കഥയിലെ അടയാളവാക്യങ്ങൾ

സ്‌ത്രീപക്ഷ വീക്ഷണം പുലർത്തിക്കൊണ്ട്‌ ലൈംഗിക പ്രമേയങ്ങൾ ആവിഷ്‌കരിക്കാൻ ആർജവം പ്രകടിപ്പിക്കുന്ന കഥാകാരിയാണ്‌ ഇന്ദു മേനോൻ എന്ന്‌ ‘സംഘ്‌പരിവാർ’ എന്ന കഥാസമാഹാരത്തിന്റെ ‘ബ്ലർബി’ൽ പറയുന്ന കാര്യം, ‘ഒരു തരം ലളിതവത്‌കരണ’മാണെന്ന്‌ ഉളളടക്കം തെളിയിക്കുന്നു. മതപ്രത്യയശാസ്‌ത്രത്തെ വാങ്ങ്‌മയം കൊണ്ടു തകർക്കുന്ന സർഗാത്മകമായ ഊർജമാണ്‌ ഇന്ദുമേനോന്റെ ഉൾക്കരുത്ത്‌. ഒരു ഉദാഹരണംഃ കുട്ടികൾ ചേമ്പിന്റെ വട്ടയിലകൾ പരത്തിവെച്ച്‌ അതിലേക്ക്‌ തൂറുകയായിരുന്നു. ഒരുത്തി കൈയിലെ ഉണക്കച്ചുളളികൊണ്ട്‌ നിലത്ത്‌ അക്ഷരങ്ങളും ചിത്രങ്ങളും വരച്ചു. ഈറൻ മണ്ണിൽനിന്നും മണ്ണിരകൾ ആ കോലിനോട്‌ ദേഹം പുളച്ച്‌ പ്രതിഷേധം കാണിക്കുന്നത്‌ അവൾ കണ്ടു. മൂത്ത കുട്ടി തൂറിയ ശേഷം ചേമ്പില തോട്ടിലേക്കിട്ടു. തോട്ടിലെ പച്ച നിറമുളള ഗ്രാമജലത്തിൽ പ്രളയകാലത്തിന്റെ നീലക്കടൽ തെളിഞ്ഞു. അവൾ ആലിലയിൽ കിടന്ന്‌ വിരലൂണു നടത്തിയ കണ്ണൻ എന്ന ഹിന്ദു ദൈവത്തെ ഓർത്തു (‘ഭ്രൂണം’ എന്ന കഥയിൽ). തീട്ടത്തിനും നോട്ടത്തിനും മതചിഹ്‌നങ്ങൾ കല്പിക്കുമ്പോൾ തീവ്രത ഒന്നുകൂടി കൂടും. മലയാള കഥാന്തരീക്ഷത്തിൽ സ്ഥായിയായിപ്പോയ ചില പ്രതിലോമാത്മക ചിഹ്നങ്ങളെ തകർക്കുന്ന ദൃശ്യം ‘സംഘ്‌പരിവാർ’ എന്ന കഥയിലും ‘ദിഗംബരൻ’ എന്ന കഥയിലും കാണാം.

‘പോസ്‌റ്റ്‌ മസ്‌ജിദ്‌’ കാലഘട്ടത്തിലെ സാരാംശങ്ങൾ പേറുന്ന ഒരു വിഹ്വലചിഹ്നമാണ്‌ ‘സംഘ്‌പരിവാർ’ എന്ന കഥ. സെക്കുലർ നാട്യത്തിന്റെ ബലിയാടുകളായ ഒരുകൂട്ടം ജനതയുടെ നിശ്വാസമായി അവരിൽ നിലനില്‌ക്കുന്ന ഉൾഭയമാണ്‌ ഈ കഥയുടെ ബീജം. ആ ഉൾഭയത്തെ അനുഭവിപ്പിക്കുന്നുണ്ട്‌ കഥാകാരി. ഹിന്ദു-മുസ്ലീം എന്നിങ്ങനെ വിരുദ്ധതലത്തിൽ നില്‌ക്കുന്ന അക്രമോത്സുകരായ രണ്ടു ജന്തുവർഗത്തെ സൃഷ്‌ടിച്ചെടുക്കുകയും കരാളഹൃദയങ്ങൾകൊണ്ടും കാൽനഖങ്ങൾകൊണ്ടും മതേതരഭൂമിയെ പിച്ചിച്ചീന്തി രസിക്കുകയും ചെയ്യുന്ന വർഗസൃഷ്‌ടിയാണ്‌ പോസ്‌റ്റ്‌ മസ്‌ജിദിന്റെ സാമൂഹികതലം. ഹിന്ദുവോ മുസ്ലീമോ ആയിപ്പോയി എന്നതിന്റെ പേരിൽ മാത്രം ജീവിതം കൈക്കുമ്പിളിൽ പിടിച്ച്‌ ഓടിപ്പോകേണ്ടിവരുന്ന നിസ്സഹായരും നിഷ്‌കളങ്കരുമായ മറ്റൊരു വിഭാഗമാണ്‌ ഈ സാമൂഹികതലത്തിന്റെ അനുബന്ധം. ഈ അനുബന്ധത്തിലാണ്‌ കഥാകാരി ശ്രദ്ധിക്കുന്നത്‌. മതസ്‌പർദ്ധ വ്യക്തിയിലുണ്ടാക്കുന്ന ആന്തരികവിഹ്വലതകളിലേക്ക്‌ കടന്നേറാൻ കഥാകാരിക്ക്‌ സാധിക്കുന്നതും അതുകൊണ്ടുതന്നെ.

‘സംഘ്‌പരിവാർ’ എന്ന കഥയുടെ മറുവശമാണ്‌ ‘ദിഗംബരൻ’. മാരകായുധങ്ങൾക്കു പകരം ലൈംഗികത ഉപയോഗിച്ചുളള നരഹത്യയാണ്‌ പ്രതിപാദ്യം. ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ സാധ്യമാകുന്ന മിക്ക രാഷ്‌ട്രീയതലങ്ങളിലൂടെയും കടന്ന്‌ ഒടുവിൽ ഹൈന്ദവരാഷ്‌ട്രീയത്തിൽ സ്വയം അർപ്പിക്കുന്ന ജയകൃഷ്‌ണന്‌ ശത്രുസംഹാരത്തിനുളള ഉപാധി അയാളുടെ ‘ലിംഗം’ തന്നെ. “ഓരോ പെൺകുട്ടി നശിക്കുമ്പോഴും അവളുടെ സമുദായം നശിക്കുന്നു” എന്നാണ്‌ അയാളുടെ അടയാളവാക്യം.

സ്‌ത്രീപക്ഷവീക്ഷണം പുലർത്തുന്ന കഥകൾ എന്ന്‌ വിശേഷിപ്പിക്കാവുന്ന ‘ഈഡിപ്പൽ കോംപ്ലക്‌സ്‌’, ‘കന്യക’ എന്നിവ, നേരത്തെ സൂചിപ്പിച്ച കഥകളുമായി തട്ടിച്ചു നോക്കുമ്പോൾ താരതമ്യേന ദുർബലങ്ങളാണ്‌. ‘ഷിമ്മീസിന്റെ വെളുത്ത ലോകത്തിൽനിന്ന്‌ നെറ്റിയിലെ രക്തമയമായ സിന്ദൂരച്ഛവിയിലേക്ക്‌’ നീളുന്ന ഒരു സ്‌ത്രീയാത്രയിൽനിന്ന്‌ പുരുഷമേധാവിത്വ ലാവണ്യചിഹ്‌നങ്ങളെ തകർക്കാനോ മെരുക്കാനോ ഉളള ‘സാഹസികത’ ഇവയിൽ കാണുന്നില്ല. ലൈംഗികതയിലൂടെയും ശരീരത്തിലൂടെയും നടത്തുന്ന യാത്രകളിൽ ബലഹീനപാദങ്ങളേ ദൃശ്യമാവുന്നുളളു. ‘പുരുഷന്റെ ഇട’ങ്ങളിലേക്ക്‌ കയറിച്ചെന്ന്‌ അവനോടൊപ്പം വിഹരിക്കുകയും വ്യവഹരിക്കുകയും ചെയ്യാൻ ലഭിക്കുന്ന സ്‌ത്രീസ്വാതന്ത്ര്യത്തിന്റെ ഉപരിപ്ലവതയെ കഥാകാരി തിരിച്ചറിയുന്നുണ്ടെങ്കിലും, അതിനൊരു രാഷ്‌ട്രീയമാനവും ഘനവും പകരാൻ ആവുന്നില്ല.

സംഘ്‌പരിവാർ, ഇന്ദു മേനോൻ, ഡി സി ബുക്‌സ്‌, വില – 45രൂപ.

Generated from archived content: book2_dec28_05.html Author: pm_girish

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here