ഒഴിഞ്ഞുപോകുന്ന മാമരങ്ങൾ

ഈ പ്രപഞ്ചത്തിലെ വൃക്ഷവ്യതിയാനത്തെ കുറിച്ചു സംസാരിക്കുകയായിരുന്നു ആ യാത്രക്കാർ.

“പൂവരശിന്‌ നമ്മുടെ നാട്ടിലിത്ര പടർച്ച കാണാനേയില്ല. അവിടങ്ങളിൽ അതങ്ങനെ മാനത്തേക്ക്‌ കൂർത്തു പൊന്തിപ്പോവത്തേയുള്ളു. ഇവിടെ കണ്ടില്ലേ? പടർന്നു പന്തലിച്ചു വിശാലമായിരിക്കുന്നത്‌”.

റെയിലോരത്തെ മരങ്ങളെ ചൂണ്ടി അവർ സംസാരിച്ചുകൊണ്ടിരുന്നു. കാലക്രിയകൾക്കിടയിൽ ഈ ഭൂമിയിൽ നിന്നേ മറഞ്ഞുപോയ മരങ്ങളിലേക്ക്‌ അവരുടെ വാക്കുകൾ പടർന്നു. എന്തു മാത്രം ജാതികളിലെ മരങ്ങളെയാണ്‌ കാണാതെയായിരിക്കുന്നത്‌. പേഴ്‌മരം, മൊറട്‌, പൂവണം, കിളിമരം, തൊണ്ടി, കള്ളിപ്പാല, മുക്കമ്പാല, ഏഴിലംപാല, കാഞ്ഞിരം, ആഴാന്ത, മരുത്‌, ചെന്നൽ, ഇലവ്‌, ചാരുമരം, പുന്ന, ഉതി, ഊറാവ്‌, കുളമാവ്‌…. മര ഉരുപ്പടികൾക്ക്‌ ഗുണം പോരാത്ത, നാട്ടിമ്പുറങ്ങളിൽ ഇരുൾ പച്ചപരത്തിയ, കേൾവിയിൽ പോലും സൗന്ദര്യമിറ്റാത്ത എടുക്കാച്ചരക്കുകൾ. കവിതകളിൽ ഇടം കാട്ടാതെ പോയവ.

പൂക്കളുടെ സുഗന്ധവും കായ്‌കനികളുടെ മാധുര്യവും അവരുടെ ഓർമ്മയിൽ പരന്നു. ഈ ഭൂമി വിട്ടുപോയ മരങ്ങളേയും ചെടികളേയും കുറിച്ചവർ നിരന്തരം ചർച്ചചെയ്തു.

ഏതോ വള്ളിപ്പറ്റത്തിൽ കുരുങ്ങിയ മാതിരിയായി മനസ്സ്‌.

നാട്ടുമാമ്പഴത്തിന്റെ മധുരം, ചക്കച്ചുളയിൽ നിന്നിറ്റു വീണ മധു, വാളമ്പുളിത്തേൻ! കുളമാങ്ങയ്‌ക്കുള്ളിലെ കുട്ടികൾ മാത്രം തിന്നുന്ന ‘നരുന്തു’ പരിപ്പുപോലെ, നത്തിരുന്ന്‌ മിഴിച്ച കൂറ്റൻ പുളിമരത്തിന്റെ കുട്ടിക്കാല കാഴ്‌ചയുടെ നറുങ്ങോർമ്മയും തേനൂറുന്നതു തന്നെയല്ലേ?

തുഞ്ചാണിയിൽ കയറിയിരിക്കാനും, ആയം കൊടുത്താൽ നെടുങ്ങനേ മുകളിലേയ്‌ക്കും താഴേയ്‌ക്കും വീണ്ടും മുകളിലേക്കും സ്ര്പിംഗാട്ടം തിമിർക്കാനുമുള്ള സാധ്യത തന്ന ഒരു ചെമ്പരത്തിമരം (അതേ വർഷാവർഷങ്ങളുടെ സ്വാഭാവിക വളർച്ചയാൾ വലിപ്പം വച്ച നമ്മുടെ ചെമ്പരത്തിച്ചെടി തന്നെ. അത്തരം ദീർഘകാല വളർച്ചയിലൂടെ ഗാംഭീര്യമുൾക്കൊണ്ട്‌ മരങ്ങളായി ഭാവിക്കുന്ന നിരവധി കുറ്റിച്ചെടികൾ എന്റെ ചങ്ങാതിക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലാപേരേയും പെരുങ്കാലൻ കൊണ്ടുപോയി). ഒരു ദിവസം ആട്ടക്കാരനേയും കൊണ്ട്‌ ചെമ്പരത്തി പിഴുതു മറിഞ്ഞു. “അണ്ണൻ ചെമ്മന്തിമരം മറിച്ചിട്ടേയെന്നാണ്‌” കണ്ടുനിന്ന അനിയൻ വിളിച്ചോണ്ടോടിയത്‌. പ്രണയത്തിനിടയിൽ നിൽക്കുന്ന മാമരസാന്നിധ്യങ്ങൾ പോലെ. കുട്ടിക്കാലത്തിനും നിരവധി മരങ്ങളെ ഓർമ്മവയ്‌ക്കാനുണ്ട്‌.

ചെടികളും പൂക്കളും, കിളികളും കൂടി പാർക്കാത്ത മനസ്സുകളേ ഉണ്ടാവില്ല. മറയുന്ന തിര്യക്കുകൾ മനസ്സിനുള്ളിൽ ശൂന്യത തീർക്കുന്ന കാര്യം ശ്രദ്ധിച്ചാൽ പിടച്ചിലാകുന്നത്‌ അറിയാനാകും. മുറിഞ്ഞു മാറുന്ന വന്മരങ്ങൾ മനസ്സിനുള്ളിൽ വ്രണങ്ങളാകുന്നു. യാത്രയിൽ അജ്ഞാതദേശത്ത്‌ പിന്നേയും അതേ ജാതിമരം കൺമുന്നിൽ പെടുമ്പോൾ വികാരപ്പെരുംതിരകൾ മനസ്സിൽ ഒന്നിച്ചടിച്ചുണരും.

“നീയേ സാക്ഷി കള്ളിച്ചെടിയേ” എന്നു പറയഞ്ഞ കള്ളിയങ്കാട്ടുനീലിക്കു സമാനമായി എന്തെന്തു സംഭവങ്ങൾക്കാണ്‌ മരങ്ങൾ സാക്ഷ്യം പിടിച്ചിരിക്കുക. പരേതാന്മാക്കൾക്ക്‌ പകരം മരം വയ്‌ക്കലാണല്ലോ രീതി.

പൊത്തിപ്പിടിച്ച്‌ മരത്തിന്റെ തുഞ്ചാണിയുയരത്തിൽ കയറിയശേഷം താഴേക്ക്‌ തിരിച്ച്‌ ഇറങ്ങാനാവാതെ പോയ സഹപാഠി അനുഭവിച്ച കഷ്ടപ്പാടിനു കാതു കൊടുക്കുന്ന ശീലം. ഇലവു മരത്തിന്റെ പെരുംമുള്ളിളക്കി പേരുകൊത്തി പേനയിൽ നിന്നും തുള്ളി മഷി വിരലാൽ തേയ്‌ച്ച്‌ “സീലു”കാണിച്ച ബാലശാസ്ര്തജ്ഞന്മാരും. ക്ലാസിലേക്ക്‌ കുസൃതിപോക്കറ്റുകളിൽ ഒളിച്ചിരുന്നു വന്ന അണ്ണാൻ കുഞ്ഞുങ്ങളും തത്തമ്മക്കൊച്ചുങ്ങളേയും വൃക്ഷങ്ങളുമായി ബന്ധിച്ചു നിനയ്‌ക്കാവുന്നതാണ്‌. അത്തരം കൊതികൾ ബാല്യത്തിൽ മാത്രം. കുളമാങ്ങയെ കുട്ടികൾ മറക്കില്ല. മാഞ്ഞുപോകുന്ന മരങ്ങളെപോലെ അനുഭവങ്ങളും തിരിച്ചെത്തുന്നില്ല.

“ഈ പേരില്ലാ മരം നിന്റെ പോറ്റിമാമൻ കൊമാരകോവിലിൽ പോയിട്ടുവന്നപ്പം കൊണ്ടുവന്നതാണ്‌” അമ്മച്ചി പറഞ്ഞതിന്റെ പിൻപറ്റി ചിന്തിക്കുമ്പോഴാണ്‌ വൃക്ഷവിന്യാസത്തിന്റെ മറ്റൊരു പാഠം തെളിയുന്നത്‌. റമ്പൂട്ടാൻ, മാഞ്ചിയം, മങ്ങ്‌, അക്കേഷ്യ, എന്തെന്തുതരം അന്യരാജ്യ വൃക്ഷങ്ങളും ചെടിക്കുമാണ്‌ നമ്മുടെ മൂവാണ്ടനേയും തേൻവരിക്കയേയുമൊക്കെ വെട്ടി നിരത്താനായി വിദേശങ്ങളിൽ നിന്നും നിരന്തരം പുറപ്പെട്ടുവരുന്നത്‌.

നഗരങ്ങളിലെ പൂമരങ്ങൾ അധികവും അന്യരാജ്യങ്ങളിൽ നിന്നും ഭരണാധികാരികളാൽ ക്ഷണിക്കപ്പെട്ടുവന്നവരത്രേ! അവയുടെ പുഞ്ചിരിയിൽ സത്യം തെളിഞ്ഞുവരും. നാട്ടുമ്പുറത്ത്‌ ഗുൻമോഹറിന്റെയും ബോഗെൻവില്ലയുടേയും തീപിടിച്ച ധാർഷ്ട്യം കാണാതെ പോകരുത്‌. പാടേ മറയുന്നതിന്‌ സമാനം പുത്തൻ അധിനിവേശങ്ങളും മാമരലോകത്തിൽ നടക്കുന്നു.

അമ്പരചുംബികളായ മരപ്രമാണികൾ കൊടുങ്കാട്ടിലും നഗരമധ്യത്തിലും ശ്രദ്ധിക്കപ്പെടുന്നു.

ആരാണിദ്ദേഹം? ഏതു ഫാമിലിക്കാരൻ? സസ്യശാസ്ര്തശൈലിയിൽ തന്നെ ആരാഞ്ഞാലോ? ആഢ്യത്വം അത്രയ്‌ക്കുണ്ട്‌.

അങ്ങേയ്‌ക്കെത്ര പ്രായമായി എന്നു ചോദിക്കുന്നതെങ്ങനെ?

തലസ്ഥാനത്തെ വൃക്ഷകേസരികൾക്കിടയിൽ അവാർഡുജേതാക്കൾ വരെയുണ്ടെന്ന കാര്യം ശ്രദ്ധിക്കുക. അത്യപൂർവ്വ ജനുസ്സുകളായ രുദ്രാക്ഷം, സാമ്പ്രാണിമരം ഇവയും തിരക്കോരത്തുണ്ടാവും. മനുഷ്യരോട്‌ കണ്ടതും കേട്ടതുമായ ഭരണചരിത്രങ്ങളൊന്നും മിണ്ടാത്ത അവ സായാഹ്‌നങ്ങളിൽ നഗരത്തിലെ കിളികളോട്‌ അന്നന്നത്തെ വിശേഷങ്ങൾ കൈമാറുന്നത്‌ ശ്രദ്ധിക്കുക. കേൾക്കാമൊഴിയിലെ പറച്ചിലുകൾ പാതിരാവോളം തുടരുകയും ചെയ്യും.

അഗസ്ത​‍്യകൂടം കയറുമ്പോൾ മുന്നിൽ ഉയർന്നു നിൽക്കുന്ന ഓരോ മരത്തിന്റെ പേരും താളുമറിയാനുള്ള ആകാംക്ഷ അടക്കുക മാത്രമേ നിവൃത്തിയുള്ളൂ.

‘ഓർമ്മയുടെ അറകൾ’ക്കുള്ളിലേക്ക്‌ പൂത്തിരി കത്തിച്ചു പിടിച്ച ആ യാത്രക്കാരും ഏതോ സ്‌റ്റേഷനിൽ അജ്ഞാത കോടാലിക്കൊത്തേറ്റമാതിരി ഇറങ്ങിപ്പോയി.

ഒഴിഞ്ഞു മാറുന്ന മരങ്ങളെപോലെ.

Generated from archived content: essay1_feb26_08.html Author: pk_sudhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here