ജീവന്റെ ഗുപ്‌തമായ കൈയെഴുത്തുകൾക്കാണു ജനിതകശാസ്‌ത്രം ജീനുകൾ എന്നു പേരിട്ടത്. കാലങ്ങൾ താണ്ടി അവ തലമുറകളിലൂടെ ആവർത്തിക്കുന്നതാണ് ജീവന്റെ ലീല. പാപവും പുണ്യവും ദുരയും അനാസക്തിയും സംയോഗവും വിയോഗവും വെറുപ്പും വിദ്വേഷവും… അങ്ങനെ അനേകം വിപരീതങ്ങൾ ആ തരംഗലീലയിൽ ആവർത്തിക്കുന്നു. ഗോത്രങ്ങളും വർണങ്ങളും വർഗങ്ങളും ഏറ്റുമുട്ടുകയും സങ്കലിക്കുകയും ചെയ്യുന്നു. ആ അപാരമായ പരപ്പിന്റെ പാഠങ്ങൾ നിർമിക്കുകയാണ് ‘തലമുറകളി’ൽ ഒ.വി.വിജയൻ. സ്‌നേഹത്തിനും സ്വത്വത്തിനും വേണ്ടി, യുക്തിക്കും അയുക്തിക്കുമിടയിലെ അറ്റമില്ലാത്ത പാതയിലൂടെയുളള മനുഷ്യന്റെ അലച്ചിൽ കേരളത്തിന്റെ സാമൂഹികചരിത്രത്തിന്റെ പശ്‌ചാത്തലത്തിൽ ‘തലമുറകൾ’ ആവിഷ്‌കരിക്കുന്നു. എഴുതപ്പെട്ട ചരിത്രത്തിന്റെ പകർപ്പു പുസ്‌തകമല്ല ഈ നോവൽ. ചരിത്രത്തിനും ആത്‌മകഥാംശത്തിനുമപ്പുറം നീങ്ങി ‘തലമുറകൾ’ ജനിതകധാരയുടെയും മനുഷ്യസ്വത്വത്തിന്റെയും സ്വഭാവത്തെക്കുറിച്ചുളള വ്യഗ്രമായ അന്വേഷണത്തിന്റെ നോവൽപാഠമായിത്തീരുന്നു. ഈ പാഠാനുഭവത്തെ മലയാളത്തിന്റെ വിജയൻ അനുഭവം എന്നു പേരിടട്ടെ.
കുലത്തിന്റെയും ഗോത്രത്തിന്റെയും വേരുകളിലേക്ക് മനുഷ്യൻ തിരിച്ചുപോകുന്നതെന്തുകൊണ്ടാണ്? ജൈവാംശത്തിന്റെ ചാക്രിക സ്വഭാവമാണോ അത്. ചരിത്രത്തിന്റെയും പാരമ്പത്യത്തിന്റെയും ഓർമ്മയുടെയും പിടിവിടാത്ത ബന്ധനമാണോ അല്ലെങ്കിൽ. പിതൃസ്‌മൃതിയിലേക്കു യാത്ര ചെയ്യുന്ന പുത്രദൃശ്യങ്ങളാൽ, സമൃദ്ധമാണ് വിജയന്റെ രചനാലോകം. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലും ‘പ്രവാചകന്റെ വഴി’യിലും അതു കാണാം. സ്വത്വാന്വേഷണത്തിന്റെയും ആത്‌മീയസംഘർഷത്തിന്റെയും ഗോത്രബോധത്തിന്റെയും സ്‌നേഹതൃഷ്‌ണയുടെയും ഭിന്നഭാവങ്ങളിൽ പിതൃയാനങ്ങൾ വിജയന്റെ കലയിൽ ആവർത്തിക്കുന്നു. ‘തലമുറകളി’ലെത്തുമ്പോൾ ഈ വ്യഗ്രതയുടെ അർത്ഥപരിസരം വ്യത്യസ്‌തമായിത്തീരുന്നു. സ്വത്വത്തെയും ഗോത്രത്തെയും കുറിച്ചുളള ബോധവും അന്വേഷണവും ജാതിയുമായി ബന്ധപ്പെടുന്നത് ഭാരതീയമായ അനുഭവമാണ്. അതിൽനിന്നു ഭിന്നമല്ല കേരളീയാനുഭവവും. ഓരോ വ്യക്തിയുടെയും കർത്തൃത്വത്തെ രൂപപ്പെടുത്തുന്നതിൽ ജാതി വഹിച്ച വലിയ പങ്ക് വിസ്‌മരിച്ചുകൊണ്ട് ആ അന്വേഷണം സാധ്യമല്ല. മതത്തിന്റെ ജ്‌ഞ്ഞാനവ്യവസ്ഥയും ജാതിയും ചേർന്ന സവിശേഷമായ അറിവ്&അധികാരമണ്ഡലമാണ് ഭാരതീയ-കേരളീയ കർത്തൃത്വത്തെ രൂപപ്പെടുത്തിയതെന്ന് നമുക്കറിയാം. അറിവും അതിനുവേണ്ടിയുളള അനുശീലനങ്ങളും ജാതിയുമായി ബന്ധപ്പെട്ട് ഒരു ആധിപത്യവ്യവസ്ഥയായി മാറിയതിന്റെ ചരിത്രമാണ് നമ്മുടേത്.
ജാതിവ്യവസ്ഥയുടെ അധികാരജ്‌ഞ്ഞാനമണ്ഡലത്തിൽ സ്വത്വം തികഞ്ഞ ഒരു കീഴാളവംശത്തിന്റെ ജീവിതഗാഥ ‘തലമുറകൾ’ ആഖ്യാനം ചെയ്യുന്നു. എന്നാൽ ഒരു വംശകഥയുടെ കാലാനുക്രമമായ ആഖ്യാനമല്ല അത്. എഴുതപ്പെട്ട സാമൂഹ്യചരിത്രത്തിന്റെ ധാരണകളെയും കീഴാളതയെക്കുറിച്ചുളള സമഗ്രസങ്കകല്പങ്ങളെയും ചോദ്യം ചെയ്‌തുകൊണ്ട് നോവൽ അതിന്റെ സാമൂഹ്യപാഠങ്ങൾ നിർമ്മിക്കുന്നു. കീഴാളതയുടെ അപകർഷം മറികടന്ന് കർത്തൃത്വം രൂപീകരിക്കുന്നതിനായി പൊന്മുടിത്തറവാട്ടിലെ തലമുറകൾ സഞ്ചരിച്ച വഴികളാണ് നോവലിസ്‌റ്റ് ആഖ്യാനം ചെയ്യുന്നത്. ആ വഴികൾ സാമൂഹികചരിത്രത്തിലേക്കും മനുഷ്യവ്യക്തിയുടെ തൃഷ്‌ണകളിലേക്കും നീളുന്നു. കേരളീയ സാമൂഹിക ചരിത്രത്തിൽ കീഴാളരുടെ സ്ഥാനത്തെക്കുറിച്ചുളള സാമ്പ്രദായിക ചരിത്രശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തിലുളള ഒരു പാഠമാതൃക ഈ നോവൽ വായനക്കാരനു തരുന്നില്ല. മറിച്ച് സ്വത്വരൂപീകരണപ്രക്രിയയിലെ വൈരുദ്ധ്യങ്ങളെയും സ്വത്വാനുഭവത്തെ അസാധ്യമാക്കിയ സങ്കീർണ്ണഘടകങ്ങളെപ്പറ്റിയുമുളള തത്വചിന്താപരമായ ഉൾക്കാഴ്‌ചകൾ ‘തലമുറകളി’ൽ തെളിയുന്നു.
പൊന്മുടിത്തറവാടിന്റെ ഇതിഹാസകഥനമാണ് ‘തലമുറകൾ’. തറവാട്ടുതൊടിയിലെ പത്ത് സമാധിപ്പുരകളിലെ നന്നങ്ങാടികളിൽ കുടികൊണ്ട പൂർവികരുടെ പാപപുണ്യങ്ങൾ നിറഞ്ഞ ജീവിതം കാലക്രമം തെറ്റിച്ച് ‘തലമുറകളി’ൽ ആഖ്യാനം ചെയ്യപ്പെടുന്നു. ആദിപിതാവായ രാമിയിൽനിന്നുതുടങ്ങി സാത്വികവും താമസവുമായ വഴിത്താരകളിലൂടെ നീങ്ങിയ പൊന്മുടി തകർച്ചയുടെ ആഴത്തിലേക്കു വീഴുന്നു. പാലക്കാടൻ ഈഴു(ഴ)വത്തറവാടിന്റെ ഈ വംശാഖ്യാനത്തിന്റെ പശ്‌ചാത്തലമായി രണ്ടു നൂറ്റാണ്ടുകളിലെ കേരളീയ സാമൂഹികജീവിതമുണ്ട്. ജാതിവ്യവസ്ഥ കൊടുകുത്തി വാണ സമൂഹത്തിൽ ജന്മിത്തത്തിന്റെ ദ്രാവിഡപ്രൗഢികളുമായി കഴിഞ്ഞ പൊന്മുടിയിലെ പൂർവികൻമാർ ഓരോ തലമുറയിലും ആത്‌മരതിയിലും അഹന്തയിലും മുഴുകി. “തലമുറയുടെ ശ്രാദ്ധസോപാനങ്ങളിൽ ചവിട്ടി നടന്ന പൊന്മുടിക്കാരണവന്മാർ, പിറവിയുടെ ബൃഹത്തായ പാളികളെ നടന്നു തീർക്കുമ്പോഴൊക്കെയും വാൽക്കണ്ണാടിയിലെ അഹന്തയെ മാത്രം ഓർത്തു”വെന്ന് വിജയൻ എഴുതുന്നു. നാലുകെട്ടിന്റെ തട്ടകത്ത് അടയിരുന്ന പൊന്മുടിയുടെ പ്രാചീനസ്വത്വത്തെ-“ചെത്തുകാരന്റെയും വാറ്റുകാരന്റെയും തസ്‌കരന്റെയും പണിയായുധങ്ങൾ”-പിത്‌കാലത്തെ ആഢ്യന്മാരായ സന്തതികൾ കണ്ടില്ലെന്നു നടിച്ചു. അങ്ങനെ പൊന്മുടി അതിന്റെ തന്നെ അപഥങ്ങളിലൂടെ തകർച്ചയുടെ ആഴങ്ങളിലേക്കിറങ്ങി. അതിനു മറുവശത്ത് ജാതിക്കോയ്‌മയുടെ സാമൂഹ്യവ്യവസ്ഥ അവരെ തലമുറകളായി വേട്ടയാടി. ഈ അധികാര-ജ്‌ഞ്ഞാനമണ്ഡലത്തിൽ സവിശേഷമായ കർത്തൃത്വം രൂപീകരിക്കാനാണ് ഓരോ തലമുറയിലെയും പൊന്മുടിക്കാർ ശ്രമിക്കുന്നത്. ഫ്യൂഡൽ, കൊളോണിയൽ-ജനായത്തഘട്ടങ്ങളിൽ ആ കർത്തൃത്വരൂപീകരണയത്നങ്ങൾ തുടരുന്നതിന്റെ ഭിന്നമാനങ്ങൾ ‘തലമുറകൾ’ ആഖ്യാനം ചെയ്യുന്നു.
സ്വത്വത്തിന്റെ പ്രാചീനമായ അടയാളങ്ങൾ കണ്ടില്ലെന്നു നടിച്ച് ധനത്തിന്റെയും കീഴാളർക്കിടയിലെ പ്രമാണിത്തത്തിന്റെയും പിൻബലത്തിൽ സാമൂഹ്യകർത്തൃത്വം രൂപപ്പെടുത്താനായിരുന്നു ഓരോ തലമുറയുടെയും ശ്രമം. നമ്പൂതിരിയിൽനിന്നു കടം വാങ്ങിയ പൂണുലണിഞ്ഞ് കാശിയിലേക്കു പോയ കൃഷ്‌ണൻ എന്ന പൂർവികൻതൊട്ട് കല്‌പാത്തിയിലെ അഗ്രഹാരത്തെരുവിൽ സമരം നടത്തിയ ചാമിയാരപ്പൻവരെ അതു നീളുന്നു. പൊതുധാരണകളിൽനിന്ന് ഇവിടെയാണ് വിജയൻ വേർപിരിയുന്നത്. അതുകൊണ്ടുതന്നെ ‘തലമുറകൾ’ പലർക്കും അരുചി ഉണ്ടാക്കിയേക്കാം. കുറ്റാരോപണങ്ങൾ ക്ഷണിച്ചുവരുത്താനുളള ധീരത വിജയൻ പ്രകടിപ്പിക്കുന്നു. ഹൈന്ദവതയെന്നോ സംസ്‌കൃതമെന്നോ കേൾക്കുമ്പോൾ വിറളിയെടുക്കുന്ന പുരോഗമനസ്വാർത്ഥങ്ങളെ അലോസരപ്പെടുത്തുന്ന തലത്തിലുളള ഒരു ആത്‌മീയസാരള്യത്തിന്റെ ഗഹനത വിജയന്റെ എല്ലാ കൃതികളിലുമുണ്ട്. വ്യക്‌ത്യനുഭവത്തിന്റെ ഭാഗമായിരുന്ന അത് ‘തലമുറകളി’ൽ ചരിത്രത്തിന്റെയും സാമൂഹികതയുടെയും തലത്തിലേക്ക് വഴിമാറുന്നു. രാഷ്‌ട്രീയപ്രജ്‌ഞ്ഞയുളള ഒരു സാംസ്‌കാരികവീക്ഷണമായി മാറുകയാണ് ആത്‌മീയത ഇവിടെ.
കർത്തൃത്വരൂപീകരണം വിയോഗസംയോഗങ്ങളുടേതായ ഒരു കഠിനപ്രക്രിയയാണ്. മനുഷ്യവംശത്തിന്റെ ചരിത്രത്തിലും വ്യക്തിയുടെ വികാസത്തിലും ഗോത്രപരത, വർഗം തുടങ്ങിയ സാമൂഹികവും സാംസ്‌കാരികവുമായ സംവർഗങ്ങളുമായി ബന്ധപ്പെട്ട സ്വത്വത്തിന്റെ കാര്യക്രമത്തിലാണ് കർത്തൃത്വരൂപീകരണം നടക്കുന്നതെന്ന് സാമൂഹ്യചിന്തകർ പറയുന്നു. ഒരു വശത്ത് വ്യക്തിയുടെ സാമൂഹ്യവത്‌കരണത്തിന്റെയും ചരിത്രപരമായ ആധുനികവത്‌കരണത്തിന്റെയും സംയുക്തഫലമാണ് അത്. മറുവശത്ത് സ്വയം തിരിച്ചറിയലിലൂടെ ഓരോ വ്യക്തിയും തന്നെത്തന്നെ പുനർനിർമിക്കുന്ന പ്രക്രിയയുമാണത്. മനുഷ്യകർത്തൃത്വം സാമൂഹികവും സാംസ്‌കാരികവുമായ ഒരു നിർമാണപ്രക്രിയയായിത്തീരുന്നത് അങ്ങനെയാണ്.
ഒരു കീഴാളജനതയുടെ കർത്തൃത്വ രൂപീകരണത്തിന്റെ സംയോഗവിയോഗ കഥ ‘തലമുറകളി’ൽ നാം കാണുന്നു. സാമൂഹ്യശാസ്‌ത്രത്തിന്റെ പ്രത്യയശാസ്‌ത്രപാഠങ്ങളിലൂടെയല്ല, ഫിക്‌ഷന്റെ സാംസ്‌കാരിക പാഠങ്ങളിലൂടെയാണ് അത് വിജയൻ ആവിഷ്‌കരിക്കുന്നത്. സാംസ്‌കാരികപാഠങ്ങൾ മുൻനിർത്തി കർത്തൃത്വത്തെക്കുറിച്ചു പഠിക്കുമ്പോൾ തത്ത്വചിന്തകനായ പോൾ റിക്വാർ മനുഷ്യന്റെ ദമിതമായ വാസനകളെക്കുറിച്ച് പറയുന്നുണ്ട്. ഭാഷയിലും സാംസ്‌കാരികമായ പ്രവർത്തനങ്ങളിലും കർത്തൃത്വത്തിന്റെ അബോധം കാണാം. സംസ്‌കൃതം പഠിച്ച് പൂണൂലണിഞ്ഞ് കാശിക്കു പുറപ്പെടുന്ന വിരാഗിയായ കൃഷ്‌ണനമ്മാവൻ ഈ ദമിതതൃഷ്‌ണയുടെ നോവൽപാഠമാണ്.
“എനിക്കിത് ഒരു ഭാഷയുടെ മാത്രം പ്രശ്‌നമല്ല. ഒരുപക്ഷേ ഭാഷയുടെ പ്രശ്‌നമേ അല്ല-എന്ന് ഞാൻ കണ്ടു പിടിച്ചേക്കും. അവതാരങ്ങളുടെയും ദൈവനിയോഗങ്ങളുടെയും” എന്ന് ഈ കഥാപാത്രം പറയുന്നു. ഭാഷയുടെ ഉച്ചാരണത്തിനും എഴുത്തിനുമപ്പുറം ബ്രാഹ്‌മണനു ചെയ്യാൻ കഴിയുന്നത് അധഃകൃതനും കഴിയുമെന്ന് ലോകത്തെ അറിയിക്കലാണ് അയാളുടെ പഠനത്തിന്റെ ലക്ഷ്യം. പൂണൂലിന്റെ സ്വീകാര്യലക്ഷ്യം അതിന്റെ ഉദ്ധാരണവും. അധികാരത്തിന്റെ ംലേച്ഛതനിറഞ്ഞ ബ്രാഹ്‌മണ്യത്തിൽ നിന്നും കർമ്മത്തിന്റെ ംലേച്ഛത നിറഞ്ഞ അവർണതയിൽനിന്നും അറിവിനെ വേർപെടുത്തി സാത്വികമായ ഒരു വഴി തിരയുകയാണ് അയാളുടെ ലക്ഷ്യം. അതിലൂടെ സാമൂഹികമായ കീഴാളതയിൽനിന്ന് വ്യത്യസ്‌തമായ ഒരു കർത്തൃത്വം രൂപീകരിക്കാൻ കൃഷ്‌ണൻ ശ്രമിക്കുന്നു. ഫ്യൂഡൽകാലഘട്ടത്തിൽ പൊന്മുടിത്തറവാടിന്റെ ധനാഢ്യതയ്‌ക്കും ബ്രാഹ്‌മണവീഥികളിൽ നടത്തുന്ന സ്‌ത്രീവേട്ടകൾക്കും ഇടയിൽ സാമൂഹ്യവത്‌കരിക്കപ്പെട്ട ഒരു കർത്തൃത്വം രൂപീകരിക്കാനുളള യത്നമാണ് ഇത്.
കോളനിവാഴ്‌ചയുടെ അധികാരജ്‌ഞ്ഞാനമണ്ഡലത്തിൽ കീഴാള കർത്തൃത്വത്തിന് എന്തു സംഭവിച്ചുവെന്ന് ഇംതിയാസ് ഹസ്സനായിത്തീർന്ന ഗോപാലന്റെയും തിയഡോർ ആയിത്തീർന്ന ചാമിയാരപ്പന്റെയും ഉപാഖ്യാനങ്ങൾ വെളിപ്പെടുത്തുന്നു. ഫ്യൂഡലിസത്തിന്റെ സാമൂഹ്യവ്യവസ്ഥയിലേക്ക് കടന്നുവന്ന സാമ്രാജ്യത്വം കീഴാളന്റെ കർത്തൃത്വത്തെ മാറ്റുകയായിരുന്നില്ല. വിദ്യാഭ്യാസവും നിയമവുംവഴി പരിഷ്‌കൃതിയുടെ വ്യാമോഹം സൃഷ്‌ടിച്ചതല്ലാതെ അത് വർണാശ്രമത്തെയോ ജാതിശൃംഖലകളെയോ ഇളക്കിയില്ല. ഇംഗ്ലീഷ് പഠിക്കുവാനും മതം മാറാനും ശ്രമിച്ച പുതിയ കർത്തൃത്വം മോഹിച്ച കീഴാളൻ പരാജയപ്പെടുകയും ചെയ്‌തു.
തന്റെ മകൻ പവിത്രന്റെ ഉദാസീനതയിൽ മനംമടുത്ത ചാമിയാരപ്പൻ പണവും വാത്സല്യവും ചൊരിഞ്ഞത് സഹോദരപുത്രനായ ഗോപാലനിലായിരുന്നു. ഇംഗ്ലണ്ടിൽ പഠിച്ച ഗോപാലൻ അധഃകൃതന്റെ ചർമാവരണം ഭേദിച്ച് പുറത്തുകടക്കാൻ ശ്രമിച്ചു. അങ്ങനെയാണ് അയാൾ മതംമാറി ഇസ്ലാമായത്. ജർമനിയിലെത്തിയപ്പോഴും അയാൾ കണ്ടത് അധഃകൃതത്വത്തിന്റെ രൂക്ഷതയായിരുന്നു. പ്രണയിനിയായ ജസീക്ക ബ്ലൂം എന്ന ഫ്രഞ്ചുകാരിയായ യഹൂദസുന്ദരി അയാളെ അത് ബോധ്യപ്പെടുത്തി. നാത്‌സിസത്തിനുമുമ്പിൽ വർണത്തിന്റെയും വർഗത്തിന്റെയും കീഴാളത അയാളറിഞ്ഞു.
മാനുഷികതയുടെയും കീഴാളതയുടെയും സ്വന്തം കുടുംബപാരമ്പര്യത്തിന്റെ തിന്മകളുടെയും വിക്ഷോഭങ്ങളിൽ അലഞ്ഞ ചാമിയാരപ്പൻ സന്ദേഹത്തിന്റെ പ്രജാപതിയായി. ‘തലമുറികളി’ൽ വിജയൻ ഉയർത്തുന്ന സ്വത്വപ്രതിസന്ധിയുടെ പ്രശ്‌നങ്ങൾ ഈ കഥാപാത്രത്തിലാണ് തീവ്രമായിത്തീരുന്നത്. ജാതിവിരുദ്ധസമരവും കോൺഗ്രസ് പ്രവർത്തനവും യുക്തിവാദവും ദൈവനിഷേധവും… അങ്ങനെ നിരവധി മാർഗങ്ങളിലൂടെ ചാമിയാരപ്പൻ തന്റെ സ്വത്വത്തെ അന്വേഷിച്ചു. കല്‌പാത്തിത്തെരുവിലെ ജാതിവിരുദ്ധ സമരത്തിൽ ഏറ്റ മുറിപ്പാടുമായി അയാൾ മതംമാറി തിയഡോര എന്ന പേരു സ്വീകരിച്ചു. ദൈവത്തെ നിഷേധിച്ചു.
അശാന്തമായ ഈ അന്വേഷണവ്യഗ്രത ചാമിയാരപ്പനെ എങ്ങുമെത്തിച്ചില്ല. താൻ തിരഞ്ഞ കർത്തൃത്വത്തെ അസാധ്യമാക്കിക്കൊണ്ട് പൊന്മുടിയുടെ ശാപങ്ങളും സാമൂഹിക ചരിത്രത്തിന്റെ നിരുന്മേഷവും അയാളെ പിന്തുടർന്നു. ഈ സങ്കീർണതകൾ അനുഭവത്തിലും വിചാരത്തിലുമറിഞ്ഞ് ഉന്മാദത്തിന്റെ ചലച്ചിത്രദൃശ്യങ്ങളിലേക്കു മടങ്ങുകയാണ് ചാമിയാരപ്പൻ. ദൈവത്തെ വെല്ലുവിളിക്കുകയും മനുഷ്യന്റെ ഉദാത്തമായ സമരമുറകളിലെല്ലാം ചാടിയിറങ്ങി പരിക്കേൽക്കുകയും ചെയ്‌ത ഏകാന്തപഥികനായ വിപ്ലവകാരി. പൊന്മുടിയുടെ ദുരന്തം മുഴുവനറിഞ്ഞ ചാമിയാരപ്പനിലൂടെ ആ സ്വത്വാനുഭവത്തിന്റെ സങ്കീർണത വിജയൻ അവതരിപ്പിക്കുന്നു.
“ദൈവമേ, പകരമായി ചാമിയാരപ്പൻ നിനച്ചു. നീ ഇല്ലെങ്കിൽ നിന്റെ സിംഹാസനം ശൂന്യമാണെങ്കിൽ നിന്നിൽ എന്റെ സ്വത്വത്തെ അർപ്പിക്കുന്നതും നിരർത്ഥം; നീ പരമമായ ശക്‌തിയും അക്ഷയമായ സത്യവുമാണെങ്കിൽ നിനക്ക് എന്റെ പ്രാർത്ഥനയുടെ ആവശ്യവുമില്ലല്ലോ. യുക്‌തിയുടെ ഈ രണ്ടു പാളികൾക്കിടയിലൂടെ ഇടുങ്ങിയ ഒറ്റയടിപ്പാതയിൽ അലസതയുടെ ഇളവെയിലിൽ ചാമിയാരപ്പൻ അലയുകയായിരുന്നു. മുക്‌തിയുടെ ലാഘവം ഈ ഇളവെയിലിനു തന്നെയായിരിക്കുമോ? കൃഷ്‌ണനമ്മാവന്റെ സാമവേദ സാധനയിലും കിട്ടപ്പൻ കാരണവരുടെ വസ്‌ത്രാപഹരണത്തിലും പങ്ങേലപ്പൻ പൂർവികന്റെ രാജസകോപത്തിലും എല്ലാം തട്ടിക്കിഴിച്ചു നോക്കുമ്പോൾ ഇത്രമാത്രം. ഒരിത്തിരി വെയിൽവെളിച്ചം അതിനുമപ്പുറത്ത് ഇത്തിരി സ്‌നേഹാനുഭൂതി.”
പൊന്മുടിത്തറവാടിന്റെ ഇങ്ങേയറ്റത്തെ കണ്ണിയായ ചന്ദ്രനിൽ നിന്നാണ് ‘തലമുറകളു’ടെ ആഖ്യാനം വിജയൻ ആരംഭിക്കുന്നത്. ചാമിയാരപ്പന്റെ മകൾ പങ്കജാക്ഷിയുടെയും അരീക്കോട്ടെ എം.എസ്.പി ക്യാമ്പിലെ സുബേദാറായ വേലപ്പന്റെയും മകൻ ചന്ദ്രൻ വിജയന്റെ ആത്‌മകഥാംശമുളള കഥാപാത്രമാണെന്ന് ചിലപ്പോഴെങ്കിലും വായനക്കാരനു തോന്നാം. അച്‌ഛനമ്മമാർ ദൂരെ ജോലി സ്ഥലത്തായതിനാൽ മുത്തച്‌ഛനും മുത്തശ്ശിക്കുമൊപ്പം വളരുന്ന ചന്ദ്രന്റെ ജീവിതത്തിലൂടെ ജനായത്തകാലം നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു. ജനകീയതയുടെയും കമ്യൂണിസത്തിന്റെയും മാനവികതാരാഹിത്യത്തെ രൂക്ഷമായി വിമർശിക്കുകയാണ് വിജയൻ. പരീക്ഷയെഴുതാതെ മടങ്ങിവരുകയും കമ്യൂണിസത്തിന്റെ ആശയതീവ്രവാദത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന ചന്ദ്രനും എല്ലാ പൊന്മുടിക്കാരെയുംപോലെ അസ്തിത്വക്ഷീണത്തിന്റെയും സ്വത്വപ്രതിസന്ധിയുടെയും പാതയിലാണ്. വിദേശത്തെത്തി മനുഷ്യാവകാശ സംഘടനയിൽ ജോലി ചെയ്‌ത ചന്ദ്രൻ പണമുണ്ടാക്കാനായി പിന്നീട് അതുപേക്ഷിച്ച് ഹോങ്കോങ്ങിൽ ആയുധക്കച്ചവടക്കാരനാകുന്നു. റോസ്‌മേരി വാഗ്നർ എന്ന ജർമ്മൻകാരിയെ വധുവാക്കി ജീവിക്കുന്നു. ഒടുവിൽ ആഞ്ചലയെന്ന ചുഴലിക്കൊടുങ്കാറ്റിലേക്ക് കാറോടിച്ചു കയറ്റി അവസാനിക്കുകയാണ് ഇരുവരും. അവർക്കുണ്ടായ മകൻ, തിയഡോർ വേൽ വാഗ്‌നർ, കറുത്ത-വെളുത്ത മനുഷ്യരുടെ സങ്കരസന്തതി വർഷങ്ങൾക്കുശേഷം തന്റെ മുൻഗാമികളെല്ലാമവസാനിച്ച പാലക്കാടൻ മണ്ണിലേക്ക് വിനോദസഞ്ചാരിയെപ്പോലെ വരുന്നിടത്ത് നോവൽ അവസാനിപ്പിക്കുകയാണ് വിജയൻ.
വീടുവിട്ട് അച്‌ഛനിൽനിന്നകന്ന് അവധൂതനെപ്പോലെ യാത്രയാകുന്ന പുത്രൻ എന്ന സങ്കല്പം ‘ഖസാക്കിന്റെ ഇതിഹാസം’ മുതലുളള വിജയന്റെ ഓരോ നോവലിലും ആവർത്തിക്കുന്നുണ്ട്. ‘പ്രവാചകന്റെ വഴി’യിലെത്തുമ്പോൾ വംശസങ്കരത്തിന്റെ സന്തതിയെയും ഗർഭത്തിൽ വഹിച്ച് ആര്യയായ രമയും ദ്രാവിഡനായ നാരായണനും വീട്ടിലേക്കു മടങ്ങുന്നതായി കാണാം. തിയഡോർ വേൽ വാഗ്നറും അങ്ങനെതന്നെ. വേട്ടയാടപ്പെടുന്ന വംശങ്ങളുടെ സംയോഗത്തിൽനിന്നു പിറന്ന ശിശു. പുതിയ കർത്തൃത്വത്തിന്റെ ചിഹ്‌നമാണ് അത്. തലമുറകളുടെ പാപഭാരമില്ലാത്ത പൊന്മുടിയുടെയും ബ്രാഹ്‌മണരുടെയും നാത്‌സികളുടെയും അഹങ്കാരമില്ലാത്ത ശിശു പിറക്കാനാണ് ചന്ദ്രൻ മോഹിച്ചത്. ചാമിയാരപ്പൻ പ്രതീക്ഷിച്ച ‘ഇത്തിരി സ്‌നേഹാനുഭൂതി.’
കേരളീയ സാമൂഹ്യചരിത്രത്തെക്കുറിച്ചുളള വ്യവഹാരങ്ങളിലെ നിശ്ശബ്‌ദതകളിലാണ് ‘തലമുറകൾ’ സ്‌പർശിക്കുന്നത്. മതനിരപേക്ഷത, ജാതി, മതമൗലികത, ഇടതുപക്ഷത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് നിലനിൽക്കുന്ന സാമ്പ്രദായികവ്യവഹാരങ്ങളെ ഈ നോവലിൽ വിജയം ചോദ്യം ചെയ്യുന്നു. ഹൈന്ദവതയെക്കുറിച്ചുളള സംവാദം പ്രധാനപ്പെട്ട ഒരു രാഷ്‌ട്രീയപ്രമേയമായിത്തീർന്നു. വർത്തമാനകാലത്ത് വിജയൻ ഉയർത്തുന്ന മാനവികവും സാംസ്‌കാരികവുമായ ചോദ്യങ്ങളുടെ അർത്ഥമാനം വലുതാണ്. ജാതി എന്ന സ്ഥാപനത്തിന്റെ വൈരുദ്ധ്യങ്ങളെ മൂന്നു കാലഘട്ടങ്ങളിലായി അവതരിപ്പിക്കുന്ന ഈ നോവൽ, ‘ഹൈന്ദവത’, ‘ബ്രാഹ്‌മണ്യം’ എന്നീ സംവർഗങ്ങളെ വ്യവഹാരവിഷയമായി സ്വീകരിക്കുന്നു. ഹൈന്ദവത ഒരു സാംസ്‌കാരികധാരയും ജീവിതശൈലിയുമാണ് വിജയനിൽ. അതിന്റെ ആത്‌മീയസാന്നിധ്യം വിജയന്റെ എഴുത്തിൽ പ്രത്യക്ഷപ്പെടുന്നതും ആ അർത്ഥത്തിലാണ്. മതനിരപേക്ഷതയുടെ പ്രഖ്യാപിതവക്താക്കളെ ഇത് ശുണ്‌ഠിപിടിപ്പിക്കും, തീർച്ചയായിട്ടും. ഹൈന്ദവത എന്നാൽ വിശ്വഹിന്ദുപരിഷത്താണെന്ന് പ്രഖ്യാപിക്കുന്ന ബുദ്ധിജീവികൾ ചരിത്രത്തെയും സംസ്‌കാരത്തെയും തങ്ങളുടെ കപടജനാധിപത്യംകൊണ്ട് മൂടാനാണ് ശ്രമിക്കുന്നത്. അതേസമയം സാമ്രാജ്യത്വത്തിന്റെ വിപണിതന്ത്രങ്ങൾ കേരളീയസാംസ്‌കാരികജീവിതത്തിൽ ചില്ലറവിൽപന വയ്‌ക്കാൻ അവർ തയ്യാറാണുതാനും.
മതം മയക്കുമരുന്നായല്ല വിജയന്റെ കഥയിൽ കടന്നുവരുന്നത്. ആത്‌മീയത അധികാരതന്ത്രത്തിന്റെ ഭാഗവുമല്ല. ഹൈന്ദവതയെയും ബ്രാഹ്‌മണ്യത്തെയും കുറിച്ചുളള തന്റെ നിലപാട് ‘തലമുറകളി’ലെ ഒരു കഥാപാത്രത്തിലൂടെ വിജയൻ ഇങ്ങനെ വ്യക്തമാക്കുന്നുഃ “സംസ്‌കൃതം ആര്യന്റെ ഭാഷയല്ല. വേദങ്ങളും ഉപനിഷത്തുകളും ഒന്നും അവന്റെയല്ല. മാംസഭോജിയും ബലാൽസംഗിയും തെണ്ടിയുമായ ആര്യൻ ‘നേതി, നേതി’ എന്നു പാടിയിരിക്കാൻ സാധ്യതയില്ല. ‘ചാതുർവർണ്യം മയാസൃഷ്‌ടം’. ഇത് ഗീതയല്ല. തിരോഭവിക്കാനൊരുങ്ങുന്ന ഏതോ ഒരു കൊച്ചുനരവംശത്തിന്റെ ഗ്രന്ഥപ്പുര തുറന്ന് വിശുദ്ധഗ്രന്ഥങ്ങൾ കവർന്ന് ആര്യൻ അവയിൽ സ്വാർത്ഥത്തിന്റെ വിഷം കലർത്തി.” കമ്യൂണിസത്തിന്റെ സൈനികവത്‌കരണത്തെ രൂക്ഷമായി വിമർശിക്കുന്ന വിജയൻ ഹിന്ദുത്വഫാഷിസത്തെ വിമർശിക്കുന്നില്ല എന്ന വാദത്തിനുളള മറുപടികൾ കൂടി ‘തലമുറകളി’ൽ നമുക്കു വായിക്കാം. സവർണതയുടെയും ആര്യതയുടെയും സാംസ്‌കാരിക ഭൂപടത്തിൽ നടക്കുന്ന ഈ സ്വത്വാന്വേഷണം അങ്ങനെയാണ് ഒരു വിശിഷ്‌ടസൃഷ്‌ടിയായിത്തീരുന്നത്.
വിജയൻ അനുഭവം എന്നു പേരിട്ട വായനാവിശേഷത്തിലേക്കു വരട്ടെ. ഒരു നൂറ്റാണ്ടു താണ്ടിയ മലയാള നോവലിൽ ഒ.വി.വിജയന്റെ സ്ഥാനം സാഹിത്യവിദ്യാർത്ഥിയുടെ മാത്രം അന്വേഷണവിഷയമല്ല. ഒരു ഭാഷയെന്ന നിലയിൽ മലയാളത്തിന്റെ പാതകൾ വിജയനിലൂടെ നീങ്ങുന്നു. നോവലിന്റെ ചരിത്രത്തിലാകട്ടെ ഈ എഴുത്തുകാരൻ ഒരു ദിശാസൂചിയായി നിന്ന് കാലഭേദമറിയിക്കുന്നു. മലയാള ഭാവനയെ അലോസരപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തുകൊണ്ടാണ് നമ്മുടെ എഴുത്തിന്റെ ചരിത്രത്തിൽ വിജയൻ അനുഭവം യാഥാർത്ഥ്യമായത്. സമകാലികമായ കേരളീയ സാംസ്‌കാരിക ജീവിതത്തിൽ ഇത്രയേറെ തന്റെ പ്രകാശസാന്നിധ്യമറിയിച്ച നാട്ടിൽപ്പാർക്കാത്ത വേറൊരെഴുത്തുകാരനില്ല. നോവലിസ്‌റ്റും കഥാകൃത്തും രാഷ്‌ട്രീയചിന്തകനും പത്രപ്രവർത്തകനും കാർട്ടൂണിസ്‌റ്റുമായി പല ഭാഷകളിൽ സംസാരിച്ചുകൊണ്ട് വിജയൻ കേരളീയ സാംസ്‌കാരികജീവിതത്തിൽ നിറയുന്നു. ഇവയൊക്കെ എഴുത്തുകാരന്റെ ജീവചരിത്രത്തിന്റെ ഭാഗമാണ്. മറുവശത്ത് മലയാള സാഹിത്യത്തിന്റെ സമീപഭൂതവും വർത്തമാനവും വിജയന്റെ എഴുത്തിന്റെ കാലമാണ്. നോവലിന്റെ ചരിത്രത്തെ ഖസാക്കിനു മുമ്പും പിമ്പും എന്നു വേർതിരിക്കാവുന്നിടത്താണ് വിജയന്റെ പ്രസക്തി.
(ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഒ.വി.വിജയന്റെ ‘കലയും ദർശനവും’ എന്ന പുസ്‌തകത്തിൽനിന്ന്)
Generated from archived content: essay2_apr7.html Author: pk_rajasekharan