കഥയെഴുത്തിന്റെ നീലാകാശങ്ങൾ വീണ്ടും വർത്തമാനത്തോട് തീവ്രമായി രാഷ്ര്ടീയം പറഞ്ഞു തുടങ്ങിയിരിക്കുന്നു. സ്‌ഫോടനാത്മകമായ വർത്തമാനങ്ങളുള്ള കഥയെഴുത്തുകളാണ് നമുക്കു മുൻപിൽ എൻ.എസ് മാധവന്റെ ‘നിലവിളി’, അയ്‌മനം ജോണിന്റെ ‘ചരിത്രം വായിക്കുന്ന ഒരാൾ’ ഇന്ദുമേനോന്റെ ‘ഹിന്ദുഛായയുള്ള മുസ്ലീം പുരുഷൻ’ എന്നീ കഥകൾക്കുള്ളത്.
യാഥാർത്ഥ്യത്തിന്റെയും അതിയാഥാർത്ഥ്യത്തിന്റെയും ഭ്രമിപ്പിക്കുന്ന ആകാശങ്ങൾ പിണഞ്ഞു കിടക്കുന്ന വരാഹത്തിന്റെ ചാലുകൾപോലെ ചെറുതും മൂർച്ചയേറിയതുമായ വേഗത്തിൽ പിടയ്‌ക്കുന്ന വഴികൾ ഈ കഥകളുടെ ഞരമ്പുകളിലുണ്ട്.
‘തിരുത്ത്’ (ഡിസി ബുക്സ്) എന്ന പ്രശസ്ത കഥാസമാഹാരത്തിലെ എഴുത്തിടപെടലിന്റെ ചരിത്രപരവും ലാവണ്യപരവുമായ തുടർച്ചയാണ് എൻ.എസ് മാധവന്റെ ‘നിലവിളി’ എന്ന കഥാസാമാഹാരം.
നിലവിളി ഒരു കഥാസമാഹാരം മാത്രമല്ല. മറിച്ച് നിലവിളികളുടെ പച്ചപ്രാണൻ കത്തുന്ന ചരിത്രത്തിന്റെ ബൃഹദ്‌സമാഹാരമാണ്. ഈ കഥകളുടെ ലാവണ്യം ഭാഷയ്‌ക്കുമപ്പുറം അതിന്റെ ചരിത്രപരതയും രാഷ്ര്ടീയവും അതുയർത്തുന്ന നൈതികമായ ചോദ്യങ്ങളുമാണ് എന്ന് നാം തിരിച്ചറിയുന്നു. കുഞ്ഞ്‌ബുദ്ദീൻ അൻസാരിയുടെ നിലവിളി ഇന്ത്യയുടെ നിലവിളിയാവുകയും പിറന്നമണ്ണിൽ പൊടുന്നനെ ഒറ്റപ്പെടുന്ന ഒരു സമൂഹത്തിന്റെ നിലവിളിയാവുകയും ചെയ്യുന്നു.
‘നിലവിളി’യിലെ കുഞ്ഞ്‌ബുദ്ദീൻ അൻസാരിയും ‘നാനാർത്ഥ’ത്തിലെ അച്യുതൻനായരും ‘ചൂതി’ലെ ഹരിനാരായണനും ‘ചുരകനി’ലെ പാഡിയും തുടർച്ചകളിലൂടെ സഞ്ചരിക്കുന്ന കണ്ണികളാണ്. മതത്തിന്റെ വൈവിധ്യങ്ങളുടെയും വൈരുദ്‌ധ്യങ്ങളുടെയും കാറ്റുപിടിച്ച പായ്‌ക്കപ്പലുകളിൽ വെച്ച് കടൽക്ഷോഭത്തിൽ പെടുന്ന ആളുകളുടെ അടയാളചിഹ്‌നത്തിൽ കൂടി ഗുജറാത്തിന്റെ തീപിടിച്ച കാലം വർത്തമാനകാലത്ത് അടയാളപ്പെടുത്തുകയും അനുഭവപ്പെടുത്തുകയും ചെയ്യുന്ന കഥയാണ് നിലവിളി.
എൻ.എസ് മാധവന്റെ രചനകളുടെ പ്രത്യേകത നിശ്ശബ്ദതകളും സംഗീതവും ഇടകലരുന്ന കൊത്തുപണിയാണ്. അതിലോലമായ മൗനത്തിന്റെ ഇടവേളകളും അർത്ഥവിരാമങ്ങളും കൊണ്ട് ഒരു ലോകം വിരിയിച്ചെടുക്കുന്ന ജാഗ്രത. അമർന്നുകത്തിയും ആളിപ്പിടിച്ചും പെയ്തുവീണും അതിന്മേൽ സംഗീതം ഇടപെടുന്നു.
‘മേഘങ്ങളെ വായിക്കുന്ന കുട്ടി’ വായിക്കുന്ന ‘വായന’ എന്ന കഥയും ഈ സമാഹാരത്തിലെ എടുത്തു പറയേണ്ട ഒന്നാണ്. അന്വേഷണങ്ങളുടെയും കണ്ടെത്തലിന്റെയും പ്രണയപർവ്വങ്ങളിൽ കെട്ടുപിണഞ്ഞ ജീവിതങ്ങളെ വരച്ചിടുന്നുണ്ട് ‘വായന’യിൽ. ‘ക്ഷുരകനിലാകട്ടെ വിനിമയത്തിന്റെ ആകാശങ്ങളെ ഭേദിക്കുന്ന സങ്കേതങ്ങളെയും ടെക്‌നോളജിയും വർത്തമാന രാഷ്ര്ടീയതെ സൂക്ഷ്മമായി സ്പർശിച്ചു തന്നെ കടന്നുപോകുന്നു. ഇന്റർനെറ്റിലും പ്ലേഗിലും കാലം കിടന്നു തിളയ്‌ക്കുന്നതിന്റെ നേർകാഴ്‌ചകളായി ഈ കഥ തുറന്നുകിടക്കുന്നു.
യേശുവിനെക്കൊണ്ട് കടൽ വിമോചിപ്പിക്കും വരെ എല്ലാ മനുഷ്യരും നാവികരായിരിക്കും’ എന്ന് പറയിക്കുന്നുണ്ട് ഇതിൽ വിമോചനത്തിന്റെ സ്വരങ്ങൾ. പ്രതീക്ഷകൾ എല്ലാം തന്നെ സാമ്രാജ്യത്വത്തിന്റെ ഏകാധിപത്യസ്വരത്തിനെതിരെയുള്ള സ്വരമായി മാറുന്ന കാഴ്‌ച നമുക്കനുഭവപ്പെടും. ഈ കഥയിലെ സദാമിന്റെ പരാമർശനങ്ങളും സാന്നിധ്യവും പകരുന്ന വിനിമയ സാധ്യതകൾ വളരെ വലുതാണ്. ഇടപെടുന്ന ഇത്തരം വായനകൾകൊണ്ട് വായനയുടെ വർത്തമാനങ്ങൾ മാറിമറിയുകയാണ്. ഏക ശിലാഘടനയിലുള്ള പ്രഹരങ്ങളുടെയും ആഖ്യാനങ്ങളുടെയും ചരിത്രം ഉച്ചാടനം ചെയ്തുകൊണ്ട് എഴുത്തിന്റെ അതിർവരകൾ നമ്മോട് രാഷ്ര്ടീയം സംസാരിച്ചു തുടങ്ങിയിരിക്കുന്നു.
വേറിട്ട ലോകത്തിന്റെ വേറിട്ട കാഴ്‌ചകളായാണ് അയ്‌മനം ജോണിന്റെ ‘ചരിത്രം വായിക്കുന്ന ഒരാൾ’ എന്ന സമാഹാരം അനുഭവപ്പെടുക. കെട്ടുപൊട്ടിയ പരമ്പരകളുടെ വേരുകൾ തിരയുന്ന പക്ഷിസംബന്ധമായ ചിലത്‘ എന്ന കഥയിൽ തുടങ്ങി ’അടിയന്തിരാവസ്ഥയിലെ ആന‘യിലും ’മുയൽമാനസ‘ത്തിലും ചരിത്രവും, മനുഷ്യരാശിയുടെ ചെറുത്തുനിൽപ്പിന്റെ നേരിയ പ്രകാശവും ഇടകലർത്തിയിരിക്കുന്നു. ’തന്റെ ചരിത്രപഠനം വാലുചുഴറ്റി മുഖത്തടിക്കുന്ന ഒരു വന്യജീവിയെ ഓർമ്മപ്പെടുത്തുന്നു‘ എന്നു പറയുന്ന പ്രൊ. ജേക്കബ് മാത്യുവിലൂടെ വരേണ്യ-സമ്പന്നതയുടെ മുഖത്തടിക്കുകയാണ് അയ്‌മനം ജോണിന്റെ വാക്കുകൾ. കഥയെഴുത്തിന്റെ സ്വപ്നവും യാഥാർത്ഥ്യവും കലർന്ന ലോകത്തെ പക്ഷികളുടെ ലോകത്തിലൂടെ ചിതറിച്ചു വായിക്കുകയും, പൊതുമണ്ഡലത്തിന്റെ സാമൂഹ്യവിമർശനമായി കഥയുടെ കേന്ദ്രഘടനയെ ഉയർത്തിനിർത്തുകയും ചെയ്യുന്നു.
“ഉറ്റോരും ഉടയോരും ഉപേക്ഷിച്ചാലും ആകാശോം ഭൂമീം അവിടെത്തന്നെ ഒണ്ടെന്ന് തോന്നാനും മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാനും തന്റേടം വേണം’ എന്ന് ‘വെള്ളത്തിൽമനുഷ്യനി’ലും ‘1975 ഞങ്ങൾക്ക് അടിയന്തരാവസ്ഥയുടെ വർഷമല്ല’ അച്ഛൻ ആനയെ വാങ്ങിയവർഷമാണ്‘ എന്നു പറയുന്ന ’അടിയന്തരാവസ്ഥയിലെ ആനയി‘ലും പിള്ളയുടെയും കൊച്ചുപിള്ളയുടെയും കഥപറയുന്ന ’ഇരട്ടകളി‘ലും മലയാളകഥയെത്തന്നെ ചോദ്യചിഹ്‌നമിട്ടു നിർത്തിക്കൊണ്ട് ഫാസിസ്‌റ്റുകളുടെ മെരുക്കൽ തന്ത്രത്തെ ’മുയൽമാനസ‘ത്തിൽ ആവിഷ്‌ക്കരിച്ചും അയ്‌മനം ജോൺ കഥകൾക്കുള്ളിലെ കഥകളെയും ചരിത്രത്തെയും പുനർവായനയ്‌ക്കു വിധേയമാക്കുന്നു.
യാഥാർത്ഥ്യത്തെ അമർച്ച ചെയ്യുകയും വ്യാജ ഏറ്റുമുട്ടലുകളും വ്യാജയുദ്ധങ്ങളും വഴി വംശഹത്യകളും, സാൽവാജൂഡും (Purification hunt) നടക്കുന്ന ഇന്ത്യൻ വർത്തമാനത്തിന്റെ നിശിതവിമർശനമായും സൂക്ഷ്മ വിശകലനമായും ഈ കഥകൾ പൊതുവായി നിൽക്കുന്നു.
’ഇസ്ലാം‘ എന്നത് തീവ്രവാദിയുടെയും ഭീകരതയുടെയും പര്യായപദമാണെന്നും മാനുഷികതയുടെ നേർത്ത നീർച്ചോലകൾപോലും വറ്റിയ നദിയാണെന്നും ഉദ്‌ഘോഷിക്കുന്ന സംഘപരിവാർ പാഠങ്ങൾക്ക് പ്രഹരമേൽപ്പിച്ചുകൊണ്ടാണ് ഇന്ദുമേനോന്റെ ’സംഘപരിവാറിനു‘ (ഡി.സി ബുക്സ്) ശേഷമുള്ള സമാഹാരമായ ’ഹിന്ദുഛായയുള്ള മുസ്ലീം പുരുഷൻ‘ ഇടപെടുന്നത്.
അഹല്യയുടെയും മുസ്തഫയുടെയും പ്രണയം തകർക്കപ്പെടുന്നത് അതിന്റെ സാമുദായികവും മതപരവുമായ ഭിന്നതകളിലാണ്. പക്ഷേ പ്രണയം ഇവയ്‌ക്കൊക്കെ അപ്പുറത്ത് പടർന്നുകയറുകതന്നെ ചെയ്യുമെന്നതിൽ നാം സാക്ഷിയാകുന്നു. ഒരു പ്രണയകഥയുടെ പശ്ചാത്തലം വർത്തമാനകാലത്തെ പിടിച്ചുകുലുക്കിയ ’മാറാട്‘ ആകുമ്പോൾ കഥയുടെ അർത്ഥവിതാനങ്ങൾ കൂടുതൽ വിശാലമാവുകയും കൂടുതൽ ജാഗ്രതയുള്ള വായനകൾ അനിവാര്യമാവുകയും ചെയ്യുന്നു. തന്റെ പ്രണയി മുസ്ലീമാണെന്നു തിരിച്ചറിയുന്ന അഹല്യ ’ങ്ങളെ മോത്തിന് ഭയങ്കര ഹിന്ദുച്ഛായ്യാ‘ എന്നു പറയുന്നുണ്ട്. നിസ്സഹായതയുടെയും പേടികളുടെയും കടന്നൽകൂടുകളെ പൊട്ടിച്ചുവിടുന്ന വാക്കുകളാണിവ. കിനാവിന്റെ സമുദ്രങ്ങളിലെ പകപ്പും ഭാവവും ഒക്കെ ഈ വാക്കുകളിലെ സംഭ്രമത്തിലും നിരാശയിലും അത്ഭുതം കലർന്ന സ്വീകാര്യതയിലും നമുക്കു കാണാം. വേട്ടയാടപ്പെടുന്നത് എക്കാലവും ഏതു സമൂഹത്തിലും സ്ര്തീകളും ദുർബ്ബലരുമാണ് എന്ന നഗ്നയാഥാർത്ഥ്യത്തെ ഒരിക്കൽകൂടി ഊട്ടിയുറപ്പിക്കുന്ന കഥയാണ് ’ഹിന്ദുഛായയുള്ള മുസ്ലീം പുരുഷൻ‘ .
നഷ്ടങ്ങളുടെയും കെട്ടുപോകലിന്റെയും തുരുത്തുകളിൽ നിന്ന് പീഡകളുടെയും വിധേയത്വത്തിന്റെയും നിസ്സഹായതയുടെയും നിലയില്ലാക്കയങ്ങളിലേക്കോടുന്ന കഥാപാത്രങ്ങളുടെ പിടയലുകൾ ഇന്ദുമേനോനിൽ കാണാം. ഭാഷ അതിന്റെ തീവ്രമായ അടക്കം കൊണ്ട് പുതിയ കാലത്തിന്റെ ചതുർപ്പുകളെ കത്തിച്ചെടുക്കുന്നുണ്ട്.
ഈ മൂന്നു കഥാസമാഹാരങ്ങളിലെ ഇത്തരം പൊതുവായ സാമ്യങ്ങൾ യാദൃശ്ചികമല്ല. ജീവിക്കുന്ന, ജീവിതത്തെ സ്നേഹിക്കുന്ന, സാമൂഹ്യബോധവും, വ്യക്തിത്വവുമുള്ള എഴുത്തുകാരുടെ ചിന്തകളുടെ അനിവാര്യമായ ഒത്തുചേരലാണ്. ഭൂരിപക്ഷത്തിന്റെയും ന്യൂനപക്ഷത്തിന്റെയും കണക്കെടുപ്പുകൾക്കപ്പുറം ജീവിതത്തിൽ സ്നേഹത്തിന്റെയും നന്മയുടെയും ഇടങ്ങളെ പണിതൊരുക്കുവാൻ ഈ കഥകളുടെ ഉൾക്കനങ്ങൾ നമ്മെ സഹായിക്കും.
കലാപങ്ങളുടെയും സംഘർഷഭൂമിയുടെയും അന്വേഷണങ്ങളുടെയും ഇടങ്ങളാണ് എൻ.എസ് മാധവന്റെ സമഗ്രപശ്ചാത്തലം. ചരിത്രത്തിന്റെ അഗാധമായ മുറിവുകളെ ഓർമ്മിക്കുകയും, ആറാത്ത കനലുകളുടെ സാധ്യതകളെ നിരന്തരം അറിയിക്കുകയും ചെയ്യുന്ന ഈ സമാഹാരങ്ങൾ ഏറ്റവും മികച്ച പുതിയ വായനാനുഭവമായിത്തീരുന്നു.
ചരിത്രം വായിക്കുന്ന ഒരാൾ (അയ്‌മനം ജോൺ)
വില ഃ 38രൂ.
ഹിന്ദുഛായയുള്ള മുസ്ലീം പുരുഷൻ (ഇന്ദു മേനോൻ)
വില ഃ 40രൂ.
നിലവിളി (എൻ.എസ് മാധവൻ)
വില ഃ 40രൂ.
പുസ്തകങ്ങൾ വാങ്ങുവാൻ – സന്ദർശിക്കുക ”www.dcbookstore.com“
(കടപ്പാട് ഃ കറന്റ് ബുക്സ് ബുള്ളറ്റിൻ)
Generated from archived content: book1_july20_07.html Author: pk_sreekumar