പ്രതിദിനം അറുപതുകോടി ഉറക്കഗുളിക ഈ ഭൂമുഖത്ത് വിറ്റഴിയുന്നു. !
അടുത്ത കാലത്ത് കണ്ട ഒരു പത്രവാര്‍ത്തയാണ്. മറ്റു മയക്കുമരുന്നുകളുടെ കണക്കെടുത്താല്‍ ലോക ജനസംഖ്യയുടേതിനേക്കാള്‍ കൂടുതലുണ്ടാകും. തായ്‌ലന്‍ഡില്‍ അഞ്ചു കോടി ജനങ്ങളില്‍ അഞ്ചു ലക്ഷവും മലേഷ്യയില്‍ മൂന്നരകോടി ജനങ്ങളില്‍ മൂന്നു ലക്ഷവും മയക്കുമരുന്നിന് അടിമയാണെന്ന വാര്‍ത്ത കണ്ടു. ഭാരതത്തിലെ കണക്ക് അനുദിനം ആപത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നതും വ്യക്തം.
എങ്കിലും പുതിയ പുതിയ മയക്കുമരുന്നുകള്‍ കണ്ടെത്താനും അവ വിതരണം ചെയ്യാനും ലക്ഷങ്ങള്‍ ചെലവഴിക്കുന്ന കമ്പനികളുണ്ടെത്രെ. അതൊക്കെ വിദേശങ്ങളിലെ ചെറിയ ‘ പ്രശ്‌നങ്ങള്‍’
നമ്മുടെ കൊച്ചു കേരളവും മയക്കുമരുന്നിന്റെ മായാലോകത്ത് എത്തിച്ചേര്‍ന്നതിനെ കുറിച്ചുള്ള ചില വിവരങ്ങളാണ് ഇവിടെ പറയുന്നത്.
കൃത്രിമ ജീവിതത്തിന്റെ വികൃത ഭാവങ്ങളെ എങ്ങും കാണാനുള്ളൂ. ഇതെല്ലാം കൃത്രിമമാണ്. കൃത്രിമമായി ജനിച്ചു! കൃത്രിമമായി ജീവിച്ചു! മരണവും കൃത്രിമമായി! ശരീരത്തിനും മനസിനും സുഖമില്ലാതിരുന്നെങ്കില്‍ മാത്രമേ ആരോഗ്യമെന്നു പറയാന്‍ കഴിയൂ. പക്ഷെ ശരീരത്തെ നിയന്ത്രിക്കേണ്ട മനസ് കൃത്രിമ മാര്‍ഗത്തില്‍ പോയാല്‍..?
ഒരിക്കലും മനസിന് സ്വാസ്ഥ്യം ലഭിക്കുകയില്ല. അതിന് സ്വയം നിയന്ത്രണവും പരിശുദ്ധിയുമില്ലെങ്കില്‍, ഒരു പക്ഷെ നമ്മിലെല്ലാം ചില ഭ്രാന്തന്‍ ചിന്തകള്‍ വേരൂന്നിയെന്നു വരാം. ചിലരുടെ വികലമായ പ്രവര്‍ത്തനങ്ങളും മനഃസ്ഥിതിയും കാണുമ്പോള്‍ നാം സ്വയം ചോദിക്കാറുണ്ട്.. ‘ അയാള്‍ക്ക് ഭ്രാന്തുണ്ടോ..?’
മനസിന്റെ പ്രവര്‍ത്തനങ്ങളില്‍ ബുദ്ധിയുടെ കടിഞ്ഞാണ്‍ വിട്ടുപോകുന്നതാണല്ലോ ചിത്തഭ്രമം. സ്വാസ്ഥ്യം അനുഭവിക്കുന്ന മനസില്‍ കൃത്രിമബുദ്ധിക്ക് പാത തെറ്റും അപ്പോള്‍ താളപ്പിഴകളും സ്വരച്ചേര്‍ച്ച കുറവും അനവധിയുണ്ടാകും. മദ്യവും മയക്കുമരുന്നുകളുമാണ് മനുഷ്യമനസിനെ മലിനപ്പെടുത്തുന്ന മുഖ്യ വസ്തുക്കള്‍. പരിഷ്‌കാരത്തിന്റെ പിന്നാലെ അലയുന്ന അത്യാന്താധുനികരാണ് സമൂഹത്തിന്റെ മനസിന് അസ്വാസ്ഥ്യം വിളമ്പുന്ന മയക്കുമരുന്നിന്റെ വിതരണക്കാര്‍ എന്നു പറയാം.
*********************************
മാല്‍ഡ്രഗ്‌സ്, പ്രോഡോണ്‍, പെത്തഡിന്‍, ഡെക്‌സിഡ്രീല്‍, ബെന്‍സീഡ്രില്‍, ഹഷീഷ്, മരിജുവാന, മോര്‍ഫിന്‍, ഹെറോയിന്‍, ഭാംഗ്, എല്‍എസ്ഡി, കറുപ്പ് എന്നീ മയക്കു മരുന്നുകള്‍ക്കു പുറമെ നമ്മുടെ നാട്ടില്‍ വളരുന്ന കഞ്ചാവും ഏറെ പ്രചാരത്തിലുള്ള മയക്കുമരുന്നാണ്. കോടിക്കണക്കിനു രൂപയുടെ കഞ്ചാവ് വിദേശത്തേയ്ക്കു കള്ളക്കടത്ത് നടത്തിയവരുടെ കഥകള്‍ നാം ഏറെ വായിച്ചിട്ടുണ്ട്. കഞ്ചാവ് എന്ന നമ്മുടെ സ്വന്തം മയക്കു മരുന്ന് കേരളത്തെ എത്രമാത്രം സ്വാധീനിച്ചെന്നു പരിശോധിക്കാം.
പെറ്റമ്മയെ ബലാത്കാരം ചെയ്യാന്‍ മുതിര്‍ന്നവന്‍, ഭാര്യയെയും മക്കളെയും ചുട്ടുകൊന്നവന്‍, സഹോദരങ്ങളെ വെട്ടിനുറുക്കിയവര്‍ ഇവരെക്കുറിച്ചൊക്കെ നമ്മുടെ മാധ്യമങ്ങളില്‍ ഏറെ വാര്‍ത്തകള്‍ വന്നിട്ടുള്ളതാണ്. ഇത്തരം മൃഗീയ പെരുമാറ്റങ്ങള്‍ക്കും വിചിത്രമായ പെരുമാറ്റങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് മദ്യവും മയക്കുമരുന്നുമാണെന്നു വ്യക്തമായിട്ടുണ്ട്. എന്നിട്ടും കടിഞ്ഞാണിടാന്‍ കഴിയാത്ത രക്തരക്ഷസായി കഞ്ചാവ് ഇന്നും ആയിരങ്ങളെ വേട്ടയാടുന്നു.
ലോകമെമ്പാടുമുള്ള മനുഷ്യരെ ആകര്‍ഷിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന മയക്കുമരുന്നുകളുടെ അതിപ്രസരം തടയാന്‍ വിവിധ സര്‍ക്കാരുകള്‍ ധാരാളം നിയമങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും പ്രകൃതി പിന്നെയും എത്രയെത്ര മയക്കുമരുന്നു ചെടികള്‍ നമുക്കുവേണ്ടി വളര്‍ത്തി തരുന്നു. കേരളത്തെ സംബന്ധിച്ച് അതില്‍ മുഖ്യനാണ് കഞ്ചാവ്. സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലയായ സഹ്യസാനുക്കളില്‍ തഴച്ചു വളരുന്ന കഞ്ചാവ് പല പേരിലും രൂപത്തിലും സ്വദേശത്തും വിദേശത്തും കസര്‍ത്ത് നടത്തുന്നു.
കശ്മീര്‍ താഴ് വരയില്‍ പൈന്‍ മരക്കാടുകള്‍ക്കിടയില്‍ ചരസ് സമൃദ്ധിയായി വളരുന്നുവെന്ന് നമുക്കറിയാം. ഇന്ത്യയില്‍ രാജസ്ഥാനില്‍ വളരുന്ന പോപ്പിയില്‍ നിന്നുണ്ടാക്കുന്ന കറുപ്പും നമ്മുടെ പരിചയക്കാരനാണ്. എന്നാല്‍ കഞ്ചാവെന്ന നമ്മുടെ സ്വന്തം നാട്ടുകാരന്‍ യുവാക്കളെ കത്തിയെരിയിക്കുന്നത് പലപ്പോഴും നാം കാണാതെ പോകുന്നു. ജോലിയില്‍ ശ്രദ്ധ ലഭിക്കാനും, സമാധാനത്തിനു വേണ്ടിയും ആത്മവിശ്വസമേറ്റാന്‍ വേണ്ടിയും ലഹരിക്കു വേണ്ടിയും ഉപയോഗിച്ചു തുടങ്ങുന്ന കഞ്ചാവ് ഒടുവില്‍ ഓരോരുത്തരുടെയും അന്തകനായി മാറാന്‍ ഏറെ സമയം എടുക്കുന്നില്ല.
കേന്ദ്ര എക്‌സൈസും സംസ്ഥാന എക്‌സൈസും ധാരാളം കഞ്ചാവ് കള്ളക്കടത്ത് പിടിച്ച വാര്‍ത്തകള്‍ നാം വായിച്ചിട്ടുണ്ട്. പക്ഷെ അമ്പത് കിലോഗ്രാം കഞ്ചാവ് പിടികൂടിയാല്‍ കോടതിയില്‍ അത് എത്തുക അഞ്ചു കിലോയായോ, അഞ്ഞൂറ് മില്ലിഗ്രാം ആയോ ആയിരിക്കും.
ഒരിക്കല്‍ കുടകു വനത്തിലെ ഏലത്തോട്ടത്തില്‍ കൃഷി ചെയ്ത കഞ്ചാവ് കേരളത്തിലെ ചെക്‌പോസ്റ്റില്‍ പടികൂടി. എന്നാല്‍ ഉദ്യോഗസ്ഥരില്‍ വമ്പിച്ച സ്വാധീനമുള്ള കഞ്ചാവുടമസ്ഥന്‍ സാധനം കടത്തിക്കൊണ്ടു പോയി. നാട്ടുകാര്‍ കാണ്‍കെ പിടികൂടിയ കഞ്ചാവ് ആരുമറിയാതെ രാത്രിയില്‍ കൈമാറുകയും കോടതിയിലെത്തിക്കാന്‍ ചപ്പുചവറുകള്‍ നിറച്ച പെട്ടികള്‍ സൂക്ഷിക്കുകയും ചെയ്തതായി വാര്‍ത്തയുണ്ടായിരുന്നു. പിടിച്ചെടുത്ത നല്ല നീലച്ചടയന്‍ കഞ്ചാവ് മറ്റു ചില പച്ചമരുന്നായി കോടതിയില്‍ എത്തിയ കഥയും നാം കേട്ടിട്ടുണ്ട്. അധികൃതര്‍ അറിഞ്ഞും അറിയാതെയും കമ്പോളത്തിലെത്തിച്ചേരുന്ന കഞ്ചാവിന്റെ കണക്കറിയണമെങ്കില്‍ ഹൈറേഞ്ചിലെ, വയനാട്ടിലെ, കര്‍ണാടക വനത്തിലെ ചില മിനിഗള്‍ഫുകാരായി മാറിയ കഞ്ചാവു കൃഷിക്കാരുടെ ആസ്തി അളക്കണം.
നമ്മുടെ നാട്ടിലെ ഏതു കുഗ്രാമത്തിലും കഞ്ചാവ് സുലഭമാണ്. 100 ഗ്രാം, 200ഗ്രാം, 500 ഗ്രാം എന്നിങ്ങനെ ചെറിയ തൂക്കങ്ങളായിട്ടും അഞ്ചു രൂപ മുതല്‍ അമ്പതു രൂപവരെ വിലയുള്ള പൊതികളായിട്ടും ആണ് നാട്ടിന്‍ പുറങ്ങളില്‍ കഞ്ചാവ് വില്‍ക്കുന്നത്.
ഉത്പാദനകേന്ദ്രങ്ങളില്‍ നിന്നും വിവിധ രീതിയിലൂടെ മൊത്തക്കച്ചവടക്കാരന്റെ പക്കലെത്തുന്ന കഞ്ചാവ് പിന്നീട് ചില്ലറ വില്‍പ്പനക്കാരുടെ കൈകളിലെത്തുന്നു. 100 ഗ്രാം കഞ്ചാവ് സാധാരണയായി 20-25 പൊതികളായാണ് ചില്ലറക്കച്ചവടക്കാരന്‍ വില്‍ക്കുന്നത്. സാധാരണയായി ദിവസവും അരക്കിലോയിലേറെ വില്‍ക്കുന്നവരാണ് ചില്ലറ വില്‍പ്പനക്കാര്‍. ഉദ്യോസ്ഥന്മാര്‍, വിദ്യാര്‍ഥികള്‍, കൂലിപ്പണിക്കാര്‍, രാഷ്ട്രീയക്കാര്‍, അധ്യാപകര്‍ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖലകളിലുള്ളവരും തന്റെ കസ്റ്റമറാണെന്നു ഒരു ചില്ലറ വില്‍പ്പനക്കാരന്‍ പറഞ്ഞത് കഞ്ചാവിന്റെ വ്യാപനത്തെ വ്യക്തമാക്കുന്നു.
കാടുപിടിച്ച റബര്‍ തോട്ടങ്ങളില്‍, ഇരുള്‍ പരന്ന മൈതാനങ്ങളില്‍, തിരക്കേറിയ നഗരങ്ങളുടെ ഇടനാഴികളില്‍, വ്യവസായ ശാലകളില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലായിടത്തും കഞ്ചാവിന്റെ വില്‍പ്പന നടക്കുന്നു. കഞ്ചാവ് വലിക്കുന്നവരുടെ താവളത്തിന് ഭ്രാന്തന്‍ കുന്ന് എന്ന സ്ഥലനാമം വരെയുണ്ടായി എന്നിടത്തെത്തിയിരിക്കുന്നു കാര്യങ്ങള്‍.
കഞ്ചാവിന്റെ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ഇത് ഒതുക്കത്തില്‍ ഉപയോഗിക്കുന്നവരാണ്. ചുറ്റുമുള്ള ഒന്നിനും മനസ് കൊടുക്കാതെ, കഞ്ചാവിന്റെ വിഷപ്പുകയ്ക്കു തീറെഴുതി ഇവര്‍ സമൂഹത്തില്‍ മയങ്ങികിടക്കുന്നു.. ഒടുവില്‍ മരിച്ചു വീഴുന്നു.
യുവതലമുറയിലെ ബുദ്ധിജീവികളെ കുരുക്കിലാക്കുന്ന കഞ്ചാവ് എത്രയെത്ര പ്രതിഭകളെയാണ് തകര്‍ത്തുകളഞ്ഞിരിക്കുന്നത്. ഗായകര്‍, എഴുത്തുകാര്‍, വാദ്യോപകരണ വിദഗ്ധര്‍, ചിത്രകാരന്മാര്‍ എന്നിങ്ങനെ എത്രയോ പ്രതിഭകളെ…
**************************************
വളരെ വേഗം പണമുണ്ടാക്കാന്‍ പറ്റുന്ന ഒരു തൊഴിലായി ഇപ്പോള്‍ വ്യാജവാറ്റ് മാറിയിരിക്കുന്നു. വിദേശമദ്യഷാപ്പുകള്‍ വഴി സര്‍ക്കാര്‍ നല്‍കുന്ന മദ്യത്തേക്കാള്‍ വീര്യം തേടി ആളുകള്‍ ഇന്നും വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ തേടിപ്പോകുന്നുവെത്രെ. പണ്ടുകാലത്തൊക്കെ മുത്താറി, മുതിര, കരികിലപ്പട്ട, വെല്ലം തുടങ്ങിയ സാധനങ്ങള്‍ ഉപയോഗിച്ചാണ് ചാരായം വാറ്റിയെടുക്കുക. ഇന്നു കഥയൊക്കെ മാറി. കൂടുതല്‍ ലാഭത്തിനും വീര്യത്തിനും വേണ്ടി നവസാരവും ബാറ്ററിയും അട്ടയും ഒക്കെ ചേര്‍ത്താണ് വാറ്റുന്നത്.
സാധാരണക്കാരും ആദിവാസികളും കൂടുതലായി താമസിക്കുന്നയിടങ്ങളിലാണ് കള്ളവാറ്റ് കൂടുതലായി കണ്ടുവരുന്നത്. എങ്കിലും പല പണക്കാരുടെ അടുക്കളയിലും വാറ്റ് നടക്കുന്നുവെന്നാണ് യഥാര്‍ഥ്യം. വര്‍ധിച്ചുവരുന്ന മദ്യപാനാസക്തി മനുഷ്യനെ എന്താക്കി തീര്‍ക്കും? സമൂഹത്തെ ഉണര്‍ത്തേണ്ട ഉത്തരവാദിത്വപ്പെട്ടവര്‍ ഇത്തരം സാമൂഹ്യദ്രോഹികളുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്.
പിഞ്ചുകുട്ടികളെ ഹരിശ്രീ പഠിപ്പിക്കുന്ന നിലത്തെഴുത്താശന്‍ ‘ വിറയല്‍ മാറ്റാന്‍’ ദിവസവും മൂന്നുനേരം അര ഔണ്‍സ് വീതം അടിക്കുന്നതും കണക്കും സയന്‍സും പഠിപ്പിക്കുന്ന ഹൈസ്‌ക്കൂള്‍ അധ്യാപകന്‍ കഞ്ചാവിന്റെ ലഹരിയില്‍ ആവേശത്തോടെ ക്ലാസെടുക്കുന്നതും രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ വിദ്യ പഠിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വിദേശമദ്യത്തിന്റെ വീര്യത്തിനുമുന്നില്‍ നിയമത്തെ കശക്കിയെറിയുന്നതും ജീവനുമായി മല്ലടിക്കുന്ന രോഗിയെ പരിശോധിക്കേണ്ട ഡോക്റ്റര്‍ സിരകളില്‍ മയക്കുമരുന്നു സ്വയം കുത്തിവച്ച് വിറളിപിടിച്ചു നടക്കുന്നതും ഇന്നത്തെ കാഴ്ചയായിരിക്കുന്നു.
ഭാഗ്യത്തിനു ലഭിച്ച നരജന്മം സഫലമാക്കാന്‍ കഴിയാതെ നാമെങ്ങും നാടാകെ പരക്കം പായുകയാണ്. അതിനു കിട്ടിയ അഭയ കേന്ദ്രങ്ങളായി മദ്യവും മയക്കുമരുന്നും മാറിക്കഴിഞ്ഞു. രസത്തിനു വേണ്ടിയും പരീക്ഷണത്തിനു വേണ്ടിയും ഇവ ഉപയോഗിച്ചു തുടങ്ങുന്നവരാണ് മിക്കവരും. എന്നാല്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഒഴിവാക്കാന്‍ കഴിയാത്ത ശീലമായിത്തീരുന്നു ഇവ.
സര്‍വശ്രീ എം. കൃഷ്ണന്‍ നായരുടെ വാക്കുകള്‍ ഓര്‍ത്തു പോകുന്നു. ‘ ഒരിക്കല്‍ മദ്യപിച്ചാല്‍ വീണ്ടും മദ്യപിക്കും. ഒരിക്കല്‍ പരസ്ത്രീ ഗമനം നടത്തിയാല്‍ പിന്നെയും അതു ചെയ്യും.. ഒരിക്കല്‍ മനഃസാക്ഷിയെ വിറ്റാല്‍ വീണ്ടും അതു വിറ്റേ മതിയാകൂ..’
Generated from archived content: essay1_agu27_13.html Author: pks_menon
Click this button or press Ctrl+G to toggle between Malayalam and English