“ അയാൾ ചോദിച്ചു.
”ങ്‌ഹും, എന്താ?“ ഫ്രാൻസിസ് അത്ഭുതപ്പെട്ടു. അയാൾ തുടർന്നു. ”താൻ ഒന്നു ഇട്ടു നോക്കു.“
നോക്കുമ്പോൾ തന്നെ വ്യക്തമായി മനസ്സിലാകുന്ന ഒന്ന് ഉപയോഗിച്ചു നോക്കേണ്ട കാര്യമുണ്ടെന്ന് പാപ്പന് തോന്നിയില്ല.
തലനേരെ ചൊവ്വേ കടക്കില്ല. അവിടെ ചില കുരുക്കുകൾ ! മാറിന് വല്ലാത്തപിടുത്തം. കൈയ്യാണെങ്കിൽ പിടിച്ചുകെട്ടിയതുപോലെ! നല്ല വിലകൊടുത്ത് വൃത്തികേടുവാങ്ങാൻ അയാൾ ഇഷ്‌ടപ്പെട്ടില്ല.
പാപ്പന്റെ തോളിൽനിന്ന് കാൽമുട്ടിനോടടുത്തുള്ള ഇറക്കം ഫ്രാൻസിസ് ടേപ്പുകൊണ്ട് എടുത്തിട്ടുണ്ടായിരുന്നു. സാധാരണ ആ നീളംതന്നെയായിരിക്കും മാറിനു ചുറ്റുമുള്ള അളവ്. ഫ്രാൻസിസ് ആ കണക്ക് വളരെ ശാസ്‌ത്രീയമായിത്തന്നെ ധരിച്ചുവച്ചിട്ടുണ്ട്. അതുകൊണ്ട് പാപ്പന്റെ മാറിലെ ചുറ്റളവ് പ്രത്യേകം എടുത്തില്ല. ഉടലിന്റെ നീളമനുസരിച്ച് അയാൾ തോതുപിടിച്ചു. എന്നാൽ പാപ്പന്റെ ഹൃദയഭാഗത്തിന് കൂടുതൽ വലിപ്പമുണ്ടായിരുന്നു. അതുകൊണ്ടാണ് ആ ചട്ടക്കൂട്ടിൽ കടക്കാൻ അയാളുടെ ഹൃദയം ഒരുങ്ങാത്തത്. ഷർട്ട് ചുരുട്ടി ആ നെടിയ മേശമേൽ എറിഞ്ഞുകൊണ്ട് പാപ്പൻ പറഞ്ഞു ”ഇത് എനിക്ക് ആവശ്യമില്ല, താൻ തന്നെ ഇട്ടോണ്ടാൽ മതി.“
ഒരു അടികിട്ടിയപോലെയായി ഫ്രാൻസിസിന്. അയാളുടെ ജോലിക്കാർ അമ്പരന്നുനിന്നുപോയി.
”ഷർട്ടിന്റെ കുറ്റം പറയൂ, വെറുതേ കോപിച്ചാൽ മതിയോ?“ ഫ്രാൻസിസ് അറിയിച്ചു.
”ഞാൻ ഉദ്ദേശിച്ചത്….“ പാപ്പൻ പറഞ്ഞുഃ ”ഇങ്ങനെ കുരുക്കുവച്ച മുറിക്കയ്യൻ ഷർട്ടല്ല. ഇത് ഇട്ടാൽ എനിക്ക് ശ്വാസം മുട്ടും. കൈ നീളം വേണം. കഴുത്തിന് കുരുക്കു വേണ്ടാ.“
ഒന്നുരണ്ട് ക്യാറ്റ്‌ലോഗുകൾ മറിച്ചുനോക്കിയശേഷം ഫ്രാൻസിസ് പാപ്പന്റെ അബദ്ധം മനസ്സിലാക്കി പുഞ്ചിരിയോടുകൂടി പറഞ്ഞുഃ ”നിങ്ങൾ പറയുന്നത് ഇംഗ്ലീഷ് മോഡലാണ്. അത് സാദ്ധ്യമല്ല. നിങ്ങളുടെ ശരീരപ്രകൃതത്തിന്് അത് കൊള്ളുകയില്ല. ഇത് അമേരിക്കൻ മോഡലാണ്. ഇതേ നിങ്ങൾക്കു പറ്റൂ. ഞാൻ ഷർട്ടു തയ്‌ക്കാൻ തുടങ്ങീട്ട് കൊല്ലം നാല്‌പതായി.“
”എന്റെ മോഡൽ നിശ്ചയിക്കുന്നത് ആരാണ്? നിങ്ങളോ ഞാനോ?“ പാപ്പൻ അഭിമാനത്തോടുകൂടി ചോദിച്ചു. ആ ചോദ്യത്തിനുമുമ്പിൽ ഫ്രാൻസിസിന്റെ തയ്യൽക്കട നടുങ്ങിപ്പോയി.
”അതു പിന്നെ നിങ്ങളാണോ? നിങ്ങൾക്കുവേണ്ടി ഞാൻ തന്നെയാണ് അതു നിശ്ചയിക്കേണ്ടത്. എങ്കിൽ നിങ്ങൾക്കുതന്നെ തയ്‌ക്കാമായിരുന്നല്ലോ.“ ഫ്രാൻസിസ് യുക്തിവാദം ഉയർത്തി.
”അതേ, ഞാൻ തന്നെയാണ്, എന്റെ ഷർട്ടിന്റെ മാതൃക നിശ്ചയിക്കേണ്ടത്.“ ധൈര്യമായി പാപ്പൻ പറഞ്ഞു.
തന്റെ പ്രിയംകരമായ ഷർട്ട് അലങ്കോലമാക്കിയ തയ്യൽക്കാരനോട് അങ്ങേയറ്റം പ്രതിഷേധിക്കുവാൻ അയാൾ തയ്യാറായി. കൊള്ളുകില്ലാത്ത ഒന്ന് അമേരിക്കനല്ല, ജർമ്മൻ മോഡലായാലും അയാൾക്ക് വലിച്ചെറിയണം.
വെറുപ്പോടുകൂടി തയ്യൽക്കാരനെ അയാൾ നോക്കി.
”ഞാൻ എന്റെ ഷർട്ട് വാങ്ങിക്കും; അതിന്റെ മാതൃക ഞാൻ നിശ്ചയിക്കുന്നതുതന്നെ.“ പാപ്പൻ അറിയിച്ചു.
”അത് അനേകകാലത്തെ ചിന്താവിഷയം മാത്രമായിരിക്കും.“ പണ്ഡിതനായ ഫ്രാൻസിസ് പറഞ്ഞു.
”ഫൂ.“ പാപ്പൻ ആട്ടി.
ചില മദ്ധ്യസ്‌ഥന്മാർ ഇടപെട്ടു. കൈയ്‌ക്ക് അല്‌പം കൂടി നീളം ചേർത്ത് അതു കൊടുത്താൽ പാപ്പൻ സ്വീകരിക്കണമെന്നായിരുന്നു അവരുടെ നിർദ്ദേശം.
”എനിക്ക് ഇഷ്‌ടമുള്ള ഷർട്ടിൽ കുറഞ്ഞ യാതൊരു സന്ധിയും ആവശ്യമില്ല.“ അയാൾ തീർത്തു പറഞ്ഞു.
രണ്ടാം ഓണത്തിന്റെ വെളിച്ചം പാപ്പന്റെ കിടക്കയുടെ സമീപം വന്നു നിന്ന് സ്വാഗതാശംസ നടത്തി. ഷർട്ട് വാങ്ങാതിരിക്കാൻ അയാൾക്ക് നിവൃത്തിയുണ്ടായിരുന്നില്ല. അത് അയാളുടെ സർവ്വപ്രധാനമായ ആവശ്യമായിത്തീർന്നു. അയാൾ തയ്യൽക്കടയിലേക്കുചെന്നു. തന്റെ ഷർട്ടിനുവേണ്ടി സമർപ്പിക്കാൻ വിലയേറിയ യാതൊന്ന് അയാൾ കൊണ്ടുചെന്നുവോ അത് അയാളുടെ പ്രിയപ്പെട്ട ജീവനായിരുന്നു.
പാപ്പന് മറ്റൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു. തന്റെ ശക്തിയിൽ അയാൾക്കു ധൈര്യക്കുറവും ഇല്ലായിരുന്നു. ആളുകൾ ഓടിക്കൂടി. പാപ്പൻ തയ്യൽക്കടയിൽ പ്രവേശിച്ചു. ഫ്രാൻസിസ് മൂകനായി തലകുനിച്ചു. അയാളുടെ ആശ്രിതന്മാർ നടുങ്ങി. പാപ്പൻ തനിക്കിഷ്‌ടമുള്ള ഷർട്ട് തിരഞ്ഞെടുത്തു. ആളുകൾ കയ്യടിച്ചു.
Generated from archived content: story1_july24_10.html Author: ponkunnam_varki