കണ്മണിയന്മാർ എവിടെ?

ആൾത്തിരക്കുകളിൽ കുഞ്ഞുമുഖ കൗതുകവും സന്തോഷവും തെരയുന്നേരം ഒരു സംഗതി തെളിയുന്നു. കാണുന്നതെല്ലാം പെൺകുട്ടികൾ മാത്രം. ആൺകുട്ടികൾ മുഖം തരാതെ എവിടെയോ ഒളിഞ്ഞു നിൽക്കുന്നു. കുസൃതിയും കൗമാരചിഹ്‌നങ്ങളും ആൺമുഖത്തിലും നിഷ്‌കപടചിത്രങ്ങളാണ്‌ വരയുന്നത്‌. സാംസ്‌കാരിക മേളകളിൽ, കല്യാണസ്ഥലത്ത്‌ ഒക്കെ പെൺമുഖങ്ങളാണ്‌ കുഞ്ഞുകൂട്ടങ്ങൾ ചമയ്‌ക്കുന്നത്‌. അവിടങ്ങളിലെല്ലാം ആൺകുട്ടികളെ എണ്ണുന്നതുപോട്ടെ കണ്ടുപിടിക്കുക ദുഷ്‌കരം.

ചെറിയ ക്ലാസുകളിലും അധ്യാപക മുഖത്തേക്ക്‌ മിഴിച്ചിരിക്കുന്നവരിൽ അധികവും പെൺകുട്ടികളാണെന്നത്‌ സമകാലിക യാഥാർത്ഥ്യമായി തീർന്നിരിക്കുന്നു. വമ്പിച്ച പെൺബഹളങ്ങൾക്കിടയിൽ ഒതുങ്ങിക്കൂടിയിരിക്കുന്ന ഒരാൺകുരുന്ന്‌. അല്ലെങ്കിൽ രണ്ടു സാധു പുരുഷപ്രജകൾ. സ്‌കൂൾ ചിത്രങ്ങളിലും ആൺസംഖ്യ കുറവു കാണിക്കുന്നു. ക്ലാസ്സിലും കാമ്പസ്സിലുമൊക്കെ പൂർവ്വിക ആൺലോകം നിർമ്മിച്ചിരുന്ന ഹർഷോന്മാദത്തിന്റെ ചിത്രങ്ങൾ പഴങ്കഥയായി.

വൈകുന്നേരങ്ങളിൽ പളളിക്കൂടം വിട്ടുപോകുന്ന കൂട്ടത്തിൽ ഓരമൊഴിഞ്ഞ്‌ നേർത്തവരപോലെ ആൺസംഖ്യ പരിമിതമായി വരുന്നു. റാങ്ക്‌ നേടുന്നവരുടെ നിരച്ചിത്രങ്ങളിൽ ഇന്ന്‌ ആൺമുഖങ്ങൾ തെരഞ്ഞാലേ കാണാനാകൂ എന്ന അവസ്ഥയാണ്‌. ക്ലാസ്‌ മുറികളിലും ലൈബ്രറികളിലും ആൺസംഖ്യ പരിമിതമാണ്‌. ആൺകുട്ടികൾ എവിടേയ്‌ക്കാണു പോകുന്നത്‌? എഞ്ചിനീയറിംഗ്‌ കോളേജ്‌ ബസ്സിറങ്ങുന്ന കുട്ടികളെ ശ്രദ്ധിക്കുക. അധികവും പാന്റും ഷർട്ടുമിട്ട പെൺകൊടിമാരാണ്‌.

കലാലയങ്ങളിൽ ആൺ കുസൃതികളുടെ കുറവ്‌ ഉണ്ടാക്കുന്ന ശൂന്യതകൾ ആഴമേറിയതാണ്‌. യുവജനോത്സവങ്ങൾ, വിനോദയാത്രാവേളകൾ ഒക്കെ ആൺസാന്നിധ്യരാഹിത്യത്തിൽ തണുത്തു വരുന്നില്ലേ? പുരുഷാധ്യാപകരുടെ അസാന്നിധ്യം സ്‌കൂളുകളിലും ഓഫീസുകളിൽ ആൺപെറന്നോന്മാരുടെ കുറവുകളും തലവേദനകളുണ്ടാക്കുന്നു.

പൗരുഷത്തിന്റെ ആനുപാതിക അസാന്നിധ്യം പ്രകടമാകുമ്പോൾ ആൺകുട്ടികൾ ലൈവ്‌കാസ്‌റ്റു കാണുന്നു, കമ്പ്യൂട്ടർ പഠിക്കുന്നു, ഗൾഫിനു പറക്കാൻ തയ്യാറെടുക്കുന്നു എന്നൊക്കെ പറഞ്ഞ്‌ ആശ്വസിക്കാം.

ആൺഭാഗത്തുനിന്നും അപ്രതീക്ഷിതം പാറിവരുന്നൊരു കടലാസ്‌ റോക്കറ്റ്‌ അധ്യാപികമാരും പ്രതീക്ഷിക്കുന്നില്ലേ? ചില രസംകൊല്ലി പഠനവേളകളിൽ ആശ്വാസത്തിന്റെ ജീവവായു നിറച്ചു പരത്തിയത്‌ ഒരിക്കലുമൊരു സ്‌നേഹിതയായിരുന്നില്ല, എന്നുമോർക്കുക. ആൺകുരുന്നുകൾ പില്‌ക്കാല ജീവിതത്തിൽ ഓർമ്മിക്കപ്പെടുന്നത്‌ നിരന്തരം എയ്‌തുവിട്ട ഇത്തരം കുസൃതികളുടെ പേരിലായിരിക്കും.

മണിയന്മാർഃ ആൺകുട്ടികളെ ഓമനിച്ചു വിളിച്ചിരുന്നതങ്ങനെയായിരുന്നു. മണി, മണിയപ്പി, കൊച്ചുമണി, വാത്സല്യത്തിന്റെ അളവ്‌ ഏറിയും കുറഞ്ഞുമുളള പുരുഷനാമങ്ങൾ അനവധിയാണ്‌.

പെൺവീട്‌

പെൺമനസ്സുകളാണ്‌ വീടുകൾക്ക്‌ ഉയിരിടുന്നത്‌. വീടുകളുടെ ജീവതാളത്തിൽ സ്‌ത്രീസാന്നിധ്യ സ്‌ഫുരണങ്ങൾ നാനാവിധത്തിൽ പ്രകടമാണ്‌. ഭക്ഷണമുണ്ടാക്കൽ, വീടൊരുക്കൽ എന്നിവ അവയിൽ ചിലതു മാത്രം.

സന്ധ്യാനേരത്ത്‌ വിളക്കില്ലാതെ, ചൂലിൻ പാടുവീഴാതെ, കാന്തിയറ്റ മുറ്റങ്ങളുമായി സ്‌ത്രീസ്പർശമില്ലാത്ത വീടുകൾ ചിണുങ്ങുന്നതായി തോന്നും. എത്രതന്നെ തൂത്താലും തുടച്ചാലും നീങ്ങാത്ത വിധത്തിൽ പുരുഷാധ്വാനത്തിനുമുന്നിൽ മാറാല തൂവി അവ ദുർമ്മുഖം കാണിച്ചുകൊണ്ടിരിക്കും.

തുച്ഛമായ ശാരീരിക മാനസികാന്തരീക്ഷം ഉളളിലെ വാവയ്‌ക്ക്‌ അനുപേക്ഷണീയമെന്നു കണ്ട്‌ ശരീരവും മനസ്സും അതിവൃത്തിയിൽ സൂക്ഷിക്കുന്ന പെൺചര്യകളുടെ ബാക്കിപത്രമാണീ വീടു സൂക്ഷിക്കലും. ഉളളിൽ തുളുമ്പുന്ന ജീവന്റെ പുറംലോകവാസത്തിനു വേണ്ട മുൻകരുതൽ. കുഞ്ഞുങ്ങളുടെ കളികളിൽ ചോറും കറിക്കുമൊപ്പം പെൺകുരുന്നുകൾ കൈകാര്യം ചെയ്‌തിരുന്ന ചൂലിനെ ശ്രദ്ധിക്കുക. എന്നെങ്കിലും വന്നു ചേരുന്ന ഒരു ആസ്വാദകൻ ചൊരിയാനിടയുളള പ്രശംസയ്‌ക്ക്‌ പെൺകാതുകൾ നിരന്തരം കാത്തിരിക്കുന്നു.

വെളളച്ചാട്ടങ്ങളുടെ ഗർഭത്തിനുളളിലെ ജലമില്ലാ അറയിൽ പാറയോട്‌ ചേർന്ന്‌ കുളിരമ്പം ആസ്വദിക്കുന്നവർ അമ്മച്ചൂടിനെ കാംക്ഷിക്കുന്നുണ്ടാവാം. പല്ലിക്കുഞ്ഞിനെ മാതിരി നീന്തിക്കുളിച്ച ഭ്രൂണോർമ്മയിൽ ഒരു മാത്ര ഞെട്ടിത്തരിച്ച്‌ അപാര മനഃസമാധാനത്തെ തൊടുന്നു. ജലശേഖരങ്ങളുടെ ഊഷ്‌മളതയിൽ മുങ്ങിക്കിടക്കുമ്പോൾ ജന്മാന്തരം കടന്നുവന്ന വഴികൾ ഓർമ്മയിൽ ഉണരുന്നു. വെളളത്തിനുളളിൽ വെച്ച്‌ കൺമിഴിക്കുമ്പോൾ ചുറ്റിലും മഞ്ഞച്ചു കാണുന്നത്‌ ഗർഭലോകത്തിന്റെ പരിമിതികളെയാണ്‌.

മനുഷ്യസാന്നിധ്യമേശാത്ത വീട്ടുമൂലകളിൽ സൂത്രത്തിൽ കടന്ന്‌ പേറും നടത്തി, ഒരു ദിവസം ഇതുകണ്ടോ എന്റെ സന്താനങ്ങളെ എന്നു കരഞ്ഞു വിളിച്ചിറക്കി, പൂച്ചക്കുറുഞ്ഞി കുട്ടികളോടൊത്ത്‌ വാലുയർത്തി വരുമ്പോൾ അതിശയം കൊളളുന്നത്‌ സ്വന്തം തട്ടകത്തിലെ സർവ്വമിടിപ്പുകളും കൈക്കുമ്പിളിലെന്ന്‌ വീമ്പിളക്കുന്ന പെൺലോകമാണ്‌. ഒന്നു തൊടുമ്പോഴേക്കും ഗൗരവമീശ വിറപ്പിക്കുന്ന അമ്മപൂച്ചയും കുട്ടികളും വാസസൗജന്യം കാംക്ഷിച്ചാവും വീട്ടിലെ പെണ്ണുങ്ങളോട്‌ വേഗത്തിൽ ഇണങ്ങുന്നത്‌.

കാണാക്കോണുകളിൽ എന്തുമാത്രം ജീവികൾ ഒരു മുറി നമ്മോടൊത്ത്‌ പങ്കിടുന്നു. രാത്രിയിലും മനുഷ്യപ്പെരുമാറ്റമില്ലാത്തപ്പോഴും മാത്രം പാത്തു പതുങ്ങിയിറങ്ങുന്ന എലികൾ, പാറ്റകൾ, തട്ടിമ്പുറത്തെ സ്ഥിരവാസികളായ മൂങ്ങകൾ, വവ്വാലുകൾ, പ്രാവുകൾ…. തങ്ങൾ പാർക്കുന്ന ഗൃഹങ്ങളിൽ “വന്നു കേറി ആധിപത്യ മനോഭാവമെടുക്കുന്ന” മനുഷ്യമൃഗീയതയോട്‌ അവർക്കും പുച്ഛമുണ്ടായിരിക്കും.

അപരിചിതദേശത്ത്‌ ഉയരുളള കുന്നിൻമുകളിൽ (ഇന്നു ഫ്ലാറ്റുകൾ സഹായം) കാഴ്‌ചകൾ നമ്മുടെ ഗൃഹങ്ങളുടെ നിസ്സാരതയെ ചൂണ്ടിത്തരുന്നു. ഭൂമി ഒന്നുലഞ്ഞാൽ തെറിച്ചു വീഴാവുന്ന… ഒരു കിളിക്കൂടും സാദാ കാറ്റിൽ താഴേയ്‌ക്കു വീഴുന്നില്ല. ഓരോ മരം വീഴുമ്പോഴും എന്തുമാത്രം ജീവജാലങ്ങൾക്കാണ്‌ വാസയിടം അന്യമാകുന്നത്‌. ഇതൊക്കെ നമ്മുടെ കുട്ടികളിലും ആശങ്കകളായി വന്നുനിറയുന്നു. ആഗോള ഋതുരീതികൾ തകിടം മറിയുമ്പോൾ കുട്ടികളുടെ ഇത്തരം നിരീക്ഷണങ്ങൾ അതിജീവനസാധ്യതകൾ തെളിക്കുന്നു.

പൊളിക്കാനോങ്ങിയിട്ടിരിക്കുന്ന പഴയ വീടുകൾ ദയാവധം കാത്തുകിടക്കുന്നതിനു പിന്നിലെ അപാര മുഷിപ്പിനെക്കുറിച്ച്‌ നിരന്തരം പരാതി പറയുന്നു. പ്രകാശത്തിൽ നിന്നും കയറി വരുന്ന നമ്മെ കണ്ണും, കാതും പാതി ചത്ത അവ സാകൂതം നോക്കിനിൽക്കുന്നു. മുമ്പ്‌ നിറയെ കുടുംബാംഗങ്ങളും വൈവിധ്യ ഭാവ സവിശേഷതകളുമുണ്ടായിരുന്ന ഗൃഹങ്ങൾ ഓർമ്മയിൽ സജീവ ഭാഗമാണ്‌.

വാസസ്ഥലത്തിന്റെ കരുതൽ ഓരോ നിമിഷവും നമ്മെ ഉൽക്കണ്‌ഠാകുലരാക്കുന്നു.

Generated from archived content: essay2_nov24_08.html Author: pk_sudhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here