* * * * * * * * * * * * സുപ്രഭാതം * * * * * * * * * * * *
നേരം വെളുക്കുകയാണ് -അടുത്ത വീടുകളിൽ നിന്ന് സുപ്രഭാതം, പൊൻപുലരി, ശുഭദിനം.
അവൾ എണീറ്റിരുന്നു കണ്ണുതിരുമ്മി.
പിന്നെ കൈ നീട്ടി ടി.വിയുടെ സ്വിച്ച് തിരുമ്മി.
കിടന്നിടത്ത് നിന്ന് തലപൊക്കി ഇലക്‌ട്രിക് കെറ്റിലിലേക്ക് നോക്കി.
വെളളമില്ല.
ഒരു കാപ്പി കഴിക്കണം.
ബ്രസീലിൽ നിന്ന് കൊണ്ടുവന്ന കാപ്പിപ്പൊടി ഇത്തിരി ബാക്കിയുണ്ട്.
മഹാരാഷ്‌ട്രയിൽ നിന്നെത്തിയ മിനറൽ വാട്ടറിന്റെ ബോട്ടിലുകൾ കാലി.
അവൾ തലമുടി അലസമായി തടവി.
ഇന്ന് മുല്ലപ്പൂ ചൂടണമെന്ന് വിചാരിച്ചതാണ്. തമിഴ്‌നാട്ടിൽ നിന്ന് വണ്ടിയെത്തിയിട്ടുണ്ട്.
ഒരു ചന്ദനക്കുറി തൊടണമെന്നുണ്ട്. സത്യമംഗലം വനത്തിൽ നിന്ന് ചന്ദനമെത്തണം.
മുണ്ടും വേഷ്‌ടിയും അമേരിക്കയിൽ നിന്ന് ഒരു ബന്ധു കൊടുത്തയക്കുമെന്ന് പറഞ്ഞിരുന്നു. എത്തിയില്ല (പഴയ ഏഷ്യൻ വസ്‌ത്രങ്ങൾ ഡിസൈൻ ചെയ്യുന്ന ഒരാൾ അവിടെ കോടികൾ കൊയ്യുകയാണത്രെ.)
കിടക്കക്കാപ്പി കുടിക്കാതെ-
കുളിക്കാതെ-
മുല്ലപ്പൂ ചൂടാതെ ഇനി എങ്ങനെയാണ് കുളിച്ച്, ചന്ദനക്കുറി തൊട്ട്, മുണ്ടും വേഷ്‌ടിയും ധരിച്ച് അമ്പലത്തിൽ പോവുക?
* * * * * * * * * * * * നാദാപുരം * * * * * * * * * * * *
അടുത്തെവിടെ നിന്നോ ബോംബു പൊട്ടുന്ന ശബ്‌ദം-
“മോനെ എണീക്ക് -രാവിലത്തെ ബോംബ് പൊട്ടി. എന്നിട്ടും എന്തൊരുറക്കാ.”
അമ്മ പൊന്നുമോനേ പുതപ്പിനടിയിൽ നിന്നും പതുക്കെ തട്ടിയുണർത്തി.
മോൻ പതുക്കെ എഴുന്നേറ്റ് ജാലകപ്പാളി തുറന്നു.
-കരിഞ്ഞ മനുഷ്യമാംസത്തിന്റെ മണം.
മോൻ ചോദിച്ചുഃ “ആരാളീ, ഓലോ ഞമ്മളോ? (ആരാണ് അവരോ നമ്മളോ?)
അമ്മ അടുക്കളയിലേക്ക് നടന്നു. രണ്ട് ഗ്ലാസ്സ് കണ്ണീരുമായി തിരിച്ചു വന്നു. ഒരു ഗ്ലാസ്സ് മോന് കൊടുത്തു.
അമ്മയും മോനും ഓരോ ഗ്ലാസ്സ് കണ്ണീര് കുടിച്ചുകൊണ്ടിരിക്കേ, ഇടിവെട്ടുമ്പോലെ ശബ്‌ദവും മിന്നൽ വെളിച്ചവും.
അമ്മ ചോദിച്ചുഃ ”ആരാളീ -ഓലോ ഞമ്മളോ?“ (ആരാണ് അവരോ നമ്മളോ?)
”ഏതായാലും നീ സ്‌കൂളിലേക്ക് പോ. ഒമ്പതരയുടെ ബോംബ് പൊട്ടി. അതിന് ശബ്‌ദം കൂടുതലാ.“ അമ്മ പറഞ്ഞു.
”വെളിച്ചവും“ മോൻ കൂട്ടിച്ചേർത്തു. അലയിൽ നിന്ന് ഉരുക്ക് വസ്‌ത്രമെടുത്തണിഞ്ഞ് ഭാരമുളള ഒരു പൂമ്പാറ്റയെപ്പോലെ മോൻ സ്‌കൂളിലേക്ക് പടവുകളിറങ്ങവേ, അമ്മ ഉച്ചക്ക് എറിയാനുളള രണ്ട് ബോംബുകൾ കൂടി അവന്റെ സ്‌കൂൾ ബാഗിൽ വെച്ചു.
കണ്ണിൽനിന്ന് മറയുംവരെ വാതിൽപ്പടിയിൽ അമ്മ-
പൊടുന്നനവെ, കാതടപ്പിക്കുന്ന ശബ്‌ദം.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം. ദൂരെ നിന്ന് അമ്മേയെന്ന ഒരലർച്ച.
ഇത്തവണ ”അവരോ നമ്മളോ“ എന്ന് അമ്മയ്‌ക്ക് സംശയമുണ്ടായിരുന്നില്ല.
പുറത്ത് ചുവന്നമഴ തിമർത്ത് പെയ്യുകയാണ്.
* * * * * * * * * * * * ഭിക്ഷാടനം * * * * * * * * * * * *
കോളിംഗ് ബെല്ലിന്റെ ഒച്ച-
വാതിൽ തുറന്നു.
ഒരു ദൈന്യരൂപം.
കയ്യിൽ പിച്ചച്ചട്ടി. (വിദേശത്തു നിന്നും ഇറക്കുമതി ചെയ്‌ത ചിരട്ട)
നാണയത്തുട്ടുകൾക്കായി ഞാൻ തിരിച്ചു അകത്തേക്ക് നടക്കവെ, അയാളുടെ ഒച്ച വീണ്ടും.
-പിച്ചക്കാരൻ സെല്ലുലാർ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയാണ്.
Generated from archived content: story_keralam.html Author: pk_parakadavu