ഗ്രന്ഥപാഠം

പുസ്‌തകത്തിന്റെ മരണം പറഞ്ഞിരുന്നവർക്കു കൂടി മിണ്ടാനാകാത്തവിധം പുസ്‌തക പ്രചരണത്തിനും വായനയ്‌ക്കും മാറ്റ്‌ കൂടി വരുന്നകാലം. നിത്യോപയോഗ സാധനങ്ങൾ വാങ്ങുമ്പോലെ ഈടുവായ്‌പയായി പുസ്‌തകങ്ങൾ വാങ്ങുന്ന ശീലവും ഏറി. ഗ്രന്ഥങ്ങളില്ലാത്ത വീടില്ലാ ദേശമായി മലയാളം മാറി.

ഗ്രന്ഥങ്ങൾ മനസ്സിലേയ്‌ക്ക്‌ കയറിവരുന്നത്‌ പലേ വഴികളിലൂടെയാണ്‌. ഇഷ്ടപ്പെട്ടവർ വായിച്ചുവച്ച പുസ്‌തകം നമുക്ക്‌ പ്രിയമുള്ളതാകാതെ വയ്യ. നാമതു നെഞ്ചോടടുക്കിപ്പിടിച്ചു വായിക്കുന്നു. കുഞ്ഞുന്നാളിൽ സമ്മാനമായിക്കിട്ടിയത്‌. വിരുന്നു ചെന്നപ്പോൾ അമ്മാവൻ തന്നത്‌, പിരിഞ്ഞുപോകുന്നേരം കൂട്ടുകാരി ഹൃദയം പറിച്ചു തരുമ്പോലെ വച്ചുനീട്ടിയത്‌. ഇവയൊക്കെ മരണം വരെ കൂട്ടുവരികതന്നെ ചെയ്യും. വല്ലായ്‌മ പെരുക്കുംനേരങ്ങളിൽ പഴമണമുള്ളവയൊന്നു മറിക്കുക, ജീവിതം തിരിച്ചുവരുന്നതായി തോന്നും.

സ്‌കൂൾ പഠിപ്പുകാലത്ത്‌ ‘കോണ്ടിക്കിയാത്ര’ എന്ന പുസ്‌തകത്തെ കുറിച്ച്‌ പറഞ്ഞു മോഹിപ്പിച്ച്‌ ലൈബ്രറിയിൽ കൊണ്ടുപോയി ഇതാണു വലിയ ലോകമെന്നു കാണിച്ചു തന്ന സുഹൃത്തും ഗ്രന്ഥങ്ങൾപോലെ നല്ല കണ്ണാടിയാണ്‌. പുതിയ പുസ്‌തകങ്ങൾ വായിച്ചു തീരുമ്പോൾ നീയിതു കണ്ടുവോ? എന്നന്വേഷിക്കാൻ അവനടുത്തില്ലാത്തതിലെ വ്യസനം.

പാരായണം പോലെ പുസ്‌കക്കിന്നാരം പറച്ചിലും വായനയ്‌ക്ക്‌ ബലം തരുന്നു. പുസ്‌തക സംസാരമില്ലാതെ വായന തിടം വയ്‌ക്കുകയേയില്ല. പുസ്‌തകച്ചങ്ങാതിമാരുടെ ലോകം എത്ര വലുതാണ്‌. “ഉണ്ണിക്കുട്ടന്റെ ലോകം, ഒരു റഷ്യൻ നാടോടിക്കഥയും” തന്ന മാമൻ മുതൽ “ജ്ഞാനേശ്വരിയെ മിലരേപയെ” കുറിച്ചു പറഞ്ഞുതന്ന സ്‌നേഹിതൻമാർ. ‘ഞാനീ പുസ്‌തകത്തെ കുറിച്ച്‌ നിന്നോട്‌ പറഞ്ഞോട്ടേ? നീയിതു കണിശം വായിക്കേണ്ടതാണ്‌’ നമ്മുടെ സൗഹൃദങ്ങൾ, ബന്ധങ്ങൾ അങ്ങനെയൊക്കെയല്ലേ വളരുന്നതും വലുതാകുന്നതും. ഒരേ പുസ്‌തകത്തിൽ നിന്നും വായിക്കുന്ന കമിതാക്കളെ ശ്രദ്ധിക്കുക. പാരായണാനന്ദത്തിനുപരിയായ ഒരു ലോകത്തിന്റെ നിർമ്മിതിയിലാണവർ. ഏതോ ദിവ്യപ്രകാശത്തിന്റെ ഗൂഢാവരണം അവിടെ ദർശിക്കാം. പുറംലോകത്തിൽ പാഴിലകൾ പോലുമപ്പോൾ ഒച്ചയില്ലാതെയാണ്‌ വീഴുന്നതെന്നു കാണാം.

പുസ്‌തകവായനാ പ്രാധാന്യത്തെ, ഗ്രന്ഥശേഖരണ മഹത്വത്തെക്കുറിച്ച്‌ ഹോം ലൈബ്രറികളെ കുറിച്ചൊക്കെ അധ്യാപകരിപ്പോഴും സംസാരിക്കുന്നുണ്ടാവാം. വിദേശങ്ങളിലെ സ്വകാര്യപുസ്‌തക ശേഖരങ്ങളാണ്‌ വളർന്നുവളർന്നിന്നത്തെ നാഷണൽ ലൈബ്രറികളായത്‌ എന്നും അദ്ധ്യാപകർ കൂട്ടിചേർക്കും. അദ്ധ്യാപകരെക്കുറിച്ച്‌ പറയാത്ത പുസ്‌തകോർമ്മക്കുറിപ്പുകൾ അപൂർണ്ണ രചനകളാണ്‌. അവരാണല്ലോ കുഞ്ഞുമാധുര്യമായി ഇതിനെ മനസ്സിലേയ്‌ക്കിറ്റിച്ചത്‌.

വീടുമാറുമ്പോൾ ഒന്നൊഴിയാതെ വായനാ സാമഗ്രികളേയും ചുമന്നുകൊണ്ടു പോകുന്നത്‌ ജീവിതം പോലെ തന്നെ വായനാ തുടർച്ചകൾക്കു വേണ്ടിയാണ്‌. പഴയ തറവാട്ടിൽ നിന്നും പൊടിതട്ടിയെടുത്ത “മാർത്താണ്ഡവർമ്മ, കരുണ, ലീല മുതൽ മല്ലൻപിള്ളയെ ആന കൊന്ന പാട്ടു‘വരെ അതിൽപ്പെടുന്നു. തലമുറകളിലേക്കു നീളുന്ന മറ്റൊരു പുസ്‌തകപകർച്ചയാണ്‌ നാം മക്കൾക്കായി കരുതി വയ്‌ക്കുന്ന ശേഖരങ്ങൾ. പഴയ ബാലമാസികകളിൽ തുടങ്ങി ബഷീർ, വിജയനിലൂടെ, വായന പകരുന്ന ഒന്നായി മാറുന്നു. വായനാ രുചികളുടെ പകർച്ചയാണ്‌ തലമുറകളുടെ വിരൽപ്പാടുകൾ പതിഞ്ഞ ഗൃഹപുസ്‌തക ശേഖരങ്ങൾ.

പുസ്‌തകത്തിന്നുള്ളിൽ കുടുങ്ങി, ദീർഘകാലം കഴിഞ്ഞു പൊന്തിവന്നൊരു തീവണ്ടിയാത്രാ ടിക്കറ്റ്‌. ഏതാണ്ട്‌ മറന്നുപോയൊരു യാത്രയുടെ ചൂടിനെ ഒളിപ്പിച്ചതാണ്‌. അന്യദേശങ്ങളിൽ നിന്നും വാങ്ങിവന്ന പുസ്‌തകങ്ങളുടെ പരദേശീഭാവം എന്തിനെയെല്ലാമാണ്‌ ഓർമ്മിപ്പിക്കുന്നത്‌. അതു വാങ്ങാനന്നു കൂട്ടുവന്നവരുടെ ഗന്ധം പോലും ചുറ്റിലും പരന്നിറങ്ങും. ചില പുസ്‌തകക്കുറിപ്പുകൾ വർഷങ്ങൾക്കുശേഷം പകരുന്ന അർത്ഥവ്യാപ്‌തി ആഴമേറിയതാണ്‌.

വായിച്ച പുസ്‌തകം മനസ്സിൽപ്പതിയാനും, ഇനി വായിക്കാനുള്ള വഴികളെക്കുറിച്ചും കൈചൂണ്ടിയാകുന്നതും സ്‌നേഹിതൻമാരാണ്‌. ഗ്രന്ഥങ്ങൾ ദുർലഭമായിരുന്ന കാലത്ത്‌ പുസ്‌തകങ്ങൾ തേടിയലഞ്ഞവരുടെ ഓർമ്മകൾ പ്രിയങ്കരമാകാതെ വയ്യ. വലിയ വായനക്കാരായ ഇ.എം.എസ്‌, അച്യുതമേനോൻ തുടങ്ങിയവരുടെ അന്ത്യക്കിടക്കയിൽ നിന്നും എടുത്തു മാറ്റിയ പുസ്‌തകങ്ങൾ കൗതുകജനകമാണ്‌.

വലിയൊരു പുസ്‌തകശാലയിൽ എത്തി, കൊതിപൂണ്ട്‌, മതിമറന്ന്‌, ഒന്നും വാങ്ങാൻ പണം തികയാതിരുന്ന കാലം ഏതു പുസ്‌തകപ്രേമിക്കാണില്ലാത്തത്‌? അരുത്തിപ്പെറുക്കി വാങ്ങിയ ആദ്യപുസ്‌തകം അപ്രധാനമായിരുന്നിട്ടും ആ എഴുത്തുകാരൻ നേടിയ മനമിടവും നമുക്ക്‌ വലുതുതന്നെ. പിൽക്കാലത്ത്‌ അയാളുടെ നാട്ടിലെത്തി സ്വന്തദേശത്തിൽ പോലും അജ്ഞാതനായിപ്പോയ ആ സാധുവിനെ തെരയുമ്പോഴത്തെ വികാരങ്ങൾ –

അതുപോലെ ആദ്യ ശമ്പളത്തിൽ വാങ്ങിയ പുസ്‌തകത്തിന്റെ സ്ഥാനം വേറെയാണ്‌. വായനയിലൂടെ മനസ്സിലേക്ക്‌ കടന്ന ’ഖസാക്കിലെ‘ ആ ഞാറ്റുപുരയിലേക്കു പോകാൻ കഴിയാത്തതിലെ വലിയ സങ്കടവും. എത്തിപ്പിടിക്കാനാവാത്ത അകലത്തിലാണ്‌ ’പാണ്ഡവപുര‘വും, ’മഞ്ഞി‘ലെ ദേശവുമെല്ലാം എന്ന അറിവും. ’തട്ടക‘ത്തിന്റെ ഗന്ധവും ചന്തവും മനസ്സിലിട്ട്‌ സാക്ഷാൽ കോവിലനുമൊത്ത്‌ കണ്ടാണിശേരിയുടെ ഉൾവഴിപ്പിരിവുകളിലൂടെ അലഞ്ഞതും വായനാ ഭ്രാന്തിന്റെ ബാക്കിപത്രങ്ങളാണ്‌. പാരായണത്തിനുമപ്പുറം വായനക്കാരനും സങ്കല്പങ്ങളുടെ വൻ ലോകങ്ങളാണ്‌ ചമയ്‌ക്കുന്നത്‌.

മരിച്ചുപോയവർ ഈ ഭൂമിയിൽ ഉപേക്ഷിച്ചുപോയ പുസ്‌തകശേഖരത്തെ കുറിച്ചെന്തുപറയാനാണ്‌? ജീവിതം തുടിക്കുന്ന ഓർമ്മകളാണവ. മറഞ്ഞുപോയ ഹൃദയത്തെ, തലച്ചോറിനെയാണ്‌ ആ സ്പർശത്തിലൂടെ അറിയാനാവുന്നത്‌. വൻ സ്വപ്നങ്ങളുടെ സങ്കടശേഖരങ്ങളാണവ.

ഇന്റർനെറ്റുൾപ്പെടെ വലിയ വായനയുടെ ലോകത്തിലാണ്‌ നാമിപ്പോൾ. എങ്കിലും ഒരു പുസ്‌തകം കൈയിലെടുക്കുമ്പോൾ ഒന്നു തുറന്നു മണക്കാതെ, ഈ ഇഷ്ടത്തിൽ അലിയട്ടെ, സ്നേഹത്തെ വാരിക്കുടിച്ചോട്ടേ എന്ന ആഗ്രഹത്തോടെ തുറന്നു വായന തുടങ്ങുകയും മറ്റൊന്നിലും ശ്രദ്ധിക്കാതെ അതു തീർത്തുവയ്‌ക്കുമ്പോൾ വലിയ ലോകം കിട്ടിയ സന്തോഷം. അതിനെ ജീവിതാവസാനം വരെ ഊർജ്ജദായിനിയായി കൊണ്ടുപോകാനാവും.

വായിക്കുന്നവരുടെ സ്വഭാവത്തിലേയ്‌ക്ക്‌ സുഗന്ധം പതിയെ പതിയെ നിറഞ്ഞുവരുന്നതു കാണാം.

Generated from archived content: essay1_feb9_07.html Author: pk_sudhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here