തകരുന്ന ദാമ്പത്യ സ്വപ്നങ്ങള്‍

വിവാഹത്തെപ്പറ്റി അമിതമായി സ്വപ്നങ്ങള്‍ ഹൃദയത്തില്‍ താലോലിച്ചിരുന്നയാളാണ് ശിവകുമാര്‍. ഭാര്യ സുന്ദരിയായിരിക്കണം, ആവശ്യത്തിനു പണം വേണം, കുടുംബക്കാരായിരിക്കണം ശിവകുമാറിന് ഗവണ്മെന്റില്‍ സാമാന്യം നല്ല ഒരു ജോലിയുണ്ട്. അതിന്റെ ബലത്തില്‍ മാതാപിതാക്കള്‍ പല ഭേദപ്പെട്ട വീടുകളില്‍ നിന്നും വിവാഹം ആലോചിച്ചു. പക്ഷേ പെണ്ണിനെ കണ്ടു കഴിയുമ്പോള്‍ ശിവകുമാറിന്റെ സ്വപ്നം ഉടയും. പല വീടുകളിലും പെണ്ണുകാണാനെത്തി. പക്ഷെ, എവിടെയും അയാളുടെ സങ്കല്‍പ്പത്തിലെ പ്രിയ സഖിയെ കണ്ടെത്തിയില്ല.

അങ്ങനെയിരിക്കെ ഒരു ബ്രോക്കര്‍ ഒരു ആലോചനയുമായി എത്തി. ആദ്യം പെണ്‍കുട്ടിയുടെ ഫോട്ടോ കാണട്ടെ പിന്നെയാകാം മറ്റ് കാര്യങ്ങള്‍ എന്നായി ശിവകുമാര്‍. ബ്രോക്കര്‍ ചിത്രം കൊണ്ടുവന്ന് കാട്ടി, കൊള്ളാം തന്റെ സങ്കല്‍പ്പത്തിലെ യുവതി തന്നെ.

ശിവകുമാര്‍ പെണ്ണുകാണാന്‍ പോയി. വീടും പരിസരവുമെല്ലാം കൊള്ളാം. ബന്ധുക്കളും പെണ്ണുങ്ങളുമെല്ലാം മനസിണങ്ങുന്നവര്‍ . കൂടുതല്‍ ഒന്നുമാലോചിക്കാതെ തന്നെ ശിവകുമാ‍ര്‍ സമ്മതം മൂളി.

വിവാഹം കെങ്കേമമായി നടന്നു. പെണ്ണിനേയും കൂട്ടി ശിവകുമാര്‍ തന്റെ ജോലി സ്ഥലത്തേക്കു പോയി നല്ലൊരു വീടെടുത്ത് അവിടെ താമസമായി.

വിവഹത്തിന്റെ ആദ്യ നാളുകള്‍ സന്തോഷപ്രദമായിരുന്നു.

മാസങ്ങള്‍ കടന്നു പോയതോടെ ശിവകുമാറിന്റെ ദാമ്പത്യസങ്കല്‍പ്പങ്ങള്‍ക്ക് പോറല്‍ ഏറ്റു തുടങ്ങി. എപ്പോള്‍ നോക്കിയാലും ഭാര്യക്ക് പണി തന്നെ. വീട്ടില്‍ വരുമ്പോഴൊക്കെ തന്റെ വീട്ടുവേലയുടെ ബുദ്ധിമുട്ടുകളെ പറ്റിയായി പരാതികള്‍. ഓഫീസില്‍ എടുപ്പത് ജോലിയുള്ള ശിവകുമാര്‍ വീട്ടില്‍ ഓടിയെത്തുന്നത് ആശ്വാസത്തിന്റെ കുളിര്‍മ്മയുള്ള വാക്കുകള്‍ ഭാര്യയില്‍ നിന്നും കേള്‍ക്കാനാണ്. തന്റെ ഓഫീസിലെ ഭാരിച്ച ജോലിയെപ്പറ്റി ഭാര്യയോട് പറഞ്ഞ് ആ വിഷമങ്ങള്‍ അവളുമായി പങ്കിടാനാണ്. പക്ഷെ വീട്ടിലെത്തിയാല്‍ അവരുടെ ദു:ഖങ്ങളുടെ ഭാണ്ഡം അഴിച്ചിടുകയായി.

ശിവകുമാര്‍ ആവത് ക്ഷമിച്ചു. ഭാര്യ പറയുന്നതില്‍ കുറെയൊക്കെ ശരിയുണ്ടെങ്കിലും അവരുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.

ക്രമേണ വീട്ടിലെ അന്തരീക്ഷത്തില്‍ സ്വൈരക്കേടിന്റെ അലകള്‍ വീണു തുടങ്ങി. ശിവകുമാറിനെ സംബന്ധിച്ചിടത്തോളം വീട് ആശ്വാസത്തിന്റെ കേന്ദ്രമല്ലാതായി തുടങ്ങി.

അയാള്‍ സുഹൃത്തിനൊപ്പം ക്ലബ്ബിലേക്കു പോയിത്തുടങ്ങി. പിന്നെ അതൊരു പതിവായി. അതോടെ കുടുംബത്തില്‍ വീണ അസ്വസ്ഥതയുടെ തീപ്പൊരി ആളിപ്പിടിച്ചു.

ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ ശിവകുമാറിന് ഭാര്യയുമായി ബന്ധം വേര്‍പെടുത്തേണ്ടി വന്നു.

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു കുടുംബത്തിലെ ഏക പുത്രനാണ് രഘു. വളരെ പാടുപെട്ടാണ് അയാള്‍ പഠിച്ചത്. ഒരു നേരത്തെ ആ‍ഹാരത്തിനുവേണ്ടി അയാള്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. എങ്കിലും അയാള്‍ക്ക് ജീവിതത്തോട് കടുത്ത വാശിയായിരുന്നു. മുണ്ടു മുറുക്കിയുടുത്തുകൊണ്ട് അയാള്‍ ജീവിതത്തോട് പൊരുതി. രാപകല്‍ പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടി. ഒരു ചെറിയ ജോലി കിട്ടിയത് രാജി വെച്ചിട്ട് ഐ. എ. എസിനെഴുതി. ഭാഗ്യം ആ യുവാവിനെ കടാക്ഷിച്ചു. അയാള്‍ക്ക് ഐ. എ. എസ് ലഭിച്ചു. ആ വാര്‍ത്ത അയാള്‍ക്കു പോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ അതൊരു യഥാര്‍ത്ഥ്യമായിരുന്നു. അതോടെ ആ കൊച്ചു കുടുംബത്തിലേക്ക് വിവാഹക്കച്ചവടക്കാരുടെ തിരക്കായി. സമ്പന്നരുടെ വിലപേശലില്‍പ്പെടാതെ ര‍ഘു ഒഴിഞ്ഞു നിന്നു. പക്ഷെ ഒരു ഘട്ടത്തില്‍ ചില ബന്ധുക്കളുടേയും മറ്റും നിര്‍ബന്ധത്തിനു വഴങ്ങി ഒരു സമ്പന്നന്റെ പുത്രിയെ വേള്‍ക്കേണ്ടി വന്നു. ആ ദാമ്പത്യം ഒരു വര്‍ഷത്തിലേറെ നിലനിന്നില്ല. രഘുവിന്റെ കുടുംബത്തേയും ബന്ധുക്കളേയും വേണ്ട വിധത്തില്‍ അംഗീകരിക്കാന്‍ സമ്പന്നയായ ഭാര്യക്ക് ബുദ്ധിമുട്ടായിരുന്നു. തനിക്കു വേണ്ടി ജീവിതമുഴിഞ്ഞു വച്ച മാതാപിതാക്കളേയും സഹോദരങ്ങളേയും വെറുപ്പിക്കാന്‍ രഘു തയാറായില്ല. പ്രശ്നം ക്രമേണ രൂക്ഷമായി. ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസമായി. ഭാര്യ പിണങ്ങി അവരുടെ വീട്ടിലേക്കു പോയി. തിരിച്ചു വിളിക്കാന്‍ അഭിമാനിയായ ഭര്‍ത്താവ് പോയില്ല. കാലം ഇരുവരുടെയും മനസിലെ മുറിവുകള്‍ ഉണക്കിയില്ല. അവര്‍ കോടതിയിലെത്തി . വിവാഹബന്ധം വേര്‍പിരിയുകയും ചെയ്തു.

രമേശും ബീനയും പ്രേമിച്ചു വിവാഹം കഴിച്ചവരാണ്. എപ്പോഴും നന്നായി ഒരുങ്ങി നടക്കുന്നവളാണ് ബീന. പലപ്പോഴും അക്കാര്യത്തില്‍ രമേശ് അവളെ അഭിനന്ദിച്ചിട്ടുമുണ്ട്. പക്ഷെ തന്റെ ഭാര്യയായി മാറിയതോടെ രമേശിന്റെ കാഴ്ചപ്പാട് മാറി. തന്റെ ഭാര്യ ആവശ്യത്തിലധികം ഒരുങ്ങേണ്ട എന്നാണ് അയാളുടെ നിര്‍ബന്ധം. ആദ്യമൊക്കെ ഒഴുക്കന്‍ മട്ടിലാണ് അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നത്. ക്രമേണ അയാളുടെ രീതി മാറി. ക്ഷേത്രത്തില്‍ പോകാനോ, ഷോപ്പിംഗിനു പോകാനോ സമ്മതിക്കില്ല. ഒന്ന് വൃത്തിയായി ഒരുങ്ങിയാല്‍ അയാള്‍ ചോദിക്കും.

‘ എന്തിനാടീ ഇങ്ങനെ കോലം കെട്ടുന്നത്? ആരെ കാണിക്കാനാ?’‘

പലപ്പോഴും ആ ചോദ്യം കേട്ടില്ലെന്ന് ബീന നടിക്കും. പക്ഷേ ഒരു ദിവസം അവള്‍ പൊട്ടിത്തെറിച്ചു. അവള്‍ തിരിച്ചു സംസാരിച്ചു തുടങ്ങി. പിടക്കോഴി കൂവുകയോ ? രമേശിന് സഹിച്ചില്ല അയാള്‍ അവള്‍ക്കിട്ട് ഒരു പെട പെടച്ചു. സംഗതി രൂക്ഷമായി അവള്‍ പിണങ്ങിപ്പോയി. രമേശ് ഒരാഴ്ചകഴിഞ്ഞാണ് വിളിക്കാന്‍ പോയത് . പക്ഷേ അവള്‍ വന്നില്ല. ബീനയുടെയും രമേശിന്റേയും വിവാഹബന്ധം പതിനെട്ടു മാസം മാത്രമാണ് നിലനിന്നത്.

വിജയമ്മ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. വലിയ സാമ്പത്തികമൊന്നുമില്ലാത്ത ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളില്‍ മൂത്തവളാണവള്‍.‍ നല്ല ചുറുചുറുക്കും സാമാന്യമായ രൂ‍പ സൗന്ദര്യവും അവള്‍ക്കുണ്ടായിരുന്നു. അതുകണ്ട് ശ്രീധരന്‍ അവളെ വിവാഹം കഴിച്ചു. ശ്രീധരന് സ്വന്തമായി ഒരു ടാക്സിയുണ്ട്. ഏതാണ്ട് ആറുമാസക്കാലം അവര്‍ സുഖമായി ജീവിച്ചു. പിന്നെ ശ്രീധരന്‍ സ്ഥിരമായി അസമയത്ത് വീട്ടിലെത്താന്‍ തുടങ്ങി . നന്നായി മദ്യപിച്ചിട്ടാണ് വരിക. ഇടയ്ക്ക് ഭാര്യയുമായി വാക്കേറ്റമാ‍യി. ഭാര്യക്ക് മറ്റാരോടോ ഒക്കെ അടുപ്പമുണ്ടെന്നാണ് അയാള്‍ ആരോപിക്കുന്നത് . പല രാത്രിയിലും ഇക്കാര്യം പറഞ്ഞ് വഴക്കും തല്ലുമായി. ഗതിമുട്ടിയ വിജയമ്മ പോലീസ് സ്റ്റേഷനില്‍ പോയി . പോലീസ് വന്ന് ശ്രീധരനെ വിരട്ടി. അടങ്ങിയൊതുങ്ങി കഴിഞ്ഞു കൊള്ളണമെന്ന താക്കീതും നല്‍കി. അതോടെ അവര്‍ തമ്മിലുള്ള ഭിന്നത ഇരട്ടിച്ചു. നീ എന്നെ ഉപദേശിക്കാന്‍ പോലീസുകാരെ കൊണ്ടുവന്നു എന്ന് ചോദിച്ചു കൊണ്ടായി വഴക്ക്. നിരന്തരമായ തല്ലുകൊണ്ട് സഹികെട്ട് വിജയമ്മ കോടതിയില്‍ പോയി. അങ്ങനെ ആ വിവാഹബന്ധവും വേര്‍പെട്ടു.

അടുത്തിടെ മുംബൈയില്‍ നടന്ന ഒരു വിവാഹമോചനത്തിന്റെ കഥ കേള്‍ക്കുക . മുംബയിലെ ഫാമിലി കോര്‍ട്ടില്‍ നടന്ന കഥയാണിത്. ഋഷിയും അനിതയും വിവാഹം കഴിച്ചത് പാരമ്പര്യാചാരപ്രകാരമാണ്. അനിത സമ്പന്ന കുടുംബത്തിലെ അംഗമാണ്. വിവാഹത്തിന്റെ ആദ്യനാളുകള്‍ സന്തോഷപ്രദമായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ രണ്ടു പേരും കൂടി ഹണിമൂണിനു പോയി. നഗരത്തിലെ ഒരു ഹോട്ടലില്‍ വച്ച് തനിക്ക് പ്രിയപ്പെട്ട ഒരു ‘ ജ്യൂസ്’ വാങ്ങിക്കൊടുക്കണമെന്ന് അനിത ഋഷിയോട് ആവശ്യപ്പെട്ടു. ഋഷി ആ ആവശ്യം അംഗീകരിച്ചില്ല. സംഭവം ഗുരുതരമായി. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ തന്നെ തന്റെ വളരെ ചെറിയ ഒരാവശ്യം സാധിച്ചു തരാത്തയാളിന്റെയൊപ്പം എങ്ങനെ ജീവിക്കുമെന്നായി അനിത. ഋഷി ഈ വാദത്തിന് വേണ്ടെത്ര വില നല്‍കിയില്ല. കാര്യം ഉടക്കായി, വാദപ്രതിവാദമായി. അനിത വിട്ടുകൊടുത്തില്ല. അവള്‍ക്ക് തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു. പ്രശ്നം കോടതിയിലെത്തി വിവാഹബന്ധം വേര്‍പെട്ടു. വെറും പതിനേഴ് ദിവസങ്ങള്‍ മാത്രമാണ് ആ ബന്ധം നിലനിന്നത്.

ഇതൊന്നും കെട്ടുകഥകളല്ല. നിത്യവും പെരുകിക്കൊണ്ടിരിക്കുന്ന വിവാഹമോചനക്കഥകളില്‍ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. അടുത്തിടെ വിവാഹമോചനക്കേസുകള്‍ വന്‍ തോതില്‍ പെരുകിയിരിക്കുന്നുവെന്നാണ് കുടുംബക്കോടതികളിലേയും മറ്റും കണക്കുകള്‍ സൂചിപ്പിക്കുന്നത്. മുംബൈയിലെ കുര്‍ളയിലുള്ള ഫാമിലി കോടതിയിലെ സീനിയര്‍ മാര്യേജ് കൗണ്‍സിലര്‍ പറയുന്നത് ഈ പ്രതിഭാസം പ്രതീക്ഷയില്‍ കഴിഞ്ഞ് വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ്. വിവാഹബന്ധങ്ങള്‍ വേര്‍പെടുത്തുന്നതിന് നിര‍വധി കാരണങ്ങള്‍ ഉണ്ടായിരിക്കാം. ശാരീരികമായോ മാ‍നസികമായോ ഒക്കെയായ നിരവധി പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷെ ഇപ്പോള്‍ നടക്കുന്ന വേര്‍പിരിയല്‍ മിക്കവയും ചേര്‍ച്ചയില്ലാ‍യ്മയില്‍ നിന്നും സംഭവിക്കുന്നവയാണ്. ഇവിടെ കൂടുതല്‍ അര്‍ത്ഥമുണ്ട്. മുമ്പ് ദാമ്പത്യ ബന്ധം ചില സങ്കല്‍പ്പങ്ങളില്‍ വേരുറച്ചുകിടന്നിരുന്നു. അതുമൂലം ഒട്ടുമിക്ക സ്ത്രീകളും ദാമ്പത്യത്തിലെ ഏതു പ്രശ്നങ്ങളും ഒരളവു വരെ സഹിക്കുമായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറി വരുന്നു. പല മേഖലയിലും തങ്ങള്‍ക്കുണ്ടാകുന്ന ഭിന്നത ധൈര്യപൂര്‍വം പ്രകടിപ്പിക്കാന്‍ ഇന്ന് നല്ലൊരു വിഭാഗം സ്ത്രീകള്‍ മുന്നോട്ടു വരുന്നു. ഇതില്‍ നിന്നുമാണ് ചേര്‍ച്ചയില്ലായ്മ ഉണ്ടാകുന്നത്.

ഇന്ന് സ്ത്രീകളുടെ ജീവിത സമീപനം തന്നെ മാറിക്കഴിഞ്ഞിരിക്കുന്നു. കുടുംബപരമായ കെട്ടുപാടുകള്‍ വിഭിന്നമായിരിക്കുന്നു. ജീവിതനിലവാരവും മാറി. പൊതുവേ സംഘര്‍ഷം കൂടുതലാണ്. ഇതൊക്കെ വൈവാഹിക ബന്ധത്തിന്റെ തകര്‍ച്ചക്ക് കാരണമാകുന്നു.

വിവാഹം ഒരുതരത്തിലുള്ള അടിമത്തമാണെന്ന സങ്കല്‍പ്പത്തിന് ഇന്ന് മുന്‍തൂക്കം ഏറി വരുന്നു. വിവാഹം ഒരാവശ്യമല്ലെന്ന സങ്കല്‍പ്പം പുലര്‍ത്തുന്നവരും ഇന്ന് സമൂഹത്തിലുണ്ട്. സ്ത്രീകളും പുരുഷന്മാരും ഇക്കൂട്ടത്തില്‍പ്പെടുന്നു.

വിവാഹബന്ധങ്ങള്‍ വേര്‍പെടുന്നതിന് പ്രധാനമായ കാരണമായി കണക്കാക്കപ്പെട്ടിരുന്നത് സാമ്പത്തികമായിരുന്നു. രാജ്യത്ത് സ്ത്രീധന സമ്പ്രദായത്തിനെതിരെ കടുത്ത നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ഒരു പുരോഗമനവാദിയും ഒരു സ്ത്രീസ്വാതന്ത്ര്യ സംഘടനും ഇതില്‍ വേണ്ടവിധത്തില്‍ തൊട്ടുകളിക്കുന്നില്ല. തോന്നുന്നതുപോലെ സ്വര്‍ണ്ണം ചോദിക്കാനും തോന്നുന്നതുപോലെ സ്ത്രീധനം പണമായി ആവശ്യപ്പെടാനും ഇന്ന് ഒരാള്‍ക്കും മടിയില്ല. വിപ്ലവം പറയുന്നവരും നിയമം നടപ്പാക്കുന്നവരുമെല്ലാം സ്വന്തം കാര്യം വരുമ്പോള്‍ പത്തി മടക്കുന്നതാണ് കണ്ടുവരുന്നത്. വിവാഹബന്ധത്തില്‍ സ്ത്രീധനമാണ് മിക്കപ്പോഴും വില്ലനാകുന്നത്,

ലൈംഗികമായ പ്രശ്നങ്ങളുടെ പേരില്‍ വിവാഹമോചനം മുമ്പ് കുറവായിരുന്നു. ഇന്ത്യന്‍ സ്ത്രീകള്‍ ഇത്തരം കാര്യങ്ങള്‍ കോടതിയില്‍ പറയുവാന്‍ മുന്‍കാലങ്ങളില്‍ അറച്ചിരുന്നു . ഇപ്പോള്‍ സ്ഥിതി മാറി. കുറെപ്പേരെങ്കിലും ഭാര്യാഭര്‍ത്തൃബന്ധത്തിലെ ലൈംഗികമായ പൊരുത്തക്കേടുകള്‍ കോടതിയില്‍ തുറന്നു പറയാന്‍ ധൈര്യം കാട്ടിത്തുടങ്ങിയിട്ടുണ്ട്. കോടതിയില്‍ ഇക്കാര്യം പറയുന്നത് ആരോഗ്യകരമായ പ്രവണതയാണെങ്കിലും ലൈംഗികപ്രശ്നങ്ങളുടെ പേരില്‍ സ്ത്രീകള്‍ പരപുരുഷന്മാരെ സ്വീകരിക്കുന്നതും പുരുഷന്മാര്‍ അന്യസ്ത്രീകളെ പ്രാപിക്കുന്നതും അപകടകരമായ ഒരു സാമൂഹ്യപ്രശ്നമായി മാറിയിട്ടുണ്ട്. ഇതിനുള്ള ധൈര്യം സ്ത്രീക്കും പുരുഷനും പഴയതിനേക്കാള്‍ ഏറെയിന്നുണ്ട്. സാമൂഹ്യ ജീവിതത്തില്‍ വന്ന ധാര്‍മ്മികമായ മൂല്യച്യുതിയുടെ ഫലമാണിതെന്ന് ചൂണ്ടി കാണിക്കാം. മുമ്പെത്തെക്കാളും ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീത്വത്തിന് ഇന്ന് വിലയുണ്ട്. വിവാഹക്കമ്പോളത്തിലെ വിലപേശലിന് വലിയ മാറ്റമൊന്നുമില്ലെങ്കിലും തൊഴില്‍പരമായ കാര്യങ്ങളിലും വിദ്യാഭ്യാസകാര്യങ്ങളിലും ചിന്താപരവും ശാസ്ത്രീയവുമായ അറിവുകളുടെ കാര്യത്തിലുമെല്ലാം ഇന്ത്യയിലെ സ്ത്രീകള്‍ വളരെയധികം പുരോഗമിച്ചിട്ടുണ്ട്.

സ്ത്രീ പുരുഷന്റെ ഉപഭോഗവസ്തുവെന്ന സങ്കല്‍പ്പത്തില്‍ നിന്ന് സ്ത്രീ പുരുഷബന്ധത്തിലെ സ്വത്വം ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ലൈംഗിക കാര്യങ്ങളില്‍ പോലും ആസ്വാദനം പുരുഷനു മാത്രം അര്‍ഹതപ്പെട്ടതാണെന്ന പഴഞ്ചന്‍ സങ്കല്‍പ്പം ഇന്ന് സ്ത്രീകള്‍ കളഞ്ഞു തുടങ്ങിയിട്ടുണ്ട്. ജീവിതത്തിന്റെ ആസ്വാദ്യത അവരും മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. ഈ അവബോധം പുരുഷന്റെ ലൈംഗികമായ ഏകാധിപത്യത്തെ ചോദ്യം ചെയ്യാനും കുറെയൊക്കെ തങ്ങളുടെ വഴിക്ക് പോകാനും സ്ത്രീക് പ്രാപ്തി നല്‍കിയിരുന്നു. ഈ മാറ്റമാണ് നഗരങ്ങളിലും മറ്റും നല്ലൊരു വിഭാഗം സ്ത്രീകളെ വിവാഹം വേര്‍പെടുത്താന്‍ പ്രേരിപ്പിക്കുന്നത്.

വിവാഹമെന്നത് പരസ്പരമുള്ള സഹവര്‍ത്തിത്വവും പരസ്പരമുള്ള സഹായവുമാണെന്ന സങ്കല്‍പ്പത്തിന് ഇന്ന് ആക്കം കൂടിവരുന്നു. സത്യത്തില്‍ ഈ സങ്കല്‍പ്പമാണ് ശരി. പുരുഷന്റെ കുട്ടിയെ ചുമക്കാനും പുരുഷനു വേണ്ടി ഭക്ഷണം വെയ്ക്കാനും മാത്രം വിധിക്കപ്പെട്ടവളല്ല സ്ത്രീ. ഉദ്യോഗസ്ഥകൂടിയാകുമ്പോള്‍ അവളുടെ ജോലി ഭാരവും സംഘര്‍ഷവും വര്‍ദ്ധിക്കുന്നു. വീട്ടുജോലിയും കുട്ടികളെ വളര്‍ത്തലും ഓഫീസ് ജോലിയുമെല്ലാം അവളുടെ തോളില്‍ മാത്രം ഭാരമായി അടിച്ചേപ്പിക്കപ്പെടുമ്പോള്‍‍ അവള്‍ പുതിയ സ്നേഹത്തിന്റേയും ആശ്വാസത്തിന്റേയും വഴി തേടുക സ്വാഭാവികമാണ്.

എന്നാല്‍ ഒരു പ്രശസ്തനായ അഭിഭാഷകന്‍ പറയുന്നത് വിവാഹമോചനത്തിന്റെ പ്രധാന കാരണം പണമാണെന്നാണ്. എങ്കിലും വിവാഹമോചനത്തിനു വേണ്ടി കോടതിയില്‍ വരുമ്പോള്‍ പലരും കള്ളക്കഥകള്‍‍ കെട്ടിച്ചമക്കുന്നു. യുവതലമുറയില്‍ ഈ ബന്ധം വിച്ഛേദിക്കലിന് ആക്കം കൂടിവരികയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇതൊക്കെ അടിസ്ഥാനപ്രശ്നങ്ങളാണെങ്കിലും പുതിയ തലമുറയുടെ മുന്നില്‍ ഇപ്പോള്‍ മോഹങ്ങളും അവസരങ്ങളും ഏറെ പെരുകിക്കൊണ്ടിരിക്കുന്നു. അനുനിമിഷം ജീവിതം മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് നമുക്ക് ഏതു തരം ഭക്ഷണം വേണമെങ്കിലും കഴിക്കാന്‍ അവസരമുണ്ട്. ഏതുതരം കാറുകള്‍ വേണമെങ്കിലും മുന്നിലുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ മാറ്റമുണ്ട്.

ഒന്നില്‍ നിന്ന് ഒന്നിലേക്ക് മാറിമറയാനുള്ള അവസരങ്ങള്‍ . എത്ര ടി. വി ചാനലുകളാണ് നമ്മുടെ മുന്നിലുള്ളത് ജീവിതം ഒന്നേയുള്ളു. അത് മുഷിവോടെ ജീവിച്ചു തീര്‍ക്കാനുള്ളതല്ല. ഇത്തരം സങ്കല്‍പ്പങ്ങള്‍ ഉള്ളവരുടെ എണ്ണവും ഇന്ന് വര്‍ദ്ധിച്ചു വരുന്നു.

കാലങ്ങളായി ജീവിതത്തില്‍ നിലനിന്ന‍ മൂല്യങ്ങള്‍ നാം അറിയാതെ നൈമിഷികമായ ജീവിതത്തിനു മുന്നില്‍ വീണുടയുന്നു. ആര്‍ക്കും പിന്നിലേക്കു നോക്കാന്‍ സമയമില്ല. സുഖങ്ങള്‍ക്കും മോഹങ്ങള്‍ക്കും വേണ്ടിയുള്ള പരക്കം പാച്ചിലില്‍ എല്ലാ മൂല്യങ്ങളേയും ചവിട്ടിമെതിക്കുന്നു.

ഇത് ഈ കാലഘട്ടത്തിന്റെ ശാപമായി മാറിയിരിക്കുന്നു. ഈ ശാപം നമ്മെ യൂറോപ്യന്‍ സമൂഹത്തിന്റെ തിന്മകളിലേക്ക് കൊണ്ടെത്തിക്കും. ഈ തിന്മകളുടെ സ്വാധീനം പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനക്കേസുകള്‍ .

കടപ്പാട് – ആശ്രയ മാതൃനാട്.

Generated from archived content: essay1_oct6_12.html Author: pks_menon

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English