പുനര്‍വായന
മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകള്‍ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാര്‍ക്ക് കഥാരചനയില്‍ മാര്‍ഗ്ഗദര്‍ശിയാകാന്‍ ഈ കഥകള്‍ പ്രയോജനപ്പെടും. ഈ ലക്കത്തില്‍ പോഞ്ഞിക്കര റാഫിയുടെ ‘ക്രിസ്തുവിന്റെ മാതാവ്’ എന്ന കഥ വായിക്കുക.
ഡിസംബര്‍ ഇരുപത്തിനാലാംതീയതിയാണ്. പാതിരാവായി. പള്ളിയില്‍ നിന്നും മണിനാദവും കതിനാവെടികളും ബാന്‍ഡുമേളങ്ങളുമെല്ലാം ഉയര്‍ന്നു. ഓരോ കത്തോലിക്കാകൂടുംബത്തിന്റെയും മുറ്റത്ത് കമ്പുകള്‍ നാട്ടി ആകാശവിളക്കുകള്‍ തൂക്കിയിട്ടുണ്ട്. ഇരുട്ടിനുള്ളില്‍ നീണ്ടുനീണ്ട്, ചുറ്റിവളഞ്ഞു കിടക്കുന്നു, ഒരു തീച്ചങ്ങലപോലെ, വിവിധവര്‍ണ്ണങ്ങളിലുള്ള ആകാശവിളക്കുകള്‍ തൂങ്ങിക്കിടക്കുകയാണ്.
രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ആ ‘തിരുവവതാരത്തെ’ അനുസ്മരിച്ച്…. അങ്ങനെ ക്രിസ്തുവിന്റെ നാമം കത്തോലിക്കാവിശ്വാസികള്‍ ഒന്നടങ്കം ആഹ്ലാദത്തോടെ വാഴ്ത്തിക്കൊണ്ടിരിക്കുകയാണ്.
പള്ളിയില്‍ അന്നു പാതിരായ്ക്കാണ് കുര്‍ബാന. ക്രിസ്തു പാതിരായ്ക്ക് പിറന്നതുകൊണ്ടാണ്, അതിന്റെ സ്മരണയ്ക്കായിട്ടാണ്, പാതിരായ്ക്കുതന്നെ കുര്‍ബാനകര്‍മ്മം നിര്‍വ്വഹിക്കുന്നത്. പള്ളിയില്‍നിന്നുമുയരുയാണ്:
“ണേം-ണേം-ണേം-ണേം-ണേം-…”
കതിനാവെടികള്‍ “ഠോ!ഠോ!ഠോ!ഠോ!ഠോ!…”
പിന്നെ ബാന്‍ഡുമേളങ്ങളും.
ആ അറിയിപ്പുമണിയും വെടിയുമെല്ലാംകേട്ട് വിശ്വാസികളെല്ലാം ഉണര്‍ന്നു. ആദ്യമാദ്യം ഉണര്‍ന്നവര്‍ പിന്നെയും ഉണരാതെ കിടക്കുന്നവരെയെല്ലാം വിളിച്ചുണര്‍ത്തി. അങ്ങനെ എല്ലാവരും എണീറ്റു തിടുക്കത്തോടെ മുഖം കഴുകുന്നു. തങ്ങളുടെ പുതുവസ്ത്രങ്ങള്‍ക്കുവേണ്ടി കുട്ടികള്‍ ബഹളം കൂട്ടുന്നു. തിളങ്ങുന്ന സില്‍ക്കുവസ്ത്രങ്ങളണിഞ്ഞുകൊണ്ട് പള്ളിയിലേക്കു പോകുവാന്‍ അവരുടെ കൊച്ചുഹൃദ്യങ്ങള്‍ വെമ്പുകയാണ്! പുല്‍ത്തൊഴുത്തില്‍ ‘തിരുവവതാരം’ ചെയ്ത ഉണ്ണിയീശോയെ കാണണം! ആ ഉണ്ണിയീശോയുടെ മനോഹരരൂപം കാണണം! ഉണ്ണിയീശോയുടെ രൂപത്തില്‍ ചുംബിക്കണം!
പള്ളിയില്‍നിന്നുമുയരുകയാണ്:
“ണേം-ണേം-ണേം-ണേം!…”
കതിനാവെടി “ഠോ!”
പിന്നെ ബാന്‍ഡുമേളങ്ങളും.
“അമ്മേ, അമ്മേ, പെട്ടീന്ന് എന്റുടുപ്പുവേഗം എടുത്തു താ- തരാന്‍ പറഞ്ഞിട്ട്- ശ്ശ്, ശ്ശ്…”
“എടുത്തുതരാമെന്നു ഞാന്‍ പറഞ്ഞില്ലേ. പള്ളീല് ഒന്നാമ്മണിയടിച്ചിട്ടേള്ള്. ഇനീം സമയമൊണ്ട്.”
“ശ്ശ്,ശ്ശ്,ശ്ശ്..”
“അമ്മേ, എന്റെ ഷര്‍ട്ടും ട്രൗസറുമെടുത്തുതാ. എടുത്തുതാ.”
“അമ്മേ’ട് ഞാനാണാദ്യം പറഞ്ഞത്. എന്റെ പാവാടേം ബ്ലൗസ്സും ആദ്യമെടുത്തുതരണം.”
“പിന്നെ- ആദ്യം പറഞ്ഞെന്ന്! മാറിനില്‍ക്ക്! അമ്മേ, എന്റെ ഷര്‍ട്ടും ട്രൗസറും ആദ്യം എടുത്തുതാ. എനിക്കാദ്യം എടുത്തുതന്നില്ലെങ്കി…”
“ആദ്യം എടുത്തുതന്നില്ലെങ്കിലെന്താണ്?”
“നീ പോടി, പന്നീ! നിന്നോട് ഞാന്‍ വല്ലതും പറഞ്ഞോ?”
“അമ്മേ, ഇവനെന്നെ പന്നീന്നു- ‘നീ പോടീ പന്നീ’ന്നു വിളിച്ചതു കേട്ടീല്ലേ?”
“തുടങ്ങിയല്ലോ രണ്ടുംകൂടി യുദ്ധം! പള്ളീല് ഒന്നാം മണി അടിച്ചിട്ടേള്ള്. ധിറുതികൂട്ടാതെ നില്‍ക്ക്. സമയമൊണ്ട്, കിടാങ്ങളെ.”
“ശ്ശ്,ശ്ശ്,ശ്ശ്.. നീ കാരണമാണ്!”
“നീ കാരണമാണ്!”
“നിന്റെ തലയ്ക്കിട്ട് ഞാനൊന്നു തരുമെന്ന് ഓര്‍ത്തോ!”
“പിന്നെ- എന്റെ തലയ്ക്കിട്ടടച്ചാല്‍ ഞാനുമടിക്കും! മൂത്തതാണെന്നൊന്നും ഞാനോക്കീല!”
“ശ്ശ്,ശ്ശ്,ശ്ശ്.. അമ്മേ, അമ്മേ, എല്ലാവരും പള്ളീലേയ്ക്കു പോകാന്‍ തുടങ്ങി.”
“അമ്മേ, അമ്മേ, എല്ലാവരും പോണത് കണ്ടില്ലേ! ഇതെന്തോരു…”
“ഞാന്‍, ദേ വരണു കിടാങ്ങളേ!”
“ടീം!”
“ആ’രാ’ടാ? ആരാ’ടാ? പിടിയവനെ!”
“ആ ഒച്ച കേട്ടതെന്താണ്’ന്നാ- വടക്കേതിലെ ആകാശവിളക്കേല്‍ ആരോ കല്ലെടുത്തെറിഞ്ഞേച്ചും ഓടിക്കളഞ്ഞതാണ്!”
“ഈശോയേ!”
“ഠോ!ഠോ!”
പിന്നെ ബാന്‍ഡുമേളങ്ങളും.
“ഞാന്‍ പള്ളീ പോ’ന്ന്’ട്ടാ.”
“വേണ്ട. രണ്ടാമണിയടിച്ചല്ലേയുള്ളു. മൂന്നാമ്മണിയടിച്ചിട്ട് എല്ലാവര്‍ക്കുംകൂടി പോകാം.”
“എല്ലാ’രും പോണത് കണ്ടില്ലേ? പന്തവുമ്പിടിച്ചു കൊണ്ട് ആളുകള്‍ പോണത്…”
“അപ്പം, ചേട്ടനിത്രവേഗം പോണതെന്തിനാണെന്നാ- കൂട്ടുകാരുംകൂടി കറങ്ങി നടക്കാനാണ്!”
“കുരുത്തംകെട്ട പെണ്ണേ, നീ പാകത്തിന് ഇരുന്നോട്ടാ!”
“പിന്നെ എന്തിനാണു ചേട്ടന്‍ ഇത്ര ധിറുതിപിടിച്ചു പോകാംമ്പോണാത്? ചേട്ടന് ആ കോടി ഷര്‍ട്ടും മുണ്ടും എല്ലാരേം കാണിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കാനായിട്ടല്ലേ?”
“അതിനാണ്- അവനു പത്രാസുകാണിച്ചു നടക്കാനായിട്ടാണ്!”
“അപ്പോ ചേച്ചീമെല്ലാം ആ കോടിയുടുപ്പിട്ടിരിക്കണത് എന്തിനാ!”
“എന്നിട്ട് ഞങ്ങളാരെങ്കിലും നിന്നെപ്പോലെ പോകാന്‍ ധിറുതി കൂട്ടുന്നുണ്ടോ? മൂന്നാം മണിയടിച്ചിട്ടേ ഞങ്ങളിവിടുന്നു പോകുന്നുള്ളു.”
“വഴീനിന്നു ചൂളമടിക്കണത് കേട്ടോ! ചേട്ടന്റെ കൂട്ടുകാരുവന്ന് ചേട്ടനെ വിളിക്കണതാണ്!”
“നിന്റെ കൂട്ടുകാരിയായിരിക്കും വിളിക്കണത്!”
“നിന്റെ കൂട്ടുകാരല്ലെങ്കി നിനക്കെന്താണിത്ര വാശി?”
“ചേച്ചിയോടു ഞാന്‍ വല്ലതും പറഞ്ഞോ?”
“ചേച്ചീ, ഈ ചേട്ടന് കൂട്ടുകാരുകൂടി നടന്ന് സിഗറേട്ടും ബീഡി’മെല്ലാം വലിക്കാനായിട്ടാന്!”
“എന്റെ കര്‍ത്താവേ! ഞാനിതുവരെ സിഗററ്റും ബീഡിയുമൊന്നും വലിച്ചിട്ടില്ല… അപ്പാ, ഈ കുരുത്തംകെട്ട പെണ്ണ്. ഇല്ലാത്ത നുണപറഞ്ഞാല്‍ തല്യ്ക്കിട്ടു ഞാന്‍ രണ്ടു കൊടുക്കുമെന്നോര്‍ത്തോ…”
“മേനേ, ഇപ്പോ മൂന്നാം മണി അടിക്കുമല്ലോ. എന്നിട്ട് എല്ലാവര്‍ക്കുംകൂടി പോകാം.”
പുറത്ത് ആരെല്ലാമോ ചൂളമടിക്കുന്നു. കൈ കൊട്ടുന്നു. അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. കൂക്കി വിളിക്കുന്നു. പട്ടികള്‍ കുരയ്ക്കുന്നു. നാവില്‍ തോന്നിയ പാട്ടുകള്‍ പാടികൊണ്ടു ചെറുപ്പക്കാര്‍ അങ്ങോട്ടുമിങ്ങോട്ടും അലഞ്ഞുനടക്കുന്നു… അങ്ങനെ ഇരമ്പല്‍! ബഹളം! ഇരമ്പലും ബഹളങ്ങളും! അന്തരീക്ഷത്തിനു ജ്വരമിളകിയതുപോലെ….
“ണേം-ണേം-ണേം-!ണേം!”
“ഠോ!ഠോ!ഠോ!”
പിന്നെ ബാന്‍ഡമേളങ്ങളും.
“മൂന്നാം മണിയടിച്ചല്ലോ. ഇനി നമുക്കു പോകാം, എന്താ?”
“ഞങ്ങള്‍ പള്ളീലേക്ക് പോകുന്നു’ട്ടാ, അമ്മേ.”
“ധിറുതിയാണെങ്കില്‍ നിങ്ങള്‍ പൊയ്ക്കാ. വയസ്സന്മാര് പുറകെ വരാം.”
“പിന്നേ’ടോ, ഞാന്‍ നിങ്ങളുടെ വീട്ടിലേക്കു വരുന്ന വഴിയ്ക്ക് തന്റെ ആളെക്കണ്ടു!”
“ഒന്നു പതുക്കെപ്പറ.”
“പതുക്കെയല്ലെ ഞാന്‍ പറഞ്ഞത്.”
“എവിടെ വെച്ചാണ് കണ്ടത്?”
“വഴിയില്‍ വെച്ച്. അവരു രണ്ടുമൂന്നു കൂട്ടുകാരുംകൂടി സിഗററ്റും വലിച്ചുകൊണ്ടു പോകുന്നതുകണ്ടു.”
”അതിന് എപ്പോഴും കുടെ കൂട്ടുകാരില്ലാതെ നടക്കാന്‍ പറ്റൂല്ല. എന്നിട്ട് അതിന്റെ കൈയിലെ കാശായിരിക്കും സിഗററ്റിനുമെല്ലാം ചെലവാക്കുന്നത്.!”
”കാശ് ചെലവാക്കുന്നതു കൊണ്ടാണ് കൂട്ടുകാരു കൂടുന്നത്… ങാ! ആ കിഴക്കേ ഇടവഴിയില്‍ നിന്നു വരുന്നത് അവരുതന്നെയാണല്ലോ! അവരുതന്നെയാണ്!”.
”ങ! ങാ!…”
വിളക്കുകളും പന്തങ്ങളുമെല്ലാം പിടിച്ചുകൊണ്ട് അങ്ങിനെ വിശ്വാസികള്‍, ആട്ടിന്‍ പറ്റത്തേപ്പോലെ, പള്ളിയിലേക്ക് ഒഴുകി ഒഴുകി പോകുകയാണ്. ആണും പെണ്ണും കുഞ്ഞുങ്ങളുമെല്ലാം, പുതിയ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട്, മധുര സങ്കല്പ്പങ്ങള്‍ ദര്‍ശിച്ചുകൊണ്ട് പള്ളിയിലേക്ക്…
പള്ളിയിലേക്ക്….
ആലീസിന്റെ വീട്ടില്‍ നിന്ന് അപ്പനും അമ്മയും സഹോദരന്മാരും കുഞ്ഞുങ്ങളുമെല്ലാം പള്ളിയിലേക്കു പോയി. എല്ലാവരും തിടുക്കത്തില്‍ പള്ളിയിലേക്കു പോയി.
കുര്‍ബ്ബാന കാണേണ്ടേ?
ഉണ്ണീശോയുടെ രൂപം ചുംബിക്കേണ്ടേ?
അപ്പോള്‍ ആലീസ് പള്ളിയിലേക്കു പോയില്ല. ആലീസിനു വയ്യ. അങ്ങിനെ ആലീസ് കട്ടിലില്‍ തന്നെ മൂടിപ്പുതച്ചുക്കിടക്കുകയാണ്. അവളെ നോക്കാന്‍ വേലക്കാരിയുമുണ്ട്.
* * * * * *
ആ അര്‍ദ്ധരാത്രിയുടെ ഹൃദയത്തില്‍ ചവുട്ടിനില്‍ക്കുന്ന പള്ളി അപ്പോള്‍ തീപ്പല്ലുകള്‍ ഇളിച്ചു കാട്ടികൊണ്ടു നില്‍ക്കുന്ന ഒരു രാക്ഷസനേപ്പോലെയായിരുന്നു, പുറമേ നിന്നു നോക്കിയാല്‍.
പള്ളിയുടെ അകമോ?
ദീപനിരകള്‍, വിവിധവര്‍ണ്ണങ്ങളിലുള്ള ഗ്ലോബുകള്‍, വിശുദ്ധപ്രതിമകളുടെ ഓരോന്നിന്റെയും മുമ്പില്‍ ഡസന്‍ കണക്കിനു മെഴുകുതിരികള്‍ ഏതു കോണിലും …. അങ്ങിനെ പള്ളിയുടെ അകം വിഭ്രമകരമായ വെളിച്ചം നിറഞ്ഞു തുളുമ്പിത്തുളുമ്പി നില്‍ക്കുകയാണ്. കൊള്ളക്കാരുടെ ധാരാളിത്തം പോലുള്ള ആ വിഭ്രമകരമായ വെളിച്ചം!
ആ വിഭ്രമകരമായ വെളിച്ചത്തില്‍ … വിശ്വാസികള്‍ പിന്നെയും പിന്നെയും വന്നു നിറയുകയാണ്. അപ്പൂപ്പന്‍മാര്‍, അമ്മൂമ്മമാര്‍, അപ്പന്മാര്‍, അമ്മമാര്‍, ഭര്‍ത്താക്കന്മാര്‍, ഭാര്യമാര്‍, ഭാവിയില്‍ എല്ലാം ആകേണ്ട പിഞ്ചുപൈതങ്ങള്‍, സില്‍ക്കുവസ്ത്രങ്ങളും കസവുനാടകളും സ്വര്‍ണ്ണാഭരണങ്ങളുമെല്ലാം ആ വിഭ്രമക്രമായ വെളിച്ചത്തില്‍ അങ്ങിനെ തിളങ്ങി തിളങ്ങികൊണ്ടിരിക്കുകയാണ്.
എല്ലാവരുടേയും കണ്ണുകള്‍ വിശേഷാല്‍ കെട്ടിയലങ്കരിച്ചിട്ടുള്ള ആ പുല്‍ത്തൊഴുത്തിന്റെ നേര്‍ ക്കാകര്‍ഷിക്കപ്പെട്ടു. എല്ലാക്കൊല്ലവും പള്ളിയുടെ ഒത്തനടുക്കു തെക്കേ ഭിത്തിയോടുചേര്‍ത്താണ് ആ പുല്‍ത്തൊഴുത്ത് കെട്ടിയുണ്ടാക്കുക. ഇത്തവണയും അവിടെത്തന്നെയായിരുന്നു. എന്നാല്‍ എല്ലാ കൊല്ലവും ചെയ്യാറുള്ളതുപോലെ വയ്ക്കോലും പനമ്പും പച്ചിലകളും കൊണ്ടു കെട്ടിയുണ്ടാക്കിയതായിരുന്നില്ല. ഇത്തവണത്തെ പുല്‍ത്തൊഴുത്ത്. പാറക്കെട്ടുപോലെ ചായം തേച്ചെടുത്ത കടലാസു വേലയാല്‍ മനോഹരമാക്കിയെടുത്ത ആ പുതിയ പുല്‍ത്തൊഴുത്തില്‍ അവിടവിടെയായി ഒട്ടേറെബള്‍ബുകള്‍ ഫിറ്റു ചെയ്തിരുന്നു. ആ തവിട്ടു നിറമുള്ള പാറക്കെട്ടിന്റെ പിളര്‍പ്പിനുള്ളിലായിരുന്നു പുല്‍ത്തൊഴുത്ത്. പ്രവേശനദ്വാരത്തിനു മുകളിലായി മൂന്നു മാലാഖപ്രതിമകള്‍ ”ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം!” എന്ന മുദ്രാവാക്യം എഴുതിപിടിപ്പിച്ചിട്ടുണ്ടായിരുന്നു. പുല്‍ത്തൊഴുത്തിനുള്ളില്‍ പതിവുപോലെ വയ്ക്കോലും ആടുമാടുകളുടെയും ആട്ടിടയന്മാരുടേയും വിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിന്റെയും ചെറിയ രൂപങ്ങളും ഒരുക്കിയിട്ടുമുണ്ടായിരുന്നു. പുതിയ അച്ചന്റേതായിരുന്നു, ആ സവിശേഷമായ പാറക്കെട്ടിനുള്ളിലെ പുല്‍ത്തൊഴുത്തിന്റെ പ്ലാന്‍. കഴിഞ്ഞ ജനുവരി അവസാനത്തിലാണ് അദ്ദേഹം ഈ ഇടവകയിലേക്ക് വന്നത്. അദ്ദേഹം ഇവിടെ പല പരിഷ്ക്കാരങ്ങളും വരുത്തിയിട്ടുണ്ട്. ‘ കമ്മ്യൂണിസ്റ്റുവിരുദ്ധമുന്നണിയും’ സംഘടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മേല്‍ നോട്ടത്തില്‍ കമ്മ്യൂണിസ്റ്റുമുന്നണിയംഗങ്ങള്‍ തന്നെയാണ് ആ പുതിയ പുല്‍ത്തൊഴുത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിട്ടുള്ളത്.
അങ്ങിനെ അച്ചന്‍ വിശേഷവസ്ത്രങ്ങളണിഞ്ഞുകൊണ്ട് , ശുശ്രൂഷകന്മാരുടെ അകമ്പടിയോടുകൂടി, ‘പാതിരാകുര്‍ബാന’ ആരംഭിച്ചു. നാലുക്രിസ്തുവിന്റെ ശരീരപുഷ്ടിയുള്ള ആ അച്ചന്റെ ഓരോ ചലനങ്ങളും ആകര്‍ഷകങ്ങളാണ്. അദ്ദേഹത്തിന്റെ വെളുത്തു തുടുത്ത മുഖവും കറുത്തു തടിച്ച് ഫ്രൈമുള്ള കണ്ണടയും കനമുള്ള ശബ്ദവും ആകര്‍ഷകങ്ങള്‍ തന്നെ. പ്രസംഗം നീട്ടികൊണ്ടുപോകുവാനും ആവേശകരങ്ങളായിത്തീര്‍ക്കുവാനും അദ്ദേഹത്തിനറിയാം. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു യന്ത്രത്തിന്റെ രണ്ടു പല്‍ചക്രങ്ങള്‍ക്ക് തമ്മിലുള്ള യോജിപ്പ് എങ്ങനെയോ, അങ്ങനെ തന്നെയാണ് അദ്ദേഹത്തിനു താന്‍ പ്രതിനിധാനം ചെയ്യുന്ന ‘പരിശുദ്ധസഭ’യുമായുള്ള യോജിപ്പും!
കുര്‍ബ്ബാനയുടെ ഇടക്ക് പ്രസംഗമുണ്ടായിരുന്നു. നീണ്ടൊരു പ്രസംഗം തന്നെ. അദ്ദേഹം ആ പ്രസംഗം ആരംഭിച്ചത് ഇങ്ങനെയാണ്:
”ദൈവദൂദന്മാര്‍ ഭൂമുഖത്തേക്കു നോക്കിക്കൊണ്ട് പാട്ടുപാടുകയാണ്, ‘ഭൂമിയില്‍ സന്മനസുള്ളവര്‍ ഭാഗ്യവാന്മാര്‍!’ മനുഷ്യവര്‍ഗ്ഗത്തെ നോക്കികൊണ്ട് ദൈവദൂദന്മാര്‍ മധുര സ്വരത്തില്‍ ഗാനം പൊഴിക്കുകയാണ്. ‘ഭൂമിയില്‍ സന്മനസുള്ളവര്‍ ഭാഗ്യവാന്മാര്‍! ‘ഭൂമിയില്‍ സന്മനസുള്ളവര്‍ ഭാഗ്യവാന്മാര്‍…’ ഇതു തന്നെയാണ് ഇന്നത്തെ സന്ദേശം. ഇന്ന്, ഈ ക്രിസ്തുമസ് സുദിനത്തില്‍ , ദൈവപുത്രനായ യേശുക്രിസ്തു ലോകരക്ഷാര്‍ഥം മനുഷ്യാവതാരം ചെയ്തതിന്റെ പുണ്യസ്മരണക്കായി ലോകം മുഴുവനുമുള്ള കത്തോലിക്കാ തിരുസഭാ സന്താനങ്ങള്‍ ഭക്തി ബഹുമാനപൂര്‍വ്വം കൊണ്ടാടുന്ന ഈ ക്രിസ്തുമസ് സുദിനത്തില്‍, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മാതാവായ ആ പരിശുദ്ധകന്യാമറിയത്തിന്റെ അടുത്തേക്കു തന്നെയാണ് നമ്മുടെ ഭാവന ഒന്നാമതായി തിരിയേണ്ടത്. ആകയാല്‍…
പരിശുദ്ധകന്യാമറിയത്തിന്റെ അപദാനകളില്‍ തന്നെയാണ് ഇന്നു കത്തോലിക്കാതിരുസഭയുടെ കാലുകളുറച്ചു നില്‍ക്കുന്നത്. ക്രിസ്തുവിന്റെ പേരില്‍ ഉണ്ടാക്കിയിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ പള്ളികള്‍ കന്യാമറിയത്തിന്റെ പേരില്‍ കത്തോലിക്കാസഭ ഉണ്ടാക്കിയിട്ടുണ്ട്. ക്രിസ്തുവിന്റേതിനേക്കാള്‍ കൂടുതലായി കന്യാമറിയത്തിന്റെ പ്രതിമകളും ചിത്രങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. സന്യാസശ്രമങ്ങളും, സ്കൂളുകളും, മഠങ്ങളും, ഹോട്ടലുകളും, പ്രാര്‍തഥനകളും, ജീവചരിത്രങ്ങളും, അത്ഭുതങ്ങളും, എല്ലാം എല്ലാം കന്യാമറിയത്തിന്റെ പേരില്‍ത്തന്നെയാണ് കൂടുതലുള്ളത്. ക്രിസ്തുവിന്റെ മാതാവായ ആ പരിശുദ്ധകന്യാമറിയത്തിന്റെ അപദാനകീര്‍ത്തനങ്ങള്‍ കേട്ടു കേട്ട്…. അങ്ങിനെയാണ് ആലീസും വളര്‍ന്ന് വന്നിട്ടുള്ളത്. എല്ലാ കത്തോലിക്കാ പെണ്‍കുട്ടികളെപ്പോലെ തന്നെ ആലീസും കന്യാമറിയത്തിന്റെ ആരാധകയായി വളര്‍ന്നു.
സാമാന്യം ഭേദപ്പെട്ട ഒരു കുടുംബത്തിലാണ് ആലീസ് ജനിച്ചത്. അവളുടെ അപ്പന്‍ അവിടത്തെ ലോവര്‍ സെക്കണ്ടറി സ്കൂളിലെ ഹെഡ്മാസ്റ്ററാണ്. അപ്പന്റെ ഏക അനുജനും അമ്മയുടെ ഒരു ഇളയപ്പനും അച്ചന്മാരാണ്. പിന്നെ അപ്പന് മൂന്നു അനുജത്തിമാരുള്ളതില്‍ ഒരുത്തി കന്യാസ്ത്രിയും. അങ്ങിനെ ഒരന്തരീക്ഷത്തില്‍ ആണ് ആലീസ് ജനിച്ചു വളര്‍ന്നത്. അവള്‍ക്ക് രണ്ടനുജത്തിമാരും രണ്ടനുജന്മാരുമുണ്ട്. മറ്റു കത്തോലിക്കാ പെണ്‍കുട്ടികളേപ്പോലെ ആലീസും മാതൃകയായി എടുത്തിരുന്നത് യേശുക്രിസ്തുവിന്റെ മാതാവായ കന്യാമറിയത്തെ തന്നെയായിരുന്നു.
അങ്ങിനെ ആലീസ് കുഞ്ഞു നാള്‍മുതലേസ്വപ്നം കാണാറുണ്ടായിരുന്നു. താന്‍ വലുതാകുന്നു ജപധ്യാനങ്ങളിലൂടെ ഓരോനിമിഷവും പള്ളിയില്‍ പോകുന്നു. അങ്ങിനെ ധ്യാന നിരതയായിരിക്കുന്ന തന്റെ മുമ്പില്‍ ഗബ്രിയേല്‍ മാലാഖ മംഗലവാര്‍ത്തയുമായെത്തുന്നു. തന്റെ ഉദരത്തില്‍ ദൈവപുത്രന്‍ ജന്മമെടുക്കുന്നു. തന്റെ ഉദരത്തില്‍ നിന്നു ജനിച്ച ആ ദൈവപുത്രന്‍ പാപങ്കിലമായ ഈ ലോകത്തെ രക്ഷിക്കുന്നു. ഓ.. ലോകരക്ഷകനായ ദൈവപുത്രന്റെ മാതാവ് എന്ന നിലയില്‍ തന്റെ പേരും അങ്ങനെ അനന്തകാലത്തോളം വാഴ്ത്തപ്പെടുന്നു.
എന്നാല്‍ കുറേകൂടി പ്രായമായപ്പോള്‍ ആലീസിന്റെ മനസില്‍ ഒരു സന്ദേഹം. കൂട്ടുകാരികളുടെ സാഹചര്യത്തില്‍ നിന്നും, ചുറ്റുമുള്ള ജീവിതത്തില്‍ നിന്നും, പുസ്തകങ്ങളില്‍ നിന്നുമൊക്കെയായി ഗര്‍ ഭധാരണത്തെക്കുറിച്ചുള്ള ആ സന്ദേഹം ആലീസിന്റെ മനസില്‍ വളര്‍ന്നു. സ്ത്രീപുരുഷ സംയോഗം കൂടാതെ ഗര്‍ഭധാരണം ഉണ്ടാകുമോ? പുരുഷന്റെ ബീജം സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ പതിക്കാതെ ഗര്‍ ഭധാരണം സംഭവിക്കുമോ?
സംഭവിച്ചിട്ടുണ്ട്; പുരുഷനുമായുള്ള ഉല്പാദനക്രിയ നടക്കാതെ തന്നെ ഭൂമിയില്‍ ഒരേയൊരു സ്ത്രീക്കു ഗര്‍ഭധാരണമുണ്ടായിട്ടുണ്ട് – എന്നാണ് കന്യാമറിയത്തെക്കുറിച്ച് കത്തോലിക്ക സഭ വിശ്വാസികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ദൈവം സര്‍വ്വശക്തനായതുകൊണ്ട്… ദൈവികമായ രഹസ്യങ്ങളെ മനുഷ്യരുടെ അല്പ്പബുദ്ധി വച്ചു നോക്കിചോദ്യം ചെയ്യരുത്. ‘തിരുസഭയുടെ’ നല്ല ആട്ടിന്‍ കുട്ടിയായി തന്നെ വളര്‍ന്നു വന്ന ആലീസ്, മറ്റുള്ള നല്ല ആട്ടിന്‍ കുട്ടികളേപ്പോലെ, ദൈവീകമായ രഹസ്യങ്ങളെയൊന്നും ചോദ്യം ചെയ്യാതെ വിശ്വാസത്തോടുകൂടിയാണ് ജീവിതം നയിച്ചുവന്നത്. കന്യകാമറിയത്തിന്റെ ഗര്‍ഭധാരണത്തെക്കുറിച്ചുള്ള… ആ ദൈവീകരഹസ്യവും ആലീസ് വിശ്വസിച്ചു. കന്യാമറിയം ദേവാലയത്തില്‍ നിന്നു മാറാതെ ജപധ്യാനങ്ങളില്‍ മുഴുകിക്കഴിഞ്ഞു കൂടിയതും; ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ടു മംഗലവാര്‍ത്ത അറിയിച്ചതും ; പെട്ടെന്ന് കന്യാമറിയത്തിന്റെ ഹൃദയം തുടിച്ച് ഒരു തുള്ളി രക്തം ചാടിയതും ; ആ രക്ത ബിന്ദുവില്‍ ത്രിതെത്വകദൈവത്തിലെ അവസാന ആളായ പരിശുദ്ധാത്മാവ് ആവേശിച്ച്, ആ രക്തബിന്ദു കന്യാമറിയത്തിന്റെ ഗര്‍ഭപാത്രത്തില്‍ പതിച്ചതും; അങ്ങനെ ദൈവപുത്രനായ ഉണ്ണിയേശുവിനെ പ്രസവിച്ചതുമെല്ലാം ആലീസ് തന്റെ ഭാവനയില്‍ കണ്ട് കണ്ട് പുളകമണീയാറുണ്ടയിരുന്നു. ഓ പരിശുദ്ധമായ ആ പുളകം കൊണ്ട്, കൊണ്ട് കൊണ്ട്…. അങ്ങനെ ആലീസും കന്യകയായിതന്നെ ഗര്‍ഭവതിയായി.
എണീക്കുവാന്‍ വയ്യാതെ കട്ടിലില്‍ കിടന്ന ആലീസ് അതെല്ലാം ഓര്‍ക്കുകയാണ്. ഓരോന്നും ഓര്‍ക്കുംന്തോറും അവളുടെ കണ്ണുകള്‍ നിറഞ്ഞു നിറഞ്ഞു ഒഴുകുകയാണ്.
ഓര്‍ക്കുകയാണ്… താന്‍ എത്രയേറെ ഉത്സാഹത്തോടും കൂടിയാണ് കഴിഞ്ഞ കൊല്ലം പാതിരാ കുര്‍ബ്ബാനക്ക് പള്ളിയിലേക്കു പോയത്! കഴിഞ്ഞതിന്റെ മുന്‍പിലത്തെകൊല്ലം പാതിരാകുര്‍ബ്ബാനക്കു പോയത്. ഓര്‍മ്മ വച്ച കാലം മുതല്‍ക്കുള്ള ഓരോ പാതിരാ കുര്‍ബ്ബാനകളെക്കുറിച്ചും ആലീസ് ഓര്‍ക്കുകയാണ്.
ഉത്സാഹവും ആനന്ദവും നിറഞ്ഞ ആ ക്രിസ്മസ് സുദിനങ്ങള്‍! ഓ… എല്ലം പൊയ്പ്പോയ്.
ഇന്നിപ്പോള്‍… തനിക്ക് എണീക്കുവാന്‍ വയ്യാ. താന്‍ കട്ടിലില്‍ പുതച്ചു മൂടി കിടക്കുകയാണ്. അപ്പനും അമ്മയും അനുജത്തിമാരും അനുജന്മാരുമെല്ലാം പാതിരാകുര്‍ബാനക്കു പോയിരിക്കുന്നു. പെട്ടന്ന്, ആലീസിന്റെ മനോനയനങ്ങളില്‍ തെളിഞ്ഞു, കറുത്തു തടിച്ച ഫ്രെയ്മുള്ള കണ്ണട വച്ചിട്ടുള്ള അച്ചന്റെ വെളുത്തു തുടുത്ത മുഖം.
അങ്ങനെ ആലീസ് അച്ചനെക്കുറിച്ച് ഓര്‍ക്കുകയാണ്… കഴിഞ്ഞ ജനുവരി അവസാനത്തിലാണ് അദ്ദേഹം അവിടെ വന്നത്. അദ്ദേഹം ഇപ്പോള്‍ കുര്‍ബാന നിര്‍വ്വഹിക്കുകയായിരിക്കും. അച്ചന്‍ ഇപ്പോള്‍ തന്റെ കാര്യം ഓര്‍ക്കുമോ? കുര്‍ബാന കാണുന്നവരാരെങ്കിലും ഇപ്പോള്‍ തന്റെ കാര്യം പരിഹാസത്തോടു കൂടി ഓര്‍ക്കുന്നുണ്ടാകുമോ? എല്ലാവരും തന്റെ കാര്യം പരിഹാസത്തോടു കൂടി ഓര്‍ക്കുന്നുണ്ടാകും.! താന്‍ സുഖം പ്രാപിച്ചു പുറത്തിറങ്ങുമ്പോഴും എല്ലാവരും പരിഹാസത്തോടു കൂടി നോക്കുകയില്ലേ? തനിക്ക് ഇനി കോക്കേജില്‍ പോകുവാന്‍ സാധിക്കുമോ? എല്ലാവരും പരിഹാസത്തോടു കൂടി നോക്കുമ്പോള്‍ താന്‍ പുറത്തേക്കിറങ്ങുന്നതെങ്ങിനെയാണ്…. ആലീസിന്റെ കണ്ണൂകള്‍ നിറഞ്ഞൊഴുകുകയാണ്.
പെട്ടെന്ന്, യെശുക്രിസ്തുവിന്റെ മാതാവായ കന്യാമറിയത്തെക്കുറിച്ച് കറുകറുത്ത ഒരു ഭാവന ആലീസിന്റെ മനസിലുയര്‍ന്നു വന്നു!
-അങ്ങിനെ വിചാരിക്കുന്നതു പാപമാണോ? താന്‍ ഉണ്ടാക്കിയെടുത്തു വിചാരിച്ചതാണോ? ആ വിചാരം ഉണ്ടായി വന്നതല്ലേ? എന്നാലും, അങ്ങിനെ വിചാരിക്കാന്‍ പാടില്ല.!
ദ്രുതരം തുടിക്കുന്ന ഹൃദയത്തോട് ആലീസ് പിന്നേയും ഓര്‍ക്കുകയാണ്…. ഗബ്രിയേല്‍ മാലാഖയോ അതു പോലെ മറ്റേതങ്കിലും മാലാഖമാരോ തന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടെന്നു താന്‍ പറഞ്ഞിരുന്നെങ്കില്‍ അമ്മ വിശ്വസിക്കുമായിരുന്നോ? അപ്പനതു വിശ്വസിക്കുമായിരുന്നോ? മറ്റുള്ളവര്‍ വിശ്വസിക്കുമയിരുന്നോ ഇല്ല, ഇല്ല; ആരും വിശ്വസിക്കുകയില്ല! താന്‍ നുണ പറയുകയാണെന്നു തന്ന എല്ലാവരും വിധിക്കും. അതൊന്നും കൂട്ടാക്കാതെ തന്റെ മുന്‍പില്‍ മാലാഖ പ്രത്യക്ഷ്പ്പെട്ടുവെന്നു താനുറപ്പിച്ചുപറഞ്ഞു കൊണ്ടു നിന്നുരുന്നുവെങ്കില്‍ തനിക്കനുകൂലമായി അച്ചന്‍ നില്‍ക്കുമായിരുന്നോ? എന്നാല്‍ അച്ചന്‍ എന്തു പറയുമായിരുന്നു? താന്‍ പറയുന്നതു നുണയാണെന്ന് അച്ചന്‍ പറയുമായിരുന്നോ? നുണയാണെന്നു പറഞ്ഞിട്ടു പിന്നെ…..
അപ്പോള്‍ വേലക്കാരി ചോദിക്കുകയാണ്: ” എന്തിനാ വെറുതെ അതുമിതുമെല്ലാം ഓര്‍ക്കുന്നത്?”
തെല്ലിട നേരത്തേക്ക് ആലീസിന് ഒന്നും പറയുവാന്‍ സാധിച്ചില്ല. പിന്നെ അവള്‍ പറഞ്ഞു. ” ഞാനൊന്നും ഞാനൊന്നും ഓര്‍ത്തില്ല.”
നേരിയ ചിരിയോടു കൂടി വേലക്കാരി പറഞ്ഞു: ”അതൊന്നും എന്നോടു പറയണ്ട”.
ആലീസ് ചോദിച്ചു: ”ഞാന്‍ അതുമിതുമെല്ലാം ഓര്‍ത്തുകൊണ്ട് കിടക്കുകയാണെന്ന് എങ്ങിനെ മനസിലായി?”
”ആ മുഖവും കണ്ണൂമെല്ലാം കണ്ടെന്നാ- ” വേലക്കാരിപറഞ്ഞു ”എനിക്കറിയാം. ഏതയാലും ഇങ്ങനെയെല്ലാം വന്നു. പിന്നേം പിന്നേം അതെല്ലാമോര്‍ത്തുമനസ്സു വിഷമിപ്പിച്ചിട്ടു കാര്യമുണ്ടോ? നമ്മള്- പെണ്ണുങ്ങളായതുകൊണ്ടെപ്പോഴും നിലനോക്കി നിന്നില്ലങ്കിലൊടുക്കം ചതി പറ്റുന്നതു നമുക്കു തന്നേയിരിക്കും. ഞാന്‍ കുറ്റപ്പെടുത്തി പറ’യേല്ല.”
അപ്പോള്‍ ആലീസ് നിയന്ത്രിക്കുവാനാകാതെ പൊട്ടിക്കരഞ്ഞു പോയി. വിമ്മി വിമ്മിയുള്ള കരച്ചില്‍!
ആലീസിന്റെ കണ്ണുനീര്‍ തുടച്ചുകൊണ്ട് വേലക്കാരി ആശ്വസിപ്പിക്കുവാന്‍ ശ്രമം നടത്തി. തനിക്കിപ്പോള്‍ ഏകാന്തതയാണു വേണ്ടെതെന്നു തോന്നിയതു കൊണ്ട്, ആലീസ് വേലക്കാരിയോടു പറഞ്ഞു. ”പോയിക്കിടന്നോ! പൊയ്ക്കോ.”
നല്ലവളായ ആ വേലക്കാരി, മേശവിളക്കിന്റെ തിരി ശകലം കൂടി താഴ്ത്തി വച്ചതിനുശേഷം പോയികിടന്നു.
ഇരുട്ടിന്റെ കനത്ത കരിംജിഹ്വകള്‍ നക്കിനക്കിയെടുത്തു മെലിഞ്ഞതുപോലെ ഒരു മങ്ങിയ വെളിച്ചം. ആ ഇരുണ്ട നിഴലില്‍… അങ്ങനെ വിമ്മിവിമ്മിക്കരഞ്ഞുകൊണ്ട് ആലീസ് കിടക്കുകയാണ്. അപ്പോള്‍ അവളുടെ മനസില്‍…..
-സതീര്‍ത്ഥ്യകളുമൊരുമിച്ചുള്ള കോളേജിലെ പഠനവും വിനോദ രംഗങ്ങളും.
-തേഡ് യൂ സി- യിലായിരുന്നു ഇക്കൊല്ലം; പിന്നെ ഒരു കൊല്ലവുംകൂടി മതിയായിരുന്നു; കര്‍ത്താവേ ബി എ പാസ്സാകാമായിരുന്നു. ഇതുകാരണം ഇക്കൊല്ലത്തെ പഠനം മുടങ്ങി.
ഇല്ല, ഇനി പഠിക്കുവാന്‍ സാധിക്കുകയില്ല. എങ്ങനെ പഠിക്കുവാന്‍ പോകും ? എങ്ങിനെ പുറത്തിറങ്ങും ? ഇനി ജീവിക്കുന്നതിനേക്കാള്‍ നല്ലതു മരിക്കുന്നതല്ലേ? ഹോ… കര്‍ത്താവേ! വിധി ഇങ്ങനെയായല്ലോ! -തടിച്ചു കറുത്ത ഫ്രെയ്മുള്ള കണ്ണട വച്ച അച്ചന്റെ വെളുത്തു തുടുത്തമുഖം.
– ഈ അച്ചന്‍മാരെല്ലാം ഇങ്ങനെയാണോ? ദൈവത്തിന്റെ പ്രധിനിധികളാണെന്നും പറഞ്ഞ്… കര്‍ത്താവേ!
-പള്ളിയില്‍ സെന്റ് മേരീസ് സൊഡാലിറ്റി സ്ഥാപിച്ചതും, സെക്രട്ടറിയായി തെരഞ്ഞെടുത്തതും, മീറ്റിംഗുകളും, പ്രത്യേക പ്രാര്‍ഥനകളും ഹൃദയം കുത്തിയെടുക്കുന്നതു പോലുള്ള ആ നോട്ടങ്ങളും, കുമ്പസാരങ്ങളും, പള്ളി മേടയില്‍ വച്ചുള്ള ആ രംഗങ്ങളും….
– അച്ചന്‍ മാരെല്ലാം ദൈവവിളിയുള്ള പ്രത്യേക സൃഷ്ടികളാണെന്നല്ലേ വിചാരിക്കുന്നത്. ഇപ്പോള്‍ അച്ചന്‍ പള്ളിയില്‍ കുര്‍ബാന നിര്‍വഹിക്കുകയായിരിക്കും! ഇപ്പോള്‍ അപ്പനും അമ്മയുമെല്ലാം തന്റെ കാര്യം ഓര്‍ക്കുന്നുണ്ടാകുമോ? അവരുടെ മനസില്‍ വേദന ഉണ്ടാകില്ലേ? അവര്‍ക്ക് ഇങ്ങനെ ഒരപമാനം വരുത്തി വച്ചില്ലേ? കര്‍ത്താവേ!
– മെന്‍സസ് നിന്നതും, ഛര്‍ദ്ദിയുണ്ടായതും, അമ്മയോടു പറഞ്ഞതും, അമ്മ അത് അപ്പനെ അറിയിച്ചതും, എങ്ങനെയോ നാട്ടുകാരെല്ലാം അറിഞ്ഞുപോയതും, അതൊരു ഭൂകമ്പമായിതീര്‍ന്നതും.
-മെത്രാന്റെ അരമനയില്‍നിന്നുള്ള തീരുമാനമനുസരിച്ച് അച്ചന്‍ അപ്പന് രൂപ കൊടുത്തിട്ടുണ്ടെന്നല്ലേ നാട്ടുകാര്‍ പറയുന്നത്! അച്ചന്റെ കയ്യില്‍ നിന്ന് നാലായിരമോ അയ്യായിരമോ ഉറുപ്പിക അപ്പന്‍ മേടിച്ചിട്ടുണ്ടെന്നാല്ലേ! അപ്പന്‍ ഉറുപ്പിക മേടിച്ചിട്ടുണ്ടോ? മേടിച്ചിട്ടുണ്ടേങ്കില്‍ അതറിയാതിരിക്കുമോ? ചിലപ്പോള്‍ മേടിച്ചിട്ടുണ്ടായിരിക്കും!
-തടിച്ചു കറുത്ത ഫ്രെയിമുള്ള കണ്ണട വച്ച അച്ചന്റെ വെളുത്തു തുടുത്ത മുഖം; ഹൃദയം കുത്തിയെടുക്കുന്നതു പോലെയുള്ള അച്ചന്റെ ആ നോട്ടങ്ങള്‍;
-കര്‍ത്താവേ! കര്‍ത്താവേ! അത്… ആണായിരുന്നുവോ, പെണ്ണായിരുന്നുവോ? അതിനെ കൊന്നില്ലേ? പിറക്കുന്നതിനുമുമ്പേ കൊന്നതിന്റെ പാപം… കര്‍ത്താവേ! ഇനി കരയുന്നതെന്തിനാണ്? കരയുന്ന തെന്തിനാണ്? ഇപ്പോള്‍ തന്നെ മരിച്ചെങ്കില്‍… നരകത്തില്‍ പോകട്ടെ! വഞ്ച്ന കാണിച്ച അച്ചനും നരകശിക്ഷ അനുഭവിക്കും! അച്ചന്‍ ഇപ്പോള്‍ കുര്‍ബ്ബാന നിര്‍വ്വഹിക്കുകയല്ലേ? ഇങ്ങനെ വഞ്ചന കാണിക്കുന്ന അച്ചന്മാര്‍ നടത്തുന്ന കുര്‍ബാനകളും പ്രാര്‍ഥനകളുമെല്ലാം എന്തിനു വേണ്ടിയാണ്?
-മരക്കുരിശില്‍ തൂങ്ങിക്കിടക്കുന്ന ക്രിസ്തുവിന്റെ വലിയ രൂപം.
– കര്‍ത്താവേ! കര്‍ത്താവേ! അച്ചന്‍ പിന്നെയും പിന്നെയും പ്രേരിപ്പിച്ചതു കൊണ്ടല്ലേ! ഈ ളോഹയെല്ലാം ഊരിക്കളഞ്ഞിട്ട് വിവാഹം ചെയ്യാമെന്നു പറഞ്ഞിട്ടുള്ള അച്ചനാണ്. ഒടുക്കം അച്ചന്റെ നില നോക്കി നിന്നത്.! അച്ചന്‍ അറിഞ്ഞുകൊണ്ടല്ലേ ആ മരുന്നു തന്നത്! ആ മരുന്നിന്റെ കാര്യമോര്‍ക്കുമ്പോള്‍.. ങ് ങ് ങ് !
– ഞരമ്പുകളിലൂടെ തീയെരിഞ്ഞെരിഞ്ഞ് കയറുന്നതുപോലെ. ശരീരത്തിനകം മുഴുവന്‍ ദ്രവിപ്പിച്ച ആ മരുന്നും അപ്പോഴത്തെ മരണസംഭ്രമവും, ആ ചോരയൊഴുക്കും.
– കര്‍ത്താവേ! എന്തുമാത്രം ചോരയാണൊഴുകിയത്! ശരീരത്തിലെ ചോര മുഴുവനുമല്ലെ ഒഴുകിപ്പോയത്! അതിനെ…ജീവനോടെ കൊന്നു! എന്നിട്ട് ആ അച്ചനിപ്പോള്‍ പള്ളിയിലെ അള്‍ത്താരയില്‍ കുര്‍ബാന നിര്‍ വഹിക്കുകയാണ്. കര്‍ത്താവേ! കര്‍ത്താവേ! അത്… ആണായിരുന്നോ, പെണ്ണായിരുന്നോ?
-പള്ളിയില്‍ കെട്ടിയുണ്ടാക്കിയിട്ടുള്ള ആ പുല്‍ത്തൊഴുത്തിലെ ആടുമാടുകളേയും ആട്ടിടയന്മാരുടേയും കന്യാമറിയത്തിന്റെയും യേശുവിന്റെ വളര്‍ത്തുപിതാവായ യൗസേപ്പിന്റെയും ഉണ്ണീയേശുവിന്റെയും രൂപങ്ങള്‍. എവിടെ നിന്നാണ് ആ വെളിച്ചം വരുന്നത്? വെറുതെ തോന്നുകയാണോ വെളിച്ചമാണ്, വെളിച്ചം തന്നെയാണ്! ആ പറന്നു പറന്നു വരുന്നത്… മാലാഖമാരാണ്! മാലാഖമാര്‍! മാലാഖമാര്‍ മധുര സ്വരത്തില്‍ ഗാനം പൊഴിക്കുകയാണ്. ”ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം ഭൂമിയില്‍ ….”
താനിപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ തന്നെയാണെന്നു ആലീസിനു തോന്നി.
-വെളിച്ചം! വെളിച്ചം!
– മാലാഖമാര്‍
-മാലാഖമാരുടെ മധുരസ്വരത്തിലുള്ള ഗാനം!
ആ സ്വര്‍ഗ്ഗീയലഹരിയില്‍ … അങ്ങനെ മുഴുകിമുഴുകി ചിരിക്കുകയാണ് : ” ഹഹഹ -ഹഹ- ഹഹഹ.” ”ഞാനാരാണെന്നറിയാമോ? ”ഞാനാരാണെന്നറിയാമോ? ”ഞാനാരാണെന്ന്…?ആലീസ് ചോദിക്കുകയാണ്.
ആ സ്വര്‍ഗ്ഗീയ ലഹരിയില്‍.. അങ്ങനെമുഴുകി മുഴുകി ചിരിച്ചുകൊണ്ട് ആലീസ് ഉത്തരം പറയുന്നു: ”ഞാനാണ് ക്രിസ്തുവിന്റെ മാതാവ്! ”ഞാനാണ്ക്രിസ്തുവിന്റെ മാതാവ് ഞാനാണ്-”
Generated from archived content: story2_sep24_11.html Author: ponjikkara_rafi
Click this button or press Ctrl+G to toggle between Malayalam and English