യാത്രകൾ

പറങ്കികളും, ലന്തക്കാരും, ബ്രീട്ടീഷ്‌ കമ്പനിക്കച്ചവടക്കാരുമൊക്കെയുൾപ്പെട്ട തട്ടിപ്പുകളുടെ ചരിത്രമുളള നഗരം. കൊഴുത്ത പണനെഗളിപ്പ്‌, കളളക്കടത്ത്‌, മയക്കുമരുന്നു വ്യാപാരം, ചൂതാട്ടം, വേശ്യാത്തെരുവുകൾ കുപ്രസിദ്ധ നഗരത്തിലേക്കായിരുന്നു അവരുടെ യാത്ര.

പരിചിതരെ തെല്ലും തീണ്ടാതെ വണ്ടിയിറങ്ങുമ്പോൾ അവരൊരുമിച്ചു നിശ്വസിച്ചുപോയി. യൗവ്വനം ചോരാത്ത ഇരുവരും ദമ്പതികളല്ലെന്ന്‌ സംശയിക്കുകയേ ഇല്ല. വീട്ടിലെ വേവലാതികൾ, ജോലിസ്ഥലത്തെ ചിട്ടപ്പടി ജീവിതം. കണ്ണുവെട്ടിച്ചുളള രസകരമാറ്റത്തിന്‌ അയാൾ ഭാര്യയോടും അവൾ ഭർത്താവിനോടും കുഞ്ഞുങ്ങളോടും വേണ്ടത്ര കളളങ്ങൾ ഫലിപ്പിച്ചിരുന്നു.

ഇഷ്‌ടപ്പെട്ട പെണ്ണിനോടൊത്തൊരു രാവ്‌. അവൾക്ക്‌ ഭർത്താവിന്റെ മുഷിപ്പൻ രീതികളിൽ നിന്നുളള വിടുതൽ.

ഹോട്ടലിലേക്കുളള യാത്രാക്കൂലി. ആട്ടോക്കാരൻ കൂടുതലാണ്‌ വാങ്ങിയത്‌. അവർക്ക്‌ പരാതി പറയാനെ തോന്നിയില്ല.

റിസപ്‌ഷനിൽ ചോദ്യങ്ങളുണ്ടായില്ല. എന്നിട്ടും വല്ലാത്ത ആവി ഉളളാലെ ശല്ല്യമുണ്ടാക്കുന്നതയാളറിഞ്ഞു. ഡെപ്പോസിറ്റ്‌ ആയിരത്തിന്‌ ബാക്കി? അഡ്വാൻസ്‌ കോളത്തിൽ ഏതു തുകയാണെഴുതി ചേർത്തതെന്ന സംശയം? മനസ്സ്‌ ജാഗ്രത്താവാത്തതിൽ ഇടത്തരക്കാരന്റെ കുണ്‌ഠിതം! ധൈര്യം ചോർന്ന ഭാവത്തിൽ അവൾ മുഖം കുനിച്ചാണ്‌ നിന്നത്‌.

പെട്ടികളുമായി പോയ റൂംബോയ്‌ക്കു പിന്നാലെ അവരും മുറിക്കുളളിലേക്ക്‌ കടന്നു. അവൾ നന്നായി വിയർത്തിരുന്നത്‌ റൂംബോയ്‌ ശ്രദ്ധിച്ചുവോ? ഫാൻ ഓൺ ചെയ്തത്‌ അവനാണ്‌. വല്ലാത്ത ഗന്ധം, മരണമണം, അത്‌ ചുറ്റിത്തിരിഞ്ഞ്‌ ഒരൊഴുക്കായി പുറത്തേക്ക്‌. മരണമണം മുറിയിൽ നിന്നൊഴിഞ്ഞതായി അയാൾക്കു തോന്നി. ഗന്ധവിചാരം സാധാരണഗതിയിൽ ആയതിൽ അയാൾ സന്തോഷിച്ചു.

പെട്ടികൾ ഒതുക്കിവച്ച്‌ അവനെന്തിനാണ്‌ ഫോണുയർത്തി കാണിച്ചത്‌? അയാൾക്ക്‌ സംശയം തികട്ടി. ഫോണിന്നടിയിൽ ഒരു കാർഡ്‌ ആത്മഹത്യ ചെയ്യാനൊരുങ്ങുന്നവരെ സംബോധന ചെയ്തു. പിടിവളളിയായി ഈ നമ്പരിലേക്ക്‌ ഡയൽ ചെയ്യുക.

ഫാനിൽ തുണ്ടം കയറിന്റെ ലാഞ്ചന, തറയിൽ ഉണങ്ങാൻ മറന്ന വിഷഛർദ്ദിപ്പാട്‌, മരണവിയർപ്പിൽ കുതിർന്നതാണീ കിടക്ക. മുറിതെറ്റി, ഇതു സ്‌നേഹത്തിന്റെ മുറിയല്ല.

വൈകാതെ പുറപ്പെടുന്ന തീവണ്ടിപിടിക്കാൻ വെമ്പുന്നവരെയും കൊണ്ട്‌ ഒരു ആട്ടോ ഉടനെ ഹോട്ടൽ മുറ്റത്തുനിന്നും പുറപ്പെട്ടു.

Generated from archived content: story1_mar23.html Author: pk_sudhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English