വായനയുടെ ഇതിഹാസം

 

 

 

ഖസാക്കിലെ വഴികളിലൂടെ നടക്കുമ്പോൾ ഓരോ തവണയും പുതിയ കാഴ്‌ചകളാണ്‌. പരസ്‌പരം എതിർക്കുകയും അപൂർവം ചില സന്ദർഭങ്ങളിൽ പാരസ്‌പര്യത്തിലെത്തുകയും ചെയ്യുന്ന ഭിന്ന ലോകങ്ങളുടെയും വിരുദ്ധ ക്രമങ്ങളുടെയും എതിർ സ്വരങ്ങളുടെയും അഭിമുഖീകരണം. ആവിർഭാവത്തിനുശേഷം മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ‘ഖസാക്കിന്റെ ഇതിഹാസം’ ഓരോ (തലമുറയുടെ) വായനയിലും പുതുതായി നില്‌ക്കുന്നത്‌ ഈ വ്യത്യസ്‌ത കാഴ്‌ചകളുടെ അഭിമുഖീകരണങ്ങൾകൊണ്ടാണ്‌. കാന്തശക്‌തിയുളള ആ കഥാഖ്യാനത്തിൽ ഇന്നലെയിലും ഇന്നിലും വായനക്കാർക്കു പാർക്കാം. അതുകൊണ്ടാണ്‌ വിവിധ തലമുറകളിൽപ്പെട്ട വായനക്കാർ ‘ഖസാക്കിന്റെ ഇതിഹാസം’ വായിച്ചുകൊണ്ടിരിക്കുന്നത്‌. ഓരോ വായനയ്‌ക്കും ചിലത്‌ ഉപേക്ഷിക്കാനും ചിലതു സ്വീകരിക്കാനുമുണ്ടാകും. അനുകൂലനങ്ങളും പ്രതികൂലനങ്ങളുമായി അങ്ങനെ ‘ഖസാക്കിന്റെ ഇതിഹാസം’ അതിജീവിക്കുന്നു. വീണ്ടും വീണ്ടും വായനകളെ ഭ്രമിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്നു. ഒരു ആധുനിക ക്ലാസിക്‌ രൂപപ്പെട്ട സാഹിത്യ സന്ദർഭമാണിത്‌.

എന്താണ്‌ ഓരോ തറമുറയുടെയും പാരായണാഭിമുഖ്യങ്ങളെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലേക്കു മാടി വിളിക്കുന്നത്‌? രവിയുടെ അസ്‌തിത്വസമസ്യകൾ. അതിഭൗതികത. മൃഗതൃഷ്‌ണകൾ. രതി. വിരതി. ഗ്രന്ഥകാരന്റെ ദാർശനികത. അനാഥശിശുവിന്റെ ഉരുകുന്ന മനസ്സ്‌. പിതൃധ്വംസനവാസന. മിത്ത്‌. യാഥാർത്ഥ്യം. ഭാഷയുടെ കാന്തിക പ്രഭാവം. കാല്‌പനികത. ആധുനികത. അനേകം അടരുകൾ. ഉത്തരങ്ങൾ വ്യത്യസ്‌തമാവാം. സ്‌പഷ്‌ടവും അവ്യക്‌തവുമാകാം. മുൻ തലമുറകളിലെ വായനകളിൽ രവിയുടെ ഖസാക്ക്‌ ജീവിതം പലതരം സാത്മീകരണങ്ങൾക്കും ജീവിതനിലപാടുകളുടെ രൂപവത്‌കരണങ്ങൾക്കും വഴിവച്ചിട്ടുണ്ടാകാം. രവിയുടെ അസ്‌തിത്വസമസ്യകളും ഒ.വി. വിജയന്റെ ദാർശനിക നിലപാടുകളും ലോകവീക്ഷണവും വിസ്‌മൃതമായാലും പിന്നെയും അവശേഷിക്കുന്ന അനേകം അടരുകളാണ്‌ ‘ഖസാക്കിന്റെ ഇതിഹാസ’ത്തെ മലയാള നോവലിന്റെ ചരിത്രത്തിൽ ദിശാസൂചിയായി നിലനിർത്തുന്നത്‌. ഭാഷയുടെയും ആഖ്യാനത്തിന്റെയും യാഥാർത്ഥ്യത്തിന്റെയും സംസ്‌കാരത്തിന്റെയും നോട്ടത്തിന്റെയും വിപരീതക്രമങ്ങൾ പരസ്‌പരം അഭിമുഖീകരിച്ച്‌, എതിർത്തു നിലകൊളളുന്നത്‌ ഈ നോവലിന്റെ വ്യാവഹാരിക സവിശേഷതയായതുകൊണ്ടാണത്‌. ഈ എതിർപ്പുകളും വൈരുദ്ധ്യങ്ങളും ‘ഖസാക്കി’നു പല വായനാസാധ്യതകൾ നല്‌കുന്നു. നോവലിസ്‌റ്റിന്റെ വീക്ഷണത്തെയും അതിനെ രൂപപ്പെടുത്തിയ ആധുനികതാവാദത്തിന്റെ സാംസ്‌കാരിക ജ്‌ഞ്ഞാനസംഹിതകളെയും എതിർക്കുന്ന ഒരു മറുലോകം നോവലിൽതന്നെ ഉയിർത്തുവരുന്നതാണ്‌ ഇതിനു കാരണം. സമകാലികവായനകളെ മുന്നോട്ടു കൊണ്ടുപോകുന്നത്‌ നോവലിന്റെ ഈ വ്യാവഹാരിക സവിശേഷതയാണ്‌.

‘വഴിയമ്പലം തേടി’ എന്നാണ്‌ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ ഒന്നാമധ്യായത്തിനു വിജയൻ നല്‌കിയ ശീർഷകം. കഥാനായകനായ രവി തേടിയ വഴിയമ്പലത്തെ മാത്രമല്ല അത്‌ ഓർമ്മിപ്പിക്കുന്നത്‌. വഴിയമ്പലം കഥകൾ പറയുന്നവരുടെ ഇടമാണ്‌. ഓരോരുത്തരും ഓരോ കഥയും പറഞ്ഞ്‌ താൻ താൻ വഴി പിരിയുന്ന വഴിയമ്പലത്തെപ്പറ്റിയുളള എഴുത്തച്ഛന്റെ ആ കല്‌പന ഓർക്കുക. അത്തരം പല കഥകളിലേക്കാണ്‌ ഈ വഴിയമ്പലവും തുറക്കുന്നത്‌. രവിയുടെ കഥ അതിലൊന്നു മാത്രമാണ്‌. വഴിയമ്പലത്തിനുമുന്നിൽ വഴിപോക്കരിലൂടെ പല പാതകൾ കൂടിക്കലരുന്നതുപോലെ പിന്നെയും കഥകൾ അവിടെയുണ്ട്‌. അളളാപ്പിച്ച മൊല്ലാക്കയുടെയും നൈസാമലിയുടെയും കുഞ്ഞാമിനയുടെയും മൈമുനയുടെയും അപ്പുക്കിളിയുടെയും മാധവൻനായരുടെയും കുപ്പുവച്ചന്റെയും കഥകൾ. രാവുത്തൻമാരുടെയും കവറകളുടെയും കഥകൾ. അവയിലേതുമാകാം ഇന്നും ഇനിയും ‘ഖസാക്കി’ന്റെ വായനയുടെ ആധാരങ്ങളും വഴിത്താരകളും.

ഏകദേശം ഒരു ദശകം മുമ്പു ഡി സി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ‘ഖസാക്കിന്റെ ഇതിഹാസം’ രജതജൂബിലി പതിപ്പിനെഴുതിയ ആമുഖക്കുറിപ്പിൽ നിന്ന്‌ ഒരു സന്ദർഭം സ്വയം കടമെടുക്കട്ടെഃ “മലയാളിയുടെ വായനയുടെയും അഭിരുചികളുടെയും നടുവിൽ ഒരു ഉടഞ്ഞ കണ്ണാടി പ്രതിഷ്‌ഠിക്കുകയായിരുന്നു ‘ഖസാക്കിന്റെ ഇതിഹാസ’മെഴുതുമ്പോൾ ഒ.വി. വിജയൻ. കാഴ്‌ചയുടെ നേർപ്രതിഫലനങ്ങളും ഏകകേന്ദ്രിതമായ ജീവിതാഖ്യാനരീതിയും തകർത്തുകളഞ്ഞ ഈ കണ്ണാടി അനുഭവത്തിന്റെയും പരന്നു മുഷിഞ്ഞ കാഴ്‌ചകളെ കലുഷമാക്കി. ശിഥിലമായ കണ്ണാടിയുടെ ഏറ്റവും വലിയ സവിശേഷത അത്‌ പ്രതിബിംബിനിയിൽ യാഥാർത്ഥ്യത്തിന്റെ അനേകം ദൃശ്യങ്ങൾ നിർമ്മിക്കുന്നുവെന്നതാണ്‌. അത്‌ കാഴ്‌ചയെയും അനുഭവത്തെയും ഏകതാനമായ ഒരു കേന്ദ്രത്തിൽ നിന്നു നിരവധി കേന്ദ്രങ്ങളിലേക്കു സംക്രമിപ്പിക്കുന്നു. നേരായതും കോടിയതുമായ, സുന്ദരവും വിരൂപവുമായ, ചിരിക്കുന്നതും നിലവിളിക്കുന്നതുമായ വിപരീതങ്ങളി​‍്ലക്ക്‌ ഈ ഉടഞ്ഞ കണ്ണാടി വായനക്കാരെ കൊണ്ടുപോകുന്നു. എഴുത്തിന്റെയും ഭാഷയുടെയും ദർശനത്തിന്റെയും ഏകകേന്ദ്രിത ഘടനകളെ നെടുകെ പിടർന്നുകൊണ്ട്‌ അത്‌ ബഹുകേന്ദ്രിതമായ കാഴ്‌ചകൾ സൃഷ്‌ടിക്കുന്നു. ജീവിതത്തിന്റെ വിപരീതത്വസ്വഭാവം കലയുടെ തത്ത്വചിന്താപരമായ ആധിയായിത്തീരുകയാണിവിടെ. കണ്ണാടി സ്വന്തം ധർമ്മത്തെ നിഷ്‌കാസനം ചെയ്യുകയും ദർശനം പ്രധാനമായിത്തീരുകയും ചെയ്യുന്നു. ചരിത്രത്തിൽ ഒരു പുസ്‌തകം നിലനില്‌ക്കുന്നത്‌ നിരന്തരം അത്‌ സവ്യം നിർമ്മിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ്‌.” ‘ഖസാക്കിന്റെ ഇതിഹാസം“ സൃഷ്‌ടിച്ച ആധുനികതയുടെ അനുഭവമായിരുന്നു ഇത്‌. വർഷങ്ങളിലൂടെയുളള വായനകളിലൂടെ അത്‌ പുതുതായി നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വളരെക്കുറച്ചു കൃതികൾക്കു മാത്രമാണു മലയാളത്തിൽ ഈ സൗഭാഗ്യം കിട്ടിയിട്ടുളളത്‌.

ആധുനികതാവാദത്തിന്റെ ലോകവീക്ഷണത്തിന്റെ പരിധിക്കുളളിൽനിന്നുകൊണ്ടാണ്‌ വിജയൻ ’ഖസാക്ക്‌‘ എഴുതിയത്‌. എന്നാൽ അത്‌ പാശ്‌ചാത്യമായ ആധുനികതാവാദത്തിന്റെ ലക്ഷണശാസ്‌ത്രം പിൻപറ്റിക്കൊണ്ടായിരുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ ആ വഴി പിന്തുടർന്ന മറ്റനേകം കൃതികളെപ്പോലെ ’ഖസാക്കും‘ മുങ്ങിപ്പോകുമായിരന്നു. അമൂർത്തമായ സത്യത്തെ ആരായുകയും അസ്‌തിത്വത്തിന്റെ ശൈഥില്യത്തിൽ നിന്ന്‌ ഏകാത്മകമായ ഒരു ലോകവീക്ഷണം രൂപപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന, സാമൂഹിക ശ്രേണീബന്ധങ്ങൾ നിലനിർത്തുന്ന ഒരു ലോകം സൃഷ്‌ടിക്കുന്ന, കലയും ശാസ്‌ത്രവും സത്യത്തിലേക്കുളള വാതായനങ്ങളാണെന്നു വിശ്വസിക്കുന്ന ഒരു രചനാകർത്തൃത്വം തീർച്ചയായും ഖസാക്കിലുണ്ട്‌. ചരിത്രപുരോഗതിയിലുളള ആധുനികതാവിശ്വാസം, ഭൂതകാലം വർത്തമാനത്തെയും ഭാവിയെയും ബാധിക്കുന്നുവെന്ന രൂപത്തിൽ അവിടെ കാണാം. അത്‌ നോവലിന്റെ രേഖീയ കാലത്തിൽ പ്രതിഫലിക്കുകയും ചെയ്യുന്നു. വ്യക്തികൾ സ്വയം നിർണ്ണീതരാണെന്നും സ്വന്തം വഴി അവർ തിരഞ്ഞെടുക്കുന്നുവെന്നു സുനിശ്ചിതത്വവും പ്രത്യയശാസ്‌ത്രങ്ങളുടെ യുദ്ധവും ഏകാത്മകമായ സ്വത്വത്തെയും ആത്മസത്തയെയും കുറിച്ചുളള ബോധവും, വാക്കിന്റെ യഥാർത്ഥ വാഹകം പുസ്‌തകമാണെന്ന തീർച്ചയും അവിടെ കാണാം. എന്നാൽ ഇതിനെല്ലാം എതിരായി നില്‌ക്കുന്ന വീക്ഷണങ്ങളുടെയും വിരുദ്ധസ്വരങ്ങളുടെയും അടരുകൾ കൂടി ’ഖസാക്കിന്റെ ഇതിഹാസ‘ത്തിലുണ്ട്‌. അതൊരു മറുലോകമാണ്‌. ബദൽ യാഥാർത്ഥ്യത്തിന്റെ ലോകം. ഉത്തരാധുനികതയിലെ ബദൽ ലോകമല്ല അത്‌. മറിച്ച്‌ ആധുനികതാവാദത്തിനുളളിൽത്തന്നെ അതിനോടു സമരസ്വരത്തിൽ സംസാരിക്കുന്ന മറ്റൊരു യാഥാർത്ഥ്യത്തിന്റെ ലോകം. അതു മേൽ ചൂണ്ടിക്കാട്ടിയ, ആധുനികതാലോകവീക്ഷണത്തിന്റെ യുക്‌തിശാസ്‌ത്രം ലംഘിക്കുന്നു.

പദധ്യാനത്തിൽ നിന്ന്‌ വിജയൻ സൃഷ്‌ടിച്ച ഭാഷാലോഹക്കൂട്ടുകൾക്കൊപ്പം പാലക്കാടൻ മലയോരങ്ങളിലെ നൈസർഗികമായ വായ്‌മൊഴിധാതുക്കളും ചേർന്നാണ്‌ ഖസാക്കിലെ മണ്ണ്‌ രൂപപ്പെടുന്നത്‌. നാഗരികതയുടെയും ഗ്രാമീണതയുടെയും ഭാഷാവഴക്കങ്ങളാണ്‌ അവ. വിജയൻ സൃഷ്‌ടിക്കുന്ന കാവ്യാത്മകമായ ആഖ്യാനഭാഷയ്‌ക്ക്‌ സംസ്‌കൃതത്തിന്റെയും വ്യാകരണത്തിന്റെയും ശാസ്‌ത്രീയതയുടെയും യുക്‌തിപരമായ അടിത്തറയുണ്ട്‌. യഥാതഥ നോവലിലെ ആഖ്യാന ഭാഷയുടെ വഴക്കങ്ങൾ തെറ്റിക്കുമ്പോഴും സൃഷ്‌ടിതവും വ്യാകരണബദ്ധവുമായ ഭാഷാക്രമം അവിടെ ദീക്ഷിക്കപ്പെടുന്നു. രവിയുടെ ഭാഷാക്രമം അതാണ്‌. നാഗരികതയുടെ ആ ശുദ്ധയുക്‌തിക്ക്‌ എതിരായി അനേകം മൊഴിവഴക്കങ്ങളുമായാണ്‌ ഖസാക്ക്‌ എന്ന ഗ്രാമത്തിന്റെ നില. നാഗരികവും ശാസ്‌ത്രീയവുമായ എല്ലാ ഭാഷാക്രമങ്ങളെയും അത്‌ അട്ടിമറിക്കുന്നു. ജാതിയും ഗോത്രവുമനുസരിച്ചുളള നിരവധി ഭാഷാഭേദങ്ങളാണ്‌ ഖസാക്കിലേത്‌. മൊല്ലാക്കയും കുപ്പുവച്ചനും പൂശാരിയും അപ്പുക്കിളിയും സംസാരിക്കുന്ന മൊഴികൾക്ക്‌ ഏകാത്മകസ്വഭാവമില്ല. അർത്ഥവ്യവഹാരം, പദോപയോഗം, ഉച്ചാരണം തുടങ്ങിയവയ്‌ക്കൊന്നും മാനകസ്വഭാവം നൽകുന്ന ഒരു വ്യാകരണപദ്ധതിയുടെ സാന്നിധ്യം അവിടെയില്ല. വ്യാകരണത്തിന്റെ പിതൃത്വമില്ലാത്ത ഭാഷണങ്ങളുടെ സഹവർത്തിത്വമാണ്‌ ഖസാക്കിന്റെ ജീവിതത്തിന്‌ അടിസ്ഥാനം. പിതൃസ്‌മരണയിൽ നിന്ന്‌ ഓടിയകന്ന രവി അഭയം കണ്ടെത്തിയതും അവിടെയാണ്‌. അയാൾ ഉപയോഗിക്കുന്ന കർത്തൃകേന്ദ്രിതമായ ഭാഷാവ്യവഹാരത്തിന്റെ മറുപുറത്തു നിൽക്കുന്നതുകൊണ്ടുതന്നെ ഖസാക്ക്‌ രവിയെ സാന്ത്വനിപ്പിക്കുന്നു. ’ഖസാക്കി‘ലെ മുഖ്യസ്വരം എന്നു തോന്നിക്കുന്നത്‌ രവിയുടെയും ആഖ്യാതാവിന്റെയും മാനകീകൃതഭാഷയാണ്‌. എന്നാൽ അവിടത്തെ വാമൊഴിധാരകൾ ഈ മാനകീകരണത്തെ എതിർത്തുകൊണ്ട്‌ ഉയരുന്നു. വാമൊഴിയും പ്രാദേശിക ജ്‌ഞ്ഞാനങ്ങളും ഉൾപ്പെടെയുളള തന്നാട്ടു പാരമ്പര്യങ്ങളെ മാനകീകരിക്കാൻ ഉപയോഗിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ്‌ നോവലിലെ പ്രമേയഘടനയ്‌ക്ക്‌ അടിസ്ഥാനം എന്നുകൂടി കാണേണ്ടതുണ്ട്‌. സർവകലാശാലയിലെ ശാസ്‌ത്രവിദ്യാഭ്യാസത്തിന്റെ പിന്തുണയുമായാണ്‌ ഏകാധ്യാപകവിദ്യാലയം സ്ഥാപിക്കാൻ രവി ഖസാക്കിൽ എത്തിച്ചേരുന്നത്‌. പരിഷ്‌കൃതിയിലേക്കും ശാസ്‌ത്രീയജ്‌ഞ്ഞാനത്തിലേക്കും പ്രാദേശിക സംസ്‌കൃതികളെ വീണ്ടെടുക്കാനുളള യത്നങ്ങളെ ചെറുക്കുന്നതാണ്‌ ഖസാക്കിലെ ഗ്രാമജീവിതത്തിന്റെ രീതി. ഹിന്ദുക്കൾ പൂഴിയിലെഴുതുന്ന എഴുത്തുപളളിയും മൊല്ലാക്കയുടെ മതപാഠശാലയും ഉണ്ടായിട്ടും ശാസ്‌ത്രീയമായ ആധുനികവിദ്യാഭ്യാസ പദ്ധതിയുടെ അതിരുകൾക്ക്‌ പുറത്താണ്‌ അതിന്റെ നില. പനമ്പു നെയ്യുന്ന കവറകൾ തങ്ങളുടെ കുട്ടികളെ സ്‌കൂളിലയയ്‌ക്കാതിരിക്കുന്നതിന്റെ കാരണം രവിയോട്‌ വിശദീകരിക്കുന്നത്‌ ശ്രദ്ധിക്കണം. തങ്ങൾ പഠിക്കേണ്ടതില്ലെന്നാണ്‌ അവരുടെ വാദം. ”കാരണം കവറപ്പേച്ച്‌ എല്ലാ ഭാഷകളിലും മുന്തിയതാണ്‌. അതിന്‌ ലിപികളില്ല. അതിൽ പാട്ടുകളില്ല. മലമ്പരുവകളിൽ കുടുങ്ങിനിന്ന മനുഷ്യാത്മാക്കളുടെ കഥകൾ മാത്രമേയുളളു.“ അക്ഷരമാലയെ ചെറുക്കാൻ ശ്രമിക്കുന്ന ഓർമ്മയുടെയും കഥ പറച്ചിലിന്റെയും ധാരകളുമായി ഏറ്റുമുട്ടുകയാണ്‌ രവി (ആഖ്യാതാവും) പ്രതിനിധാനം ചെയ്യുന്ന മാനകീകൃതഭാഷ. സ്‌കൂൾ എന്ന സ്ഥാപനത്തിന്റെയും അത്‌ പ്രതിനിധാനം ചെയ്യുന്ന ശാസ്‌ത്രീയജ്‌ഞ്ഞാനത്തിന്റെയും പരിധികൾക്കു പുറത്താണ്‌ ഖസാക്ക്‌ എന്ന ഗ്രാമം ഉയർത്തുന്ന സമരസ്വരം. ഈ സംഘർഷമാണ്‌ ’ഖസാക്കിന്റെ ഇതിഹാസം‘ ഉയർത്തുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്ന്‌.

വരാനിരിക്കുന്ന വായനക്കാരെ ഖസാക്കിൽ എന്താവാം ആകർഷിക്കുകയെന്നു പറയുകവയ്യ. ബദലുകൾ സൃഷ്‌ടിച്ചുകൊണ്ട്‌ അത്‌ വായനാഭിമുഖ്യങ്ങളിൽ പുതിയ പളളങ്ങളും മേടുകളും ഉയർത്തും. കാലം, ചരിത്രം, രേഖീയത തുടങ്ങിയ ആശയങ്ങളെ നിശ്‌ചലതയും ചാക്രികതയുംകൊണ്ട്‌ നേരിടുന്ന ഒരു ബദൽപോലെ, അണക്കെട്ടിന്റെയും ആധുനിക വൈദ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും യുക്‌തികളെ പുരാവൃത്തവും മായികതയുംകൊണ്ടു നേരിടുന്ന ബദൽപോലെ ഇനിയും പല സാധ്യതകൾ ഈ കഥാഖ്യാനത്തിലുണ്ട്‌. കാരണം ഈ പുസ്‌തകം പറയുന്നത്‌ ആത്യന്തികമായി മനുഷ്യാത്മാക്കളുടെ കഥകൾ മാത്രമാണ്‌. അങ്ങനെ പറഞ്ഞുകൊണ്ട്‌ നമ്മുടെ അനുഭവങ്ങളുടെ ആവിഷ്‌കരണത്തിന്‌ അപരിചിതമായ ആഴങ്ങളും ആഖ്യാനത്തിന്റെ പ്രവാഹത്തിന്‌ മലയാളിക്കുമാത്രം തൊട്ടറിയാനാകുന്ന അസാധാരണമായ ജൈവവൈവിധ്യവും നൽകാൻ ഒ.വി.വിജയനു കഴിഞ്ഞു. സാഹിത്യചരിത്രത്തിന്റെയോ നോവൽ ലക്ഷണശാസ്‌ത്രത്തിന്റെയോ പടുകളളികളിൽ മാത്രം ഒതുക്കി നിർത്തുക അസാധ്യമായിത്തീരും. ഒരു ക്ലാസിക്‌ പിറക്കുകയായിരുന്നു അതിന്റെ ഫലം. കഴിഞ്ഞ നിരവധി സംവത്സരങ്ങളിൽ നടന്ന അനേകമനേകം വായനകളും പഠനങ്ങളും വിമർശനങ്ങളും ധ്വംസനങ്ങളും അനുരാഗങ്ങളും ഈ വരിഷ്‌ഠതയെ ഏതൊക്കെയോ അളവുകളിൽ പൂരിപ്പിക്കുകയായിരുന്നു. ഇനിയും അത്തരം സാധ്യതകളും ഇടങ്ങളും ബാക്കിയുണ്ട്‌ എന്നതാണ്‌ ഒരു ക്ലാസിക്കിന്റെ ലക്ഷണങ്ങളിലൊന്ന്‌.

Generated from archived content: essay2_apr1.html Author: pk_rajasekharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here