കണ്ണീരില്‍ ചാലിച്ച കളഭം

‘അനുരാധപുരത്തെക്കുറിച്ചുള്ള പഠനം പൂര്‍ത്തിയാക്കുവാനാണ് ഇന്ദു വീണ്ടും ലങ്കയിലെത്തുന്നത്. പ്രാക്തനസംസ്കൃതിയുടെ കൊത്തുപണികളിലും ബുദ്ധസ്തൂപങ്ങളിലും ചരിത്രം തേടുമ്പോള്‍ അവളായിരുന്നു മനസ്സു നിറയെ. കാവേരിലക്ഷ്മി പാടങ്ങളും വരമ്പുകളും പിന്നിട്ട് പ്രാചീന തലസ്ഥാന നഗരിയുടെ വന്യതയിലൂടെ അവള്‍ നടന്നു വരുന്നു….’

കഥ പറച്ചിലിന്റെ എക്കാലത്തേയും ലളിതമായ പശ്ചാത്തല മാതൃക സ്വീകരിച്ച് ഷീല ടോമി വായനക്കാരെ വലിയൊരു ലോക ജാലകത്തിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ചോര ചിതറി വീഴുന്ന നിരത്തുകള്‍ ചൂണ്ടി മാനുഷികതയുടെ മരണമാഘോഷിക്കുന്ന ദുര്‍ന്നിമിഷങ്ങള്‍ കാണിച്ചു തരുന്നു. പുരാതന മാനവസ്നേഹത്തിന്റെ മിഴിയടഞ്ഞുപോയ സംസ്കൃതിയുടെ തലയരിഞ്ഞ് , പുതിയതെന്തോ തേടി പരക്കം പായുന്നവരുടെ താവളത്തില്‍ ആരുടെയൊക്കെ ആശയങ്ങളുണ്ട്.. ആയുധങ്ങളുണ്ട്? നൂറായിരം ബോധിവൃക്ഷക്കൊമ്പുകള്‍ അടര്‍ന്നു വീഴുന്ന ചോരമഴയുടെ പ്രളയകാലത്ത്, ജയിക്കുന്നവന്റെ കഥ ചരിത്രമായി പഠിക്കാന്‍ വിധിക്കപ്പെടുന്നവര്‍ ഒരു നിമിഷമെങ്കിലും സത്യം കാണുമെന്നു പ്രതീക്ഷിക്കാമോ? മുന്നോട്ടുള്ള പ്രയാണം യോദ്ധാവിന്റേതാവാം. പക്ഷെ, പിന്നോട്ടുള്ള അന്വേഷണം ചിന്തകന്റേതാണ്. കഥയെഴുത്തിന്റെ വഴിയിലെ ചിന്തകളുടെ പ്രകാശത്തില്‍ ഞാന്‍ ലോകം കാണുകയാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ എഴുതാക്കഥകളിലൂടെ കണ്ണീരണിഞ്ഞ ഒരു തൂലിക ചലിച്ചുകൊണ്ടിരിക്കുന്നു. അധമവികാരങ്ങളും ആത്മദു:ഖങ്ങളും നിറം കലര്‍ത്തിയൊഴിച്ച കഥകളുടെ ലോകത്തില്‍, ലോകത്തിന്റെ കഥ പറയാന്‍ ചിലരുണ്ടെന്നത് ആശ്വാസമായി അനുഭവപ്പെടുന്നു . ‘കിളിനോച്ചിയിലെ ശലഭങ്ങള്‍’ എന്ന കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ഇങ്ങനെയാണു തോന്നിയത്. ഇത്തിരിവെട്ടത്തില്‍ കൃത്രിമ കളിപ്പാട്ടങ്ങള്‍ നിരത്തി വയ്ക്കുക എളുപ്പമാണ്. വലിയ ക്യാന്‍വാസില്‍ വ്യവസ്ഥിതിയുടെ വിചാരണ ആവശ്യപ്പെടുന്ന ശക്തമായ ജീവിതരേഖകള്‍ മെനയുക പ്രയാസമാണ് . പക്ഷെ ഷീല ടോമി ആ പരിശ്രമത്തില്‍ വിജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.

ഷീലടോമിക്ക് കഥയെഴുത്തിന്റെ ഭ്രമമില്ല. സത്യമേത് മിഥ്യയേത് എന്നു തിരിച്ചറിയാത്ത അവസ്ഥയാണ് ഭ്രമം. കഥയെഴുത്തിലെന്നല്ല, ഏതുകലാപ്രവൃത്തിയിലും പ്രമ ഉണ്ടാകണം. വ്യക്തവും നിശ്ചിതവുമായ അറിവിനെയാണ് പ്രമ എന്നര്‍ത്ഥമാക്കുന്നത്. ആഴത്തിലന്വേഷിച്ചാല്‍ ഈ രണ്ടു പദങ്ങള്‍ തമ്മിലുള്ള വ്യത്യാസം നമ്മുടെ അറിവിനേയും അനുഭവത്തെയും എങ്ങനെ സര്‍ഗ്ഗാത്മകമായി ശുദ്ധി ചെയ്യുന്നുവെന്നു മനസിലാകും. വിരസവും കപടവുമായ വിവരണങ്ങളുടെ ഭാരത്താല്‍ കഥാബീജം പിടയുന്നത് നല്ല വായനക്കാരെല്ലാം തിരിച്ചറിയും. പുകപടലങ്ങളില്‍ പെട്ട ശലഭത്തിനെപ്പോലെ കണ്ണുകള്‍ എങ്ങോട്ടെന്നില്ലാതെ പറക്കും. കരള്‍ബന്ധമില്ലാത്ത കാല്പനികതയുടെ പുറന്തോടു പൊട്ടിച്ച് ശുഷ്ക്കവിത്തുകള്‍ കണ്ട് പുറം തിരിഞ്ഞു നടക്കും. പുസ്തകം നിരാകരിക്കപ്പെടുകയും ചെയ്യും. എഴുത്തില്‍ അത്രമേല്‍ സാധകം ചെയ്യുന്നതിനാല്‍ ഷീല ടോമിയുടെ പുസ്തകത്തിന് ദുര്‍വ്വിധിയുണ്ടാവുകയില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു.

ജന്മാന്തര ബന്ധങ്ങളുടെ അപരിചിതവഴിയില്‍ മുത്തശ്ശിഗന്ധം ശ്വസിക്കാനറിയുന്നവര്‍ക്ക് കാലങ്ങളെ കൂട്ടിയിണക്കാന്‍ കഴിയും. താഴ്വരകള്‍ക്കും കുന്നുകള്‍ക്കുമിടയില്‍ ചുരങ്ങളുടെ വളവും തിരിവും തിരിച്ചറിയാനാവും . ഇടയ്ക്കെവിടെയോ വിളക്കണക്കാതെ കാ‍ത്തിരിക്കുന്നവരുടെ കണ്ണീര്‍ക്കണം ഒറ്റത്തിരിവെട്ടത്തില്‍ നക്ഷത്രം പോലെ തിളങ്ങുന്നത് കാണാനിടവരും. മരവും കിളിയും മലയും പുഴയും നെഞ്ചമര്‍ത്തിക്കരയുന്നത് കേള്‍ക്കാന്‍ കഴിയും. നഷ്ടപ്പെടുന്ന ഹരിതാഭക്കപ്പുറം ഹരിച്ചും ഗുണിച്ചും ലാഭക്കണക്കു നോക്കുന്നവരുടെ ഗൂഢസംഘത്തോട് കലഹിക്കാന്‍ തോന്നും. പ്രളയപുസ്തകം തുറന്നുവച്ച് ലോകത്തോടു സംസാരിക്കണമെന്നു കരുതി കഥയെഴുതണമെന്നു തീരുമാനിക്കും. ഒരു പക്ഷെ ‘ മെല്‍ക്വിയാഡിസിന്റെ പ്രളയ പുസ്തകം’ അസാധാരണമായ കഥാഘടനയിലൂടെ വായനക്കാരെ പ്രകൃതിയിലേക്ക് നടത്തുന്നു. ഇസബല്ല കഥാപാത്രമല്ല . പ്രകൃതിയുടെ ആത്മസ്പന്ദനങ്ങളുടെ ഒരു ബിന്ദു!

തൃപ്തിയുടെ തീര്‍ത്ഥഘട്ടങ്ങള്‍ തേടി ഏതു മനസ്സാണ് യാത്ര ചെയ്യാത്തത്! ഇത്തിരി ധൂളിയായി ഒഴുക്കിലലിയുന്നതത്രയും താപകോപാദികളുടെ വിഹാരകേന്ദ്രമായിരുന്നവര്‍. മോഹകാമനകളുടെ താവളത്തില്‍ തമ്പടിച്ചവര്‍. ശിലാചിത്രങ്ങളിലോരോന്നിലും ഓരോ ജീവിതമുണ്ടയിരുന്നു. ഒഴുക്കിലെ ഓളങ്ങളൊരോന്നും ഓരോ നിശ്വാസമായിരുന്നു. അനന്തനും ചാരുവും നിലാവു പൂത്ത കാടും പറയുന്നത് സ്നേഹനൊമ്പരങ്ങളുടെ സുഗന്ധമുള്ള ഇലമര്‍മ്മരങ്ങള്‍. ബ്രഹ്മഗിരിയിലെ ആയിരം പറവകളിലൊന്നായി പറന്നു പോകുന്ന പ്രണയമേ, നീ യുഗങ്ങളിലെവിടെയുമുണ്ട്. ഇവിടെയുമുണ്ട്. ‘ ബ്രഹ്മഗിരിയില്‍ മഞ്ഞുപെയ്യുമ്പോള്‍’ ഓര്‍മ്മയുടെ ശിലാപാളികള്‍ക്കിടയിലൂടെ മൃദുവായി , ശാന്തമായി ആരുമറിയാതെ ഉറവപൊട്ടുന്നു തിരുനെല്ലിക്കുളിരുള്ള ഒരനുഭൂതി.

ജീവിതത്തിന്റെ കയ്പ്പും മധുരവും കോരിയെടുക്കാനും ചരിത്രത്തിന്റെയും മിത്തുകളുടേയും പച്ചിലക്കുമ്പിളില്‍ കണ്ണീരില്‍ ചാലിച്ച് കളഭം പോലെ കഥയെഴുതിത്തരാനും ഷീലടോമിക്കു കഴിയുന്നു. അഗ്നിയില്‍ പൊരിയുന്ന ഹൃദയമാംസം പോലെ ചിലത് തീവ്രാനുഭവങ്ങള്‍ പകരുന്നു . താമരയിതളിലെ തുഷാരവിലാപം പോലെ ചിലത് നിഷ്കളങ്കത പ്രകടിപ്പിക്കുന്നു. ഏകാന്തവ്യഥകളുടെ തുരുത്തിലെ ഭയവിഹ്വലമായ തേങ്ങല്‍ പോലെ ചിലത് പടര്‍ന്നു കയറുന്നു. മനസ്സിനോടും പ്രകൃതിയോടും താദാത്മ്യം പ്രാപിച്ച സൂര്യകണങ്ങള്‍ പോലെ ചില കഥകള്‍ മിന്നിത്തിളങ്ങുന്നു. ഓരോ കഥയും പരിശോധിച്ചെഴുതണമെന്നുണ്ട്. സമയവും സ്ഥലവും പരിമിതികളാണ്. കാവ്യാത്മകമായ ഭാഷ ഷീല ടോമിക്ക് അനുഗ്രഹമായി ലഭിച്ചിട്ടുണ്ട്. ‘ സൂര്യനുപേക്ഷിച്ച താമരക്കുമ്പിള്‍ ‘, നക്ഷത്രലോകത്തിലേക്കൊന്നിച്ചു പറക്കും, ഭൂമി പോലുമറിയാതെ’ ‘വിരഹിയുടെ നൊമ്പരം ജാലകത്തിലൂടെ ഒഴുകിപ്പരക്കും’ എന്നൊക്കെ വായിക്കുമ്പോള്‍ സ്നേഹശീതളമായ കാവ്യലാളിത്യം കഥകള്‍ക്കു വന്നു ചേരുന്നതായി തോന്നുന്നു.

പ്രവാസജീവിതം നയിക്കുമ്പോഴും മലയാളകഥയുടെ മുഖലാവണ്യം സ്വപ്നം കാണാന്‍ കഴിയുന്ന ഷീല ടോമിയുടെ മനസ്സില്‍ കൂടുതല്‍ മിഴിവാര്‍ന്ന കഥകള്‍ പിറക്കെട്ടെ എന്നാശംസിക്കുന്നു. എഴുത്തുവഴിയിലെ ബുദ്ധപരീക്ഷണങ്ങള്‍ക്ക് സ്വയം വിധേയയാകാനും അര്‍ഹതയുടെ പടവിലൂടെ ഉയരങ്ങളിലെത്താനും കഴിയുമെന്നു പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വം

പി. കെ ഗോപി

പ്രസാധനം :ലിപി പബ്ലിക്കേഷന്‍സ്

വില :75.00

Generated from archived content: book1_sep18_12.html Author: pk_gopi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here