റെക്കോഡുകൾ കേട്ടുണരുന്നവർ

മലയാളികൾക്ക്‌ പ്രഭാതവും നഷ്‌ടമായിരിക്കുന്നു. പണ്ട്‌ നമ്മളെ വിളിച്ചുണർത്തിയിരുന്നത്‌, ജാതിമത ഭേദമില്ലാത്ത കാക്കകളും, കോഴിപ്പൂവന്മാരുമായിരുന്നു. പാതിരാക്കോഴി, കൃത്യം നാലിന്‌ ഉണർന്ന്‌ ചിറകടിച്ചു കൂവുന്ന ഒന്നാം കോഴി. പിന്നെ നാലരയുടെ രണ്ടാം കോഴി. വെട്ടം വീണാൽ ചറപറേന്ന്‌ കൂവലുകൾ. അന്നും ഉറക്കം മുറിഞ്ഞ്‌ നാം ശപിച്ചിരുന്നു. കോഴികൾക്ക്‌ കൂവാൻ കണ്ട നേരമെന്ന്‌. ഏതു ക്ലോക്കിൽ നോക്കിയാണ്‌ ആദ്യകോഴി ഉണരുന്നതെന്ന്‌ കണ്ടുപിടിക്കണമെന്ന്‌ ആഗ്രഹിച്ച ബാല്യം മറക്കാനാവുമോ? (നൊസ്‌റ്റാൾജിയയല്ലേ നമ്മുടെ ബേസ്‌)

അസംഖ്യം കിളിയൊച്ചകൾക്കിടയിൽ കാക്കകൾ ചിലപ്പോൾ പറഞ്ഞെന്നിരിക്കും. ഞങ്ങൾ ഹിന്ദുക്കൾ പരേതാത്മാക്കൾ (സീരിയസ്സാക്കല്ലേ! പ്ലീസ്‌!) ഇന്നും കോഴികൾ കൂവുന്നുണ്ട്‌. കിളികൾ കലമ്പൽ കൂട്ടുന്നുണ്ട്‌. പക്ഷേ എങ്ങനെയറിയാൻ? എല്ലാറ്റിനും മുകളിൽ നാലര മുതലേ കോളാമ്പി ദൈവങ്ങൾ ഉണർന്നു കഴിഞ്ഞില്ലേ! (ആദിയിൽ വചനമാണ്‌ പാട്ടല്ല, സർ ഉണ്ടായത്‌). പാവം യേശുദാസ്‌ കിളികൾ. പിടക്കോഴികൾ കൂവാത്തതെത്ര നന്നായി.

അന്നൊക്കെ നാം ടയറോടിച്ച്‌ പാൽ വാങ്ങാൻ…. മഞ്ഞുവീണു ചാഞ്ഞ്‌ നെല്ലോലകൾ വഴിമുടക്കുന്ന വയൽവരമ്പ്‌, ചന്ദ്രിക ഇറ്റുന്ന തെങ്ങോലത്തുമ്പുകൾ, കിഴക്കിന്റെ തുടിപ്പ്‌… എല്ലാം മിൽമാക്കാരും നഗര ഫ്ലാറ്റുജീവിതവും കൈയേറി. ഇപ്പോഴേതു തരത്തിലാണ്‌ പുലർകാല കാളവണ്ടിയൊച്ച മുഴങ്ങുന്നത്‌?

കവലകളിൽ വെളുപ്പിന്‌ സമോവർ തിളയ്‌ക്കുന്നുണ്ട്‌. കാലിച്ചായ കുടിക്കാൻ വരുന്നവരിൽ പുതുതലമുറയില്ല, ചായ ഇന്നൊരു ലക്ഷ്വറി ഡ്രിങ്ക്‌ അല്ല. ഭക്ഷണക്രമം നാം പിന്നേയും മാറ്റിക്കളഞ്ഞു. വയസ്സന്മാർ, പുലർകാല യാത്രയ്‌ക്കിറങ്ങുന്നവർ, വെളുപ്പിന്‌ വണ്ടിയിറങ്ങുന്നവരൊക്കെ സമോവർ ചൂടിനടുത്തുനിന്ന്‌ വാലും തുമ്പുമില്ലാതെ സംസാരിച്ച്‌ വെയിൽ പരക്കും മുമ്പേ സ്ഥലം വിടും. ഇവരെ പത്തുമണി സെറ്റിലോ നാലുമണിക്കൂട്ടത്തിലോ കാണാൻ കിട്ടുകയേയില്ല.

വെളുപ്പിനെ മുതൽ നാം തിന്നു തുടങ്ങുന്നത്‌ പത്രങ്ങളാണ്‌. ഇപ്പോൾ കണ്ണുതിരുമ്മുന്നതേ ടി.വി പ്രഭാതത്തിലേക്ക്‌. ചാനലുകൾ രാത്രിയിലും ഉറങ്ങുന്നില്ല. രാപ്പകൽ പത്രവാർത്തകൾ ചവയ്‌ക്കുന്ന ഒരു ജനത ലോകത്തെവിടെയെങ്കിലും? കാണുമായിരിക്കും! നാമെന്തു കണ്ടു?

ചൂട്ടുവീശി ഉറക്കെയുറക്കെ വിശേഷങ്ങൾ പറഞ്ഞ്‌ ചന്തച്ചുമടുകളുമായി വെളുപ്പിനെ മുതൽ പോയിരുന്ന സ്‌ത്രീകൾ (അവർക്ക്‌ ആൺതുണ വേണ്ടേ വേണ്ടാത്ത കാലം). ഞങ്ങളീ വഴിക്ക്‌ ഇനിയൊരിക്കലുമില്ലെന്ന്‌ നിലവിളിച്ചുകൊണ്ട്‌ വ്യാഴാഴ്‌ച കാലച്ചന്ത കൂടാൻ പോയിരുന്ന ആട്ടിൻകുട്ടികൾ, പശുക്കൾ….അവരൊക്കെ എന്നേയീ ലോകം തന്നെ വിട്ടുപോയിരിക്കുന്നു. ഇപ്പോൾ ഞങ്ങളെപ്പോലെ ദുർമ്മേദസ്സുകളുടെ മോണിംഗ്‌ വാക്കാണ്‌ പുലർകാല കാഴ്‌ച.

വെളുപ്പാൻകാല ഓർമ്മകളിൽ നിന്നൊരെണ്ണം കൂടി. ഞങ്ങളുടെ പഴയ സ്‌കൂൾ ടീച്ചർ-ഇന്നത്തെ ട്രെയിൻഡ്‌ പത്രാസ്സൊന്നുമില്ല. പഴയ ഏഴാം ക്ലാസ്‌-ചെല്ലമ്മസർ പറഞ്ഞിരുന്നു. വെളുപ്പിന്‌ ഉണരണം. ശരീരശുദ്ധി വരുത്തി കിഴക്കോട്ട്‌ സൂര്യഭഗവാനെ രണ്ടു കൈയുമെടുത്ത്‌ തൊഴണം. പിന്നൊരു കുപ്പിപ്പിഞ്ഞാണം നെറയെ പഴിഞ്ഞിവെളളം (പഴങ്കഞ്ഞി, പഴങ്കഞ്ഞിയാണേ!) കുടിക്കുക. നമ്മുടെ കൂമ്പങ്ങനെ താമരപോലെ വിടർന്നുവരണ നേരമാണ്‌, അതിലേക്ക്‌ ചൂടുതേയില വെളളമൊന്നും ചെല്ലരുത്‌ കൂമ്പ്‌ വായിപ്പോകും (മിൽമപോലും ജനിക്കാത്ത കാലം). ചെല്ലമ്മ സാറായിരുന്നു കൺവെട്ടത്തെ സയന്റിസ്‌റ്റ്‌. ഇതുതന്നെയല്ലേ ഇന്ന്‌…ഹാങ്ങോവർ മാറ്റാൻ….കാലം മാറിയെങ്കിലും…

അളിയാ ഒരു കാസറ്റിട്‌….ഞാനൊന്നുണരട്ടെ….പ്രഭാതഭേരി കേട്ടുകളയാം….തീവണ്ടികൾ വൈകുന്നോയെന്നെങ്കിലും അറിഞ്ഞിരിക്കാമല്ലോ.

Generated from archived content: story1_july23.html Author: pk_sudhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English